DCBOOKS
Malayalam News Literature Website

ഗാന്ധിവധം പുനഃസൃഷ്ടിച്ച സംഭവം: ഹിന്ദുമഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡേ അറസ്റ്റില്‍

അലിഗഡ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ ഗാന്ധിവധം പുനഃസൃഷ്ടിച്ച സംഭവത്തില്‍ ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡേ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഡില്‍ നിന്നാണ് പൂജ ശകുന്‍ പാണ്ഡേയേയും ഭര്‍ത്താവ് അശോക് പാണ്ഡേയേയും പിടികൂടിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇരുവരും ഒളിവിലായിരുന്നു.

ജനുവരി 30ന് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ അദ്ദേഹത്തിന്റെ ചിത്രത്തിനു നേരെ കളിത്തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു പൂജ ശകുന്‍ പാണ്ഡേയും അനുയായികളും. വെടിയേറ്റ ഗാന്ധിയുടെ കോലത്തില്‍നിന്ന് ചോര ഒഴുകുന്നതായും ചിത്രീകരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റു നേതാക്കളും വെടിയുതിര്‍ത്തശേഷം ഗാന്ധിജിയുടെ കോലം കത്തിക്കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷിക്കുകയുമായിരുന്നു. ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി ആ ദിവസം ശൗര്യദിവസ് എന്ന പേരില്‍ ആചരിക്കുകയും ചെയ്തു.

സംഭവത്തില്‍ 12 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിലുണ്ടായിരുന്ന മൂന്ന് പേരെ കഴിഞ്ഞയാഴ്ച പിടികൂടിയിരുന്നു.

Comments are closed.