DCBOOKS
Malayalam News Literature Website

‘നമ്മള്‍ സ്വപ്‌നാടകരെങ്കില്‍’…

കേരള സാഹിത്യ അക്കാദമിയുടെ 2015 കനകശ്രീ അവാര്‍ഡിന് അര്‍ഹമായ ഈര്‍പ്പം നിറഞ്ഞ മുറികള്‍ എന്ന കവിതാസമാഹാരത്തിനുശേഷം ഡോ ശാന്തി ജയകുമാര്‍ എഴുതിയ കവിതാ പുസ്തകം ‘നമ്മള്‍ സ്വപ്‌നാടകരെങ്കില്‍’.. പുറത്തിറങ്ങി. കാവ്യവഴികളിലെ കയ്പും കനപ്പും  നോവും നേരുമെല്ലാം അടയാളപ്പെടുത്തുന്ന അമ്പതില്‍പരം കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി തിരിച്ച് തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ഈര്‍പ്പം നിറഞ്ഞ മുറികള്‍ എന്ന ആദ്യ കവിതാസമാഹാരത്തിലെ ചില കവിതകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. കവിത ബാലകൃഷ്ണനാണ് നമ്മള്‍ സ്വപ്‌നാടകരെങ്കില്‍ എന്ന കാവ്യ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

കവിത ബാലകൃഷ്ണന്‍ എഴുതിയ അവതാരികയില്‍ നിന്ന്;

ശാന്തിയുടെ കവിതകള്‍ ഭാഷയുടെ സൂക്ഷ്മമായ ചില മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ് ഞാന്‍ കാണുന്നത്. കവിതയില്‍ താന്‍ ഉപയോഗിക്കുന്ന വാക്കിനെക്കുറിച്ച് വളരെയേറെ പര്യാലോചനകള്‍ നടത്തുന്ന ഒരു വ്യക്തിയാണ് ശാന്തി. ‘തീരാത്ത പണി ആണ് കവിത’ എന്ന് വിചിത്രമായ വിധത്തില്‍ ഇവര്‍ നമ്മെ അറിയിക്കുന്നു. ‘ഈ നാട്ടില്‍ നിറയെ കവികളാ, മുട്ടിയിട്ടു നടക്കാന്‍ വയ്യാ’ എന്ന്! പരിഹസിക്കപ്പെടുന്ന കാലത്ത് ആളുകള്‍ തങ്ങള്‍ സാമാന്യേന ചിന്തിക്കുന്നതു പോലും കാവ്യാത്മകമെന്നു ധരിച്ച് അതപ്പടി ‘കവിത’യെന്ന സാഹിതീയ രൂപമാണെന്ന് ധരിച്ച് കവിതാബുക്കുകള്‍ പടച്ചുവിടുന്നു. അതങ്ങനെയല്ലെന്ന് പറയേണ്ടതും ഇല്ലാത്തപോലെയാണ് കാര്യങ്ങള്‍. കാരണം, മറിച്ചൊരു ശ്രദ്ധയുള്ളവര്‍, അന്തരീക്ഷത്തില്‍ വളരെ ഒറ്റപ്പെട്ടു പോയിരിക്കുന്നു. അനുഭൂതികളുടെയും പ്രമേയങ്ങളുടെയും ഉടുപ്പുകള്‍കൊണ്ട് മാത്രം ഒറ്റക്കാഴ്ചയ്ക്കും, ഒറ്റവായനയ്ക്കും തിരിച്ചറിയാവുന്ന ഒന്നിനെ നമ്മള്‍ എളുപ്പത്തില്‍ ഒരു സാഹിത്യരൂപമെന്ന് (‘ഓ എത്ര പോയറ്റിക്’ എന്ന് അദ്ഭുതം കൂറിക്കൊണ്ട്) വിളിക്കുന്നുണ്ടല്ലോ. ഒരു സാഹിത്യരൂപം എന്നാല്‍ എന്തെന്നതിനെക്കുറിച്ചു തന്നെയുള്ള വളരെ പരിമിതവും
നിരുത്തരവാദിത്തപരവുമായ ധാരണകളില്‍നിന്നും ഉണ്ടാകുന്നതാണ് ഇത്തരം പ്രതികരണങ്ങള്‍.

കവികള്‍ പെരുകുന്ന ഈ കാലത്ത് എന്തും എങ്ങനെയും അനുവദിക്കപ്പെടും എന്ന അര്‍ത്ഥത്തില്‍ ഇത് ‘കവിതയിലെ ജനാധിപത്യപരമായ തുറക്കല്‍’ ആണ് എന്ന അഭിപ്രായവും അങ്ങനെ വരുന്നതാണ്. പക്ഷേ, പ്രമേയപരവും അനുഭൂതിപരവുമായി മാത്രം കവിതയെ മനസ്സിലാക്കുന്ന അടഞ്ഞ ചില ശീലങ്ങള്‍ ആവര്‍ത്തിക്കാനുള്ള അവകാശംകൊണ്ട് കവിതയില്‍ തുറസ് ഉണ്ടാകുന്നില്ല. ആവര്‍ത്തനങ്ങളും മുഷിവും കവിത്വനാശവും മാത്രമേ ഉണ്ടാകൂ. ഒരാള്‍ തന്റെ കവിതയെഴുത്ത് വളരെ വ്യത്യസ്തമായ പുനര്‍ചിന്തനങ്ങള്‍ക്ക് വിധേയമാക്കുന്നത് അതുകൊണ്ടാണെന്നാണ് പ്രധാനമായി എനിക്ക് തോന്നുന്നത്.

നമുക്കിടയില്‍ ഇങ്ങനെ വളരെ ശ്രദ്ധയോടെ കാവ്യവ്യവഹാരത്തെ തിരിച്ചറിയുന്ന ഇതുപോലുള്ള ചുരുക്കം ചില കവികള്‍ ഉണ്ട്. അവരില്‍ ചിലരെങ്കിലും കവിതയിലെ ഈ പെരുകും കാലം പ്രതിരോധിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ആരായുന്നു. എഴുത്തുസാങ്കേതികവിദ്യ, അല്ലെങ്കില്‍ ആശാരിപ്പണി, തിരിച്ചുവരണമെന്ന് അവരില്‍ പലരും വളരെയധികം ആഗ്രഹിക്കുന്നു. പക്ഷേ അങ്ങനെ കരുതുന്നവരില്‍തന്നെ ഒരു കുഴപ്പമുള്ളത് പലരും ആ സാങ്കേതികവിദ്യയുടെ ഇടം ആയി കാണുന്നത് കവിത ശ്ലോകമോ പദ്യമോ ആയിനിന്ന ഭൂതകാലശീലങ്ങളെയാണ്. അത് നന്നായി പഠിച്ചെടുത്ത് പുതിയകാലത്തിന്റെയെന്നല്ല, ഏതു കാലത്തിന്റെയും ദാര്‍ശനിക പീഡകളെ വഹിക്കാവുന്ന, ഒരു ഉന്നത അനുശീലനവ്യവഹാരമായി കവിതയെ മാറ്റേണ്ടതുണ്ട് എന്ന് അവര്‍ കരുതുന്നു. ഈ ആകാംക്ഷ പലപ്പോഴും ഒരു വ്യവഹാരമെന്ന നിലയില്‍ കവിതയെ ഉത്തരവാദിത്തപൂര്‍വ്വം കാണാന്‍ പ്രേരിപ്പിച്ചേക്കാം. പക്ഷേ ഇതിലെ പ്രശ്‌നം എന്താണെന്നാകില്‍, എഴുത്തുസാങ്കേതികവിദ്യ ഒരു ശീലത്തിന്റെ കാര്യമാണെന്ന് ആദ്യമേ തീര്‍പ്പാകുന്നു എന്നതാണ്. അത് ഭൂതകാലത്തുനിന്നും വരുന്നു എന്നും ഒപ്പംതന്നെ തീര്‍പ്പാകുന്നു.

കവിതയില്‍ പ്രവൃത്തിഗൗരവം ഉണ്ടാകാന്‍ വേറെയും വഴികളില്ലേ? ശാന്തിയുടെ വഴികളില്‍ ഭൂതകാലത്തിന്റെ കാര്യമായിട്ടോ, വാക്കുകെട്ടുചിട്ടകളുടെ കാര്യമായിട്ടോ മാറാതെതന്നെ ഒരു പ്രവൃത്തിഗൗരവം ഉണ്ട്. അത് എഴുത്തുസാങ്കേതികവിദ്യ എന്നതിനെ ഭാഷയുടെ ഒരു തുറന്ന ഇടത്ത് ശീലങ്ങള്‍ക്ക് വിധേയപ്പെടാത്ത ഒരാളുടെ നിവൃത്തിമാര്‍ഗ്ഗം ആയി തുറന്നുവയ്ക്കുന്നു…

 

Comments are closed.