DCBOOKS
Malayalam News Literature Website

‘എട്ടാമത്തെ വെളിപാട്’; മലയാളത്തിലെ ആദ്യ അര്‍ബന്‍ ഫാന്റസി നോവല്‍

കൊച്ചി നഗരവും പോര്‍ച്ചുഗീസ് അധിനിവേശവും പശ്ചാത്തലമാക്കി രചിക്കപ്പെട്ട ഒരു ഫാന്റസി നോവലാണ് അനൂപ് ശശികുമാറിന്റെ എട്ടാമത്തെ വെളിപാട്. ഒരു കൊലപാതകവുമായി ബന്ധപെട്ട് ലൂയി എന്ന കേന്ദ്രകഥാപാത്രം നടത്തുന്ന സത്യാന്വേഷണ യാത്രകളും കണ്ടെത്തലുകളും ഏറെ വ്യത്യസ്തമായ പൗരാണിക കേരളത്തിലെ ചില മിത്തുകളുടെ പശ്ചാത്തലത്തില്‍ ഉദ്വേഗജനകമായി പ്രതിപാദിക്കുകയാണ് എഴുത്തുകാരന്‍ ഈ കൃതിയിലൂടെ. 2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ട കൃതിയാണ് എട്ടാമത്തെ വെളിപാട്.

ഇതുവരെ ആരും പരീക്ഷിക്കാത്ത കഥാതന്തുവാണ് നോവലിനുള്ളത്. ആള്‍നരിയും നടക്കുംചാവും വ്യാളിയും കബാലയും ചരിത്രവും മിത്തും എല്ലാം കലര്‍ന്ന ഒരു മാന്ത്രികലോകമാണ് നമുക്കു മുന്നില്‍ അനാവൃതമാകുന്നത്. ജൂതത്തെരുവിന്റെ മിറര്‍ ഇമേജായ കണ്ണാടിത്തെരുവ്, ഊറിയേല്‍ മാലാഖ, കുമ്പാരികള്‍, ഡ്രാഗണ്‍, കാപ്പിരി മുത്തപ്പന്‍, അപ്പോത്തിക്കിരി, പെരുമാള്‍ തുടങ്ങി ഗാമ വരെ നീളുന്ന കഥാപാത്രങ്ങള്‍ നോവലില്‍ കടന്നുവരുന്നു. 110 പേജുകളില്‍ ഇതള്‍ വിരിയുന്ന ഒരു മായിക ലോകമാണ് എഴുത്തുകാരന്‍ നമുക്കു മുന്നില്‍ തുറന്നിടുന്നത്.

‘പൗരാണിക സ്മൃതികളുടെയും ആഭിചാരക്രിയകളുടെയും സങ്കലനത്തിലൂടെ മാജിക്കല്‍ റിയലിസം തീര്‍ക്കുന്ന നോവല്‍. ഉദ്വേഗം സൃഷ്ടിക്കുന്ന ആഖ്യാനത്തിലൂടെ ത്രില്ലര്‍ സ്വഭാവം സൂക്ഷിക്കുന്ന ഈ നോവലില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരും കൂടിക്കലരുകയും എന്നാല്‍ അസ്വാഭാവികത തോന്നാതിരിക്കുകയും ചെയ്യുന്ന രചനാമികവ് പ്രകടമാക്കുന്നുണ്ട്. പഴയകാലത്തിന്റെ വൈകാരികത കൊണ്ടുവരുന്നതിന് ഭാഷയ്ക്കു കഴിഞ്ഞിട്ടുണ്ട്. സ്വപ്‌നങ്ങളിലും സങ്കല്പങ്ങളിലും പൗരാണിക വിശ്വാസങ്ങളിലും ഊന്നിനില്ക്കുന്നതിനാല്‍ ജീവിതാവിഷ്‌കാരം പരിമിതപ്പെടുന്നുണ്ട്.’ നോവല്‍ ഡി.സി സാഹിത്യപുരസ്‌കാരത്തിനു തിരഞ്ഞെടുത്തുകൊണ്ട് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തിയത് ഇപ്രകാരമാണ്.

ഒരു ഹാരി പോട്ടര്‍ നോവല്‍ പോലെ രസകരമായി വായിച്ചുപോകാവുന്ന, മികച്ച ഒരു വായനാനുഭവം പകരുന്ന കൃതിയാണിത്. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന എട്ടാമത്തെ വെളിപാടിന്റെ കോപ്പികള്‍ ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.