DCBOOKS
Malayalam News Literature Website

‘പൊനം’; മരണത്തിലും തീരാത്ത കുടിപ്പക

കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് പി എസ് വിജയകുമാര്‍ എഴുതിയ വായനാനുഭവം 

കാസർഗോഡൻ പ്രാദേശികതയെ ഭീകരഇടമായി സ്ഥാപിച്ചെടുക്കുന്ന മലയാളസിനിമയിലെ ഇടുങ്ങിയ വാദങ്ങൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ്, കാസർഗോഡിന്റെ വൈകാരികതകൾ ആവേശിച്ച ‘പൊനം’ എന്ന കാസർഗോഡ്, ഉദിനൂരുകാരൻ കെ.എൻ.പ്രശാന്തിന്റെ നോവൽ നന്തനാർ പുരസ്കാരം നേടുന്നത് എന്നത് കൗതുകകരമായ സംഗതിയാണ്.

പോന്നുവന്ന മലയാളനോവലിന്റെ ഫ്രെയ്മിനെ പൊളിച്ചെഴുതുന്നുണ്ട് കെ.എൻ.പ്രശാന്തിന്റെ ‘പൊനം‘. ഒരുപക്ഷേ, നിലവിലുള്ള മലയാളനോവലിനെ ബ്രേക്ക് ചെയ്തുകൊണ്ടാണ് 1969 ൽ ‘ഖസാക്കിന്റെ ഇതിഹാസം’ Textപുറത്തുവരുന്നത്. വീണ്ടും നാല്പതുവർഷം കഴിഞ്ഞ്, 2009 ൽ ടി.ഡി.രാമകൃഷ്ണന്റെ ‘ഫ്രാൻസിസ് ഇട്ടിക്കോര’  നിലനിൽക്കുന്ന ഒന്നിനെ തകർത്തുകൊണ്ട് കയറിവരുന്നതു കാണാം. ഉറപ്പിച്ചുപറയാം, വീണ്ടുമിതാ പതിമൂന്നു വർഷങ്ങൾക്കുശേഷം കാലികമായ മലയാളനോവൽ രീതിയെ കവച്ചുകടന്നുകൊണ്ടാണ് ‘പൊനം’ വരുന്നത്. ഭാഷയിൽ, ആഖ്യാനത്തിൽ പുതിയ ഭാവുകത്വം നോവൽ കണ്ടെടുത്തിരിക്കുന്നു. കഥാപാത്രങ്ങൾ പുതിയ പരിസരത്തിൽനിന്നാണ് ഇറങ്ങിവരുന്നത്. ഇവിടെ ഓരോ ജീവിതത്തേയും നന്മയും തിന്മയും ഒരുപോലെ പൊതിഞ്ഞുനിൽക്കുന്നു. നാടിന്റെ സംസ്കൃതി നോവലിന്റെ പശ്ചാത്തലത്തിൽ തെളിഞ്ഞുനിൽക്കുകയും ചെയ്യുന്നു.

മരണത്തിലും തീരാത്ത കുടിപ്പക ‘പൊനം’ കൊണ്ടുനടക്കുകയും കാടത്തവും കാമത്തിന്റെ വന്യതയും നോവലിലുടനീളം വിതുർത്തിടുമ്പോൾ, അതിൽ നോവലിസ്റ്റ് പ്രകടിപ്പിക്കുന്ന കയ്യടക്കവും ചാരുതയും ശ്രദ്ധേയമാണ്. നോവൽ പുതിയതായി വായിക്കാനെടുക്കുന്നവരോട് ഒന്നുപറയാം, ഇതുവരെ അനുഭവിക്കാത്ത ഒന്നായിരിക്കും ‘പൊന’ ത്തിലൂടെയുള്ള നിങ്ങളുടെ യാത്ര. തീർച്ചയായും ഒറ്റവായനയുടെ തുടർച്ചയിലേക്ക് നിങ്ങളെ കൊണ്ടുപോകും നോവൽ, അത്രയും സുഗമമാണ് ഇതിലെ ഭാവപരിസരം. കഥാകാരനായ കെ.എൻ.പ്രശാന്തിന്റെ ‘പൊനം’ എന്ന ആദ്യ നോവൽ വള്ളുവനാടൻ സാംസ്കാരിക വേദിയുടെ ഈ വർഷത്തെ നന്തനാർ പുരസ്കാരം നേടുമ്പോൾ, അത് മലയാളനോവലിലെ പുതിയ വഴിവെട്ടുന്നവർക്കുള്ള അംഗീകാരം കൂടിയാണ്. ഈ വർഷത്തെ നന്തനാർ പുരസ്കാരത്തിനർഹനായ പുതിയ വഴിവെട്ടുകാരന്, കെ.എൻ.പ്രശാന്തിന്, മനസ്സുനിറഞ്ഞ അനുമോദനങ്ങൾ. ‘പൊന’ത്തിന് ഈ പുരസ്കാരം ഒരു തുടക്കമാവട്ടെ എന്ന് ആശിക്കുന്നു, ആശംസിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.