DCBOOKS
Malayalam News Literature Website

‘പഥേര്‍ പാഞ്ചലി’ വിഖ്യാത ചലച്ചിത്രത്തിന് ആധാരമായ നോവല്‍

ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായുടെ പ്രഥമ നോവലാണ് ‘പഥേര്‍ പാഞ്ചലി’. 1928-ല്‍ വിചിത്ര എന്ന ബംഗാളി മാസികയില്‍ തുടര്‍ക്കഥയായും പിന്നീട് 1929-ല്‍ പുസ്തകരൂപത്തിലും പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവല്‍ ബംഗാളില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും ഒരു പോലെ ശ്രദ്ധയാകര്‍ഷിച്ച കൃതിയാണ്. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള പഥേര്‍ പാഞ്ചലി ലീലാ സര്‍ക്കാരാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

നിശ്ചിന്തപൂര്‍ ഗ്രാമത്തിലെ ബ്രാഹ്മണപണ്ഡിതനായ ഹരിഹരറായുടെ കുടുംബത്തിനു നടന്നു പോകേണ്ടി വന്ന വഴികളുടെ കഥ ഒട്ടും അതിശയോക്തി ഇല്ലാതെ തന്മയത്വത്തോടെ വരച്ചു കാട്ടുന്നു ഈ നോവല്‍. നോവലിലെ കേന്ദ്രകഥാപാത്രം ഹരിഹറിന്റേയും പത്‌നി സര്‍വജയയുടേയും പുത്രന്‍ അപു ആണ്. 35 അധ്യായങ്ങളുളള നോവല്‍ ബല്ലാല്‍ ബാലായി, ആം ആടീര്‍ ഭേംപു, അക്രൂര സംബാദ് എന്നിങ്ങനെ മൂന്നു പര്‍വ്വങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ പര്‍വ്വവും ഓരോ കാലഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. പന്ത്രണ്ടാം ശതകത്തില്‍ ബംഗാള്‍ ഭരിച്ചിരുന്ന ബല്ലാളസെന്‍ എന്ന രാജാവ് തുടങ്ങി വെച്ച വിന പത്തൊമ്പതാം ശതകത്തിന്റ അന്ത്യദശയിലും അനുഭവിക്കേണ്ടി വന്ന ഇന്ദിരാ കാര്‍ന്നോത്തിയുടെ ജീവിതമാണ് ബല്ലാല്‍ ബാലായി എന്ന ഭാഗത്ത്‌ പരാമര്‍ശിക്കപ്പെടുന്നത്.  എന്നാല്‍ ദുര്‍ഗ്ഗയുടേയും കൊച്ചനിയന്‍ അപുവിന്റേയും ബാല്യകാലമാണ് രണ്ടാംഭാഗത്തിന്റെ പ്രതിപാദ്യം. ദുര്‍ഗ്ഗയുടെ അകാലമരണത്തോടെ മറ്റൊരു കാലഘട്ടം അവസാനിക്കുന്നു. അക്രൂര സംബാദ് എന്ന മൂന്നാം ഭാഗത്തിലാകട്ടെ അപു എന്ന കേന്ദ്രകഥാപാത്രമാണ് നിറഞ്ഞുനില്ക്കുന്നത്. ദുര്‍ഗ്ഗയുടെ മരണത്തോടെ കാശിയിലേക്ക് പറിച്ചുനടപ്പെടുകയാണ് അവരുടെ കുടുംബം. വളരെയേറെ ശുഭാപ്തി വിശ്വാസത്തോടെയാണ് ഹരിഹരന്‍ കുടുംബത്തെ കാശിയിലേക്ക് പറിച്ചു നടുന്നത.എന്നാല്‍ ഹരിഹരന്റെ തീര്‍ത്തും ആകസ്മികമായ മരണം, സര്‍വജയയെ ദാസ്യവൃത്തിക്ക് നിര്‍ബന്ധിതയാക്കുന്നു. യാതനകള്‍ നിറഞ്ഞ ദിനങ്ങളിലും അപുവിന്റെ കൗമാരമനസ്സ് കൂടുതല്‍ അറിവു നേടാനുളള വ്യഗ്രതയിലാണ്. നിശ്ചിന്തപൂരിനോട് അപു വിട പറയുന്നതിനെ, വൃന്ദാവനത്തിലെ ബാലകേളികള്‍ മതിയാക്കി, അക്രൂരനോടോപ്പം പോകുന്ന ശ്രീകൃഷ്ണന്റെ യാത്രയുമായി ഉപമിച്ചിരിക്കുന്നു.

ഇതില്‍ മുന്‍തലമുറകളെക്കുറിച്ചുളള വിവരണം കഥക്ക് ആഴമേകുന്നതാണ്. വായനക്കാരുടെ ഹൃദയത്തിലിടംനേടിയ ‘പഥേര്‍ പാഞ്ചലി’യ്ക്ക് രണ്ടാം ഭാഗവും ബിഭൂതിഭൂഷണ്‍ രചിക്കുകയുണ്ടായി. അപരാജിതോ എന്ന പേരില്‍(1932ല്‍) പഥേര്‍ പാഞ്ചലി എന്നതിനര്‍ത്ഥം പാതയുടെ പാട്ട് എന്നാണ്. പാഞ്ചലി ഒരു പഴയ കാവ്യരചനാശൈലിയാണ്. ഒരു പ്രത്യേക ഈണത്തില്‍ പാടുന്ന ഈ ശൈലി ഏതാണ്ട് മലയാളത്തില്‍ പണ്ടു പ്രചാരത്തിലിരുന്ന കഥപ്പാട്ട് പോലെയാണ്.

1955-ല്‍ സത്യജിത്ത് റേ ഈ നോവലിനെ ആധാരമാക്കി ‘പഥേര്‍ പാഞ്ചലി’എന്ന പേരില്‍ തന്നെ സിനിമചെയ്തിരുന്നു. ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സംവിധാനസംരംഭമാണ്. അപുത്രയത്തിലെ ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ 1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു. ഇന്ത്യയിലെ, ‘സമാന്തര സിനിമ’ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച ചിത്രം എന്ന നിലയിലും, പഥേര്‍ പാഞ്ചലി ഏറെ ശ്രദ്ധേയമാണ്.

Comments are closed.