DCBOOKS
Malayalam News Literature Website

പി.കെ.പാറക്കടവിന്റെ കഥകളിലെ രാഷ്ട്രീയ വായന

Parakkadavu

എഴുത്തിന്റെ രീതിശാസ്ത്രത്തെ നിർണ്ണയിക്കുന്നത് അതിലെ സാമൂഹികമായ ഇടപെടലാണ്. എഴുത്തുകാരൻ തന്റെ ആശയാവിഷ്ക്കാരത്തിന് തെരഞ്ഞെടുക്കുന്ന മാർഗ്ഗങ്ങൾ അതിനൊരുരിക്കലും വിഘാതം സൃഷ്ടിക്കാറുമില്ല. കവിത, ചെറുകഥ, മിനിക്കഥ, നോവൽ തുടങ്ങിയ എഴുത്തിന്റെ ആവിഷ്ക്കാര രീതികൾക്ക് അതിന്റേതായ സാധ്യതകളും പരിമിതികളും ഉണ്ട്. ഒരു വിഷയത്തെ നോവലിലൂടെ പറയാൻ പറ്റുന്ന സാധ്യതയല്ല അത് ചെറുകഥയിൽ എത്തുമ്പോൾ ഉണ്ടാവുന്നത്.അവിടെ ഭാവനയുടെ ആവിഷ്ക്കാരത്തിന് സ്വഭാവികമായ പരിമിതി ഉണ്ടാവുകയാണ്. ചെറുകഥയിൽ നിന്നും അത് മിനിക്കഥയിൽ എത്തുമ്പോൾ അതിന്റെ പരിമിതി വീണ്ടും ചെറുതാവുന്നു. എന്നാൽ ചെറുകഥയിലൂടെ

വിശാലമായി പറയേണ്ട ആശയങ്ങളെ കുറുക്കിയെടുത്ത വാക്കുകളിലൂടെ അവതരിപ്പിക്കാൻ കഴിയുന്നു എന്നതാണ് മിനിക്കഥയെ എക്കാലത്തും വായനക്കാരൻ ഇഷ്ടപ്പെടാൻ കാരണം.മലയാളത്തിൽ ഇങ്ങനെ മിനിക്കഥയിലൂടെ തന്റെ നിലപാടുകളും സാമൂഹ്യവസ്ഥകളുടെ ഭഗഭേദങ്ങളും ആവിഷ്ക്കരിക്കുന്ന എഴുത്തുകാരനാണ് പി കെ പാറക്കടവ്. പറയാനുള്ളത് എത്രയും ചുരുക്കി പറയുമ്പോൾ അതിലൊരു നിലപാട് ഉണ്ടാവുക എന്നതാണ് എഴുത്തിന്റെ രാഷ്ട്രീയം. പാറക്കടവിന്റെ കഥകളിലെ രാഷ്ട്രീയം പ്രത്യക്ഷത്തിലുള്ള പ്രകടനപരതയല്ല. നല്ല രീതിയിലുള്ള ചിന്തയും ബോധവും അത് ആവശ്യപ്പെടുന്നുണ്ട്. നീതി എന്ന കഥയുടെ വായന ഇങ്ങനെയാണ്.

“ആദ്യം കുഞ്ഞിന്റെ ചോറ്റുപാത്രം ഞങ്ങളെടുത്തു.സോമാലിയയിൽ പട്ടിണിയാണ്.
ഭക്ഷണം കഴിക്കാതെ ജിവിക്കാൻ ഇപ്പോഴെ പഠിക്കേണ്ടേ? പിന്നെ കുഞ്ഞിന്റെ കളിപ്പട്ടങ്ങൾ ഞങ്ങൾ കവർന്നു. വളരുമ്പോൾ ഈ കളിപ്പാട്ടങ്ങൾ അവർ ആയുധമാക്കുമെന്ന് മനശാസ്ത്രജ്ഞർ. അവസാനം അവന്റെ അമ്മയെയും അച്ഛനെയും ഞങ്ങൾ കൊന്നു. സ്വന്തം കാലിൽ നിൽക്കാൻ അവർ പഠിക്കേണ്ടേ? എന്നിട്ട് അവൻ വാവിട്ട് നിലവിളിച്ചപ്പോൾ ഞങ്ങളുടെ ഉറക്കം കളഞ്ഞതിന് അവനെതിരെ ഞങ്ങൾ കേസെടുത്തു”.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

എങ്ങനെയാണ് പുതിയ കാല ജീവിതത്തിൽ അധികാര വർഗ്ഗത്തിന്റെ അധീശത്വ ഉപകരണങ്ങൾ സിവിലിയൻ ജനതക്ക് മുകളിൽ പ്രയാഗിക്കപ്പെടുന്നതെന്നും അതിന്റെ ഉപയോഗരീതികളും ഈ കഥ പറഞ്ഞു തരുന്നു. ആഗോളാടിസ്ഥാനത്തിൽ രൂപപ്പെട്ടു വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ എഴുത്തിന്റെ ഇട്ട വട്ടത്തിന് പുറത്തേക്ക് എടുത്ത് ചാടുമ്പോൾ Textഅതുണ്ടാക്കുന്ന പ്രതികരണങ്ങൾ ചെറുതല്ല. എഴുത്തുകാർ ഭരണകൂടത്തിന്റെ വിമർശരാക്കുമ്പോൾ അധികാരത്തിന്റെ ഇരിപ്പിടങ്ങൾക്ക് ഇളക്കം തട്ടുക ചരിത്ര നിയോഗം തന്നെയാണ്.അത് കൊണ്ടാണ് ഡോ: കൽബുർഗി, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ തുടങ്ങിയ എഴുത്തുകാർക്ക് വെടിയുണ്ടകൾ ഏറ്റു വാങ്ങേണ്ടി വന്നത്. അതിനു കാരണം എഴുത്തിന്റെ ശക്തിയാണ്. അതുണ്ടാക്കുന്ന പ്രതികരണമാണ്. പി.കെ.യുടെ ‘തൂലിക’ എന്ന കഥ എഴുത്തിന്റെ രാഷ്ട്രീയ മൂർച്ചയെ കാണിക്കുന്നതാണ്.
പച്ചക്കറി അരിയുന്നതിനിടയിൽ അടുക്കളയിൽ നിന്ന് ഭാര്യ അയാളോട് വിളിച്ചു പറഞ്ഞു:
“ഈ കത്തിക്ക് തീരെ മൂർച്ചയില്ല”. പഠന മുറിയിൽ നിന്നിറങ്ങി വന്ന് അയാൾ സ്വന്തം പേന അവൾക്ക് നൽകി.

‘ആവിഷ്ക്കാര സ്വാതന്ത്ര്യം’ എന്ന കഥയിൽ എങ്ങനെയാണ് എഴുത്തുകാർ അധികാര വർഗ്ഗത്തോട് സമരസപ്പെട്ട് ജീവിക്കുന്നത് എന്ന് അവതരിപ്പിക്കുന്നു.ഇത് ചെറുകഥയുടെയോ നോവലിന്റെയോ വീശാലതയിലേക്ക് ഉയർത്തിക്കൊണ്ടുവരാവുന്ന ആശയമാണ്. അതിനെ തന്റേതായ കുറുക്കത്തിലേക്ക് ആവാഹിച്ചെടുത്തപ്പോൾ കഥ ഇങ്ങനെയായി തീരുന്നു.
കഴുത്തിൽ നിന്ന് തല ഊരിവെച്ച് ഓരോരുത്തരായി അകത്തു കടന്നു… അധികാരത്തിന്റെ ദണ്ഡുമായി അയാൾ എല്ലാവരോടും പറഞ്ഞു: “നിങ്ങളുടെ നാവുകളെയാരും ഉറക്കിക്കിടത്തിയിട്ടില്ല. നിങ്ങളുടെ കരങ്ങളെയാരും കെട്ടിയിട്ടിട്ടില്ല. എന്തും എഴുതാനും പറയാനുമുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക്. തലയില്ലാതെ കഴുത്തുകളാട്ടി അവർ പ്രതികരിച്ചു. പിന്നെ പുറത്തിറങ്ങുമ്പോൾ അവർ പരസ്പരം പറഞ്ഞു; “എഴുത്തിനേക്കാൾ വലുത് കഴുത്തു തന്നെ.”

ഭരണകൂട അധികാരങ്ങൾക്കിടയിൽ ധീരമായി ചെറുത്ത് നിൽക്കാൻ കഴിയാത്തവർക്ക് തല “അവർക്ക്” ഊരിക്കൊടുത്ത് ജീവിക്കാം എന്നത് വർത്തമാനകാലത്തിന്റെ കണ്ണാടിയിലേക്ക് നോക്കാൻ എഴുത്തുക്കാരെ പ്രേരിപ്പിക്കുന്നതാണ്. നമ്മുടെ പൊതുബോധം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ചില രീതികൾ എങ്ങനെയാണ് മനുഷ്യരെ വിഭാഗീയമായി മാറ്റിയെടുക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ‘വഴികാട്ടി’ എന്ന കഥ.
രാത്രി വിജനമായ വഴിയിലൂടെ ഞാൻ നടന്നു വരികയായിരുന്നു. ആയുധങ്ങളുമായി അവരൊന്നാകെ എന്റെ മേൽ ചാടിവീണു. ആദ്യം അവരെന്റെ കയ്യിലെ വെളിച്ചം ഊതിക്കെടുത്തി. പിന്നെ എന്റെ കണ്ണുകൾ പിഴുതെടുത്തു. അവർ വിജയോന്മാദത്തിൽ ആർത്തട്ടഹസിച്ചു ചിരിക്കുമ്പോൾ ഞാൻ മുകളിലേക്ക് വിരൽ ചൂണ്ടി. അവിടെ ജ്വലിക്കുന്ന ഒരു നക്ഷത്രം. പിന്നെ അവർക്കൊന്നേ ചെയ്യാനുണ്ടായിരുന്നുള്ളൂ. ഭീകരനെന്ന മുദ്ര കുത്തി അവരെന്നെ തല്ലിക്കൊന്നു.

ചിഹ്നവൽക്കരണത്തിലൂടെ മനുഷ്യർക്കിടയിൽ നിർമ്മിച്ചെടുക്കുന്ന വിഭാഗീയത സാമൂഹ്യ ജീവിതാവസ്ഥകളെ അസ്വസ്ഥതപ്പെടുത്തുമ്പോൾ അതിന് കാരണമായ പൊതുബോധത്തിന്റെ പ്രഭവസ്ഥാനത്തെക്കാണ് ‘വഴികാട്ടി’ എന്ന കഥ വായനക്കാരെ കൊണ്ടുപോവുന്നത്. ഇങ്ങനെ നിരവധി കഥകളിൽ പി കെ.സമകാലീന രാഷ്ട്രീയത്തിന്റെ വിവിധ അവസ്ഥകളെ അതിപ്രസരമില്ലാതെ അവതരിപ്പിക്കുന്നുണ്ട്.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

‘ചോദ്യം’ എന്ന എട്ട് വരി മാത്രമുള്ള കഥ സ്വന്തം ദാരിദ്ര്യത്തിന്റെ നടുവിൽ നിന്ന് കൊണ്ട് നടക്കുമ്പോൾ ഉടുക്കാനും കിടക്കുമ്പോൾ പുതയ്ക്കാനുമുള്ള കീറ തുണിയെ എങ്ങനെ ആത്മാഭിമാനത്തിന്റെ പതാകയാക്കി ഉയർത്തുക എന്ന് ചോദിക്കുന്നുണ്ട്. മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങൾ പോലും നിറവേറ്റപ്പെടാത്തകാലത്ത് ദേശീയത, ദേശീയപതാക തുടങ്ങിയ സൂചകങ്ങളുടെ അർത്ഥരാഹിത്യം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. ‘മണ്ണിരയും പാമ്പും’ എന്ന കഥയാകട്ടെ ഇര വാദത്തിന്റെ യുക്തിയിലേക്കാണ് വായനക്കാരന്റെ ശ്രദ്ധ ക്ഷണിക്കുന്നത്. “മണ്ണിര പാർക്കുന്നത് മണ്ണിനുള്ളിൽ. അണ്ടർ ഗ്രൗണ്ട്. അൽഖായിദയുമായി ബന്ധമില്ലെന്ന് ആരറിഞ്ഞു. അത് കൊണ്ട് മണ്ണിരയെ വെടിവെച്ച് കൊല്ലുക..” ഇങ്ങനെ ആൾ ക്കുട്ട പൊതുബോധത്തിന്റെ ഭാഗമായി ഉണ്ടാക്കിത്തീർക്കുന്ന ധാരണകളെ, തീർപ്പുകളെ കാച്ചിക്കുറുക്കിയ വാക്കുകൾക്കൊണ്ട് പൊളിച്ചടുക്കുന്ന കൊച്ചു കഥകൾ അധികമൊന്നും മലയാളത്തിൽ ഇല്ല.

‘ഹിറ്റ്ലർ ഒരു സസ്യഭുക്കാണ്’ എന്ന കഥയിൽ ഹിറ്റ്ലറുടെ മുന്നിലെ ഇലയിൽ സസ്യ ഭക്ഷണമാണ്.പക്ഷെ ഇലയുടെ അറ്റത്ത് ജൂതനെ പൊരിച്ച് വെച്ചത് ആരും കണ്ടില്ല എന്നാണ് പി.കെ.എഴുതി തീർത്തത്. ഫാസിസത്തിന്റെ സവർണ്ണ ബോധത്തിൽ അതിന്റെ പ്രചാരകരും പ്രയോക്താക്കളും പുറമേ സസ്യഭുക്കാണെങ്കിലും അപരന്റെ പൊരിച്ച ശരീരം ഭക്ഷിച്ചേ അവർക്ക് ജീവിക്കാൻ പറ്റൂ. ഇത് കാഴ്ചയിലും ഇടപെടലിലും അവർ തന്ത്രപരമായി ഉപയോഗിക്കുന്നതാണ് വർത്തമാനകാല രാഷ്ട്രീയത്തിൽ ഇത്തരം കഥകളെ ഗൗരവമുള്ള വായനക്ക് പാകപ്പെടുത്തുന്നത്.

Textഇത്തിരി നേരത്തെ വായന വായനക്കാരെ ചിന്താപരമായി ഉത്തേജീപ്പിക്കുന്നുണ്ടെങ്കിൽ അതിന് കാരണമായ എഴുത് കാലത്തോട് സംവദിക്കുന്നു എന്നതാണ് വസ്തുത ‘നിലപാടുകൾ’ എന്ന കഥ ആ അർത്ഥത്തിൽ ഉയർന്ന രാഷ്ട്രീയ ബോധം ഉയർത്തിപ്പിടിക്കുന്നുണ്ട്.
“രാവിലെ ഇത്തിരി കാറൽ മാർക്സ് കുടിച്ച് ഇടത്തോട്ട് ചാഞ്ഞു നടന്നു അക്കാദമിയിലൊരിടം; അത്ര മാത്രം. ഉച്ചയ്ക്ക്, അല്പം ഗാന്ധി കഴിച്ചു നല്ലൊരു പൗരനായി റോഡിന്റെ വലതുവശം ചേർന്നു നടന്നു – ഒരു നെഹ്രു ഫെല്ലോഷിപ്പ്; “ഇങ്ങനെ ഏതാനും വരികളിലൂടെ പുർണ്ണമാവുന്ന കഥയിൽ എങ്ങനെയാണ് വ്യക്തികളുടെ നിലപാട് തറ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് മാറുന്നത് എന്ന് ലളിതമായി ആവിഷ്ക്കരിക്കാൻ പാറക്കടവിന് കഴിഞ്ഞിരിക്കുന്നു. ഇങ്ങനെ നിരവധി കഥകൾ പി.കെ. എഴുതിയിട്ടുണ്ട്. ഘോഷയാത്ര, വ്യക്ഷത്തണലിൽ, ചൈന, പ്രതിമകൾ, ചരിത്ര പാഠം തുടങ്ങിയ കഥകളിൽ ദേശീയവും സാർവ്വദേശീയവുമായ സവകാലീന രാഷ്ടീയ പരിസങ്ങളിലേക്ക് വായനക്കാരെ അലോസരപ്പെടുത്താതെ നടത്തിക്കുന്നുണ്ട്- ഇത് എഴുത്തുകാരന്റെ സാമൂഹ്യ വീക്ഷണത്തിന്റെയും നിലപാടിന്റെയും ഭാഗമായി തന്നെ ഉണ്ടായി തീരുന്നതാണ്.

കഥകളിലെ രാഷ്ട്രീയം പോലെ സമ്പന്നമാണ് പാറക്കടവിന്റെ നോവലിലെ രാഷ്ട്രീയവും. അതിന്റെ മികച്ച ഉദാഹരണമാണ് ” ഇടിമിന്നലുകളുടെ പ്രണയം” എന്ന നോവൽ. ഈ നോവൽ കൈകാര്യം ചെയ്യുന്ന വിഷയം പാലസ്തീനിയൻ ജനതയുടെ ജീവിതമാണ്. ആ ജീവിതത്തിന് പറയുന്നുള്ളത് അധിനിവേശത്തിന്റെയും സാമ്രാജ്യത്വ താൽപ്പര്യത്തിന്റെയും രാഷ്ട്രീയമാണ്. അതിനെ എങ്ങനെ ഏറ്റവും ചെറിയ വാക്കുകൾക്കൊണ്ട് വിശാലമായ വായനാ പരിസരങ്ങളിലേക്ക് എത്തിക്കാം എന്നതിൽ ഈ നോവൽ വിജയിച്ചിട്ടുണ്ട്. നോവലിന്റെ തുടക്കത്തിൽ പറയുന്നുണ്ട്- “എവിടെ നിന്നോ കരിഞ്ഞ ജഡങ്ങളുടെ മണം കാറ്റിലൂടെ … മാറത്തടിച്ചുകരയുന്ന ഉമ്മമാർ… പാതയിലൂടെ മുറയിട്ട് കരയുന്ന പ്രായം ചെന്നവർ”. ഇങ്ങനെ കരിഞ്ഞ ജഡങ്ങളുടെ നടുവിൽ പ്രണയത്തിന്റെ തൈ വളരുന്നത് ജീവിതത്തിന്റെ അവസാനിക്കാത്ത പ്രത്യാശയത്തിലേക്കാണ് വായനക്കാരെ നടത്തിക്കുന്നത്. സാമ്രാജത്വത്തിന്റെ പിന്തുണക്കൊണ്ടു അധികാരത്തിന്റെ ഉഗ്രതക്കൊണ്ടും അധിനിവേശ ശക്തികൾ പലസ്തീനിയൻ ജനതയെ നിരന്തരം അടിച്ചമർത്തുന്നത് ആ ജനതയുടെ പോരാട്ടത്തിന്റെ വീര്യത്തെ വല്ലാതെ ചോർത്തിക്കളഞ്ഞിട്ടുണ്ട്. അപ്പോഴും അവർ പരിചയപ്പെട്ട് തിരിഞ്ഞ് ഓടാൻ സാന്നദ്ധ്യമല്ല എന്നാണ് ഈ നോവൽ പറയുന്നത്. അവർക്ക് പ്രതിരോധത്തിന്റെ മതിലുകൾ ഉയർത്താൻ ആയുധങ്ങൾ ഇല്ല. ഉള്ളത് കല്ലുകൾ മാത്രം. കല്ലുകൾക്ക് എങ്ങനെ അധിനിവേശ ശക്തികളോട് പോരാട്ടം സാധ്യമാകും എന്നതാണ് നോവൽ പറഞ്ഞു തരുന്നത്. നോവലിന്റെ തുടക്കം തന്നെ ശഖാവി എന്ന പന്ത്രണ്ട് വയസ്സുകാരന്റെ പ്രതിരോധമാണ്. ഇസ്രയേലി പട്ടാളക്കാരന്റെ വെടിയുണ്ടകൾക്ക് നടുവിലും സ്വന്തം നാടിന്റെ വിമോചന മന്ത്രമാണ് അവനെ ആവേശഭരിതനാക്കുന്നത്. ഇത് നല്ലൊരു രാഷ്ട്രീയ പ്രതിരോധമാണ്.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

പലസ്തീൻ അധിനിവേശത്തിനെതിരെ ലോക മന:സാക്ഷിയെ തട്ടിയുണർത്തിയ യാസർ അറഫാത്തിന്റെ മരണം നോവലിൽ വരുന്നുണ്ട്. ആ മരണം ഒരു ഗുഡാലോചനയുടെ ഭാഗമായിരുന്നു. അത്തരം ഓർമ്മയിൽ അബു അമ്മാർ ഷൗഖി അബിഷക്കറയുടെ കവിത ഓർക്കുന്നുണ്ട്.

“നമ്മൾ കാറ്റുപോലെയുറങ്ങുക
വിപ്ലവത്തിന്റെ കിനാവ്
ഭൂമിയിലെ ഒഴിവ് ദിനങ്ങൾ ഒടുങ്ങിയിരിക്കുന്നു.”

ജീവിതം അതിന്റെ നിസ്സഹായാവസ്ഥയിലേക്കു കൂപ്പു കുത്തുമ്പോൾ ഉയർത്തെഴുനേൽപ്പിന് ശക്തി പകരാൻ വാക്കുകൾ വഴികാട്ടികളാവുകയാണ്. എന്നാൽ ഈ നോവലിന്റെ സവിശേഷത അത് പോരാട്ട ജീവിതത്തിലും പ്രണയത്തിന്റെ ആത്മാവിനെ പൂജിക്കുന്നു എന്നതാണ്.പലസ്തീനിന്റെ മണ്ണിലെ പ്രണയ പൂക്കൾ ചോര വീണ് ചുവക്കുമ്പോൾ അത് പോലും പോരാട്ടത്തിന് ശക്തി പകരുകയാണ്.അവന്റെ മയ്യത്ത് കട്ടിൽ തെരുവിലൂടെ കടന്ന് പോവുമ്പോൾ അലാമീയ തന്നോട് തന്നെ പറയുന്നുണ്ട്. “ആൾക്കൂട്ടം എന്നും അവന് ആഹ്ലാദം പകർന്നിരുന്നു. പെട്ടന്ന് അവൻ മയ്യത്ത് കട്ടിലിൽ നിന്നും ചാടിയിറങ്ങുമെന്നും അവൾക്കു നേരെ വിജയത്തിന്റെ അടയാളമായ രണ്ടു വിരലുകൾ ഉയർത്തിക്കാണിക്കുമെന്നും അവൾ വിശ്വസിച്ചു. ഇവിടെ പ്രണയമാണോ, പോരാട്ടമാണോ മുന്നിൽ എന്ന ചോദ്യത്തിന് ഉത്തരമില്ല. രണ്ടും ഓരേ വഴിയിലൂടെ സഞ്ചരിക്കുകയും ആവശ്യത്തിന് അനുസരിച്ച് അത് സ്ഥലകാലങ്ങൾക്ക് അതീതമായി ഉയർന്നു പൊങ്ങുകയും ചെയ്യുന്നു. അത് കൊണ്ടാണ് ഫർ നാസ് അലിമിയെ ചേർത്ത് പിടിച്ച് പറഞ്ഞത് “ഞാൻ നിന്നെ ഏറെ സ്നേഹിക്കുന്നു. പക്ഷെ; ഫലസ്തീനിനെ നിന്നെക്കാൾ സ്നേഹിക്കുന്നു”.

ഇടിമിന്നലുകളുടെ പ്രണയം പേര് പോലെ തന്നെ പോരാട്ടാങ്ങൾക്ക് നടുവിലെ പ്രണയവും പ്രണയത്തിന് നടുവിലെ പോരാട്ടവുമാവുന്നു. എഴുത്തുക്കാരൻ തന്റെ എഴുത്തിന്റെ രാഷ്ട്രീയത്തെ അവതരിപ്പിക്കുമ്പോൾ അതിനൊരു സൗന്ദര്യാത്മക പരിസരത്തെ നിർമ്മിച്ചെടുക്കുന്നതിൽ വിജയിച്ചാൽ വായന ഏത് അർത്ഥത്തിലും വിജയം നേടുന്നു. ഈ കൊച്ചു നോവൽ നമ്മുടെ വായനക്കിടയിൽ വ്യത്യസ്തമാവുന്നതും അത് കൊണ്ടാണ്.

എല്ലാ കലാസൃഷ്ടിക്ക് പിന്നിലും കലാകാരന്റെ നിലപാടിനാണ് മുൻതൂക്കം. അതാണ് സൃഷ്ടിയെ സമ്പന്നമാകുന്നതും. പി.കെ.പാറക്കടവിന്റെ “വിധി” എന്ന ഏറ്റവും ചെറിയതായ കഥ ഇങ്ങനെയാണ്. “തലയാണു പ്രശ്നം. ജീവിക്കുമ്പോഴും മരിക്കുമ്പോഴും. ആദ്യം പുത്തനാശയങ്ങളുടെ ഒരു തേനീച്ചക്കൂട്. പിന്നെ പറവകൾക്ക് ഒരു കക്കൂസ്, ” ഇങ്ങനെ വർത്തമാനകാല ജീവിതത്തിന്റെ നടുവിലൂടെ പി.കെ.തന്റെ കൊച്ചു കഥകളിലൂടെ വലിയ രാഷ്ട്രീയം പറഞ്ഞുകൊണ്ടെയിരിക്കുന്നു.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

കടപ്പാട്
കാക്ക ത്രൈമാസിക

Comments are closed.