DCBOOKS
Malayalam News Literature Website

പുതുശ്ശേരി രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: ഭാഷാ പണ്ഡിതനും കവിയുമായ ഡോ.പുതുശ്ശേരി രാമചന്ദ്രൻ അന്തരിച്ചു. 92 വയസ്സായിരുന്നു. മലയാളത്തിലെ വിപ്ലവ സാഹിത്യത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ ഇദ്ദേഹം സ്വാതന്ത്ര്യ സമരകാലം മുതല്‍ രചനകളിലൂടെ അതിനു ദിശാബോധം നല്‍കി.

1942 ആഗസ്റ്റ് 9നു ക്വിറ്റിന്ത്യ സമരത്തിലൂടെ രാഷ്ട്രീയപ്രവേശം നടത്തിയ അദ്ദേഹം തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് ആക്ഷന്‍ കമ്മിറ്റി അംഗമായും, മാവേലിക്കര താലൂക്ക് പ്രസിഡന്റായും  പ്രവര്‍ത്തിച്ചിട്ടുണ്ട്.  സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനു 1947 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ വരെ സ്‌കൂളില്‍ നിന്നു പുറത്താക്കി. അതേ സ്‌ക്കൂളില്‍ 1947 ആഗസ്റ്റ് പതിനഞ്ചിന് പതാക ഉയര്‍ത്തി.

1948ല്‍ സെപ്റ്റംബറില്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച പുതുശ്ശേരി  വിദ്യാര്‍ത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലും അംഗംമായി. 1950 ഡിസംബറില്‍ എസ്.എന്‍ .കോളേജിലെ സമരത്തില്‍ മുന്‍പന്തിയില്‍ നിന്ന അദ്ദേഹത്തിന് അറസ്റ്റ് , ജയില്‍ മര്‍ദ്ദനം, തടവു ശിക്ഷ എന്നിവ നേരിടേണ്ടി വന്നു. 195354ല്‍ ശൂരനാട്ടു സംഭവത്തിനു ശേഷം നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ വള്ളികുന്നം ശൂരനാട് സെക്രട്ടറി, യൂനിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥി ഫെഡറേഷനില്‍ നേതൃത്വം, കോളേജ് മാഗസിന്‍ എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്കാരം, മഹാകവി ഉള്ളൂർ അവാർഡ്, കുമാരനാശാൻ അവാർഡ്, വള്ളത്തോൾ അവാർഡ് അടക്കം അദ്ദേഹത്തെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. പോയ വര്‍ഷം വയലാര്‍ അവാര്‍ഡിന് അദ്ദേഹത്തിന്‍റെ ആത്മകഥ പരിഗണിക്കപ്പെട്ടെങ്കിലും അവാര്‍ഡ് നിര്‍ണയ സമിതിയിലെ എതിര്‍പ്പ് വിവാദമായിരുന്നു.

 

Comments are closed.