DCBOOKS
Malayalam News Literature Website

ആര്‍. നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’ ; ആറ്റിങ്ങല്‍ ചരിത്രത്തിലേക്ക് ഭാവനാത്മകമായി സഞ്ചരിക്കുന്ന നോവല്‍

ആര്‍. നന്ദകുമാറിന്റെ ‘ആത്മാക്കളുടെ ഭവനം’ എന്ന നോവലിൽ നിന്നും ഒരു ഭാഗം

മഴ പെയ്യുന്നതുപോലെയാണ് കല്ലുകള്‍ കോട്ടയ്ക്കുമേല്‍ വീണത്. നട്ടുച്ചനേരത്ത് ഓര്‍ക്കാപ്പുറത്ത് പാഞ്ഞുവന്ന കൂര്‍ത്ത കല്ലുകളേറ്റ് കാവല്‍ക്കാരില്‍ ചിലര്‍ക്കു പരിക്കുപറ്റി.

”കോട്ടവാതിലടയ്ക്കൂ…എല്ലാവരും താഴത്തെ ഉള്‍മുറികളിലേക്ക്… ഊം…”

എന്റെ മേലാവ് ഗണ്ണര്‍ഇന്‍സ് അലറിവിളിച്ചുപറഞ്ഞു. ക്യാപ്റ്റന്‍ സിവെലും പീറ്റര്‍ലാപ്തോണും ഒട്ടൊരവിശ്വസനീയതയോടും അമ്പരപ്പോടുംകൂടി ഇന്‍സിനെ നോക്കുന്നതു ഞാന്‍ കണ്ടു. കോട്ടയുടെ ഗവര്‍
ണറും കമാന്ററുമായ ക്യാപ്റ്റന്‍ ഗിഫോര്‍ഡ് കഴിഞ്ഞാല്‍ രണ്ടാം സ്ഥാനക്കാരന്‍, ക്യാപ്റ്റന്‍ സിവെലാണ്. അടുത്ത സ്ഥാനം ലാപ്തോണിനും. താരതമ്യേന താഴേപ്പദവിയിലുള്ള എന്റെ മേലാവ് ഇന്‍സിന് ഇത്തരത്തില്‍ ആജ്ഞ പുറപ്പെടുവിക്കാനെന്തധികാരം എന്ന അര്‍ത്ഥത്തിലാണ് അവര്‍ അമ്പരന്നത്. അതൊന്നും ഇന്‍സ് ഗൗനിക്കാനേ പോയില്ല. അദ്ദേഹം എന്നോടു പറഞ്ഞു:

”വില്ലിലെസ്റ്റര്‍… നമ്മുടെ കോട്ടയുടെ മുകളില്‍ ഏഴു പീരങ്കികളുണ്ട്. ഞാനും നീയുമുള്‍പ്പെടെ ഏഴുപേര്‍ അവയ്ക്കു പുറകില്‍ നില്‍ക്കണം. ഏഴുപേര്‍ നമുക്കൊപ്പം തോക്കുകളുമായുണ്ടാകണം. കലവറയില്‍നിന്ന് വെടിമരുന്നിന്റെ പെട്ടികള്‍ കോട്ടമുകളിലേക്കു മാറ്റണം. മരുന്നു നിറയ്ക്കാന്‍ ഓരോ ആള്‍ ഓരോ പീരങ്കിക്കു പിന്നിലുണ്ടാകണം. കല്ലേറുവരുന്നത് കിഴക്കുവശത്തുനിന്നുമാണ്. തെക്കുകിഴക്കുനിന്നും വടക്കുകിഴക്കുനിന്നും വരുന്നുണ്ട്. അതിനര്‍ത്ഥം ആക്രമണകാരികള്‍ നിരവധിപേര്‍ ഈ ഭാഗങ്ങളിലായി ഒളിഞ്ഞുനില്‍പ്പുണ്ടെന്നാണ്. പീരങ്കികള്‍ ഈ വശങ്ങളിലേക്കുവച്ച് വെടിതുടങ്ങിക്കോളൂ. ആദ്യവെടി മുഴങ്ങുമ്പോള്‍തന്നെ ഒരുപക്ഷേ, കല്ലേറ് ഒടുങ്ങിയേക്കാം. ആരും പക്ഷേ, അവിടെനിന്നനങ്ങരുത്. വാ…”

ഇന്‍സിന്റെ തീരുമാനം ശരിയായിരുന്നു. ഏഴു പീരങ്കിവെടികള്‍ മുഴങ്ങിയപ്പോള്‍തന്നെ കല്ലേറുനിന്നു. ഞങ്ങളാരും പക്ഷേ, പീരങ്കിയുടെ പുറകില്‍നിന്നനങ്ങിയില്ല. ഏതാണ്ട് വൈകുന്നേരംവരെ അതേ നില്‍പ്പു തുടര്‍ന്നു. ഓരോ അരമണിക്കൂറിലും ഇന്‍സിന്റെ നിര്‍ദ്ദേശപ്രകാരം വെടികള്‍ മുഴങ്ങി. ഒരു ലക്ഷ്യവുമില്ലാതെ ഉതിര്‍ത്ത വെടികള്‍ തന്നെയായിരുന്നു. പക്ഷേ, അത് വളരെ ഫലവത്തായി. ആറ്റിങ്ങല്‍ ഭാഗത്തുനിന്നെത്തി കോട്ടയില്‍നിന്ന് അല്പം അകലെയായിട്ടാകണം ആക്രമണകാരികളായ നാട്ടുകാര്‍ നിലയുറപ്പിച്ചിട്ടുണ്ടാവുക. വെടിയൊച്ച കേട്ട് അവര്‍ വിരണ്ടുകാണണം. കോട്ടയ്ക്കകത്തേക്ക് നേരെയുള്ള ഇരമ്പിക്കയറ്റം ഉണ്ടാകാത്തത് അതിനാല്‍തന്നെയാകണം. കോട്ടയ്ക്കകത്ത് ധാരാളം സൈനികരുണ്ടെന്നാവും അവര്‍ ധരിച്ചിട്ടുണ്ടാവുക. ഞങ്ങളുടെ അവസ്ഥ ഞങ്ങള്‍
ക്കല്ലേ അറിയൂ. ഗണ്ണറായ ഇന്‍സും അദ്ദേഹത്തിന്റെ സഹായികളായ ഞങ്ങള്‍ കുറേപ്പേരും മാത്രമാണുള്ളത്. മദ്യഭരണികള്‍ വായിലേക്കു കമഴ്ത്താനല്ലാതെ ക്യാപ്റ്റന്‍ സിവെല്‍, ലാപ്‌തോണ്‍ എന്നിവരെക്കൊണ്ട് ഒരു Textപ്രയോജനവുമില്ല. ഇന്‍സ് മാത്രമാണ് ബുദ്ധിപൂര്‍വ്വം ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്തത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് ഇംഗ്ലിഷ്ഈസ്റ്റ് ഇന്ത്യാ കമ്പനിയോടൊപ്പം കൂലിക്കാരനായി ചേര്‍ന്ന നാള്‍മുതല്‍ ഇന്‍സിനോടൊപ്പംതന്നെയായിരുന്നു ഞാന്‍. ബുദ്ധിയുള്ള, കര്‍മ്മനിരതനായ ഒരു മേലാവിനൊപ്പം ജോലിചെയ്യാന്‍ സാധിക്കുന്നത് ഭാഗ്യംതന്നെയാണ്.

ഇന്നലെ രാത്രിയില്‍ ആറ്റിങ്ങലില്‍വച്ച് കമ്പനിയുദ്യോഗസ്ഥരുടെ നേര്‍ക്കുണ്ടായ ആക്രമണത്തെപ്പറ്റി രാവിലെ അറിഞ്ഞപ്പോള്‍തന്നെ കോട്ടയില്‍നിന്ന് രണ്ടു സംഘങ്ങളെ അവിടേക്കയച്ചിരുന്നു. പാതിരിയുടെ നേതൃത്വത്തില്‍ കരവഴിക്കു പോയിരുന്ന സംഘം അപരാഹ്നമായപ്പോഴേക്കു തിരിച്ചെത്തി. കുതിരവണ്ടികളില്‍ ശവശരീരങ്ങളുമായാണ് അവര്‍ മടങ്ങിയെത്തിയത്. ആഘോഷത്തോടെ ഇന്നലെ രാവിലെ ഇവിടെനിന്ന് ആറ്റിങ്ങലേക്കുപോയ ഇംഗ്ലിഷുകാരെല്ലാരുംതന്നെ വധിക്കപ്പെട്ടു എന്ന ദാരുണമായ വാര്‍ത്ത അപ്പോഴാണ് കോട്ടയില്‍ എല്ലാവരും അറിഞ്ഞത്. ഒരു വലിയ നിശ്ശബ്ദത കോട്ടയെ ചൂഴ്ന്നുനിന്നു.

പതിനൊന്ന് ഇംഗ്ലിഷുകാരുടെയും മൃതദേഹങ്ങള്‍ വൃദ്ധനായ പാതിരി കുതിരവണ്ടികളില്‍ കൊണ്ടുവന്നിരുന്നു. ഒപ്പം പോയ പണിക്കാരില്‍ ഭൂരിഭാഗംപേരും വധിക്കപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. ആറ്റിലൊഴുകി നീങ്ങിയിരുന്ന മൃതദേഹങ്ങള്‍ കിട്ടിയവയെല്ലാം കോട്ടയിലേക്കു കൊണ്ടുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമത്തെ സംഘം പോയിരുന്ന വള്ളങ്ങളിലാണവ കൊണ്ടുവരുന്നത്.

”മനുഷ്യന്റെ ജീവിതം സമരമാണ്. ജീവിതത്തിന്റെ നല്ല പോര്‍ പൊരുതിയിട്ടാണ് ഓരോരുത്തരും ഈ ലോകം വിട്ടുപോകുന്നത്. മരിച്ചതെങ്ങനെയായാലും ഈ ലോകത്ത് ഇവര്‍ക്കു വിധിക്കപ്പെട്ടിരുന്ന സമയം തീര്‍ന്നുവെന്നാണ് അറിയേണ്ടത്. ഇനി വിധിപ്രകാരം ഇവര്‍ക്കു ചരമശുശ്രൂഷകള്‍ നല്‍കണം. ഇവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ച് അവസാനക്കാഴ്ചയ്ക്ക് അവസരമൊരുക്കണം.”

താവിനിന്ന നിശ്ശബ്ദതയെ ഒട്ടുംനോവിക്കാതെ സങ്കടം മുറ്റിയ സ്വരത്തില്‍ പാതിരിപറഞ്ഞു.

ഹൃദയഭേദകമായിരുന്നു പിന്നീടുള്ള കാഴ്ചകള്‍. ഉറ്റവര്‍ വേര്‍പെടുമ്പോഴുള്ള കൂറ്റുകാരുടെ വേദന വളരെ വലുതാണ്. ആ വേദന കണ്ടുനില്‍ക്കുന്നവര്‍ക്കും താങ്ങാന്‍പറ്റില്ല. സിമോണ്‍ കൗസിയുടെ സ്വതേ ചീര്‍ത്ത ശരീരത്തില്‍ ഒരു കണ്ണ് അടയാതെ പുറത്തേക്കു തുറിച്ചുതന്നെ നിന്നിരുന്നു. ജീവിച്ചിരുന്നപ്പോള്‍ താനുണ്ടാക്കിയതിന്റെയെല്ലാം മേലെ മരണാനന്തരവും നോക്കിക്കൊണ്ടിരിക്കുന്നതുപോലെ. അയാളുടെ ദേഹത്തേക്കു വീണ് ഭാര്യയും നാലു മക്കളും അലമുറയിട്ടത് എല്ലാവരെയും കരയിപ്പിച്ചു. ഒരാളുടെ ജീവിതം ഒടുങ്ങുമ്പോള്‍ മറ്റു ചിലരുടെ ജീവിതത്തിന്റെ വഴി മുട്ടുന്നു. അയാളുടെ ഏറ്റവും ഇളയ കുട്ടിക്ക് ഏഴുവയസ്സുമാത്രമാണ് പ്രായം. കാര്യങ്ങളുടെ ഗൗരവമൊന്നും അവള്‍ക്കു തിരിയുന്നില്ല. അമ്മയും സഹോദരങ്ങളും കരയുന്നതുകണ്ട് അവളും നിലവിളിച്ചുകൊണ്ടേയിരുന്നു.

ക്യാപ്റ്റന്‍ ഗിഫോര്‍ഡിന്റെ ഭാര്യ കാതറീന്‍ നിശ്ശൂന്യമായ മിഴികളോടെയാണ് മൃതദേഹത്തിനരികിലെത്തിയത്. യുവതിയും സുന്ദരിയുമായ അവര്‍ കരഞ്ഞില്ല. ഒരു വിരക്തി അവരെ ആവേശിച്ചതുപോലെ. ക്യാപ്റ്റന്റെ ശരീരത്തിലേക്കു കണ്ണിമയ്ക്കാതെ നോക്കിക്കൊണ്ട് ഏറെനേരം അവര്‍ അടുത്തിരുന്നു. തന്റെ വിരലുകള്‍കൊണ്ട് അവര്‍ ആ മുഖത്തെ തഴുകി. എന്നിട്ട് ക്യാപ്റ്റന്റെ കവിളത്ത് രണ്ടുകൈകള്‍കൊണ്ടും അവര്‍ തല്ലാന്‍ തുടങ്ങി. ആയമാര്‍ ചേര്‍ന്ന് അവരെ കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ അവരൊന്നു കുതറി. എന്നിട്ട് തല മേലോട്ടാക്കി ഒന്നലറി. കോട്ടയിലെ വലിഞ്ഞുമുറുകിയ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് ആ അലര്‍ച്ച പ്രതിധ്വനിച്ചു.

ഡോക്ടര്‍ ബാര്‍ട്ടര്‍ ക്രിസോസ്റ്റത്തിന്റെ ഭാര്യയെയും മകളെയും കൊണ്ടുവന്നപ്പോള്‍ കോട്ടച്ചുമരിന്റെ കല്ലുകള്‍പോലും കണ്ണീരണിഞ്ഞതുപോലെ. അടിമുടി, മാന്യനും സ്നേഹസമ്പന്നനുമായിരുന്നു ഡോക്ടര്‍ ബാര്‍ട്ടര്‍ ക്രിസോസ്റ്റം. കമ്പനിയുദ്യോഗസ്ഥരുടെയും നാട്ടുകാരുടെയുമെല്ലാം ആദരവിനു പാത്രമായിരുന്ന ആളാണ്. അദ്ദേഹത്തിന്റെ മൃതദേഹത്തിനു തൊട്ടരികില്‍തന്നെയാണ് കമ്പനി ഡ്രാഫ്റ്റ്സ്മാനും ചിത്രകാരനുമായ നീല്‍ഫ്രെതര്‍വൈറ്റ് എന്ന സുന്ദരനായ യുവാവിന്റെ ദേഹവും കിടത്തിയിരുന്നത്. ഡോക്ടറുടെ മകള്‍ ആനിനെ കല്യാണം കഴിക്കാനിരുന്നതാണ് നീല്‍ഫ്രെതര്‍വൈറ്റ്. ഒരാഴ്ചകഴിഞ്ഞ് ദിവസം നിശ്ചയിച്ചിരുന്നതുമാണ്. മണവാട്ടിയായി പുതിയ ജീവിതത്തിലേക്കു കടക്കാന്‍ കിനാവുകള്‍കൊണ്ടു നീര്‍ത്തെടുക്കേണ്ട ഏഴുദിവസം മാത്രം ബാക്കിനില്‍ക്കെ കൈപിടിക്കാനുള്ള ചെറുപ്പക്കാരന്റെയും അതു പിടിച്ചേല്പിക്കാനുള്ള സ്വന്തം പിതാവിന്റെയും ചത്തുവിറങ്ങലിച്ച ശരീരങ്ങള്‍ കാണേണ്ടിവരുന്ന ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ ഇരമ്പിയാര്‍ക്കുന്ന സങ്കടത്തിന്റെ പെരുങ്കടല്‍ എത്ര വലുതായിരിക്കും? അമ്മ ഏങ്ങിയേങ്ങിക്കരഞ്ഞു കൊണ്ടിരുന്നപ്പോഴും അവള്‍ ഒരു കല്‍പ്രതിമയെപ്പോലെ അച്ഛന്റെയും ഭാവിവരന്റെയും മൃതദേഹങ്ങളില്‍ നോക്കിക്കൊണ്ടുനിന്നതേയുള്ളൂ. പിന്നെയവള്‍ അവരുടെ ദേഹങ്ങള്‍ക്കരികിലായി മുട്ടുകുത്തിയിരുന്നു. അച്ഛന്റെ മരവിച്ച കൈയെടുത്തു ചുംബിച്ചു. അവളുടെ പ്രിയപ്പെട്ടവന്റെ കണ്ണുകള്‍ക്കുമേല്‍ വിരലോടിച്ചു തഴുകി. ചോരത്തുള്ളികള്‍ കട്ടപിടിച്ചുനിന്ന അയാളുടെ ഉടുപ്പിന്റെ പോക്കറ്റില്‍ നനഞ്ഞുകുതിര്‍ന്ന് ഇരുന്നിരുന്ന കടലാസുകള്‍ വലിച്ചെടുത്തു നീര്‍ത്തി. വെള്ളത്തില്‍ മുങ്ങി ചായം പടര്‍ന്നുപരന്ന കടലാസില്‍ ഒരു പെണ്‍കുട്ടിയുടെ അവ്യക്തമായ രൂപം. അത് തീര്‍ച്ചയായും അവളുടേതായിരിക്കണം.

ഒരു ശിലാവിഗ്രഹത്തിന്റെ കണ്ണുകളില്‍നിന്ന് പൊടുന്നനേ ഒരു നീരുറവ കിനിഞ്ഞ് അരുവിയായും പുഴയായും കണ്ടുനിന്നവരുടെ മനസ്സിന്റെ കടലുകളിലേക്കൊഴുകി.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.