DCBOOKS
Malayalam News Literature Website

‘പൊനം’; കാട്, പെണ്ണ്, പക, മൂന്ന് വാക്കുകളില്‍ കൊരുത്തെടുത്ത ജീവിതങ്ങളുടെ കഥ പറയുന്ന നോവല്‍

കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് റഹ്മാൻ കിടങ്ങയം എഴുതിയ വായനാനുഭവം

കാട്, പെണ്ണ്, പക എന്നീ മൂന്ന് വാക്കുകളിൽ കൊരുത്തെടുത്ത ജീവിതങ്ങളുടെ കഥ പറയുന്ന നോവലാണ് കെ.എൻ പ്രശാന്തിന്റെ ‘പൊനം’. മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയ നോവലുകളിൽ സമാനതകളില്ലാത്ത വണ്ണം രൂക്ഷമായ ഒരു കൃതി എന്ന് പറയാം. വടക്കൻ കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും അതിർത്തി പ്രദേശമായ കാടുകളിലും സമീപ പ്രദേശങ്ങളിലുമായി ജീവിക്കുന്ന വന്യമനസ്സുള്ള മനുഷ്യരുടെ കഥ. റാക്കും തോക്കും കോഴിക്കെട്ടും കാട്ടുമരങ്ങളും വേട്ടയാടലും വ്യഭിചരിക്കലും ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരു പറ്റം ദേശക്കാരുടെ തലമുറ തലമുറയായി കൈമാറ്റപ്പെടുന്ന ജീവിത നിലനില്പിനായുള്ള പോരാട്ടങ്ങളുടെയും പകയുടെയും ആവിഷ്കാരമാണ് ഈ നോവൽ.

വായിക്കാനിരുന്നാൽ കൈയിൽ നിന്നെടുത്തു വെക്കാൻ പറ്റാത്ത വിധം വായനക്കാരെ ചുരുളിയിലകപ്പെടുത്തുന്ന ഒരു രൂക്ഷ വൈശ്യതയുണ്ട് ഈ നോവലിന് എന്ന് പറയാതെ വയ്യ. മഴ പെയ്യുമ്പോൾ കാവടിയാടുന്ന കാട് ഒരേ സമയം സൗന്ദര്യവും ഭീതിയും വിതറുന്നതിന്റെ സൂക്ഷ്മമായ വിവരണങ്ങൾ. മലവെള്ളം സംഹാര രുദ്രയായി പാഞ്ഞു വരുമ്പോൾ ഒഴുകി മറിഞ്ഞു വരുന്ന കാതലുള്ള മരങ്ങൾക്കായി അരയിൽ കയർ കെട്ടി ജീവൻ കൈയിൽ പിടിച്ച് കുതിച്ചു പായുന്ന ജലപ്രവാഹത്തിലേക്ക് ചാടുന്നവന്റെ ചങ്കുറപ്പ്. ശത്രുവിനെ തോക്കിനാൽ നിഗ്രഹിക്കുമ്പോൾ Textചീറ്റുന്ന ചോരയിൽ കരളിലെ പക അലിയിച്ചു കളയുന്നവന്റെ മൃഗീയത. പെണ്ണിന്റെ മേനിയിൽ പുളച്ച് പുളച്ച് പൗരുഷത്തിന്റെ കൊടുമുടിയേറുന്നവന്റെ കെട്ടടങ്ങാത്ത കാമത്തിന്റെ പൊറുതി കേടുകൾ. ഇതെല്ലാം കൂടിച്ചേർന്ന കഥാ സന്ദർഭങ്ങളുടെയും കഥാപാത്രങ്ങളുടെയും നഗ്നമായ അഴിഞ്ഞാട്ടങ്ങളുടെ കഥയാണ് കെ.എൻ പ്രശാന്ത് പറയുന്നത്. നോവലിലെങ്ങും വിന്യസിച്ചിരിക്കുന്ന അനേകം കഥാപാത്രങ്ങളുണ്ടെങ്കിലും കഥാ സന്ദർഭങ്ങളെ ഒന്നു കുറുക്കിയെടുത്താൽ ഇത് കാട്ടുകള്ളനായ ശേഖരന്റെയും എതിരാളിയായ മാധവന്റെയും പ്രതികാരത്തിന്റെയും പകയുടെയും കഥയാണ് എന്ന് പറയാം.

ഒരു സിനിമ നിർമ്മിക്കാനുള്ള കഥയ്ക്കായി കരിമ്പുനത്തിന്റെ ചരിത്രം തേടിപ്പോവുന്ന നായകൻ എത്തിച്ചേരുന്ന ഇടങ്ങളും കണ്ടെത്തുന്ന കഥകളും കഥാപാത്രങ്ങളും ജീവിതാവസ്ഥകളുമാണ് നോവലിലെ ഇതിവൃത്തം. ഈ കഥാപാത്രമടക്കം ആരിലും ആദർശത്തിന്റെയോ നൈതികതയുടെയോ ഭാരങ്ങളൊന്നും നോവലിസ്റ്റ് കെട്ടിവെക്കുന്നില്ല. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ദൗർബല്യങ്ങളില്ലാത്ത, പാപികളല്ലാത്ത ഒരു മനുഷ്യനും കഥാപാത്രമാവുന്നുമില്ല. അവനവന്റെ നേട്ടങ്ങൾക്കും ശരികൾക്കും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരുടെ നാടാണ് കരിമ്പുനം. വെട്ടിയെടുത്തിട്ടായാലും ഒറ്റുകൊടുത്തിട്ടായാലും വഴങ്ങിക്കൊടുത്തിട്ടായാലും അവരത് നേടിയിരിക്കും. ശേഖരനും മാധവനും ഗണേശനും അമ്പൂട്ടിയും അഡ്രുവും സോമപ്പനായ്ക്കനും ഒറ്റക്കയ്യൻ മാത്യുവും കർത്തമ്പുവും ജന്മിയായ പടിയത്ത് രൈരുനായരും കാന്തനും കരിയനും മാലിംഗനുമടക്കം ഈ നോവലിലെ എണ്ണമറ്റ കഥാപാത്രങ്ങളെല്ലാം കരിമ്പുനത്തിന്റെ ഈ വീറിൽ പുളച്ചുമദിക്കുന്നത് കാട് അവരിൽ അത്രമാത്രം ബാധിച്ചതു കൊണ്ടു തന്നെയാണ്. അങ്ങനെ ബാധിക്കാതെ പോയവരുണ്ടെങ്കിൽ അത് ഇതിലെ സ്ത്രീ കഥാപാത്രങ്ങളാണ്. ചിരുതയും പാർവ്വതിയും രമ്യയുമടങ്ങുന്ന നാട്ടു വേശ്യാ പരമ്പരയ്ക്ക് അവരുടെ ശരീരമാണ് ലോകം. അതിനപ്പുറം ഒന്നും അവർ മുഖവിലയ്ക്കെടുക്കുന്നില്ല. അത് വേണ്ടവർക്ക് വേണ്ടപ്പോൾ പക്ഷഭേദം കൂടാതെ സമർപ്പിച്ചും റാക്ക് വാറ്റി കൂടിച്ചും കുടിപ്പിച്ചും അവർ നാടിന്റെ രതിയിടങ്ങളായി മാറിയപ്പോൾ അതേ ദേശത്ത് തന്നെ ശേഖരനും സോമപ്പനും നടത്തിയ ക്രൂരമായ രതിയുടെ അധിനിവേശത്താൽ ജീവിതത്തിന്റെ ഞാണറ്റുപോയ ശൈലജയും ശാന്തയും ദേശത്തിന്റെ ഭൂമണ്ഡലത്തിൽ കറുത്ത പുള്ളികളായി മാറുന്നതും നോവലിൽ കാണാം.

‘ഒര ഇയ്യ് ഇൻചി ബെല്ല’ (ഒരിക്കൽ നീ ഇവിടെ വരും) എന്ന തുളു പ്രയോഗം ഈ നോവലിന്റെ സബ്ടൈറ്റിൽ ആയിത്തന്നെ കൊടുക്കാമെന്ന് തോന്നി. പക മുറ്റിയ മനസ്സുകൾ അവിടെ നിരന്തരമായി ആവർത്തിക്കുന്ന ജല്പനമാണ് അത്. ആ തിരിച്ചു വരവിനായിട്ടാണ് അവർ പ്രതികാര വീറോടെ കാത്തിരിക്കുന്നത്. മനുഷ്യർ മാത്രമല്ല, കാടു പോലും ചിലപ്പോൾ ആ പ്രതികാര ഭാവം കാണിക്കുന്നുണ്ട്.

പൊനം എന്ന നോവലിനെക്കുറിച്ച് പറഞ്ഞു പോകുമ്പോള്‍ അതിലെ ഭാഷയെക്കുറിച്ച് പറയാതെ പോവുക വയ്യ. വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സങ്കര മലയാളത്തിന്റെ ഒരു മ്യൂസിയമാണ് ഈ നോവല്‍. തുളുവിന്റെ പ്രദര്‍ശന ഇടവും. വടക്കന്‍ കേരളത്തിന്റെ ഭാഷാ പഠനത്തില്‍ ഒരു ഭാവിയില്‍ ഒരു റഫറന്‍സ് ഗ്രന്ഥമായി എടുക്കാവുന്ന കൃതിയായി മാറും ഇത് എന്ന് നോവല്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിപ്പോയി. താഴെക്കാണുന്ന ഭാഗം ഒന്നു നോക്കൂ… ‘ദനി ചാവ്ന്നത് മാത്രം ഞാന് കണ്ടിറ്റില്ല. ഓറ് ചാവുന്നേന് മുന്നം ഞാന് ചത്തിറ്റ്വല്ല. വട്ടി കീറി കൊടല് പൊറത്ത്ട്ടിറ്റ്വല്ല. സുരങ്കം കുത്തി വെള്ളം വെര്ത്ത്‌ന്നോന്റെ വിത്തു പൊട്ടി മൊളക്കുംന്ന് എനിക്കറിയാ എന്റെ ഊര് മൂപ്പാ.. ആ വിത്ത് അന്തകനാകുംന്ന് എനക്കറിയാ മൂപ്പാ ..ഞാനൊരടിമയല്ലേ . യജമാനര് ചൊല്ലിയത് ഞാന് ചെയ്ത് . വേറെന്താക്കീന് ഞാന്’ ഈ ഭാഷയൊക്കെ കൈ മോശം വരാതെ സൂക്ഷിക്കാന്‍ നമുക്ക് ഇത്തരം നല്ല എഴുത്തുകാര്‍ മാത്രമേയുള്ളു. മാനക ഭാഷയുടെ കടന്നുകയറ്റത്തില്‍ നമ്മുടെ നാട്ടുഭാഷകള്‍ നിരന്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുന്ന കാലത്ത് കെ.എന്‍ പ്രശാന്തിന്റെ ‘പൊനം ‘ ഫലപ്രദമായ ഒരു പ്രതിരോധമാവുന്നുണ്ട് എന്നതും കൂടി ഈ നോവലിന്റെ മേന്മയായി എടുത്തു പറയേണ്ടിയിരിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.