DCBOOKS
Malayalam News Literature Website

വേറിട്ട വഴിയിലെ കഥാസഞ്ചാരം

 

രാജീവ് ശിവശങ്കറിന്റെ ‘പ്രേത സവാരി’ എന്ന പുസ്തകത്തിന് നിള രാജീവ് എഴുതിയ ആമുഖത്തില്‍ നിന്നും

ഥയുടെ യുവത്വത്തിന്റെയും കരുത്തിന്റെയും മാനദണ്ഡം എന്താണ്? എന്തായാലും അത് എഴുത്തുകാരന്റെ പ്രായം വച്ചു കണക്കാക്കേണ്ടതല്ല. എഴുത്തിലെ പുതുമ, അതു വായനക്കാരന്റെ മനസ്സില്‍ കൊളുത്തുന്ന തീ, കഥയുടെ തോട്ടിക്കൊളുത്തില്‍ പിടയുന്ന വികാരങ്ങള്‍… ഇതൊക്കെയാണ് കഥയെ പുതിയ ഹൃദയത്തിലേക്ക് ചേര്‍ത്തുപിടിക്കുന്നത്.

മൊബൈല്‍ സിനിമകളുടെയും നെറ്റ്ഫ്‌ളിക്‌സ് സീരീസുകളുടെയും കാലത്ത് കഥയെ കാഴ്ചയുടെ അനുഭവങ്ങളോട് ചേര്‍ത്തുപിടിക്കുന്ന എഴുത്താണ് രാജീവ് ശിവശങ്കറിന്റേത്. കഥപറച്ചിലിന്റെ കാലഗണനപ്രകാരം യുവകഥാകൃത്തുക്കളുടെ പട്ടികയില്‍പെടുന്ന ആളല്ല, അദ്ദേഹം. നാല്‍പ്പത്തഞ്ചുവയസ്സിനുശേഷം മാത്രം എഴുത്തിന്റെ സജീവതയിലേക്കു വന്ന അദ്ദേഹം കുറഞ്ഞ കാലത്തിനിടെ പതിനാലു നോവലുകള്‍ പൂര്‍ത്തിയാക്കിയെങ്കിലും പരമാവധി മുപ്പതു കഥകളേ എഴുതിയിട്ടുണ്ടാകൂ. ‘ദൈവമരത്തിലെ ഇല’ എന്ന ആദ്യ കഥാസമാഹാരം മനോരാജ് പുരസ്‌കാരവും നേടി. പുതിയ കഥാസമാഹാരം ‘പ്രേതസവാരി’ എല്ലാ അര്‍ഥത്തിലും വേറിട്ടൊരു കഥാസഞ്ചാരമാണ്‌.

അടുത്തവളവിനപ്പുറം എന്തെന്നു തിരിച്ചറിയാനാവാത്ത അനിശ്ചിതത്വമാണ് ജീവിതത്തിന് അര്‍ഥവും ആവേശവും നല്‍കുന്നതെന്ന് രാജീവ് ശിവശങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. Textഅദ്ദേഹത്തിന്റെ കഥകളുടെയും പൊതുസ്വഭാവം ഇതുതന്നെയാണ്. അപ്രതീക്ഷിതമായ നിമിഷം കഥ വിചാരിക്കാത്തൊരു ചാലിലേക്ക് വെട്ടിത്തിരിയുന്നു. 11 കഥകളുടെ സമാഹാരമായ ഈ പുസ്തകത്തിലെ ‘പ്രേതസവാരി’, ‘ചെങ്കീരി’ എന്നീ കഥകള്‍തന്നെ ഉദാഹരണം.

പതിവു വാര്‍പ്പു കഥാപാത്രങ്ങളെ വിട്ട് അരികുജീവിതങ്ങള്‍ തേടിപ്പോകുന്ന കഥാകൃത്ത് തെങ്ങുകയറ്റക്കാരന്‍ പരശുരാമനെ യാണ് ‘ചെങ്കീരി’യില്‍ നായകനാക്കുന്നതെങ്കിലും നായകനെക്കാള്‍ വളരുന്ന പ്രതിനായകന്‍ ചെങ്കീരി പൗലോസും അയാളുടെ കീരിയുമാണ് കഥാന്ത്യത്തില്‍ ആധിപത്യം തേടുന്നത്.

‘പ്രേതസവാരി’യില്‍ മനുഷ്യനേത്, പ്രേതമേത് എന്നു തിരിച്ചറിയാനാവത്തവിധത്തിലുള്ള കഥപറച്ചിലാണ്. വായനയുടെ ഒഴുക്കില്‍ കഥ പെട്ടെന്നു തീര്‍ന്നുപോയതില്‍ ദേഷ്യം തോന്നിയാല്‍ അതു കഥപറച്ചിലിന്റെ വിജയം. ചലച്ചിത്ര സീക്വന്‍സുകളെ ഓര്‍മിപ്പിക്കുന്ന രചനാരീതിയാണ് ‘കൂടെയുണ്ട് ഈശോ’യില്‍. ഒരേസ്ഥലത്തേക്ക് ഒരേ സമയം, പരസ്പരം അറിയാതെ പല ദിശകളില്‍നിന്ന് വന്നടുക്കുന്ന കുറെ ജീവിതങ്ങള്‍. പക്ഷേ, അവരെല്ലാം തമ്മില്‍ ബന്ധമുണ്ടുതാനും. അനിശ്ചിത്വവും വിസ്മയവും കോര്‍ത്തെടുത്ത ജീവിതത്തിന്റെ ക്രൂരമായ തമാശകള്‍ ഇവിടെ കാണാം.

‘വൈകുന്നേരച്ചിരി’, ‘പൂര്‍ണവിരാമം’ എന്നിവ വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങളാണ് അവതരിപ്പിക്കുന്നത്. പെന്‍ഷന്‍ പറ്റി പിരിഞ്ഞതിനു പിറ്റേന്നും പതിവുപോലെ ജോലിസ്ഥലത്തെത്തുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആ സ്ഥാപനത്തിലുണ്ടാക്കുന്ന തലവേദനയാണ് ‘പൂര്‍ണവിരാമ’മെങ്കില്‍, ജീവിതത്തിന്റെ അവസാന വിനാഴികയില്‍, പണ്ട്, അച്ഛനും അതിനുമുന്‍പ് മുത്തച്ഛനും അനുഭവിച്ച അതേ കാഴ്ചകളും ശബ്ദങ്ങളും രാമകൃഷ്ണന്‍മാഷിനെ തേടിയെത്തുന്ന കഥയാണ് ‘വൈകുന്നേരച്ചിരി.

‘അമ്മക്കല്യാണം’, ‘വിവാഹവാര്‍ഷികം’ എന്നീ കഥകളിലും വൃദ്ധര്‍തന്നെയാണു
പ്രധാന കഥാപാത്രങ്ങളെങ്കിലും പ്രമേയപരമായി ഇവ പുതിയ കാലത്തിന്റെ കലക്കങ്ങളെ ഉള്‍ക്കൊള്ളുന്നവയാണ്.

‘ധനക്കൂറ്’ എന്ന കഥയിലും വൃദ്ധര്‍ തന്നെയാണു മുഖ്യവേഷക്കാരെങ്കിലും കുറേക്കൂടി ഗൗരവമുള്ള  ചില കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. നോട്ടുനിരോധനവും ആധാര്‍കാര്‍ഡുമൊക്കെ എന്തെന്നു മനസ്സിലാക്കാനാവാത്ത വൃദ്ധരുടെ പകപ്പും നിസ്സഹായതയും സമകാലികരാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും മനുഷ്യത്വരഹിതസമീപനത്തെ വെളിപ്പെടുത്തുന്നതാണ്. കൗമാരകാലപ്രണയത്തിന്റെ വളപ്പൊട്ടുകള്‍ പരതുന്ന
മധ്യവയസ്‌കയുടെ കഥയാണ് ‘പ്രണയഭരിതം.’ ‘ഊര്‍ജപ്രതിസന്ധി’, ‘സൈദ്ധാന്തികം’ എന്നിവ സറ്റയറിന്റെ സ്വഭാവമുള്ള രചനകളാണ്. സമീപകാലത്തുണ്ടായ ഒരു സംഭവത്തിന്റെ ചുവടുപിടിച്ചുള്ളതാണ് ‘ഊര്‍ജപ്രതിസന്ധി’.

‘സൈദ്ധാന്തികം’ ഊറിയ ചിരിയോടെ വായിച്ചവസാനിപ്പിക്കാനുള്ളതാണ്.

‘നരവംശശാസ്ത്രം: ഒരു പുതിയ വീക്ഷണം’ എന്ന ഒന്നരക്കിലോ ഭാരമുള്ള പുസ്തകം
മറിച്ചുനോക്കിയും ‘ശബ്ദതാരാവലി’യിലെ വെള്ളിനിറമുള്ള ഇരട്ടവാലനെ തുരത്തിയോടിച്ചും ഒരുവിധത്തില്‍ നേരം വെളുപ്പിച്ചു. ഉറക്കം ഞെട്ടിയപ്പോഴൊക്കെ കസേരയില്‍ ചാഞ്ഞിരുന്ന് കോട്ടുവാ വിടുന്ന ഭര്‍ത്താവിനെ കണ്‍കോണില്‍ക്കണ്ട് ലില്ലി കുരിശുവരച്ചു…’ എന്നിങ്ങനെ നര്‍മം മേമ്പൊടിതൊട്ടുള്ള രചനാരീതിയാണ് അതില്‍ അവലംബിച്ചിരിക്കുന്നത്.

ഒരു കഥയും മറ്റൊന്നുപോലെയല്ല എന്നതാണ് ഈ കഥകളുടെ മറ്റൊരു പ്രത്യേകത. പ്രമേയം മാറുന്നതനുസരിച്ച് ഭാഷയിലും ക്രാഫ്റ്റിലും വരുന്ന മാറ്റം വിസ്മയകരം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.