DCBOOKS
Malayalam News Literature Website

പക…അത്രപെട്ടന്ന് കെടുന്ന തീയല്ല…!

കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് ഷാനു ജിതന്‍ എഴുതിയ വായനാനുഭവം 

‘കരിമ്പൊനം’, കേരളവും കർണ്ണാടകയും അതിർത്തി പങ്കിടുന്ന ഒരു വനമേഖല.. അവിടെ കന്നഡയും തുളുവും ഉത്തര കേരളത്തിലെ മലയാളവും കൂടിക്കലർന്ന ഭാഷ സംസാരിക്കുന്ന ഒരു വിഭാഗം ജനങ്ങൾ.. അവരിൽ നിന്നും തുടങ്ങുന്ന കഥയാണ് യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ. എൻ. പ്രശാന്തിന്റെ “പൊനം” എന്ന നോവൽ

“പക.. അത്രപെട്ടന്ന് കെടുന്ന തീയല്ല… ഒരു വിധപ്പെട്ട വെള്ളത്തിനൊന്നും അത് കെടുത്താനും ആവില്ല” എന്ന് ശക്തമായ ഒരു കഥാപാത്രം പറയുന്നുണ്ട് നോവലിൽ.. അതേ പകയുടെ കഥ പറയുകയാണിവിടെ കാടിന്റെ വന വന്യതയിൽ… പകയുടെ ജ്വാലയിൽ വെന്തുരുകുന്ന കുറെയധികം ആണുങ്ങളെയും, രതി ദേവതകളായ ഒരുകൂട്ടം പെണ്ണുങ്ങളുടെയും പച്ചയായ ജീവിതകാഴ്ചയാണ് ഇവിടെ നമുക്ക് മുന്നിൽ അനാവൃതമായി വരുന്നത്..

നോവലിനെ രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, ഒന്നാം ഭാഗം “റാക്ക്”… പേര് സൂചിപ്പിക്കും പോലെ ഔഷധ മൂല്യമുള്ളതും ഇല്ലാത്തതുമായ പച്ചിലകളും വേരുകളും ഫലമൂലാദികളും ചേർത്തു വാറ്റിയെടുത്ത റാക്ക്, Textമൂലവെട്ടിയെന്നു അറിയപ്പെടുന്ന ലഹരി കൂടിയ വാറ്റ്, ചാരായം… അങ്ങനെ ആണുങ്ങളെ മത്തു പിടിപ്പിക്കുന്ന പാനീയങ്ങളും, കുടിച്ച ലഹരിയുടെ ഗാഡത കൂട്ടുന്ന രതിരസം നിറച്ച ചിരുതയും പാർവ്വതിയും രമ്യയും നിറഞ്ഞ ഒന്നാം ഭാഗം..

രണ്ടാം ഭാഗം, “തോക്ക്..” ഇവിടം മുതൽ പക അതിന്റെ വന്യതയിൽ പലയിടത്തും കൊമ്പുകോർക്കുന്നത് കാണാം.. രൈരു നായരും, അമ്പൂട്ടിയും, ശേഖരനും, സോമപ്പനും, ഗണേശനും കണ്ണികളായി വിളക്കിയെടുത്ത ചങ്ങല പോലെ ഒരു വിഭാഗം, അപ്പുറത്ത് ഹാജിയും, കറുത്തമ്പുവും, മാധവനും, മാലിന്ഗംനും കാന്തയും ചേർത്ത ഇരുമ്പ് വളയം..

കാട് ഒരു ഭീകര മൃഗമായി അവരെ ഉദരത്തിൽ പേറുന്നു.. വനത്തെ തന്നെ കൊള്ളയടിച്ചു വെട്ടിപ്പിടിച്ചും കൊന്നു തള്ളിയും നേടിയെടുത്തതെല്ലാം പകയുടെ കനലിൽ പലയിടത്തും ഓരോരുത്തർക്കും നഷ്ടപ്പെട്ടു കൊണ്ടേ ഇരിക്കുന്നു.. ജീവനോളം വിലയുള്ള സ്വത്തു വേറെ എന്തുണ്ടെന്നു തിരിച്ചറിയാൻ അവർക്കു മുന്നിൽ മരണം തന്നെ വന്നു മുഖാമുഖം നിൽക്കേണ്ടി വരുന്നു..

എല്ലാ വച്ചു കെട്ടലുകളും അഴിച്ചു കളഞ്ഞു അവർ പരസ്പരം വേട്ടയാടിക്കൊണ്ടിരുന്നത് രതിയുടെ മായിക ലോകത്തു മാത്രമായിരുന്നു.. സ്ത്രീ ശരീരത്തിന്റെ ചൂരും ചൂടും മാറും മുൻപേ പകയുടെ തീക്കനൽ ആളി കത്തിക്കാൻ ഓടുന്ന അവർ..

തീർത്തും അപരിചിതമായ ഒരു പശ്ചാത്തലത്തിൽ നടക്കുന്ന കഥയും കഥാപാത്രങ്ങളും രചനാ വൈഭവം കൊണ്ടു വായനക്കാരെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്.. വായിച്ചു പോകാൻ രസം തോന്നിക്കുന്ന ഭാഷ… കഥയുടെ ഇടയിൽ പല ഉപകഥകളും കോർത്തു കെട്ടി രസച്ചെരട് പൊട്ടാതെ കൃത്യമായ അവതരണത്തിലൂടെ ഓരോ പേജിലൂടെയും നമ്മെ കൊണ്ടു പോകുന്നു എഴുത്തുകാരൻ ഇവിടെ..

ആദ്യം പറഞ്ഞത് പോലെ ഉത്തരകേരളത്തിലെ മലയാളവും, കന്നഡയും തുളുവും ഒക്കെ ചേർന്നുള്ള ഭാഷ ആയതുകൊണ്ട് ചില പുതിയ പദങ്ങൾ കാണാനുണ്ട് പലയിടത്തും, തുച്ചാം പൊളപ്പൻ, അണങ് കെട്ടൽ, കോഴിപ്പോരും വേർകാടി പൂവനും ഒക്കെ അത്തരം പുതുമ തോന്നിയ പദങ്ങൾ ആയിരുന്നു..

കാടും അതിനു നടുവിലെ ജനങ്ങളും പുറപ്പെട്ടു പോയവരും കുടിയേറിയവരും കലരുന്ന ഇടങ്ങളിൽ അസാധാരണ കഥകളുറങ്ങികിടപ്പുണ്ടാവും.. ഇവിടെ കെ. എൻ. പ്രശാന്ത് എന്ന എഴുത്തുകാരൻ അത് കണ്ടെത്തി തീർത്തും പുതിയൊരു വയനാനുഭവം നിറയ്ക്കുന്ന രീതിയിൽ നമ്മളിലേക്ക് എത്തിച്ചിരിക്കുന്നു വരും.. കാല മലയാള സാഹിത്യത്തിന് മികച്ച നോവലുകളിൽ ഒന്ന് തന്നെ ആയിരിക്കും “പൊനം “.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.