DCBOOKS
Malayalam News Literature Website

വിമാനത്താവളത്തിലെ ആഘോഷം; രജിത് കുമാറിനെതിരെ കേസ്


കൊച്ചി; റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടിച്ചുകൂടിയവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചായിരുന്നു വിമാനത്താവളത്തിലെ ആഘോഷങ്ങള്‍.

മത്സരാര്‍ത്ഥി രജിത് കുമാര്‍ അടക്കം പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് കേസ്. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം എന്ന കര്‍ശന നിര്‍ദ്ദേശം അവഗണിച്ചാണ് ഇന്നലെ രാത്രി വിമാനത്തവാളത്തില്‍ നൂറോളം പേര്‍ തടിച്ചുകൂടിയത്. കൈക്കുഞ്ഞുമായി എത്തിയവര്‍ പോലും പൊലീസിന്റെ നിര്‍ദ്ദേശത്തെ അവഗണിച്ചതോടെയാണ് കേസെടുത്തത്.

ജില്ലാ കലക്ടര്‍ എസ്. സുഹാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .
മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .
#Collector #Ernakulam

 

Comments are closed.