DCBOOKS
Malayalam News Literature Website

ശുദ്ധീകരണവും പരിഷ്‌കരണവും

ഡോ. ടി. എസ്. ശ്യാംകുമാര്‍

ഗാന്ധിയുടെ ആത്മശുദ്ധീകരണ തത്ത്വമല്ല അംബേദ്കറെ നയിച്ചത്. ദലിതരോട് സ്വയം പരിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിലൂടെ യാഥാസ്ഥിതിക പാരമ്പര്യ ഇന്ത്യന്‍ മൂല്യങ്ങള്‍ ഉപേക്ഷിക്കുക എന്നതാണ് അംബേദ്കര്‍ ലക്ഷ്യമാക്കിയത്. ഗോമാംസം ഉപേക്ഷിക്കാന്‍ പറഞ്ഞതിലൂടെ ഗോമാംസ ഭക്ഷണം ഉപേക്ഷിക്കുക എന്ന ബ്രാഹ്മണ്യ ആശയമല്ല അംബേദ്കറില്‍ പ്രവര്‍ത്തിച്ചത്. മറിച്ച് ചത്ത പശുവിന്റെ ശരീരം നീക്കം ചെയ്യുന്ന പാരമ്പര്യ തൊഴില്‍ ഉപേക്ഷിക്കാനാണ് അംബേദ്കര്‍ ദലിതരെ പ്രേരിപ്പിച്ചത്. അടിസ്ഥാനപരമായി ഇത്തരം സ്വയം പരിഷ്‌കരണത്തിലൂടെ സമ്പൂര്‍ണമായ ബ്രാഹ്മണ്യ മൂല്യ വ്യവസ്ഥയുടെ നിരാസമാണ് അംബേദ്കര്‍ ലക്ഷ്യമിട്ടത്.

സമകാലിക പ്രതിസന്ധികളില്‍ പരിഹാരമായും ഊര്‍ജ്ജമായും ചരിത്രത്തില്‍ നിന്നും വേരുകള്‍ കണ്ടെത്തുന്നതിലൂടെ ചരിത്രത്തെ സദാ വര്‍ത്തമാനത്തിന്റെ ഉപദാനമായും പ്രതിവിധിയായുംText വിലയിരുത്തുന്നവരുണ്ട്. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍, ചരിത്രത്തെ വര്‍ത്തമാനത്തെ പൂരിപ്പിക്കുന്നതിനുള്ള പ്രധാന ഉപാധിയായി പണ്ഡിതര്‍ കണക്കാക്കുകയും ചെയ്യുന്നു. ഒരുവേള ഭരണകൂട ശക്തികള്‍ക്ക് ചരിത്രരചന Pachakuthiraതങ്ങളുടെ അധികാര സാധൂകരണത്തിന്റെ ഉപകരണമാണ്. മറ്റ് ചിലര്‍ക്ക് തങ്ങളുടെ ആഖ്യാനങ്ങളുടെ സാധൂകരണത്തിനുള്ള ഉപകരണമായും കലാശിക്കുന്നു. അടിസ്ഥാനപരമായി ചരിത്ര വസ്തുതകള്‍ ആഖ്യാനങ്ങളെ സാധൂകരിക്കുന്ന സന്ദര്‍ഭത്തിലാണ് ചരിത്ര രചന ശാസ്ത്രീയമായി മാറിത്തീരുക. ‘അംബേദ്കര്‍ ഗാന്ധി സമന്വയം സാധ്യമാണോ?’ എന്ന ചോദ്യം അതുകൊണ്ടു തന്നെ തീര്‍ത്തും ചരിത്രപരമാണ്. വസ്തുതകള്‍ സമന്വയിക്കുമ്പോഴാണ് ചരിത്രാഖ്യാനം തിളക്കമാര്‍ന്ന ഭൂപടമായി പരിണമിക്കുന്നത്. അംബേദ്കര്‍- ഗാന്ധി സമന്വയം എന്ന വിഷയത്തെ സംബന്ധിച്ചും ചരിത്ര ആഖ്യാനത്തെ സംബന്ധിച്ച അടിസ്ഥാന ധാരണകള്‍ സുപ്രധാനവും പ്രസക്തവുമാണ്.

ആത്മശുദ്ധീകരണവും സ്വയം പരിഷ്‌കരണവും

അംബേദ്കറെയും ഗാന്ധിയെയും സമന്വയിപ്പിക്കുന്നവരുടെ പ്രധാന വാദമാണ് അംബേദ്കര്‍ ദലിതരോട് ഗോമാംസം ഉപേക്ഷിച്ച് സ്വയം പരിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത് ഗാന്ധിയുടെ ആത്മശുദ്ധീകരണം എന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് എന്നുള്ള വാദം. ആത്മശുദ്ധീകരണം എന്ന ആശയവും സ്വയം പരിഷ്‌കരണം എന്ന ആശയവും ഇവിടെ പരിശോധിക്കേണ്ടതുണ്ട്. സവര്‍ണരുടെ ആത്മശുദ്ധീകരണത്തിലൂടെ അയിത്തം അവസാനിപ്പിക്കുക എന്ന ഗാന്ധിയന്‍ ദര്‍ശനത്തില്‍ ദലിതര്‍ക്ക് യാതൊരു കര്‍ത്തൃത്വവുമില്ല. കൂടാതെ ഇത് ഔദാര്യ പൂര്‍ണമായ യജമാനഭാവത്തെ പ്രകടിപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഭരണരംഗത്തും അധികാര രംഗത്തും അക്കാദമിക മേഖലകളിലും ഇന്നും ദലിതര്‍ നേരിടുന്ന അസ്പൃശ്യതയും പുറന്തള്ളലും തെളിയിക്കുന്നത് സവര്‍ണരുടെ ആത്മശുദ്ധീകരണത്തിലൂടെ ദലിത് ഉന്നമനം സാധ്യമാവില്ല എന്നു തന്നെയാണ്. നിയമങ്ങളും ഭരണഘടനയും നിലനില്‍ക്കുന്നതിനാണ് ദലിതര്‍ ഇന്നും സംരക്ഷിക്കപ്പെടുന്നത്. സവര്‍ണറുടെ ആത്മശുദ്ധീകരണത്തിന്റെ ബലമല്ല മറിച്ച് സംവരണം ഉള്‍പ്പെടെയുള്ള പ്രാതിനിധ്യ അവകാശങ്ങളാണ് ഇന്നും ഒരു പരിധി വരെയെങ്കിലും ദലിത് ഉന്നമനത്തെ സഹായിക്കുന്നത്. ജനാധിപത്യത്തിന്റെ തത്ത്വങ്ങളിലാണ് ദലിത് വിമോചനത്തിന്റെ ദര്‍ശനങ്ങള്‍ കുടികൊള്ളുന്നത് എന്നാണ് ഇത് ബോധ്യപ്പെടുത്തുന്നത്. ഗാന്ധിയന്‍ ആത്മശുദ്ധീകരണം സവര്‍ണര്‍ ഏറ്റെടുത്തില്ല എന്നതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ് ദലിതര്‍ ഇന്നും നേരിടുന്ന ദുരിതപര്‍വങ്ങള്‍. അതുകൊണ്ടുതന്നെ ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ദലിതര്‍ക്ക് ഗാന്ധിയന്‍ ആത്മശുദ്ധീകരണത്തേക്കാള്‍ വിശ്വാസയോഗ്യമായിരിക്കുന്നത് ഭരണഘടനാ ജനാധിപത്യ തത്ത്വങ്ങളാണ്.

പൂര്‍ണ്ണരൂപം 2023 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

Comments are closed.