DCBOOKS
Malayalam News Literature Website

മാന്ത്രികന്റെ തൂലികയിൽ നിന്നും മറ്റൊരു മാന്ത്രിക വിസ്മയം

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ‘പ്രവചിക്കപ്പെട്ട ഒരു മരണത്തിന്റെ പുരാവൃത്തം’ എന്ന നോവലിന് ആല്‍ബിന്‍ രാജ് എഴുതിയ വായനാനുഭവം

പ്രത്യേകിച്ചു ഒരു വർണ്ണന ആവശ്യമില്ലാത്ത എഴുത്തുകാരനാണ് മാർകേസ്. അദ്ദേഹത്തിന്റേതായി ഞാൻ ആദ്യം വായിച്ച പുസ്തകം കോളറാകാലത്തെ പ്രണയമാണ്. ആ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ രചനാ ശൈലിയെക്കുറിച്ച് ഒരു ഐഡിയ കിട്ടി. അതുൾക്കൊണ്ട് തന്നെയാണ് chronicle ഉം വായിക്കാനെടുത്തത്. തെറ്റിയില്ല, അദ്ദേഹത്തിന്റെ കാവ്യാത്മകത തുളുമ്പുന്ന മറ്റൊരു കൃതി. 1981ൽ പുറത്തിറങ്ങിയ ഈ നോവൽ മലയാളത്തിൽ വിവർത്തനം ചെയ്തിറങ്ങിയത് 2021ൽ ആണ്. വിവർത്തകൻ . ഡെന്നിസ് ജോസഫ് . കഥ നടക്കുന്ന കാലഘട്ടം 1951 കളാണ്.

1.കഥയുടെ ഭാഗം

തീരത്തോട് ചേർന്ന ഒരു പട്ടണത്തിലാണ് കഥ നടക്കുന്നത്. ഒരു Narrator ലൂടെയാണ്‌ കഥ മുന്നോട്ടു പോകുന്നത്. 27 വർഷങ്ങൾക്ക് മുൻപ് ആ പട്ടണത്തിൽ നടന്ന സാന്തിയാഗോ നാസർ എന്ന ഇരുപത്തിയൊന്നുകാരന്റെ കൊലപാതകം. അതിന്റെ നിജസ്ഥിതി മനസ്സിലാക്കാൻ സാന്തിയാഗോയുടെ സുഹൃത്ത്‌ വരികയും(എന്നാൽ ആ കൊല നടന്ന ദിവസം അയാളും നാട്ടിൽ ഉണ്ടായിരുന്നു)കൊലയുമായി ബന്ധപ്പെട്ട വ്യക്തികളിൽ നിന്ന് കാര്യങ്ങൾ അപഗ്രഥിക്കുകയും ചെയ്യുന്നു. സാന്തിയാഗോയുടെ മരണത്തിന്റെ തലേന്നാൾ ആ പട്ടണം കണ്ട ഏറ്റവും വലിയ ഒരു വിവാഹച്ചടങ്ങു നടന്നു. ഏയ്‌ഞ്ചലാ ബികാരോയും, ബയാർദോ സാൻ റൊമാനുമായുള്ള വിവാഹം. വിവാഹരാത്രി തന്നെ ഏയ്‌ഞ്ചലാ കന്യകയല്ലെന്നു ബയാർദോ തിരിച്ചറിയുകയും അവളെ തിരികെ വീട്ടിൽ കൊണ്ട് വിടുകയും ചെയ്യുന്നു. ഏയ്‌ഞ്ചലയുടെ ഇരട്ട സഹോദരങ്ങളാണ് പാബ്ലോ ബികാരിയോ, പെദ്രോ ബികാരിയോ. അവർ തങ്ങളുടെ സഹോദരിക്ക് സംഭവിച്ച ദുരന്തത്തിൽ കോപാകുലരായി, ഏയ്‌ഞ്ചലയോട് Textഅവളുടെ കന്യകാത്വം കവർന്നവനാരെന്നു ചോദിച്ചു. അവൾ പറഞ്ഞ മറുപടി അവന്റെ പേരായിരുന്നു. സാന്തിയാഗോ നാസർ! ഇത് കേട്ട ഉടനെ ഇരട്ടകൾ അറവുശാലയിൽ പോയി പന്നിയെ വെട്ടുന്ന കത്തി കൈവശമാക്കി. സാന്തിയാഗോയുടെ വരവിനായി കാത്തിരുന്നു. ഇരട്ടകൾ സാന്തിയാഗോയെ വധിക്കാൻ പോകുന്ന വിവരം ഒരു കാട്ടുതീ പോലെ ആ പട്ടണത്തിലെങ്ങും വ്യാപിച്ചു. സാന്തിയാഗോയുടെ അമ്മ പ്ലാച്ചിദ ലിനേറോ, തന്റെ മകന്റെ സുരക്ഷയെക്കരുതി വീടിന്റെ മുൻവശത്തെ വാതിൽ അകത്തു നിന്നും അടച്ചു. എന്നാൽ അതിന് മുൻപേ അവൻ പുറത്തിറങ്ങി പോയ വിവരം അവർ അറിഞ്ഞിരുന്നില്ല. വേലക്കാരായ ബിക്തോറിയ ഗൂസ്മാനും, മകൾ ഡിബീന ഫ്ലോറിനും ഈ വിവരങ്ങളൊക്കെ അറിയാമെങ്കിലും അവർ നിരുപാധികം കണ്ണടച്ചു. ഒടുവിൽ തെരുവിൽ വെച്ച് ഇരട്ടകളുടെ കുത്തേൽക്കുകയും, ഓടി തളർന്നു വീട്ടിൽ വന്ന് സാന്തിയാഗോ മരണത്തിനു കീഴടങ്ങുകയും ചെയ്തു.

2. കഥയിൽ വ്യക്തമാക്കാത്ത ചില കാര്യങ്ങൾ വായനക്കാരന്റെ ഭാവനയിൽ

ഞാനെന്ന വായനക്കാരന് തോന്നിയ ചില കാര്യങ്ങൾ. യഥാർത്ഥത്തിൽ സാന്തിയാഗോ തന്നെയാണോ ഏയ്‌ഞ്ചലയുടെ കന്യകാത്വം കവർന്നത്. സാന്തിയാഗോയുടെ മരണം ആഗ്രഹിച്ചിരുന്ന ഒരു കഥാപാത്രം കഥയിലുണ്ട്. ബിക്തോറിയ ഗൂസ്മാൻ. സാന്തിയാഗോയുടെ പിതാവ് ഇബ്രാഹിം അവളെ ദുരുപയോഗം ചെയ്തിട്ടുണ്ട്. മാത്രമല്ല സാന്തിയാഗോയ്ക്കാണെങ്കിൽ മകൾ ഡിബീനയിലും ഒരു കണ്ണുള്ളതായി വായനക്കാരന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. അപ്പോൾ യഥാർത്ഥത്തിൽ സാന്തിയാഗോയുടെ മരണം അനിവാര്യമാകുന്നു. എല്ലാം ഒരു ഒത്തുകളിയായിരിക്കമോ എന്നും ഒരുവേള വായനക്കാരനിൽ സംശയമുളവാക്കുന്നു. മാത്രമല്ല സാന്തിയാഗോയുടെ ഉറ്റ സുഹൃത്താണ്‌ നമ്മുടെ Narrator എന്നതിനാലും പേര് പറയാത്ത ആ കഥാപാത്രവും സംശയപാത്രമായി കൂടെന്നില്ല.

3. ഈ കഥയെ വേറൊരു തലത്തിൽ കാണുമ്പോൾ

വിധിയെ തടുക്കാൻ ആർക്കുമാവില്ല എന്ന ആപ്ത വാക്യത്തിലൂടെ ഈ നോവലിനെ ദർശിക്കുകയാണെങ്കിൽ, വ്യക്തിപരമായി എനിക്ക് തോന്നിയ ചില കാഴ്ചപ്പാടുകൾ എന്താണെന്നു വെച്ചാൽ നാം ഓരോരുത്തരും സാന്തിയാഗോ നാസറാണ്. സാന്തിയാഗോയെ കൊല്ലാൻ ഇരട്ടകൾ വരുന്നുണ്ടെന്നു എല്ലാവരും അവനെ അറിയിക്കുന്നുണ്ടെങ്കിലും അവന് അതിൽ നിന്നൊന്നും ഓടിയൊളിക്കാൻ കഴിയുന്നില്ല. എത്ര ശ്രമിച്ചാലും വിധിയെ തടുക്കാൻ ആകില്ല എന്ന് സൂചകം. നമ്മളോ നമ്മുടെ പൂർവ്വികരോ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളാണ് ബിക്തോരിയ എന്ന കഥാപാത്രം. അത് കൊണ്ടായിരിക്കാം കൊല ചെയ്യപ്പെടുമെന്ന് നേരത്തേ അറിഞ്ഞിട്ടും മുൻകൂട്ടി സാന്തിയാഗോയെ അറിയിക്കാതിരുന്നതും, പ്ലാച്ചിദ വാതിൽ അടച്ചപ്പോൾ മകൻ പുറത്തുണ്ടെന്നു വേലക്കാരി പറയാതിരുന്നതും. സ്വപ്‌നങ്ങളിലെ കിളിയുടെ വിസർജനവും മറ്റൊരു സൂചകമായി കരുതാം. എല്ലാത്തിനും ഒരു കാരണം വേണമല്ലോ, അത് കൊണ്ടായിരിക്കാം വർഷങ്ങൾക്ക് ശേഷം ബയാർദോയും ഏയ്‌ഞ്ചലയും ഒന്നിക്കുന്നതും. ഓരോ വായനക്കാരനും അവനവന്റെ കാഴ്ചപ്പാടിന് വിടുന്നു ഈ രചന.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.