DCBOOKS
Malayalam News Literature Website

‘അമ്മയ്ക്കുള്ള കത്തുകള്‍’, മോദിയുടെ പുസ്തകം വിപണിയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂര്‍വ്വകാല ഡയറിക്കുറിപ്പുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. അന്താരാഷ്ട്ര പ്രസിദ്ധീകരണ സ്ഥാപനമായ ഹാര്‍പര്‍ കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ‘ജഗത് ജനനിയെ’ സംബോധന ചെയ്ത് യൗവ്വനകാലത്ത് അദ്ദേഹം എഴുതിയ ഡയറിക്കുറിപ്പുകളാണ് പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നത്. ലോകമാതാവിനുള്ള കത്തുകളുടെ രൂപത്തില്‍ തയ്യാറാക്കിയ കുറിപ്പുകളാണ് ഇവ.

പ്രശസ്ത ഗുജറാത്തി നിരൂപക ഭാവന സൊമായയാണ് നരേന്ദ്ര മോദിയുടെ കുറിപ്പുകള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 1986ലെ മോദിയുടെ ഡയറിയില്‍ നിന്നെടുത്ത ഈ കുറിപ്പുകള്‍ ഇ ബുക്ക് രൂപത്തിലും പുറത്തിറങ്ങുന്നുണ്ട്.

ചെറുപ്പം മുതല്‍ ഉറങ്ങുന്നതിന് മുന്‍പ് എന്നും രാത്രി വിവിധ വിഷയങ്ങളെക്കുറിച്ച് ‘ജഗത് ജനനി’യായ മാതാവിനെ സംബോധന ചെയ്ത് മോദി എഴുതിയ കത്തുകളാണ് പുസ്തകത്തില്‍. ഇതൊരു സാഹിത്യരചനയ്ക്കുള്ള ശ്രമമല്ലെന്നും തന്റെ നിരീക്ഷണങ്ങളുടെയും ചിന്തകളുയുടെയും പ്രതിഫലനങ്ങളാണ് പുസ്തകത്തിലുള്ളതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുസ്‌കത്തെക്കുറിച്ച് പ്രതികരിച്ചത്.

ഒരു ലോകനേതാവെന്ന നിലയില്‍ ഇച്ഛാശക്തിയും അശ്രാന്ത പരിശ്രമവുമാണ് നരേന്ദ്ര മോദിയുടെ വിജയത്തിന്റെ രഹസ്യമെങ്കില്‍ തീക്ഷണമായ ചിന്താഗതികളും വൈകാരിക സന്തുലനവുമാണ് നരേന്ദ്ര മോദിയിലെ എഴുത്തുകാരന്റെ സവിശേഷതകളെന്നും പ്രസാധകര്‍ അഭിപ്രായപ്പെടുന്നു. ‘ലെറ്റേഴ്‌സ് ടു മദര്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം അടുത്ത മാസമാണ് പ്രസിദ്ധീകരിക്കുക.

Comments are closed.