DCBOOKS
Malayalam News Literature Website

വിവര്‍ത്തകന്റെ മുഖവുര

മാങ്ങാട് രത്‌നാകരന്‍

പ്രവചിക്കപ്പെട്ട ഒരു വിവര്‍ത്തനത്തിന്റെ പുരാവൃത്തമാണോ ഇത്? അല്ല. എം.ടി. വാസുദേവന്‍ നായര്‍ മലയാളികള്‍ക്കു പരിചയപ്പെടുത്തിയ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് നൊബേല്‍ സമ്മാനിതനായ വര്‍ഷത്തില്‍ത്തന്നെ വായിക്കുമ്പോള്‍, ഒരുനാള്‍ മാര്‍കേസിന്റെ മകന്റെ പുസ്തകം വിവര്‍ത്തനം ചെയ്യുമെന്ന് വിദൂര സ്വപ്നത്തില്‍പ്പോലും വിചാരിച്ചതല്ല. അപ്പോള്‍, ഇതൊരു മാര്‍കേസ് തിരിവാണ്. മാന്ത്രികമായ തിരിവ്! എനിക്കോര്‍മ്മയുണ്ട്, ശശിമാഷെ (എന്‍. ശശിധരന്‍) കാണാനായി കാസര്‍കോട്ടെ,മകൊണ്ടൊ മണമുള്ള കാടകം എന്ന ഗ്രാമത്തിലേക്ക് ഒരു ബിരുദവിദ്യാര്‍ത്ഥിയുടെ തീര്‍ത്ഥാടനങ്ങള്‍. അങ്ങനെയൊരു ദിവസം ശശിമാഷ്, ഏകാന്തത മടിയില്‍ വച്ച്, ഓര്‍മ്മയില്‍നിന്നു
വായിച്ചു:

Many years later as he faced the firing squad Colonel Aureliano Buendia was to remember that distant afternoon when his father took
him to discover ice. At that time Macondo was a village of twenty adobe houses, built on the river of clear water that ran along the bed of polished stones, which were white and enormous like prehistoric eggs…

അതെ, നാല്പതുവര്‍ഷം മുമ്പാണ്. ഈയിടെ, സ്‌പെയിനില്‍ താമസിക്കുന്ന എന്റെ സുഹൃത്തും എഴുത്തുകാരിയുമായ ഹരിത സാവിത്രി നാട്ടില്‍ വന്നപ്പോള്‍ ഏകാന്തത എഴുതിയ ഭാഷയില്‍ത്തന്നെയുള്ള കമനീയമായ പതിപ്പ് കൊണ്ടുവന്നു-സിയെന്‍ ആഞ്ഞോസ് ദി സൊളിദാദ്. നോവലിന്റെ ആദ്യവാചകം കൗതുകത്തോടെ വായിച്ചു, ഒരു മന്ത്രത്തിന്റെ മുഴക്കത്തോടെ.

Muchos anos despues, frente al peloton de fusilamiento, el coronel Aureliano Buendia habia de recordar aquella tarde remota en que su padre lo llevo a conocer el hielo…

സ്പാനിഷില്‍ വളരെക്കുറച്ചു വാക്കുകള്‍ മാത്രമേ എനിക്കറിഞ്ഞുകൂടൂ, എങ്കിലെന്ത്? അതിന്റെ ‘ഒരിത്’ പ്രസരിച്ചു! അത്രയ്ക്കും ഗാഢമായിരുന്നു മാര്‍കേസ് പ്രേമം. ഇംഗ്ലിഷില്‍ വന്ന, മാര്‍കേസിന്റെ രചനകളും മാര്‍കേസിനെക്കുറിച്ചുള്ള രചനകളും മുറയ്ക്ക് വാങ്ങിച്ചു, വായിച്ചു, പലതിനെക്കുറിച്ചും എഴുതി. ചിലതെല്ലാം വിവര്‍ത്തനം ചെയ്തു. അതെല്ലാം ചേര്‍ത്ത്, എന്റെ മാര്‍കേസ് ജീവിതം എന്നൊരു പുസ്തകം വരാനിരിക്കുന്നു.

Textഇരുപത്തിരണ്ടു വര്‍ഷം മുമ്പ് (2000 സെപ്തംബര്‍), മാര്‍കേസ് മാരകമായ അസുഖം ബാധിച്ച് കിടപ്പിലാണെന്ന വാര്‍ത്തയും മാര്‍കേസിന്റെ പേരില്‍ ഒരു വിലാപകവിതയും പ്രചരിച്ചപ്പോള്‍, കോഴിക്കോട്ടിരുന്നു സങ്കടപ്പെട്ടു. എന്റെകൂടി മുന്‍കൈയില്‍, ഞങ്ങള്‍ സുഹൃത്തുക്കള്‍ ‘രോഗശാന്തി പ്രാര്‍ത്ഥന’യ്ക്കായി അളകാപുരിയില്‍ ഒത്തുചേര്‍ന്നു. കെ.ടി. മുഹമ്മദ്, സി.വി. ശ്രീരാമന്‍, എന്‍. ശശിധരന്‍, എ. അയ്യപ്പന്‍, ജോയ് മാത്യു, എ. സോമന്‍, ടി.പി. രാജീവന്‍ എന്നിവരുടെ സാന്നിധ്യമുണ്ടായിരുന്നു. ഈയിടെ നമ്മെ വിട്ടുപോയ എ. സഹദേവനും ഉണ്ടായിരുന്നു. സഹദേവന്‍, മാര്‍കേസ് ലോസ് ആഞ്ചലസില്‍ നടത്തിയ, ‘പത്രപ്രവര്‍ത്തനം ലോകത്തിലെ ഏറ്റവും മികച്ച തൊഴില്‍’ എന്ന പ്രസംഗത്തെക്കുറിച്ചാണു സംസാരിച്ചത്. എം.ടി. വാസുദേവന്‍ നായര്‍ ചികിത്സയിലായിരുന്നതിനാല്‍ വരാനാവില്ലെന്ന് അറിയിച്ച്, ‘ഫലം കാണട്ടെ,’ എന്ന് ആശംസിച്ചിരുന്നു. മാര്‍കേസ് മരിച്ചപ്പോള്‍ എഴുതിയ കുറിപ്പിലും ചില അഭിമുഖങ്ങളിലും എം.ടി. ഈയൊരു കൂടിച്ചേരലിനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു. ഇരുനൂറോളം മാര്‍കേസ് വായനക്കാര്‍ ആ ചടങ്ങിന് ഒത്തുകൂടിയിരുന്നു.

മാര്‍കേസിന്റെ പേരില്‍ പ്രചരിച്ച കവിത വ്യാജമായിരുന്നുവെങ്കിലും തലേ വര്‍ഷംതന്നെ (1999) അദ്ദേഹത്തിന് ലിംഫാറ്റിക് അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. അതിനോടു പടവെട്ടിക്കൊണ്ടാണ് ആത്മകഥയും (ലിവിംഗ് ടു ടെല്‍ ദ് ടെയ്ല്‍) അവസാന നോവലും (മെമ്മറീസ് ഓഫ് മൈ മെലങ്കളി വോര്‍സ്) എഴുതിയത്. അതിനുശേഷം മറവിരോഗത്തിനു കീഴ്‌പ്പെട്ടു. മാര്‍കേസിന്റെ മകന്‍ റോദ്രീഗോ ഗാര്‍സിയയുടെ ഓര്‍മ്മക്കുറിപ്പുകള്‍ അച്ഛന്റെയും അമ്മയുടെയും സായന്തനത്തെക്കുറിച്ചാണ്, ഇരുവരുടെയും മരണത്തെക്കുറിച്ചാണ്. സൂക്ഷ്മമായും വിശദമായും റോദ്രീഗോ അതു രേഖപ്പെടുത്തുന്നു. കൗതുകകരമായ സംഗതി, റോദ്രീഗോ മാതൃഭാഷയിലല്ല, ഇംഗ്ലിഷിലാണ് ഈ പുസ്തകം എഴുതിയത് എന്നതാണ്. ആ ഇംഗ്ലിഷ് കുറച്ചു ക്ലിഷ്ടമായിട്ടാണ് എനിക്കു തോന്നിയത്. ‘അമേരിക്കന്‍ ഇംഗ്ലിഷി’ന്റെ ശൈലീവിശേഷങ്ങളും പ്രയോഗങ്ങളും സര്‍വ്വത്ര. അവ ‘മലയാളത്തിലാക്കാ’നായി വഴികാണാതെ തപ്പിത്തടഞ്ഞപ്പോള്‍ രക്ഷയ്‌ക്കെത്തിയത്, അമേരിക്കന്‍ സാഹിത്യത്തില്‍ നിഷ്ണാതനായ എന്റെ പ്രിയ സുഹൃത്തും നല്ല വായനക്കാരനും എഴുത്തുകാരനും വിവര്‍ത്തകനുമായ സച്ചു തോമസാണ്. അതില്‍ തീരുന്നില്ല സച്ചുവിനോടുള്ള കടപ്പാട്. ചുരുക്കിപ്പറഞ്ഞാല്‍, സച്ചു കൂടെയില്ലായിരുന്നുവെങ്കില്‍ ഈ വിവര്‍ത്തനം പൂര്‍ത്തീകരിക്കാനാവുമായിരുന്നില്ല.

വിവര്‍ത്തനത്തിനിടെ രസകരമായ ഒരു ‘സംഭവവികാസ’മുണ്ടായി. മാര്‍കേസ് മരിച്ചത് പെസഹാവ്യാഴം നാളിലായിരുന്നു. (2014 ഏപ്രില്‍ 17) ഏകാന്തതയിലെ ഇതിഹാസനായിക ഉര്‍സുല ഇഗ്വറന്‍ മരിച്ച അതേ ദിവസം. റോദ്രീഗോ അക്കാര്യം വിശദമായി എഴുതുന്നുണ്ട്. (അധ്യായം: 22) ഏകാന്തതയിലെ ഏതാണ്ടെല്ലാ സന്ദര്‍ഭങ്ങളും ഹൃദിസ്ഥമായതിനാല്‍, ഉര്‍സുല ദുഃഖവെള്ളിനാളിലാണല്ലോ മരിച്ചത് എന്നോര്‍മ്മിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച വിവര്‍ത്തകരിലൊരാളും മാര്‍കേസിനെ സംബന്ധിച്ച് ‘മൂലകൃതിയെക്കാള്‍ കേമമായി’ ഏകാന്തത
വിവര്‍ത്തനം ചെയ്ത മഹാനുഭാവനുമായ ഗ്രഗറി റബാസയ്ക്ക് പിഴവുപറ്റാനോ? ഏകാന്തതയുടെ ഇംഗ്ലിഷ് പരിശോധിച്ചു.

“They found her dead on the morning of Good Friday’ എന്ന് റബാസ. Amancio muertael jueves santo എന്ന് മാര്‍കേസ്. റബാസ തിടുക്കത്തില്‍ ഒരു ദിവസം നീട്ടിക്കൊടുത്തു! ഈ പിഴവ് ഇതിനു മുമ്പ് ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍, അതിന്റെ ‘ക്രെഡിറ്റ്’ എനിക്കിരിക്കട്ടെ!

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.