DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പില്‍ അരുന്ധതി റോയിയും

വ്യതിരിക്തമായ കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെച്ച സ്ത്രീ എഴുത്തുകാരികളില്‍ പ്രധാനിയാണ് അരുന്ധതി റോയ്. ഇന്ത്യയിലെങ്ങും വായനക്കാര്‍ ഏറെയുള്ള, എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞ അരുന്ധതി റോയ് ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ  ആറാം പതിപ്പില്‍ പങ്കെടുക്കാനെത്തുന്നു.

മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹയായ ആദ്യ ഇന്ത്യന്‍ വനിതയാണ് അരുന്ധതി റോയ്. 1997-ലാണ് അരുന്ധതി എഴുതിയ ആദ്യ നോവല്‍ ദി ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ് മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്. പിന്നീട് ഇരുപത് വര്‍ഷത്തിനു ശേഷമാണ് അരുന്ധതിയുടെ രണ്ടാമത്തെ നോവലായ ദ മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് പുറത്തിറങ്ങിയത്. ഈ പുസ്തകവും മാന്‍ ബുക്കര്‍ പുരസ്‌കാരപട്ടികയില്‍ ഇടംനേടിയിരുന്നു. എഴുത്തുകാരി എന്നതിലുപരി അറിയപ്പെടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് അരുന്ധതി റോയി. ഒപ്പം  ചലച്ചിത്ര- ടെലിവിഷന്‍ രംഗത്തും അരുന്ധതി സജീവമാണ്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കെ എൽ എഫ് ആറാം പതിപ്പ് 2023 ജനുവരി 12, 13, 14, 15 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും.

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ലോകത്തിലെ മറ്റേത് സാഹിത്യോത്സവങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്. പൂര്‍ണ്ണമായും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സാഹിത്യോത്സവമാണിത്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

 

 

Comments are closed.