DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ പ്രകാശ് രാജ് എത്തുന്നു

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കരുത്തുറ്റ താരങ്ങളില്‍ ഒരാളായ പ്രകാശ് രാജ് കെ.എല്‍.എഫ് വേദിയില്‍ സാന്നിദ്ധ്യമറിയിക്കാന്‍ എത്തുന്നു. മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുള്ള  ഇന്ത്യന്‍ ചലച്ചിത്രനടനും, നിര്‍മ്മാതാവുമാണ് പ്രകാശ് രാജ്.

കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിക്കുന്നത് ഇരുവര്‍ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരമാണ് 1998ല്‍ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം പ്രകാശ് രാജിന് ലഭിക്കുകയുണ്ടായി. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജിനെ തേടിയെത്തിയത്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.