DCBOOKS
Malayalam News Literature Website

ഒരു പൂവായി തീരുകയാണ് ഈ പുസ്തകം!

എം.സ്വരാജിന്റെ ഏറ്റവും പുതിയ പുസ്തകം ‘പൂക്കളുടെ പുസ്തകത്തിന്  സതീശ് ഓവ്വാട്ട് എഴുതിയ വായനാനുഭവം.

പണ്ട് വായിച്ച ഒരു കവിതയാണ്, ഈ പുസ്തകം വായിച്ചു തീർന്നപ്പോൾ എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നത്….

Fallen flower…
Returning to it’s branch…
Ohh…
It is a butterfly….

പൂക്കളെയും പുഴകളെയും പൂമ്പാറ്റകളെയും ഇഷ്ടപ്പെടാത്തവരാരുണ്ട്… പൂക്കളുടെ ഇതളുകളിൽ സ്പർശിക്കാൻ നമ്മുടെ വിരലുകൾ തീർച്ചയായും കൊതിക്കും .. ഒഴുകുന്ന പുഴയിൽ കാലിട്ടിരിക്കാൻ എത്ര രസമാണ്. ചിത്രശലഭങ്ങളുടെ വർണ്ണാഭമായ രൂപം എത്ര കണ്ടാലും മതിവരില്ലല്ലോ…..ഈ പുസ്തകം പക്ഷേ പുഴകളെയും ചിത്രശലഭങ്ങളെയും കുറിച്ചല്ല സംസാരിക്കുന്നത് .. മറിച്ച് പൂക്കളെ കുറിച്ചാണ് വാചാലമാകുന്നത്. എങ്കിലും പുഴയിലെ ഓളങ്ങളുടെ ഭംഗിയും ചിത്രശലഭങ്ങളുടെ വിവിധ വർണ്ണങ്ങളുടെ സൗന്ദര്യവും ഈ പുസ്തകത്തിൽ തീർച്ചയും നാം അനുഭവിക്കും….

ആദ്യം ഉദ്ധരിച്ച കവിതക്ക്
പക്ഷേ മറ്റൊരു പാഠഭേദമാണ്
ഗ്രന്ഥകാരൻ സ്വീകരിച്ചിരിക്കുന്നത്….
പറക്കാനാവാത്ത ചിത്രശലഭങ്ങളാണ് പൂക്കൾ എന്നാണ് ഗ്രന്ഥകാരൻ പറയുന്നത്…

കേരള നിയമസഭയിലെ ഏറ്റവും മികച്ച സമാജികൻമാരിൽ ഒരാളാണ് ശ്രീ.എം.സ്വരാജ്.കേരളത്തിലെ മികച്ച പ്രഭാഷകരിൽ ഒരാളുകൂടിയാണ് അദ്ദേഹം…ജിവിതത്തിൽ തന്നെ ആകർഷിച്ച പത്ത് പൂവുകളെപറ്റി വിശദീകരിക്കാനാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ ശ്രമിക്കുന്നത് .ചീനാർ എന്ന മരത്തെ പറ്റിയും അദ്ദേഹം എഴുതുന്നുണ്ട്.. പൂക്കളെപറ്റി ഇത്ര വിശദമായി മലയാളത്തിൽ ആരെങ്കിലും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയില്ല … അതുകൊണ്ടു ഏറെ താല്പര്യത്തോടെയാണ് ഈ പുസ്തകം വാങ്ങി വായിച്ചത്…

പ്രണയത്തിനും സൗഹൃദത്തിന്നും നാം പൂക്കളാണ് സമ്മാനിക്കുന്നത് .. ഒടുവിൽ മരണത്തിലും പൂക്കൾ നമ്മുക്ക് കൂട്ടായി വന്നു ചേരാറുമുണ്ട്. ഈ പുസ്തകത്തിൽ പരാമർശിക്കുന്ന പൂക്കൾ തിരഞ്ഞെടുത്തത് പൂർണ്ണമായും ആത്മനിഷ്ഠമായാണ് എന്നും മാറ്റൊരു ഘടകവും തിരഞ്ഞെടുപ്പിന് താൻ മാനദണ്ഡമാക്കിയിട്ടില്ല എന്നും എം.സ്വരാജ് പറയുന്നു ….

ആളികത്തുന്ന അഗ്നിപോലൊരു പൂവിനെപറ്റിയാണ് ആദ്യ കുറിപ്പ്.. ശ്രീ.സ്വരാജ് ഈ പൂവ് ആദ്യം കാണുന്നത് യഥാർത്ഥത്തിൽ 1992 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ മുഖചിത്രമായി അച്ചടിച്ചുവന്നപ്പോഴാണ്. അന്ന് ആ പൂവിൻ്റെ പേര് അദ്ദേഹത്തിന് അറിഞ്ഞിരുന്നില്ല… അഗ്നിപുഷ്പമെന്ന് മനസ്സിൽ ആ പൂവിന് പേരിടുകയായിരുന്നു അദ്ദേഹം. പിന്നീടാണ് ആ പൂവിൻ്റെ പേര് മേന്തോന്നി ആണെന്നറിയുന്നത്. ഗ്ലോറിയോസ സൂപ്പർബ എന്നാണ് ഇംഗ്ലീഷിൽ പറയുന്നത്.. ഗ്ലോറിയോസ എന്ന പേര് വന്നത് ലാറ്റിനിൽനിന്നാണ്… ആ പദത്തിൻ്റെ പേര് ‘അമൂല്യം’ എന്നാണ് …..
ആഫ്രിക്കയുടെ തെക്കൻ പ്രദേശങ്ങളിലാണ് ഇതിൻ്റെ ജന്മദേശം…
പിന്നീട് ഏഷ്യയിലേക്ക് കുടിയേറിയതാണ്… സിംബാബ്വേയുടെ ദേശീയ പുഷ്പമാണ് ഈ മേന്തോന്നി .. അവിടെ ഇത് സംരക്ഷിത സസ്യവുമാണ്… എന്തിന് നമ്മുടെ തമിഴ്നാടിനെ സംസ്ഥാന പുഷ്പമെന്ന പദവിയും മേന്തോന്നിക്കു സ്വന്തമാണ്.നമ്മുടെ കണിക്കൊന്ന പോലെ അവർ ഈ പൂവിന് ഹൃദയത്തിലേറ്റുന്നു. കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. എൽ.ടി.ടി.ഇ യുടെ സ്വപ്നമായിരുന്ന തമിഴ് ഈഴത്തിൻ്റെ ദേശീയ പുഷ്പമായി തിരഞ്ഞെടുത്തത് മേന്തോന്നിയെയായിരുന്നത്രെ.!

ഗ്രന്ഥകാരൻ്റെ ഓർമ്മയിലെ ആദ്യത്തെ പൂ റോസാപ്പൂവാണ്.റോസാപ്പൂവിനെ അദ്ദേഹം ഓർമ്മിക്കുന്നത് അസീസിയിലെ ഫ്രാൻസിസിൻ്റെ കഥയുമായാണ്. ചെറുപ്പത്തിൽ അമ്മ പറഞ്ഞു കൊടുത്തതായിരുന്നു ഈ കഥ.വിഖ്യാതനായ എഴുത്തുകാരൻ നിക്കോസ് കസാൻദ് സാക്കീസിൻ്റെ  God ‘s Pauper(ദൈവത്തിൻ്റെ ദരിദ്രൻ) എന്ന നോവൽ ഫ്രാൻസീസ് അസീസിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ചതാണ്. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശീയ പുഷ്പമെന്ന പദവിയും റോസിനുണ്ട്. അമേരിക്കയും ബ്രിട്ടനും മാലിദ്വീപും അതിൽപ്പെടും.. യുദ്ധങ്ങളും ചില വിപ്ലവങ്ങളും റോസിൻ്റെ പേരിൽ അറിയപ്പെട്ടു..ഇംഗ്ലണ്ടിലെ 1455 മുതൽ 1485 വരെ നീണ്ടു നിന്ന റോസ് യുദ്ധം, ജോർജിയയിൽ 2003 ൽ നടന്ന രക്തരഹിത വിപ്ലവം അറിയപ്പെട്ടത് റോസ് വിപ്ലവം എന്നായിരുന്നു. ലോകത്തിലേറ്റവും കൂടുതൽ വ്യത്യസ്ത ഇനങ്ങൾ ഉള്ള പൂവ് ഒരു പക്ഷേ റോസ് ആയിരിക്കും ..ശാസ്ത്ര മതം പക്ഷേ മറ്റൊന്നാണ്. ലോകത്ത് മനുഷ്യൻ പിറവിയെടുക്കുന്നതിനു മുമ്പ് റോസ് ഉണ്ടായിരുന്നത്രെ.! കാരണം റോസാപ്പൂവിൻ്റെ ഫോസിലിന് 40 ദശലക്ഷം വർഷത്തെ പഴക്കം അമേരിക്കയിലെ ഒരു പരിവേക്ഷണത്തിൽ സ്ഥിരീകരിച്ചിരുന്നു. സോഷ്യലിസത്തിൻ്റെയും കമ്മ്യൂണിസത്തിൻ്റെയും അടയാള പുഷ്പമായും ചുവപ്പ് റോസാപ്പൂക്കളെ ലോകമെമ്പാടും കണക്കാക്കുന്നുണ്ട്. 1871 ലെ പാരീസ് കമ്യൂണിൻ്റെ കാലത്തും തുടർന്നും യൂറോപ്പിലാകമാനം കമ്മ്യൂണിസ്റ്റ് ആശയങ്ങളെ റോസാപ്പൂ പ്രതിനിധാനം ചെയ്തിരുന്നുവത്രെ!

ഒരു പ്രസംഗത്തിനു പോയപ്പോൾ ഗ്രന്ഥകാരന് മനോഹരമായ ഒരു പൂവു സ്വാഗതത്തിൻ്റെ ഭാഗമായി കിട്ടി.ആ പുവിൻ്റെ പേര് കാർനേസിയ എന്നായിരുന്നു… 1926 ലെ പോർച്ചുഗലിൽ നടന്ന വിപ്ലവം അറിയപ്പെട്ടത് ഈ പൂവിൻ്റെ പേരിലായിരുന്നു. കാർനേഷൻ വിപ്ലവം …. 1910 ൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിലാണ് രണ്ടാമത്തെ വനിതാ സമ്മേളനം നടന്നത്. അവിടെ പ്രസംഗിക്കാനായി ജർമ്മനിയിലെ വനിതാ നേതാവ് ക്ലാരസെറ്റ്കിൻ വന്നിരുന്നു.അവർ സ്റ്റേജിലേക്ക് കയറുമ്പോൾ ഒരു ചുവപ്പ് കാർനേഷൻ പുഷ്പം ഉയർത്തി പിടിച്ചിരുന്നു. അതോടെ സ്ത്രീ വിമോചന പ്രസ്ഥാനങ്ങളുടെ പ്രതീകമായി കാർനേഷൻ പുഷ്പം മാറി.. വിഖ്യാത ഇംഗ്ലീഷ് സാഹിത്യകാരനായ ഓസ്ക്കാർ വൈൽഡിൻ്റെ ഇഷ്ട പുഷ്പമായിരുന്നു കാർനേഷൻ. അതും പച്ച നിറത്തിലുള്ളത്. പച്ച കോർനേഷൻ പുഷ്പം സ്വവർഗാനുരാഗത്തിൻ്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

പല രാഷ്ട്ര നേതാക്കൾക്കും പൂക്കളോടുള്ള പ്രിയം പ്രശസ്തമാണല്ലോ…. നെഹ്റുവിന് ഏറ്റവും പ്രിയപ്പെട്ടത് പനിനീർ പൂവായിരുന്നു.. നെതർലാൻറിലെ ബെർനാർഡ് രാജകുമാരൻ കാർനേഷൻ പൂവിൻ്റെ ആരാധകനായിരുന്നു. നൊപ്പോളിയൻ വയലറ്റ് പൂക്കളെ പ്രണയിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഭാര്യ ജോസഫൈന് പ്രിയം പനിനീർ പൂക്കളോടായിരുന്നു.

പക്ഷേ എത്ര മനോഹരമായ പൂവിൻ്റെയും ആയുസ്സ് ദിവസം മാത്രമാണ് എന്നത് എത്ര ദൗർഭാഗ്യകരമാണ്. ചെടിയിൽ നിന്നു പൊട്ടിച്ചാൽ ഏതാനും മണിക്കൂറുകൾ കൊണ്ട് അവ ജഡമായി മാറുമെന്നതാണ് സത്യം .

മാമ്പൂവിൻ്റെ ഒരു സവിശേഷത അത് കാഴ്ചക്ക് ഒരു പൂത്തിരി പോലെ തോന്നിപ്പിക്കും… ഇന്ത്യയുടെ ദേശീയ ഫലം കൂടിയാണ് മാമ്പഴം. പാക്കിസ്ഥാൻ്റെയും ഫിലിപ്പൈൻസിൻ്റെയും ദേശീയഫലവും മാമ്പഴം തന്നെയാണ് .ബംഗ്ലാദേശിൻ്റെ ദേശീയ വൃക്ഷം മാവ് ആണെന്ന് നാം അറിയുന്നു.ലോകത്ത് ഏറ്റവും അധികം മാമ്പഴം ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. രണ്ടാമത്തേത് ചൈനയും.. ചൈനയുടെ രാഷ്ട്രീയത്തിൽ മാമ്പഴം ഏറെ സ്വാധീനം ചെലുത്തിയിരുന്നുവെന്ന് ശ്രീ.സ്വരാജ് കണ്ടെത്തുന്നുണ്ട്… അതിന് മാവോവിന് ഏറെ ബന്ധമുണ്ടെന്ന് ചരിത്രം ഉദ്ധരിച്ച് ഗ്രന്ഥകാരൻ വ്യക്തമാക്കുന്നു…

ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്ന മറ്റൊരു പൂവ് പോപ്പിയാണ്.ഇത് ഒപ്പിയത്തിൻ്റെ പേരിലാണ് അറിയപ്പെട്ടത്.. പോപ്പി ചെടിയുടെ മൂപ്പെത്താത്ത കായയുടെ കറ ഉണങ്ങിയതാണ് കറുപ്പ് .കറുപ്പിനുവേണ്ടി ചൈനയുമായി ബ്രിട്ടനും ഫ്രാൻസും യുദ്ധം ചെയ്തിരുന്നു. കറുപ്പ് യുദ്ധങ്ങളെന്ന് അവ അറിയപ്പെട്ടു…

ആഹ്ലാദത്തിൻ്റെ പൂവായാണ് അശോകത്തിൻ്റെ പൂവിനെ ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നത്.അശോക വൃക്ഷം രാമയണത്തിലും പ്രതിപാദിക്കുന്നുണ്ടല്ലോ… ബുദ്ധനുമായി ബന്ധപ്പെട്ടതാണ് അശോകമരം. കാരണം ബുദ്ധൻ ജനിച്ചത് അശോകമരച്ചുവട്ടിലായിരുന്നു.അതുകൊണ്ട് തന്നെ ബുദ്ധമതക്കാർ അശോകത്തെ പുണ്യ വൃക്ഷമായി കണക്കാക്കുന്നുണ്ട്..

സൂര്യകാന്തി പൂവിനെപറ്റി മനോഹരമായ ഒരു കുറിപ്പുണ്ട് ഈ പുസ്തകത്തിൽ … ഒരുപക്ഷേ ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ കുറിപ്പാണിതെന്ന് ഞാൻ വിചാരിക്കുന്നു.. ജി.ശങ്കരകുറുപ്പിൻ്റെ “സൂര്യകാന്തി ” എന്ന കവിത മലയാളി മറക്കാനിടയില്ല. ഈ കവിതയെ പറ്റി ഈ കുറിപ്പിൽ പരാമർശമുണ്ട്. സൂര്യകാന്തിയെ ഓർക്കുമ്പോൾ വിഖ്യാത ചിത്രകാരൻ വിൻസെൻറ് വാൻഗോഗിനെ ഓർക്കാതിരിക്കുന്നതെങ്ങനെ?.. സൂര്യകാന്തി പ്രണയത്തിൻ്റെയും സ്നേഹത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പ്രതീകമാണെന്നും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു. ഒപ്പം പ്രതീക്ഷയുടെയും പൂവാണ് സൂര്യകാന്തി…
അമേരിക്കയാണ് സൂര്യകാന്തിയുടെ ജന്മദേശം. പക്ഷെ ഈ മഞ്ഞ നിറമുള്ള പൂവിൻ്റെ വാണിജ്യ മൂല്യം തിരിച്ചറിഞ്ഞത് റഷ്യയായിരുന്നു ലോകമെമ്പാടും ഇപ്പോൾ സൂര്യകാന്തി എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട്. ഉക്രയിനും റഷ്യയുമാണ് സൂര്യകാന്തി എണ്ണയുടെ ഉത്പാദനത്തിൽ മുൻപന്തിയിൽ.ഉക്രയിൻ്റെ ദേശീയപുഷ്പം കൂടിയാണ് സൂര്യകാന്തി. അമേരിക്കയിലെ കാൻസസ് സംസ്ഥാനത്തിൻ്റെയും ജപ്പാനിലെ കിടാക്യൂഷു എന്ന നഗരത്തിൻ്റെയും ഔദ്യോഗിക പുഷ്പവും ഈ സൂര്യകാന്തിയാണ്.ഹരിത രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഗ്രീൻ പാർട്ടിയുടെ ചിഹ്നം കൂടിയാണ് സൂര്യകാന്തി.. വീഗൻ പ്രസ്ഥാനത്തിൻ്റെ പ്രതീകമായി ഉപയോഗിക്കുന്ന പുഷ്പം കൂടിയാണ് സൂര്യകാന്തി.. ലോകത്തെയും ജീവിതത്തെയും ഭക്ഷണത്തെയും സംബന്ധിച്ച് സവിശേഷമായ വീക്ഷണം പുലർത്തുന്ന സംഘടനയാണ് വീഗൻ സൊസൈറ്റി .. വെജിറ്റേറിയൻ എന്ന വാക്കിൻ്റെ ആദ്യത്തെയും അവസാനത്തേയും അക്ഷരങ്ങൾ ചേർത്താണ് വീഗൻ എന്ന വാക്ക് പിറവി കൊണ്ടത്.അവരുടെ ഔദ്യോഗിക അടയാളം കൂടിയാണ് സൂര്യകാന്തി. തായ്വാനിൽ 2014ൽ ഉയർന്ന വന്ന ഒരു പ്രക്ഷോഭം Sunflower Protest എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു പൂവ് എന്നതിനപ്പുറം മണ്ണിലെ സൂര്യനാണ് സുര്യകാന്തിയെന്ന് ഗ്രന്ഥകാരൻ വിശേഷിപ്പിക്കുന്നുണ്ട്. എൻ്റെ ഒരു സുഹൃത്തിൻ്റെ ഇഷ്ടപ്പെട്ട പൂവ് സൂര്യകാന്തിയാണ് എന്നു ഞാനിപ്പോൾ ഓർത്തു പോകുന്നു.

നവംബറിൻ്റെ പുഷ്പം എന്നറിയപ്പെടുന്ന ക്രിസാന്തമം, വസന്തത്തിലെ ആദ്യ പുഷ്പമായി കണക്കാക്കുന്ന ഡാഫോഡിൽ എന്നിവയെപറ്റിയും ഈ പുസ്തകത്തിൽ വിവരണങ്ങൾ ഉണ്ട്.. ലണ്ടനിലെ ഡാഫോഡിൽ സൺഡേ പ്രസിദ്ധമാണ്… ഏപ്രിൽ മാസത്തിലെ ആദ്യ ഞായറാഴചയാണിത്. അന്നേ ദിവസം ചെടികളിൽ നിന്നും അറുത്തെടുത്ത ഡാഫോഡിൽ പൂക്കളുമായി ആളുകൾ ലണ്ടനിലെ ആശുപത്രികളിൽ ചെന്ന് രോഗികൾക്ക് തങ്ങൾ കൊണ്ടുവന്ന പൂക്കൾ കൈമാറുന്നു….രോഗം വേഗം സുഖപ്പെടാനുള്ള ആശംസയും ഭാവിയെക്കുറിച്ച് അവർക്ക് പ്രതീക്ഷയും സൂചിപ്പിക്കാനാണ് ഡാഫോഡിൽ പുഷ്പങ്ങൾ ഇങ്ങനെ കൈമാറുന്നത് ..

കാശ്മീരിലെ ചിനാർ മരങ്ങളെപറ്റി ഒരധ്യായമുണ്ടിതിൽ ..പത്തു പുഷ്പങ്ങളോടൊപ്പം ഒരു മരത്തിൻ്റെ കഥയും. ഹിന്ദുക്കളും മുസ്ലീങ്ങളും ചിനാറിനെ ഒരുപോലെ പവിത്രമായി കാണുന്നു എന്ന പ്രത്യേകതയുമുണ്ട്. നാഷണൽ കോൺഫറൻസ് നേതാവ് ഷേഖ് അബ്ദുള്ളയുടെ ആത്മകഥയുടെ പേര് “ആതിശേ ചിനാർ” എന്നാണ്. ഉറുദുവിൽ ആതിശേ ചിനാർ എന്നതിൻ്റെ അർത്ഥം ”ചിനാറിൻ്റെ അഗ്നിജ്വാലകൾ” എന്നാണ്. അതുകൊണ്ടായിരിക്കും ഈ അധ്യായത്തിന് ഹേമന്തത്തിലെ തീജ്വാലകൾ എന്ന് ഗ്രന്ഥകാരൻ ശീർഷകം നൽകിയിരിക്കുന്നത്.

പൂക്കൾ പ്രമേയമായ William Blake, James Oppenheim, Lieutenant Colonel John McCrae എന്നിവരുടെ കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയും ഈ പുസ്തകത്തിനുണ്ട്.

ഏകദേശം 30 ഓളം ഗ്രന്ഥങ്ങൾ പരിശോധിച്ചാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നതെന്ന് ഗ്രന്ഥസൂചി വ്യക്തമാക്കുന്നുണ്ട്.. അതുകൊണ്ടുതന്നെ ഇതിൽ പരാമർശിക്കുന്ന പൂക്കളെ സംബന്ധിച്ച് ഈ പുസ്തകം ഒരു റഫറൻസ് ആണ് എന്ന് നിസ്സംശയം പറയാം.. ഓരോ പൂവിൻ്റെയും സാംസ്കാരികവും രാഷ്ട്രീയവുമായ മാനങ്ങൾ കണ്ടെത്താൻ ഗ്രന്ഥകാരനായിട്ടുണ്ട് .. അങ്ങനെ ചരിത്രത്തിൽ ഇടം പിടിച്ചവയാണ് ഈ പൂക്കൾ എന്ന് തെളിയിക്കുന്നു. പല സാമൂഹിക മുന്നേറ്റങ്ങളും വിപ്ലവങ്ങളും അറിയപ്പെട്ടത് പൂക്കളുടെ പേരിലാണ്.
സമർത്ഥനായ സമാജികനും പ്രഭാഷകനും മാത്രമല്ല മികച്ച ഒരു ഗവേഷകനും എഴുത്തുകാരനുമാണ് താനെന്ന് ശ്രീ.എം.സ്വരാജ് ഈ പുസ്തകത്തിൻ്റെ രചനയിലൂടെ തെളിയിച്ചിരിക്കുകയാണ്.. ഒപ്പം താനൊരു ഒരു കവി കൂടിയാണെന്നും അദ്ദേഹം തെളിയിക്കുന്നുണ്ട്.
നല്ല പുസ്തകം….

പുസ്തകം ബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.