DCBOOKS
Malayalam News Literature Website

പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം എന്‍ പി ചന്ദ്രശേഖരന്

കവി പുനലൂര്‍ ബാലന്റെ സ്മരണയ്ക്കായി ജനകീയ കവിതാ വേദി ഏര്‍പ്പെടുത്തിയ ‘പുനലൂര്‍ ബാലന്‍ കവിതാ പുരസ്‌കാരം-2017’  കവിയും മാധ്യമപ്രവര്‍ത്തകനുമായ എന്‍ പി ചന്ദ്രശേഖരന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മറവിതന്‍ ഓര്‍മ്മ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ചെയര്‍മാനും ബാബു പാക്കനാര്‍, വിനോദ് വൈശാഖി, കവിതാ വേദി പ്രസിഡന്റ് കെ കെ ബാബു, വൈസ് പ്രസിഡന്റ് ഡോ. ഷേര്‍ളി ശങ്കര്‍, സെക്രട്ടറി രമാ ബാലാചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

10001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരിയില്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് കവിതാ വേദിയുടെ ഏഴാമത് വാര്‍ഷികത്തോടനുബന്ധിച്ച് പുരസ്‌കാരം സമ്മാനിക്കും.

എന്‍ പി ചന്ദ്രശേഖരന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് മറവിതന്‍ ഓര്‍മ്മ. കവിതയെ പുതിയ വിതാനത്തിലേക്കുയര്‍ത്തുന്ന ചിറകുകളുള്ള കവിത. ഉഗ്രമായ ഊര്‍ജ്ജം ഒളിഞ്ഞിരിക്കുന്ന അവ പലതരത്തിലുള്ള പരായാണ സാധ്യതകള്‍ തുറന്നിടുന്നു. അധികാരം അദൃശ്യമാകുന്നതിന് ദൃശ്യമാക്കുന്ന ദൗത്യം കൂടി അവ നിര്‍വ്വഹിക്കുന്നു.

2015 ല്‍ ജനകീയ കവിതാ വേദി ഏര്‍പ്പെടുത്തിയ പ്രഥമ പുനലൂര്‍ ബാലന്‍ പുരസ്‌കാരം ബാബു പാക്കനാര്‍ക്കാണ് ലഭിച്ചത്. 2016 ല്‍ ജി സുധാകരനായിരുന്നു പുരസ്‌കാരം.

 

Comments are closed.