DCBOOKS
Malayalam News Literature Website

പ്രിയപ്പെട്ട പ്രസാധകരും ഞാനും

അടുത്ത കാലത്ത് മലയാള സാഹിത്യരംഗത്ത് നടക്കുന്ന ചില ചര്‍ച്ചകളില്‍ കേരളത്തിലെ പ്രസാധകന്മാര്‍ മുഴുവന്‍ എഴുത്തുകാരെ പറ്റിച്ച് പണമുണ്ടാക്കുന്നവരാണ് എന്നൊരു വാദം ചിലര്‍ ഉയര്‍ത്തുന്നത് കാണുവാന്‍ ഇടയായി. സ്വന്തം വായനക്കാര്‍ കുറഞ്ഞു പോയി എന്നത് അംഗീകരിക്കാന്‍ കഴിയാത്ത ചില വൃദ്ധ വിലാപങ്ങള്‍ ആയിട്ടാണ് എനിക്കവയെക്കുറിച്ചു തോന്നിയത്. പുതിയ എഴുത്തുകാര്‍ അതു കേട്ട് ആശങ്കപ്പെടരുത് എന്നാണ് എനിക്കു പറയാനുള്ളത്. എന്റെ ഇരുപത് വര്‍ഷത്തെ എഴുത്തു ജീവിതത്തില്‍ ഒരു പ്രസാധകനും എന്നെ പറ്റിച്ചതായി എനിക്കിതുവരെ തോന്നിയിട്ടില്ല.

Publication is a marathon, not a sprint. Writing the book is only the start. -Jo Linsdell

എഴുതപ്പെട്ട രചനകള്‍ പ്രസിദ്ധീകരിക്കപ്പെടുക എന്നത് ഏതൊരു എഴുത്തുകാരന്റെയും സ്വപ്‌നമാണ്. ചിലരെ സംബന്ധിച്ചിടത്തോളം അതൊരു ബാലികേറാമലയാണ്. ചിലര്‍ക്കാവട്ടെ ക്ഷിപ്രസാധ്യമാവും. ഒന്നാമത്തെ പുസ്തകത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇന്നു പ്രസിദ്ധീകരണത്തിന് സോഷ്യല്‍മീഡിയകള്‍ ഉള്‍പ്പെടെ അനന്ത സാധ്യതകള്‍ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു പ്രമുഖ പ്രസാധകസ്ഥാപനംവഴി അച്ചടിച്ച പുസ്തകം പുറത്തുവരിക എന്നതാണ് ഏറെപ്പേരും ആഗ്രഹിക്കുന്ന കാര്യം. മലയാളത്തില്‍ ഇപ്പോഴും അച്ചടിക്കപ്പെട്ട പുസ്തകങ്ങള്‍ വായിക്കാന്‍ താത്പര്യപ്പെടുന്നവരാണ് കൂടുതലും. ആരാണ് പ്രസാധകന്‍ എന്നു നോക്കി മാത്രം പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ ഇപ്പോഴും ഒട്ടും കുറഞ്ഞിട്ടില്ല. അത് എഴുത്തുകാരുടെമേല്‍ എന്നതിനേക്കാള്‍ പ്രസാധകരില്‍ വായനക്കാര്‍ വച്ചുപുലര്‍ത്തുന്ന ഒരു വിശ്വാസമാണ്. ഈ പ്രസാധകര്‍ നിലവാരം കുറഞ്ഞ പുസ്തകം പ്രസിദ്ധീകരിക്കില്ല, അവരുടെ പുസ്തകങ്ങള്‍ തന്റെ വായനാഭിരുചിയെ തൃപ്തിപ്പെടുത്താറുണ്ട് എന്നിങ്ങനെയുള്ള വിശ്വാസം. തിരിച്ചും ഉണ്ട്. ചിലര്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ അത്ര മേന്മയുള്ളതാവില്ല എന്നൊരു തോന്നല്‍ വായനക്കാര്‍ക്ക് ഉണ്ടാവാറുണ്ട്. അതുകൊണ്ടു തന്നെ തങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരെഴുത്തുകാരന്റെ/എഴുത്തുകാരിയുടെ ഒരു പുസ്തകം അത്തരം പ്രസാധനശാലയിലൂടെ പുറത്തുവന്നു കണ്ടാല്‍ അത് അയാളുടെ ഒരു രണ്ടാംതരം പുസ്തകം ആയിരിക്കാന്‍ ഇടയുണ്ട് എന്നു കരുതി ആ പുസ്തകം വാങ്ങുന്നതില്‍നിന്ന് ചില വായനക്കാര്‍ പിന്‍തിരിയുന്നത് കാണാം. പ്രസാധകനും എഴുത്തുകാരനും തമ്മിലുള്ളതും ഇതുപോലെ ചില പരസ്പരവിശ്വാസങ്ങളും ധാരണകളുമാണ്.

ഒരു പ്രത്യേക പ്രസിദ്ധീകരണശാലയിലൂടെ പുറത്തുവരുന്നതിലൂടെ തന്റെ രചന കൂടുതല്‍ അംഗീകരിക്കപ്പെട്ടു എന്നും തന്റെ പുസ്തകം ഏറ്റവും മനോഹരമായി അവര്‍ പുറത്തിറക്കുമെന്നും അവ വേണ്ടവണ്ണം പരസ്യങ്ങള്‍ ഒക്കെ നല്‍കി വായനക്കാരുടെ കൈകളില്‍ എത്തിക്കുമെന്നും എഴുത്തുകാരന്റെ വിശ്വാസം. ഏതെങ്കിലും ചില എഴുത്തുകാരുടെ പുസ്തകങ്ങള്‍ തങ്ങളുടെ പ്രസിദ്ധീകരണ ലിസ്റ്റില്‍ ഉണ്ടെങ്കില്‍ അത് തങ്ങളുടെ സ്ഥാപനത്തിന് അഭിമാനമാണ് എന്നു വിശ്വസിക്കുന്ന പ്രസാധകര്‍. ഒരേസമയം അതൊരു കച്ചവടം ആയിരിക്കെതന്നെ അങ്ങനെയൊക്കെയുള്ള ചില വിശ്വാസങ്ങളുടെയും ധാരണകളുടെയും സഹകരണത്തിന്റെയും ഇടം കൂടിയാണ് പുസ്തക പ്രസാധന മേഖല. വിശ്വാസമില്ലാതെ രണ്ടു കക്ഷികള്‍ക്ക് പ്രസാധനത്തില്‍ എന്നല്ല ഒരു സംരംഭത്തിലും സഹകരിക്കുക സാധ്യമാവുകയില്ല. അങ്ങനെ തങ്ങള്‍ക്ക് പ്രിയപ്പെട്ടതെന്നോ അഭികാമ്യമെന്നോ തോന്നുന്ന പ്രസാധകരെ ആയിരിക്കും ഓരോ എഴുത്തുകാരനും തങ്ങളുടെ പുസ്തകങ്ങളുമായി സമീപിക്കുക. ആ ബന്ധം നല്ലതാണ് എന്നു തോന്നിയാല്‍ ദീര്‍ഘകാലം അത് തുടരുകയും ചെയ്യും. എല്ലാവരും അങ്ങനെയാണോ എന്ന് എനിക്കു നിശ്ചയമില്ല. എന്റെ കാര്യത്തില്‍ പ്രസാധകരോടുള്ള ബന്ധം അങ്ങനെയാണു നിലനില്‍ക്കുന്നത്. അതില്‍ പരസ്പര വിശ്വാസത്തിന്റെയും ധാരണയുടെയും ഇടങ്ങള്‍ ധാരാളമുണ്ട്…

2018-ലെ ജെ.സി.ബി സാഹിത്യപുരസ്കാരം ഏറ്റുവാങ്ങുന്ന ബെന്യാമിന്‍

അടുത്ത കാലത്ത് മലയാള സാഹിത്യരംഗത്ത് നടക്കുന്ന ചില ചര്‍ച്ചകളില്‍ കേരളത്തിലെ പ്രസാധകന്മാര്‍ മുഴുവന്‍ എഴുത്തുകാരെ പറ്റിച്ച് പണമുണ്ടാക്കുന്നവരാണ് എന്നൊരു വാദം ചിലര്‍ ഉയര്‍ത്തുന്നത് കാണുവാന്‍ ഇടയായി. സ്വന്തം വായനക്കാര്‍ കുറഞ്ഞു പോയി എന്നത് അംഗീകരിക്കാന്‍ കഴിയാത്ത ചില വൃദ്ധ വിലാപങ്ങള്‍ ആയിട്ടാണ് എനിക്കവയെക്കുറിച്ചു തോന്നിയത്. പുതിയ എഴുത്തുകാര്‍ അതു കേട്ട് ആശങ്കപ്പെടരുത് എന്നാണ് എനിക്കു പറയാനുള്ളത്. എന്റെ ഇരുപത് വര്‍ഷത്തെ എഴുത്തു ജീവിതത്തില്‍ ഒരു പ്രസാധകനും എന്നെ പറ്റിച്ചതായി എനിക്കിതുവരെ തോന്നിയിട്ടില്ല. പുസ്തകങ്ങള്‍ കുറച്ചു വില്പനയുള്ള കാലത്ത് അങ്ങനെയും കൂടിയപ്പോള്‍ അങ്ങനെയും എനിക്ക് അതിനനുസരിച്ച് റോയല്‍ട്ടി ലഭിച്ചിട്ടുണ്ട്. അവരിലുള്ള വിശ്വാസത്തില്‍തന്നെയാണ് ഞാന്‍ എന്റെ തൊഴില്‍പോലും ഉപേക്ഷിച്ച് സമ്പൂര്‍ണ്ണ എഴുത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. ഇന്നോളം അതില്‍ എനിക്കു ഖേദിക്കേണ്ടി വന്നിട്ടില്ല.

അല്ലെങ്കില്‍തന്നെ ഒരു നല്ല പ്രസാധകന്‍ എന്തിന് തങ്ങളുടെ എഴുത്തുകാരെ പറ്റിക്കണം? അതുകൊണ്ട് അവര്‍ക്കുണ്ടാവുന്ന നേട്ടം എന്താണ്? ലക്ഷങ്ങള്‍ മുടക്കി ഒരു പുസ്തകം ഇറക്കുമ്പോള്‍ ആ പുസ്തകം വിറ്റുപോകുന്നതിനു മുന്‍പേ തന്നെ അച്ചടിക്കപ്പെട്ട മുഴുവന്‍ പുസ്തകങ്ങളും കണക്കാക്കി പ്രസാധകന്‍ വാങ്ങുന്ന പേപ്പറിനു പണം കൊടുക്കണം, മഷിക്ക്, പ്രിന്റിങ്ങിന്, ബയന്റിങ്ങിന്, തൊഴിലാളിക്ക്, വിതരണക്കാര്‍ക്ക് ഒക്കെ പണം നല്‍കിയേ മതിയാവൂ. ആരെയെങ്കിലും ഒരു പൈസയെങ്കിലും കുറവ് കൊടുത്തു പറ്റിക്കാം എന്ന് ഞാന്‍ കരുതുന്നില്ല. അതിനൊക്കെ കൃത്യമായ കണക്കുള്ളതാണ്. പിന്നെ എന്തിന് ഒരു പ്രസാധകന്‍ തനിക്കൊപ്പം നില്‍ക്കുന്ന എഴുത്തുകാരനെമാത്രം പറ്റിക്കണം? അതും, വിറ്റുപോയ
പുസ്തകങ്ങളുടെമാത്രം റോയല്‍ട്ടി കൊടുത്താല്‍ മതി എന്ന സാധ്യതയുള്ളപ്പോള്‍. പതിനഞ്ച് ശതമാനമാണ് മലയാളത്തില്‍ എഴുത്തുകാരനു കിട്ടുന്ന റോയല്‍റ്റി. മറ്റു ഭാഷകളില്‍ അതിലും കുറവും. അത് മൊത്തം പുസ്തകവിലയുമായി തട്ടിച്ചു നോക്കുമ്പോള്‍ എത്രയോ ചെറിയ തുകയാണ്. ദീര്‍ഘകാലം ഒരു മേഖലയില്‍ തുടരണം എന്നാഗ്രഹിക്കുന്ന ഒരാളും തന്റെ യഥാര്‍ത്ഥ ‘റിസോഴ്‌സി’നോട് വഞ്ചന കാണിക്കില്ല. അതവരുടെതന്നെ തകര്‍ച്ചയ്ക്ക് കാരണമാവും എന്ന് അവര്‍ക്കറിയാം. അത് കച്ചവടത്തിന്റെ ബാലപാഠമാണ്.

പുസ്തകവില്പന ഒരു ആതുരസേവനമല്ല. അതൊരു നല്ല കച്ചവടംതന്നെയാണ്. അതിനു മുതല്‍ മുടക്കുന്നവര്‍ക്കറിയാം എങ്ങനെ തങ്ങളുടെ ‘സപ്ലയറോടും’ ‘കസ്റ്റമറോടും’ നല്ലതുപോലെ ഇടപെടണം എന്ന്. അതുകൊണ്ട് പ്രസാധകന്മാര്‍ തമ്മിലുള്ള ഇണക്കത്തിലും പിണക്കത്തിലും മത്സരത്തിലും അസൂയയിലും കക്ഷി ചേരാതെ സ്വന്തം രചനയില്‍ ശ്രദ്ധയൂന്നുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടത്. എഴുത്തുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കൂട്ടായ്മ ഉണ്ടാക്കുന്നതും നിയമനിര്‍മ്മാണം ആവശ്യപ്പെടുന്നതും ഒക്കെ നല്ലതുതന്നെ. അതുപക്ഷേ എഴുത്തുകാര്‍ക്ക് സ്വന്തം പ്രസാധകരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് എന്നു വരരുത് എന്നുമാത്രം. കാരണം എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും ഇടയില്‍ ഉണ്ടായിരുന്ന പരസ്പരധാരണയുടെയും വിശ്വാസത്തിന്റെയും ബാക്കിപത്രമാണ് ഇന്നു വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന നമ്മുടെ പുസ്തകലോകം. പ്രസാധകരെ മുഴുവന്‍ വെറും കച്ചവടക്കാര്‍ എന്നു കാണാതെ നമ്മുടെ പുസ്തകങ്ങള്‍ വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന മികച്ച പ്രായോജകര്‍ എന്നുവേണം നാം കരുതാന്‍. മലയാളസാഹിത്യം ലോകത്തിന്റെ അതിരുകളിലേക്ക് വ്യാപിക്കുന്ന ഇക്കാലത്ത് ആ ബന്ധം കൂടുതല്‍ ശക്തമാക്കുവാന്‍ ശ്രമിക്കുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടത്.

ബെന്യാമിന്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം 2019 ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.