DCBOOKS
Malayalam News Literature Website

കൊടുംവേനലിന്റെ സ്മാരകം

ഇ. സന്തോഷ്‌കുമാര്‍

ചിത്രത്തിന്റെ അവിസ്മരണീയമായ അവസാനരംഗത്ത് ഒരു ചെറിയ ഉറവയില്‍ നിന്നും വളരെ പ്രയാസപ്പെട്ടു ജലം ശേഖരിക്കുന്ന ഒരു വൃദ്ധയെ നാം കാണുന്നു. അവര്‍ കോരിയിട്ടും കോരിയിട്ടും നിറയാത്ത ആ കുടം തന്നെയാണ് വരള്‍ച്ചയുടെ ഏറ്റവും വലിയ ദൃഷ്ടാന്തം. അവരുടെ കുടം നിറഞ്ഞതിനു ശേഷം വെള്ളമെടുക്കാനായി ഒരായുസ്സിന്റെയത്രയും ക്ഷമയോടെ കാത്തിരിക്കുന്ന കുറേ സ്ത്രീകളുടെ ദൃശ്യം അതോടൊപ്പം തന്നെയുണ്ട്. അവര്‍ക്കിടയില്‍ ഗണപതിയുടെ ഭാര്യയും ഉണ്ട്: ഈ വര്‍ഷം ഓസ്‌കാറിനായി നിര്‍ദ്ദേശിക്കപ്പെട്ട ഇന്ത്യന്‍ സിനിമയിലൂടെ ഒരു കഥാകാരന്റെ കാവ്യാത്മകമായ കാഴ്ച്ച.

ഇന്ത്യയില്‍നിന്നും ഈ വര്‍ഷം ഓസ്‌ക്കാറിനായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് ‘കൂഴങ്ങള്‍’ (pebbles -ഉരുളന്‍ കല്ലുകള്‍) എന്ന തമിഴ് സിനിമയാണ്. അതിനുമുമ്പ് റോട്ടര്‍ഡാമിലെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച് അത് ടൈഗര്‍അവാര്‍ഡ് നേടുകയുണ്ടായി. അവിസ്മരണീയമായ ഒരു ദൃശ്യാനുഭവമാണ് ഈ ചലച്ചിത്രം. തന്റെ ആദ്യചിത്രത്തിലൂടെത്തന്നെ പി. എസ് വിനോത് രാജു എന്ന സംവിധായകന് മാധ്യമത്തിന്റെ അപാരമായ സാദ്ധ്യതകളെ ആവിഷ്‌ക്കരിക്കാന്‍ സാധിച്ചിരിക്കുന്നു.

എഴുപതു മിനിട്ടു മാത്രമുള്ള ഒരു ചെറിയ ചിത്രമാണിത്. ആവേശകരമായ ഒരു പ്രമേയമോ കഥയില്‍ നാം പ്രതീക്ഷിക്കുന്ന വഴിത്തിരിവുകളോ ഒന്നുമില്ല. അപൂര്‍വ്വം ചില കഥാപാത്രങ്ങള്‍ മാത്രമേയുള്ളൂ. അവരില്‍ത്തന്നെ താരങ്ങളാരുമില്ല. ഓര്‍മ്മിച്ചുവയ്ക്കാവുന്ന സംഭാഷണങ്ങളില്ല. ഉള്ളവതന്നെ ശാപത്തിന്റെയും ശകാരത്തിന്റെയും കരച്ചിലുകളുടെയും വാങ്മയചിത്രീകരണങ്ങളായി അനുഭവപ്പെടുന്നു. അതേ സമയം, ഇവയിലൂടെയെല്ലാം pachakuthiraചിത്രീകരിക്കപ്പെടുന്ന ജീവിതം നിസ്സഹായമായ ഒരു നിലവിളി പോലെ കാഴ്ചയ്ക്കുശേഷവും നമ്മെ പിന്തുടരുകതന്നെ ചെയ്യും. പലപ്പോഴും ചലനരഹിതമായി അനുഭവപ്പെടുന്ന ഫ്രെയിമുകള്‍ വലിയ ക്യാന്‍വാസുകളില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ട, എന്നാല്‍ കാലപ്പഴക്കം കൊണ്ട് ഒട്ടൊന്നു മങ്ങിപ്പോയ പെയിന്റിംഗുകള്‍ പോലെ പ്രേക്ഷകമനസ്സുകളില്‍ തങ്ങിനില്ക്കും.

ഗണപതി എന്ന അച്ഛനും വേലു എന്നു പേരുള്ള എട്ടോ ഒമ്പതോ വയസ്സുള്ള അയാളുടെ മകനും നടത്തുന്ന യാത്രയുടെ കഥയാണ് കൂഴങ്ങള്‍ എന്ന് ചുരുക്കിപ്പറയാം. സാമ്പത്തികമായും സാമൂഹികമായും താഴ്ന്ന ശ്രേണിയില്‍നിന്നുള്ള ഒരാളാണ് ഗണപതി. നാല്പതിനോടടുത്തായിരിക്കണം അയാളുടെ പ്രായം. അയാളുടെ പശ്ചാത്തലമെന്താണെന്നോ തൊഴിലെന്താണെന്നോ സിനിമയില്‍ വ്യക്തമാക്കിയിട്ടില്ല. മിക്കവാറും പണിയൊന്നുമെടുക്കാതെ നടക്കുന്ന വഴക്കാളിയായ ഒരു മദ്യപനാകാനാണ് സാദ്ധ്യത. ഭാര്യ ശാന്തി അയാളുമായി പിണങ്ങി ഇളയ മകള്‍ ലക്ഷ്മിക്കൊപ്പം ഇടയപ്പട്ടി എന്ന ഗ്രാമത്തിലുള്ള സ്വന്തം വീട്ടിലേക്കു പോയിരിക്കുകയാണ്. അവളെ തിരിച്ചുകൊണ്ടുവരാനാണ് അയാള്‍ പോകുന്നത്. സ്‌കൂളിലായിരുന്ന മകനെ വിളിച്ചിറക്കി അയാള്‍ യാത്രയില്‍ കൂട്ടുകയാണ്. ഗണപതിയുടേയും മകന്റെയും ബസ്സില്‍ കയറിയുള്ള, പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള ഇടയപ്പട്ടിയിലേക്കുള്ള യാത്രയാണ് സിനിമയുടെ ആദ്യഭാഗം. ബസ്സില്‍ വച്ചാണ് ഗണപതി വഴക്കിടുന്നത് ആദ്യമായി നാം കാണുന്നത്. തന്റെ പുകവലി ചോദ്യം ചെയ്ത സഹയാത്രികനോടായിരുന്നു അത്. ഇടയപ്പട്ടിയില്‍ ഭാര്യവീട്ടില്‍ അവര്‍ എത്തുന്നതിനു മുമ്പുതന്നെ ശാന്തി മകളുമായി ഭര്‍തൃഗൃഹത്തിലേക്കു തിരിച്ചുപോയിരുന്നു. ഗണപതി ഭാര്യവീട്ടിലും വഴക്കുണ്ടാക്കുന്നു. അച്ഛനും മകനും മടങ്ങി വീട്ടിലേക്കുപോകുന്നതിന്റെ ചിത്രീകരണമാണ് യാത്രയുടെ രണ്ടാമത്തെ ഭാഗം. മടക്കയാത്രയില്‍ അവര്‍ നടക്കുകയാണ്. ഈ രണ്ടു യാത്രകളും അവയില്‍ അച്ഛനും മകനും കാണുന്ന കാഴ്ചകളും സംഭവങ്ങളുമാണ് സിനിമയുടെ ആകെത്തുക. ആ സംഭവങ്ങളില്‍ കലഹങ്ങളുണ്ട്, ഏറ്റവും അതിരുകളില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ അതിജീവനശ്രമങ്ങളുണ്ട്. അപൂര്‍വ്വം ചിലപ്പോള്‍ മനുഷ്യസ്‌നേഹത്തിന്റെ സ്പര്‍ശങ്ങള്‍ കാണാം. ഈ സന്ദര്‍ഭങ്ങളൊക്കെയും പക്ഷേ, യാത്രികരുടെ കണ്ണുകളിലൂടെയാണ് ദൃശ്യരൂപം കൈവരിക്കുന്നത്. അവരെ വിടാതെ പിന്തുടരുകയാണ്. അതേസമയം, ഈ യാത്രകള്‍ അവരുടെയും ചുറ്റുമുള്ള സമൂഹത്തിന്റെയും ജീവിതാവസ്ഥകളുടെ, ഒരു പക്ഷേ പ്രകൃതിയുടെത്തന്നെയും പരിച്ഛേദമായിത്തീര്‍ക്കുന്നിടത്താണ് സംവിധായകന്‍ തന്റെ കലയിലുള്ള സമ്പൂര്‍ണമായ കൈയ്യടക്കം നേടിയെടുക്കുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്‌

 

 

Comments are closed.