DCBOOKS
Malayalam News Literature Website

പൊതുഗതാഗതം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

🚍ബസ്സിലെ ജീവനക്കാര്‍ നിര്‍ബന്ധമായും ഓരോ യാത്രകള്‍ക്ക് മുന്‍പും ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.

🚍യാത്രകള്‍ക്കിടയില്‍ ജീവനക്കാര്‍ നിശ്ചിത ഇടവേളകളിൽ കൈകള്‍ 70% ആൽക്കഹോൾ ഉള്ള ഹാന്‍ഡ്‌ റബ് ഉപയോഗിച്ച് വൃത്തിയാക്കണം.

🚍 യാത്രക്കാർ ബസ്സിൽ കയറുന്നതിനുമുൻപും ഇറങ്ങിയ ശേഷവും 70% ആൾക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.

🚍 ബസ്സിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ശാരീരിക അകലം പാലിക്കാൻ ശ്രദ്ധിക്കുക. അല്പം സമയമെടുത്താണെങ്കിലും രണ്ടു മീറ്ററിൽ കൂടുതൽ ശാരീരിക അകലം പാലിച്ചു കൊണ്ട് തന്നെ കയറാനും ഇറങ്ങാനും ശ്രമിക്കുക.

🚍 ബസ്സിൽ കയറാൻ വേണ്ടി ഒരു വാതിലും ഇറങ്ങാൻ വേണ്ടി മറ്റൊരു വാതിൽ ഉപയോഗിക്കുക. ഉദാഹരണമായി കയറാൻ വേണ്ടി എല്ലാവരും പിൻവാതിലും ഇറങ്ങാൻ വേണ്ടി മുൻവാതിലും ഉപയോഗിക്കുക.

🚍ജീവനക്കാരും യാത്രക്കാരും വായും മൂക്കും പൂർണമായും മൂടുന്ന തരത്തിൽ മാസ്ക് ധരിക്കണം. സംസാരിക്കാനായി മാസ്ക് താഴ്ത്തി വയ്ക്കുന്ന പ്രവണത നല്ലതല്ല.

🚍ആളുകളെ കുത്തി നിറച്ചു കൊണ്ട് പോകുന്നത് കര്‍ശനമായി ഒഴിവാക്കുക.

🚍സീറ്റുകള്‍ നിറഞ്ഞു കവിയുന്ന അവസ്ഥ ഒഴിവാക്കണം. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിൽ ആണെങ്കിൽ നടുക്ക് ഗ്യാപ്പ് ഇടുന്നത് നന്നാവും. രണ്ടു പേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരാൾ മാത്രം യാത്ര ചെയ്യുന്നതാണ് നല്ലത്. സാധിക്കുമെങ്കിൽ ഒരു സീറ്റിൽ ഒരാൾ മാത്രം ഇരിക്കുന്നതാണ് നല്ലത്. അതു പക്ഷേ പ്രായോഗികമാണോ എന്ന് അറിയില്ല.

🚍 ഇപ്പോഴത്തെ സാഹചര്യത്തിൽ ബസിൽ നിന്നു കൊണ്ടുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

🚍കഴിവതും യാത്രക്കാരുമായി അടുത്ത് നിൽക്കാതിരിക്കുക, സാധ്യമായ ദൂരം പാലിക്കുക.

🚍പനി, ചുമ, ജലദോഷം, ശ്വാസതടസ്സം, എന്നിവ ഉള്ള ജീവനക്കാരും പൊതുജനങ്ങളും നിര്‍ബന്ധമായും യാത്ര ഒഴിവാക്കുക.

🚍യാത്രകള്‍ക്കിടയില്‍ പൊതുജനങ്ങള്‍ ഛര്‍ദ്ദിക്കുക, ചുമച്ചു കഫം തുപ്പുക, എന്നിവ ഉണ്ടായാല്‍ ഉടൻ തന്നെ ബ്ലീച് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക, അല്ലാത്ത പക്ഷം രോഗം പകരാന്‍ ഉള്ള സാധ്യത ഉണ്ട്.

🚍വാഹനങ്ങള്‍ കഴുകി വൃത്തിയാക്കുമ്പോള്‍ 3 ലെയർ സർജിക്കൽ മാസ്കും, പ്ലാസ്റ്റിക് ഏപ്രണും, കയ്യുറകളും, കണ്ണടയും ഉപയോഗിക്കുക.

🚍രോഗാണു വ്യാപന സാധ്യത ഒഴിവാക്കാൻ വൃത്തിയാക്കാൻ 1% സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിക്കാം.

🚍സീറ്റുകൾ പോല്ലുള്ള ബസിനുള്ളിലെ ഭാഗങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാം. അതിനു ശേഷം വാഹനത്തിന്റെ എല്ലാ വാതിലുകളും ജനലുകളും തുറന്നിടുക.

🚍ഓരോ യാത്രയ്ക്ക് ശേഷവും റെയിലുകള്‍, കൈപിടികള്‍, കൈവരികള്‍, സീറ്റുകള്‍ എന്നിവ ബ്ലീച്ച് ലായനി ഉപയോഗിച്ച് തുടച്ചാൽ നന്നായിരിക്കും.

🚍ഉപയോഗ ശേഷം സർജിക്കൽ മാസ്ക് ശരിയായ രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യുക, പുനരുപയോഗിക്കരുത്. ബ്ലീച്ച് ലായനിയില്‍ മുക്കി വച്ച് അര മണിക്കൂറിനു ശേഷം ആഴത്തില്‍ കുഴിച്ചിടുകയോ കത്തിച്ചു കളയുകയോ ചെയ്യണം. പുനരുപയോഗിക്കുന്ന മാസ്ക് ആണെങ്കില്‍ ബ്ലീച് ലായനിയിൽ അര മണിക്കൂര്‍ മുക്കി വച്ച് കഴുകി ഉണക്കി ഉപയോഗിക്കാം.

🚍പണം കൈകാര്യം ചെയ്യുന്ന കണ്ടക്ടര്‍ കയ്യുറകള്‍ ധരിക്കുന്നത് നല്ലതാകും. പക്ഷേ കൈയുറകൾ ധരിച്ചു കൊണ്ട് ഒരു കാരണവശാലും സ്വന്തം മുഖത്ത് സ്പർശിക്കാൻ പാടില്ല. കൈയുറകൾ ഉപയോഗിക്കുകയാണെങ്കിൽ ഓരോ ട്രിപ്പിന് ശേഷവും മാറ്റുക; പുനരുപയോഗം പാടില്ല .

🚍 പണത്തിനു പകരം റീചാർജ് ചെയ്തു ഉപയോഗിക്കാവുന്ന പ്രീപെയ്ഡ് യാത്രാ കാർഡുകൾ വ്യാപകമായി നടപ്പിലാക്കുന്നത് നന്നായിരിക്കും.

ആരോഗ്യ വകുപ്പിന് വേണ്ടി ആർദ്രം മിഷനിലെ ആരോഗ്യ പ്രവർത്തകർ തയ്യാറാക്കിയ കുറിപ്പ്.

ഇൻഫോ ക്ലിനിക്

Comments are closed.