DCBOOKS
Malayalam News Literature Website

‘റബ്ബോനി’ ബൈബിളിന്റെ ഒരു പുനർവായന

റോസി തമ്പിയുടെ ‘റബ്ബോനി’ എന്ന പുസ്തകത്തിന് അശോകന്‍ അക്ഷരമാല എഴുതിയ വായനാനുഭവം.
ഈയടുത്ത കാലത്ത് ഏറെ വേഗതയിൽ വായിച്ചുതീർത്ത പുസ്തകമാണ് റോസി തമ്പിയുടെ “റബ്ബോനി”. എനിക്ക് ഏറെ പരിചയമില്ലാത്തതും, കൂടുതൽ വായനയില്ലാത്ത ഒരു വിഷയമായിട്ടും താഴെവെക്കാതെ വായന പൂർത്തിയാക്കാ൯ കഴിഞ്ഞത്, ഈ നോവലിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ താളവും ഒഴുക്കുംതന്നെയാണ്. ഹിന്ദുപുരാണങ്ങളിൽ മഹാഭാരതത്തിലേയും രാമായണത്തിലേയും കഥാപാത്രങ്ങളേയും കഥാസന്ദർഭങ്ങളേയും അധികരിച്ച് വളരെകൂടുതൽ നോവലുകൾ വായിക്കാ൯ കഴിഞ്ഞിട്ടുണ്ടെങ്കിലും റോസിയുടെ നോവൽ ബൈബിളിനെക്കുറിച്ചുള്ള എന്റെ പരിമിതമായ അറിവുകൾക്ക് പുതിയ ഒരു വെളിച്ചം നൽകാ൯ ഏറെ സഹായകരമായി. ആഴത്തിലുള്ള ഒരു അറിവ് എനിക്ക് ഈ വിഷയത്തിൽ ഇല്ലെങ്കിലും അപ്പ൯മാഷിന്റേയും (ശ്രീ..കെ.പി അപ്പ൯) കസാ൯ദ്സാക്കീസ് തുടങ്ങിയ ഒട്ടേറെപ്പേർ ഈ വിഷയം എഴുതുകയോ ചർച്ചചെയ്യുകയോ ചെയ്തിട്ടുള്ളതാണ്.
എന്റെ സ്നേഹിത൯ പി.എം ആന്റണി ഈ വിഷയം നാടകത്തിന് പ്രമേയമാക്കുകയും കേരളമാകെ ചർച്ചചെയ്യപ്പെടുകയും നാടകം നിരോധിക്കുന്നതിൽവരെ എത്തിയ ഒരു വിഷയമാണ് റോസിതമ്പി 133 പേജുകളിൽ 34 അദ്ധ്യായങ്ങളിൽ ഈ വിഷയം സമഗ്രമായി ലളിതമായി അവതരിപ്പിച്ചത്. റോസിയുടെ പി എച്ച്.ഡി യുടെ ഗവേഷണ പ്രബന്ധംതന്നെ “ബൈബിളും മലയാളവും”എന്നതായിരുന്നല്ലോ.
ഈ ഗവേഷണവിഷയത്തിൽ വളരെ ആഴത്തിൽ ആണ്ടിറങ്ങിയ അനുഭവസമ്പത്തും അന്വേഷണവുമാകാം ക്രിസ്തുവിനെ അറിഞ്ഞ വായനാസമൂഹത്തിനു മുന്നിൽ ഇത്ര ലളിതമായി
ഈ നോവൽ താഴെവെക്കാതെ വായനക്കാരെക്കൊണ്ട് വായിപ്പിക്കുന്നതും.
ഒരു വിഷയത്തിൽ ശരിക്കും അവഗാഹമുള്ള ഒരാൾക്കുമാത്രമേ ആ വിഷയം ലളിതമായി അവതരിപ്പിക്കാ൯ കഴിയൂ എന്ന തത്വം റോസിയുടെ രചനയുടെ കാര്യത്തിൽ ശരിയായിത്തോന്നി.
ആസ്വാദനം എഴുതാ൯ തുടങ്ങിയാൽ 34 അദ്ധ്യായങ്ങളേയും കുറിച്ച് സമഗ്രമായി എഴുതിയാൽ 200 പേജുകൾക്ക് മുകളിലുള്ളൊരു പുസ്തകമാകാം. ഫേസ്ബുക്കിന്റെ പരിമിതി അതിന് അനുവദിക്കുന്നില്ല.
ബൈബിൾ വായനയിലൂടെയും ഇന്നേവരെ സമൂഹം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട രണ്ടു പേരെയാണ് ഇവിടെ റോസി തടവറയിൽനിന്ന് മോചിപ്പിക്കുന്നത്. മാത്രമല്ല വായന കഴിയുമ്പോൾ അവരെ രണ്ടുപേരെയും വാഴ്ത്തപ്പെട്ടവരാക്കേണ്ടതാണെന്ന് വായനക്കാരനായ എനിക്ക് തോന്നി.
ആ രണ്ടുപേരിലൂടെയാണ് നോവൽ ഇതൾ വിടർത്തുന്നത്. അവർ യൂദായും(യൂദാസ്)
Textമഗ്ദലനക്കാരി മറിയയുമാണ്. നദിക്കരയിലെ കൽപ്പടവുകളിലിരുന്ന് യൂദയും, മഗ്ദലനക്കാരി മറിയവും യേശുവിനെ ഓർത്തെടുക്കുകയാണ്. രണ്ടുപേരുടേയും സാക്ഷ്യം പറച്ചിലിലൂടെ തെറ്റിദ്ധരിക്കപ്പെട്ട യേശുവും ആകാശത്തോളം വളരുകയാണ്. എല്ലാ ശിഷ്യരേക്കാളും യേശു അവളെ സ്നേഹിച്ചു.
ശിഷ്യർ അവനോട് കയർത്തു.
“ഗുരോ! ഞങ്ങളേക്കാളധികം
നീ അവളെ സ്നേഹിക്കുന്നതെന്ത്?”
മറിയം മഗ്ദലന തെറ്റിദ്ധരിക്കപ്പെട്ടവൾ
നന്മനിറഞ്ഞ “പാപിനി”
അതായത് തെറ്റിദ്ധാരണമൂലമുള്ള പാപമല്ലാതെ മറിയം പാപിനിയല്ലെന്ന് യേശു സാക്ഷ്യപ്പെടുത്തുന്നു.
ഒരേ ചിറകുള്ള പക്ഷികൾ ഒരുമിച്ചു പറക്കും എന്നതുപോലെ തുല്യ ദുഃഖിതരായ മറിയവും, യൂദയും അവരുടെ ഓർമ്മകളിലൂടെ യേശു കൂടുതൽ ശുദ്ധീകരിക്കപ്പെടുന്നു.
നോവലിന്റെ വായന വികസിക്കുമ്പോൾ അമ്മ മറിയവും,മഗ്ദലനയിലെ മറിയവും യേശുവിന് രണ്ടല്ല എന്ന് തോന്നും. അത്തരമൊരു മാനസ്സികതലം ശിഷ്യന്മാരിൽ മുമ്പന്മാരാകാ൯ ശ്രമിക്കുന്ന അന്ധന്മാരായ പതോസ്സിനെപ്പോലുള്ളവർ തെറ്റിദ്ധരിപ്പിക്കുന്ന കഥയായി സഭയുടെ ചരിത്രവും മാറിയതിലുള്ള ദുഃഖം എഴുത്തുകാരിയെ വേട്ടയാടുന്നുണ്ടോ….
ദൈവപുത്രനെ പ്രണയിച്ചവൾ
അവനോടൊപ്പം നടന്നവൾ
പാലസ്തീനായിലെ മലഞ്ചരിവുകളിലും
ജോർദാ൯ നദിക്കരയിലും
ഗലീലി തടാകത്തിലും
അവന്റെ വാക്കുകൾക്ക് കാതോർത്തവൾ
അന്ത്യരാത്രിയിൽ
അവനോടൊപ്പം രക്തം വിയർത്തവൾ”
അന്ത്യത്തിലും ഒരുമിച്ചു നിന്നവളേക്കാൾ
തിളക്കം മറ്റേത് ശിഷ്യർക്കാണ്.
അവന്റെ അപമാനവും വേദനയും നെഞ്ചേറ്റിയവളായ മഗ്ദലനയേയും,യൂദയേയും ഉയർത്തിക്കാണിക്കുന്നതിലൂടെ ബൈബിളിന്റെ ഒരു പുനർവായനയാണ് റോസി ലക്ഷ്യമിടുന്നത്.
യേശു സ്നേഹമാണ്, സഹനമാണ് എന്ന് ഉയർത്തിക്കാണിക്കയും ദൈവരാജ്യം സ്വപ്നം കാണുകയും ചെയ്യുമ്പോൾ, പത്രോസിന്റെ പാറമേൽ പള്ളിപണിത് സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞങ്ങളുടെ കൈയ്യിലുണ്ടെന്ന സഭാനേതൃത്വത്തിനു മുന്നിൽ യേശുവിനെ ഉയർത്തികാണിക്കുകയാണ് എഴുത്തുകാരി.
സഭയുടേയും, പുരോഹിതരുടേയും നടപടികൾ പൊതുസമൂഹം ഏറെ ചർച്ചചെയ്യപ്പെടുകയും
കർത്താവിന്റെ മണവാട്ടികൾ അപമാനിക്കപ്പെടുകയും കന്യാസ്ത്രീകൾ പരോഹിതരുടെ ലൈംഗികാതിക്രമങ്ങളിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങുകയും ചെയ്യുന്ന ഘട്ടത്തിൽ
സിസ്റ്റർ ലൂസി കളപ്പുരയും, സിസ്റ്റർ അനുപമയും അപമാനിക്കപ്പെടുകയും ചെയ്യുന്ന കാലത്ത്, മഗ്ദലനക്കാരി മറിയത്തെ ഉയർത്തിക്കാട്ടുന്ന ഈ രചനയിൽ സ്ത്രീപക്ഷ രാഷ്ട്രീയം എഴുത്തുകാരി അറിഞ്ഞോ അറിയാതയോ ഉയർത്തിപ്പിടിക്കുന്നുണ്ട്.
ബൈബിളിലെ ഇയ്യോബിനെപ്പോലെ;
“എനിക്ക് പറയാനുള്ളത് ഞാനും പറയും
എന്റെ അഭിപ്രായം ഞാ൯ പ്രസ്താവിക്കും
ഞാ൯ മൊഴികൾകൊണ്ട് തിങ്ങിയിരിക്കുന്നു
എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബ്ബന്ധിക്കുന്നു
എന്റെ ഉള്ളം അടച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു;
അത് പുതിയ തുരുത്തികൾപോലെ പൊട്ടുമാറായിരിക്കുന്നു;
എന്റെ വിമ്മിട്ടം തീരേണ്ടതിന്നു ഞാ൯ സംസാരിക്കും;
എന്റെ അധരം തുറന്നു ഉത്തരം പറയും;
ഇതാ,ഞാ൯ ഇപ്പോൾ എന്റെ വായ് തുറക്കുന്നു;
എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു;
എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും;
എന്റെ അധരങ്ങൾ അറിയുന്നതു അവ
പരമാർത്ഥമായി പ്രസ്താവിക്കും.
ഇയ്യോബ് (സത്യവേദപുസ്തകം)
നോവൽ വായന പൂർത്തിയായപ്പോൾ ഇയ്യോബിന്റെ വചനങ്ങൾ ഓർത്തുപോയി.
നോവൽ ഏറെ ചർച്ചചെയ്യപ്പെടുകതന്നെ വേണം.

Comments are closed.