DCBOOKS
Malayalam News Literature Website

ചരിത്രപഥങ്ങളിലൂടെ തേടിയലഞ്ഞ്‌ ‘പ്രവാചകന്റെ വഴി’

മലയാളസാഹിത്യത്തില്‍ ആധുനികതക്ക് അടിത്തറ പാകിയ സാഹിത്യകാരനാണ് ഒ.വി വിജയന്‍.അദ്ദേഹത്തിന്റെ നോവല്‍ രചനകളിലെ വ്യതിരിക്തമായ നോവലാണ് പ്രവാചകന്റെ വഴി. തലമുറകളുടെ മനസില്‍ ഒരു സുവര്‍ണരേഖപോലെ തെളിയുകയും വിളയുകയും ചെയ്യുന്ന ജീവരേഖകളാണ് ഈ നോവലില്‍ തെളിയുന്നത്. നിരാകാരമായ പ്രമുക്തിയുടെ സൗന്ദര്യമാവാഹിക്കുന്ന കൃതി. നേടുന്നവരുടേയും നഷ്ടപ്പെടുന്നവരുടേയും മാത്രമല്ല, പുറപ്പെട്ടു പോയവരുടേയും ചരിത്രപ്രയാണങ്ങള്‍ പതിഞ്ഞു കിടക്കുന്ന തെളിഞ്ഞ വഴിത്താരകളെ ഉജ്ജ്വലമായ ഭാഷയില്‍ സന്നിവേശിപ്പിച്ച നോവലാണ് ഒ.വി വിജയന്റെ പ്രവാചകന്റെ വഴി.

നോവലില്‍ നിന്ന്

‘ചെവിടിക്കുന്നിലും കള്ളിക്കാട്ടിലും പുഴയോരത്തും രക്തസാക്ഷിയുടെ ചുവന്ന കറ മായാതെ കിടന്നു; ചാറ്റുമഴയുടെ ലാളിത്യത്തോടെ വാക്ക് ഈ കറകളിലേക്ക് വീണു. വാക്കിനു ചുറ്റും ആരാധനമന്ദിരങ്ങള്‍ പൊങ്ങിവന്നു. പൊന്‍തകിടു പതിച്ച ഗോപുരങ്ങള്‍, ചിത്രകാരന്‍മാര്‍, ജനാലച്ചില്ലുകളിലേക്ക് പകര്‍ത്തിയ ഇതിഹാസകഥകള്‍, കമാനങ്ങള്‍, മിനാരങ്ങള്‍,കെട്ടുപണിയുടെ ധാരാളിത്തത്തിനകത്ത് പ്രവചനത്തിന്റെ മഴത്തുള്ളികള്‍ വരണ്ടു. പിന്നെ മന്ദിരങ്ങള്‍ക്ക് ചുറ്റും നഗരങ്ങള്‍ വളര്‍ന്നു. അപ്പോള്‍ പ്രവാചകന്‍ മറ്റെങ്ങോ വഴി തേടി; ഇനിയും കെടുതി പറ്റിയിട്ടില്ലാത്ത അകലങ്ങള്‍, ചാറ്റുമഴയുടെ വിജനത. വിജനതയില്‍ പ്രവാചകന്‍ നടന്നു, പ്രവാചകന്‍ നിന്നു,പ്രവാചകന്‍ നിറഞ്ഞു. മരുഭൂമിയിലെ തിരച്ചിലിന്റെ പകലും ചൂടും സുധാമയമായ രാവിന് വഴി മാറി. പ്രണവം അവനോട് പറഞ്ഞു, ‘മകനേ, നിനക്കു വേണ്ടി ഞാനിതാ വീണ്ടും സംഭവിക്കുന്നു…’പ്രവാചകന്‍ കണ്ണുയര്‍ത്തി മരുഭൂമിയുടെ ആകാശത്തേക്കു നോക്കി. സാന്ത്വനത്തിന്റെ ഉടമ്പടിയായി, അടയാളമായി, അവിടെ ഒരു ചന്ദ്രക്കല ദിക്കുകള്‍ നിറഞ്ഞു നിന്നു…’

ഡല്‍ഹിയിലെത്തുന്ന കാര്‍ട്ടൂണിസ്റ്റ് നാരായണന്റെ അനുഭവങ്ങളിലൂടെ ഇന്ത്യയുടെ ആന്തരികതയിലേക്കും ദേശീയസുരക്ഷയുടേയും അധികാരത്തിന്റേയും വസ്തുതകളിലേക്കും അനുവാചകനെ കൊണ്ടുപോകുന്നു. ആധുനിക ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കപടദേശീയതയുടെ മിഥ്യകള്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ വീക്ഷണത്തില്‍ പുനരവതരിപ്പിക്കുകയാണ് ഒ.വി വിജയന്‍ പ്രവാചകന്റെ വഴിയിലൂടെ.

Comments are closed.