DCBOOKS
Malayalam News Literature Website

‘പ്ലാനറ്റ്-9’; പ്രപഞ്ചരഹസ്യങ്ങളിൽ തൽപരരായ എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം!

മായാ കിരണിന്റെ ഏറ്റവും പുതിയ പുസ്തകം ‘പ്ലാനറ്റ്-9’ ന് നിശാന്ത് ശശിധരൻ എഴുതിയ വായനാനുഭവം

യാതൊരു വിധ പ്രത്യേകതകളുമില്ലാത്ത ഒരു കൊച്ചു സിനിമ എന്ന് ലൂസിഫറിന്റെ പ്രചാരണ സമയത്ത് പൃഥ്വിരാജ് പറഞ്ഞത് ഓർമയുള്ളതു കൊണ്ടാവും, ക്രൈമും ഇൻവെസ്റ്റിഗേഷനും ഒന്നുമല്ലാത്ത ഒരു ചെറിയ പുസ്തകം എന്ന് പറഞ്ഞത് എഴുത്തുകാരിയുടെ ‘താഴാഴ്മ’ എന്ന് വിശ്വസിക്കാനേ സാധിച്ചൊള്ളൂ. ബ്രെയിൻ ഗെയിമും, ഭാസ്‌കരപിള്ളയും ഒക്കെ തന്ന അനുഭവം വെച്ചുകൊണ്ട് അതല്ലാതെ വേറെന്തു ചെയ്യാൻ? സ്പേസ് എന്ന മേഖലയിൽ ഒരു ഇന്റർസ്റ്റെല്ലാർ ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ച് മായാ കിരൺ എഴുതിയ ‘പ്ലാനറ്റ് 9’ വായന തുടങ്ങിയതോടെ, സയൻസ് ഫിക്ഷൻ / സ്പേസ് ഫിക്ഷൻ മേഖലയിൽ മലയാള എഴുത്തുകളുടെ മേൽ ഉണ്ടായിരുന്ന Textധാരണയുടെ തലയിൽ കൂടം വെച്ചുള്ള അടിയാണ് കിട്ടിയതെന്ന് പറയാതിരിക്കാൻ പറ്റില്ല. ഭൂമിക്ക് പുറത്തുള്ള ജീവനെകുറിച്ച് ആവേശത്തോടെ അന്വേഷിക്കുന്ന മനുഷ്യരാശി, പക്ഷേ അത്തരം സാന്നിധ്യങ്ങളിൽ ആശങ്കപ്പെടുന്ന കഥകളാണ് നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ളത്. ദൈവങ്ങളെ പോലും മനുഷ്യരൂപത്തിലോ സമാനരൂപത്തിലോ സങ്കൽപിച്ചെടുക്കുന്ന ഭാവനക്ക്, ഭൂമിയെ തേടിയെത്തുന്ന കൂട്ടരെ മറ്റെന്ത് രൂപത്തിൽ സങ്കൽപ്പിച്ചെടുക്കാനാവും? അവരുടെ കൈവശമുള്ള ഏതെല്ലാം ഉപകരണങ്ങൾ / ആയുധങ്ങൾ പ്രതീക്ഷിക്കാനാവും?

ബഹിരാകാശത്തെ കുറിച്ച് ഇന്നുവരെ ലഭ്യമായ അറിവുകളോട് പരമാവധി നീതിപുലർത്തിക്കൊണ്ട്, പുതിയ അറിവുകളെന്ന സങ്കൽപ്പത്തിലേക്ക് പുതിയ രീതിയിൽ അവതരിപ്പിക്കുന്നതിനും, വായനക്കാരെ ആ ഭാവനയിലൂടെ കൊണ്ടുപോകാനും എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും, ബ്രെയിൻ ഗെയിമിലൂടെയും ഭാസ്കരപിള്ള കൊലക്കേസിലൂടെയും മായയുടെ എഴുത്തിനെ ഇഷ്ടപ്പെട്ട എല്ലാവരും പ്ലാനറ്റ് 9 അതേ രീതിയിൽ സ്വീകരിച്ചു കൊള്ളണമെന്നില്ല. ഒരു ക്രൈം ത്രില്ലർ വായനക്ക് വേണ്ടതിലധികം ബൗദ്ധിക വ്യായാമം ആവശ്യപ്പെടുന്ന ഒന്നാണ് പ്ലാനറ്റ് 9. പുസ്തകം ഡിമാൻഡ് ചെയ്യുന്ന വിഭാഗം വായനക്കാരിലേക്ക് പതുക്കെയാണെങ്കിലും കടന്നു ചെല്ലുമെന്നും, മലയാളത്തിൽ ഈ മേഖലയിലെ ഒരു നാഴികക്കല്ലായി പ്ലാനറ്റ് 9 അടയാളപ്പെടുത്തുമെന്നും ഉറപ്പാണ്.

പ്രപഞ്ചരഹസ്യങ്ങളിൽ തൽപരരായ ഓരോ ആളുകൾക്കും മികച്ച ഒരു വായനാനുഭവം പ്രതീക്ഷിച്ചുകൊണ്ട് കൈയ്യിലെടുക്കാവുന്ന പുസ്തകമാണ് പ്ലാനറ്റ് 9. കഥയെക്കുറിച്ച് നിറഞ്ഞ താൽപര്യത്തോടെ ഓരോരുത്തരും വായിക്കണമെന്ന് ആഗ്രഹിക്കുന്നു. പുസ്തകത്തിലെ അവസാന വരികൾ പോലെ, ഇതൊരു തുടക്കമാവട്ടെ…. മലയാളം അധികം പരിചയിച്ചിട്ടില്ലാത്ത മേഖലകളിലേക്ക് പടർന്നു കയറാനുള്ള പ്രചോദനമായി പ്ലാനറ്റ് 9 മുന്നിലുണ്ടാവട്ടെ..

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.