DCBOOKS
Malayalam News Literature Website

‘പൊനം’; മനുഷ്യരുടെ ചോരക്കൊതിയുടേയും പകയുടേയും രതിയുടേയും കഥ

കെ.എന്‍.പ്രശാന്തിന്റെ ‘പൊനം’ എന്ന നോവലിന് ജയേഷ് വരയിൽ എഴുതിയ വായനാനുഭവം

പക കത്തിത്തീരും മുമ്പേ എതിരേ ഉള്ളോന്റെ ശവം കത്തിത്തീരണം. അല്ലെങ്കി പഴകുന്തോറും പറങ്കിമാങ്ങാറാക്ക് പോലെ അയ്‌ന്റെ വീര്യം കൂടും. നമ്മുടെ ഇതിഹാസങ്ങളെപ്പോലെ പൊനവും കരിമ്പുനത്തെ ‘മനുഷ്യരുടെ ചോരക്കൊതിയുടേയും പകയുടേയും രതിയുടേയും കഥയാണ് പറയുന്നത്. പകയുടെ പ്രതിരൂപമായ അശ്വത്ഥാമാവിനെ ചിരഞ്ജീവിയാക്കിയ വ്യാസന്‍ ഈ കാലം മുന്‍കൂട്ടി കണ്ടിരുന്നു. കാസര്‍ഗോഡന്‍ മലയോര ഗ്രാമമായ കരിമ്പുനത്തിലെ മനുഷ്യരുടെ ഏറെക്കാലത്തെ ചരിത്രമാണ് ഈ നോവല്‍ .ഗവേഷണത്തിന്റേയും ജോലിയുടേയും ഭാഗമായി ഞാന്‍ ഏറെ നടന്ന വഴികളാണ് നോവലിലുള്ളത് എന്നത് കൂടിയാണ് ഈ നോവല്‍ ഏറെ പ്രിയങ്കരമാക്കുന്നത്. ഈശ്വരമംഗല, ഗ്വാളിമുഖ, സുള്ള്യ, ജാല്‍സൂര്‍, പഞ്ചിക്കല്‍, കരിച്ചേരി, മുള്ളേരിയ ,അഡൂര്‍ എന്നിവിടങ്ങളിലെല്ലാം ഞാന്‍ നടന്ന വഴികളുണ്ട്. കോഴിയങ്കവും ബപ്പിടലും റാക്കു കാച്ചലുമെല്ലാം ഇവിടെ നിയമ വിധേയമാണെന്ന് പറയാം.പാര്‍ട്ടിക്കാര്‍ പോലും രഹസ്യമായി കോഴിയേയുമെടുത്ത് അങ്കത്തിന് പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

സിനിമാക്കഥ എഴുതാന്‍ വന്ന ആഖ്യാതാവിനോട് കരിയനും പാര്‍വ്വതിയുമാണ് കരിമ്പുനത്തിന്റെ ചരിത്രം Textപറയുന്നത്. ഈ നാട്ടുകാരുടെ ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത രണ്ടു വസ്തുക്കളാണ് റാക്കും തോക്കും. നോവലിലെ രണ്ടു ഭാഗങ്ങള്‍ക്ക് ആ പേര് നല്‍കിയത് തികച്ചും ഉചിതമാണ്. ഉച്ചിര, ചിരുത, പാര്‍വ്വതി, രമ്യ എന്നീ നാലു തലമുറയില്‍പ്പെട്ട സ്ത്രീകളുടെ റാക്കു കാച്ചലിന്റേയും രതിയുടേയും കഥയാണ് ഒന്നാം ഭാഗം. എല്ലാ മനുഷ്യരേയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന വന സൗന്ദര്യം പോലെ അവര്‍ കരിമ്പുനത്തിലെ ആണധികാരങ്ങളെ സൗന്ദര്യം കൊണ്ട്തങ്ങളുടെ വരുതിയിലാക്കുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു. തോക്കുമായി വന്നവര്‍ക്ക് പോലും ശരീരം സ്വകാര്യ സ്വത്തായി നല്‍കാതെ തങ്ങളുടെ ശരീരവും അതിന്റെ ആനന്ദവും തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

കുരുക്ഷേത്രം പോലെ കരിമ്പുനവും ഒരു യുദ്ധഭൂമിയാണെന്ന് തോക്ക് എന്ന രണ്ടാംഭാഗം പറയുന്നു. പക്ഷേ ഇവിടെ നന്മതിന്മകളോ ധര്‍മ്മാധര്‍മ്മങ്ങളോ അല്ല ഏറ്റുമുട്ടുന്നത്. ഒരു ഭാഗത്ത് രൈരു നായരും അമ്പൂട്ടിയും ശേഖരനും ഗണേശനും സോമപ്പ നായ്ക്കും അണിനിരക്കുമ്പോള്‍ മറുഭാഗത്ത് കറുത്തമ്പു, മാധവന്‍, മാലിംഗന്‍, കാന്ത എന്നിവരും അണിനിരക്കുന്നു. ഇവരുടെ ജീവിത കഥയോടൊപ്പം ഉപകഥകളുടെ സമൃദ്ധിയും നോവലിനെ മികച്ച വായനാനുഭവമാക്കുന്നു. മണ്ണിനോ പെണ്ണിനോ വേണ്ടി നടന്ന എല്ലാ യുദ്ധങ്ങളേയും പോലെ കരിമ്പുനത്തിലെ യുദ്ധവും ദുരന്തപര്യവസായി തന്നെ ഒടുങ്ങുന്നു .നോവലിലെ കഥാപാത്രമായ പാര്‍വ്വതി പറയുന്നതുപോലെ പക അതാത് കാലത്ത് കെട്ടടങ്ങിയില്ലെങ്കില്‍ പുതിയ തലമുറയും അതിന്റെ ഇരകളാകേണ്ടി വരും എന്നോര്‍മ്മിപ്പിച്ചു കൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്.

സപ്ത ഭാഷാ സംഗമഭൂമിയായ ഈ പ്രദേശത്തെ മനുഷ്യരുടെ വാമൊഴി എന്നെ ഏറെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഖസാക്കിലെ ഭാഷ പോലെ കണ്ടാണിശേരിയിലെ ഭാഷ പോലെ തീയൂരിലെ ഭാഷ പോലെ പെരമ്പാടിയിലെ ഭാഷ പോലെ കരിമ്പുനത്തെ ഭാഷയും സാഹിത്യ ലോകത്തില്‍ അടയാളപ്പെടുത്തപ്പെടും.. ഭാഷയുടെ ഈ വന്യ സൗന്ദര്യം കൂടിയാണ് ഈ നോവല്‍ വീണ്ടും വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.