DCBOOKS
Malayalam News Literature Website

കവി എസ് രമേശന്‍ അന്തരിച്ചു

കവി എസ് രമേശന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. പുലര്‍ച്ചെയായിരുന്നു അന്ത്യം. പ്രഭാഷകൻ, സാംസ്കാരിക പ്രവർത്തകൻ, പത്രാധിപർ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറിയുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിർവാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അമരക്കാരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എഴുതി തുടങ്ങി. ശിഥില ചിത്രങ്ങൾ, മല കയറുന്നവർ, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ,കലുഷിത കാലം, കറുത്ത കുറിപ്പുകൾ എസ് രമേശന്റെ കവിതകൾ എന്നിവയാണ് കൃതികള്‍. ചെറുകാട് അവാർഡ്,ശക്തി അവാർഡ്‌,എ പി കളക്കാട്‌ പുരസ്കാരം,മുലൂർ അവാർഡ്‌. ആശാൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാർഡ്, ഫൊക്കാന പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

എസ് എൻ കോളജ് പ്രൊഫസറായിരുന്ന ഡോ. ടി പി ലീലയാണ് ഭാര്യ. ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവർ മക്കളാണ്. മൃതദേഹം രാവിലെ  എട്ട് മണിക്ക് പച്ചാളത്തുള്ള വസതിയില്‍ എത്തിയ്ക്കും. 11 ന് എറണാകുളം ടൗണ്‍ ഹാളില്‍ കൊണ്ടുവരും. രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തിലാണ് സംസ്‌ക്കാരം.

Comments are closed.