DCBOOKS
Malayalam News Literature Website

‘പാതിരാലീല’

കെ എന്‍ പ്രശാന്തിന്റെ ‘പാതിരാലീല‘ എന്ന കഥാസമാഹാരത്തിന് ഷിബിന കെ പി എഴുതിയ വായനാനുഭവം  

‘പൊനം’ നൽകിയ ഗംഭീര വായനാനുഭവത്തിനു ശേഷം. കെ.എൻ. പ്രശാന്തിന്റെ അടുത്ത പുസ്തകമായ ‘പാതിരാലീല’ യുടെ ആദ്യ പതിപ്പിനായി കണ്ണൂർ ഡി സി ബുക്സിൽ പോയ എന്നെ ഞെട്ടിച്ചുകൊണ്ട് അവിടത്തെ സ്റ്റാഫ് കാർഡ് ബോർഡ് പെട്ടി തുറന്ന് എൻട്രി ചെയ്തിട്ടില്ലാത്ത രണ്ടാം പതിപ്പെടുത്ത് എന്റെ നേരെ നീട്ടി.ആരാനും പൊനവും വായനാലോകം ഏറ്റെടുത്തതിന്റെ തെളിവായിരുന്നു അത്. പക്ഷെ പല കാരണങ്ങൾ കൊണ്ടും വായന നടന്നില്ല. ഇന്നിപ്പോൾ ‘പാതിരാലീല’യിലെ കഥകളോരോന്നും വായിച്ച് നിറഞ്ഞ സംതൃപ്തിയോടെയിരിക്കുമ്പോൾ വായിക്കാൻ വൈകിയതിൽ ഞാൻ ഖേദിക്കുന്നു.

ഏഴു കഥകളുടെ സമാഹാരമാണ് ‘പാതിരാലീല’. ആദ്യ കഥയായ പൂതപ്പാനിയിൽ പ്രകൃതിസ്നേഹിയായ രാഘവൻമാഷിന്റെ വീട്ടുവളപ്പിലെ കാഞ്ഞിരക്കൊമ്പിൽ കൂടുകൂട്ടിയ കാട്ടുകടന്നലകളും അതുണ്ടാക്കിയ പൊല്ലാപ്പുകളുമാണ് പറയുന്നത്. വിലാസമില്ലാതാക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ പ്രതിനിധിയായി ജാബിർ ഷെയ്ക്ക് നുഴഞ്ഞുകയറ്റക്കാരനെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തപ്പെട്ട് കത്തുന്ന തീപ്പന്തവുമായി മരത്തിന് മുകളിലേക്ക് കയറിപ്പോകുമ്പോൾ കടന്നലുകളേക്കാൾ വിഷമുളളത് താഴെ നിൽക്കുന്ന നിയമപാലകനാണെന്ന് ബോധ്യം വരുന്ന വായനക്കാർ ആഗ്രഹിക്കുന്ന തരത്തിലൊരു കഥാന്ത്യം പൂതപ്പാനിയിൽ എഴുത്തുകാരൻ ഒരുക്കിയിട്ടുണ്ട്.

രണ്ടാമത്തെ കഥയായ ‘പെരടി’ കരിമ്പുനത്തെ കാടുകളെ ഓർമ്മിപ്പിച്ചു. ഇരുട്ടും വന്യതയും കൂടെ കോഴിക്കെട്ടും നിറഞ്ഞ തുളുനാട്ടിലെ കഥ പ്രതികാരത്തിന്റേതു കൂടിയാണ്.പട്ടിണി മുതലാക്കാൻ തന്റെ പെണ്ണിനെ തേടിയെത്തിയ അധികാരത്തെ എതിർക്കാനാകാതെ കോഴിവാള് കേറി ചത്തവന്റെ അടുത്ത തലമുറ അതേ അധികാരത്തെ അതേ കോഴിവാളിനാൽ അറുത്തു കളഞ്ഞെങ്കിലും പ്രണയവഴി ഉപേക്ഷിച്ച് അങ്കക്കളത്തിന്റെ ആരവങ്ങൾക്ക് വേണ്ടി പെരടിയെ തേടി കഥാനായകൻ ഇരുട്ട് നിറഞ്ഞ കാട്ടിലേക്ക് വീണ്ടും പോകുമ്പോൾ ആകാശത്തോടൊപ്പം വായനക്കാരുടെ മനസ്സും കോഴിച്ചോര പടർന്നപോൽ ചുവന്നുകറുക്കും. ‘പാതിരാലീല’ എന്ന അടുത്ത കഥ സദാചാരപ്പത്തികൾക്കുമേലുള്ള കനത്ത ഒരടിയാണ്.എല്ലാ നാട്ടിലുമുണ്ടാകും ‘നാടിന്റെ സംസ്കാരം’ കാക്കാൻ കുറച്ചുപേർ. ഒരു പണിയുമില്ലാതെ ഇരുട്ടിന്റെ മറവിൽ മൂക്കറ്റം കുടിച്ച് അന്യന്റെ വീട്ടിൽ എത്തിനോക്കുന്ന അവർക്കിടയിൽ ‘നാണൂമ്മാനുല്ലാത്തോനെന്ന് ‘ പരിഹസിക്കപ്പെട്ട ലീലാധരൻ എന്ന ലീല, പാതിരാവിൽ തന്റെ പ്രണയത്തിനേറ്റ മുറിവിൽ പടർന്നിറങ്ങി Textഅതേ ഇരുട്ടിലേക്ക് സദാചാരക്കൂട്ടത്തെ തുരത്തിയോടിക്കുമ്പോൾ നിറഞ്ഞ സംതൃപ്തി വായനക്കാർക്ക് അനുഭവപ്പെടും.

പെരുവിരൽ തൊട്ട് ഭയം കേറിപ്പടർന്ന വായനാനുഭവമാണ് അടുത്ത കഥയായ ‘മൾബറിക്കാട്’ നൽകിയത്. വർഷങ്ങൾക്കുശേഷം താൻ വളർന്ന നാട്ടിൽ എത്തിപ്പെടുന്ന അമലിന്റെ ചിന്തകളിലൂടെ തുടങ്ങുന്ന കഥ, കഥാന്ത്യം വരെ ആകാംക്ഷകൾ നിറഞ്ഞതായിരുന്നു. നേരമിരുട്ടിക്കഴിഞ്ഞ് ബ്രേക്ക്ഡൗണിന്റെ രൂപത്തിൽ കാറുമായി വിജനമായ വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന അമൽ പഴയ ഓർമകളിൽ സ്ക്കൂൾ കൂട്ടുകാരായിരുന്ന അരുണയെയും അനുപമയെയും തിരയുന്നു.കലുങ്കിനടുത്ത് ബീഡിയുടെമണത്തിനും തീപ്പെട്ടിയുടെ വെളിച്ചത്തിനുമൊപ്പം അമൽ കണ്ട ഇത്താപ്പിരി സുകുമാരൻ അവനെ അരുണയും അനുപമയും വളർന്ന വീട്ടിലേക്ക് കൊണ്ടുപോകുമ്പോൾ മൾബറിക്കാടിനു പിറകിലെ കാട്ടുഞാവൽ മരത്തിലിരുന്ന് കളിയാക്കി ചിരിച്ചത് ഇരട്ടകളിലാരായിരുന്നെന്ന് വായനക്കാരും സംശയത്തിലാകും.അതേ മൾബറിക്കാട് തട്ടിയെടുത്ത അരുണയെ തേടി സുകുമാരന്റെ പിറകേ വീട്ടിലെത്തുന്ന അമലിനോട് ഞാൻ അനുപമയാ എന്ന് പറയുന്നത് ആരാണെന്ന സംശയത്തേക്കാളേറെ ഭയമായിരുന്നു എനിക്കുണ്ടായത്. പേടിസ്വപ്നമെന്നപോലെ അതിപ്പോഴുമെന്നെ പിന്തുടരുന്നുണ്ട്. ആകാംക്ഷകളും നിഗൂഢതകളും നിറഞ്ഞ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ച വായന.

അടുത്ത കഥയായ ‘കുരിപ്പുമാട്’ ഇഷ്ടപ്പെട്ട പേര് ഇടാൻ പോലും അവകാശമില്ലാതിരുന്നവരുടെ പിന്മുറക്കാരന്റെ കഥയാണ്.’ഹ’ യ്ക്ക് പകരം അച്ഛൻ തെറ്റിപ്പറഞ്ഞ ‘ഗ’ ചേർത്ത് മഗേശനെന്ന് എഴുതിയ മാഷ് തൊട്ട് അവന്റെ കുടിലിൽ നിന്നും ഭക്ഷണം കഴിക്കാതിരിക്കാൻ കാരണങ്ങളുണ്ടാക്കിയ അഭിലാഷ് വരെയും മഗേശൻ നേരിട്ട അനീതികൾ നീളുന്നു.കഥകളന്വേഷിച്ച് കടപ്പുറത്തെത്തുന്ന സുഹൃത്തുക്കളെ കുരിപ്പുമാടിലെ ജീവനോടെ വലിച്ചെറിയപ്പെട്ട പൂർവ്വികരുടെ അസ്ഥികൂടങ്ങളിലേക്കെത്തിച്ച് കൂമൻ കണ്ണുകളുമായി നിന്ന മഗേശനും ഇരുട്ടിന്റെ മറവിൽ നിന്നു തന്നെയായിരുന്നു എന്റെ വായനയിൽ ഭയം ജനിപ്പിക്കാനെത്തിയത്. ‘പാതിരാലീല’ യിലെ കഥകളിലെല്ലാം പരോക്ഷമായി വിപ്ലവമുണ്ടെങ്കിലും പ്രത്യക്ഷത്തിൽ വരുന്നത് ‘ഗുഹ’ എന്ന അടുത്ത കഥയിലാണ്.ജന്മിയും കർഷകരും തമ്മിലുണ്ടായ വിപ്ലവാനന്തരം അടിച്ചമർത്തലുകളേറെ നേരിട്ടെങ്കിലും ജന്മിത്വമില്ലായ്മ ചെയ്ത മുനയൂരുകാർക്കും നരിക്കുന്നുകാർക്കും മേൽ ആൾദൈവമെന്ന കൊടുംവിഷമിറങ്ങുമ്പോൾ പ്രതികരിക്കാൻ പോലുമാകാതെ ഗുഹയിൽ അടക്കപ്പെടുന്നവർക്കൊപ്പം വായനക്കാരും അകപ്പെടുന്ന വേറിട്ട വായനാനുഭവമാണ് ‘ഗുഹ’.

അവസാന കഥയായ ‘ചട്ടിക്കളി’ ‘കുരിപ്പുമാടി’ലെ മഗേശനെപ്പോലെ സ്ക്കൂളിൽ പരിഹാസ്യനാക്കപ്പെടുന്ന ഗിരീഷിന്റെയും തറവാട്ടുമഹിമയിൽ ഊറ്റം കൊള്ളുന്ന ശ്രീനാഥിനെയും കുറിച്ചാണ്.കുഞ്ഞുകൈയിലെ ഞാവലുകൾ തന്റെ നേരെ നീട്ടിയ ഗിരീഷിനോട് വേണ്ടെന്ന് പറഞ്ഞ ശ്രീനാഥും ‘കുരിപ്പുമാടി’ലെ അഭിലാഷും ഒന്നുതന്നെയാണ്.ചൂഷണങ്ങൾ നേരിട്ടവർക്കും ചൂഷണം ചെയ്തവർക്കും ഒരേ മുഖം തന്നെയാണ്.എസ്.ഐ.കബീർ കഥാന്ത്യം ഗിരീഷിനും വായനക്കാർക്കും ആശ്വാസമാകുമെങ്കിലും അനീതികൾക്കറുതിയില്ലെന്ന് ഓർമ്മപ്പെടുത്തുന്നു ‘ചട്ടിക്കളി’. ഈ ചെറുകഥകളിലെല്ലാം ഇരുട്ട് പൊതുവായി കാണാം. അധികാരവർഗ്ഗത്തിനുമേൽ കടന്നൽ കുത്തേൽപ്പിക്കാനും കോഴിവാള്.

താഴ്ത്താനും സദാചാരഗുണ്ടകളെ ആട്ടിയോടിക്കാനും ഓർമ്മകളുടെ ഭാരത്തിൽ ബോധമില്ലാതെ വീഴാനും കൂമൻകണ്ണുകളുമായി ഭയപ്പെടുത്താനും ഉയരുന്ന ശബ്ദങ്ങളെ ഗുഹയിലടക്കാനും അടിച്ചമർത്തപ്പെട്ടവരെ രക്ഷപ്പെടുത്താനും എഴുത്തുകാരൻ ഇരുട്ടിനെ കൂട്ടുപിടിക്കുന്നു. ആദ്യകഥയിലെ വിജയൻ പോലീസും അവസാന കഥയിലെ എസ്. ഐ. കബീറും ഒരേ വകുപ്പിലെങ്കിലും വ്യത്യസ്ത ചിന്താഗതിക്കാരാകുന്നത് അവരുടെ ജീവിതസാഹചര്യങ്ങൾ കൂടി കൊണ്ടാണ്.എല്ലാ കഥകളും വിപ്ലവമായി മാറുന്നത് അത്തരം ജീവിതങ്ങളെ എഴുത്തുകാരൻ സൂക്ഷ്മമായി പകർത്തിയതുകൊണ്ടാണ്. പുസ്തകത്തിന്റെ ആമുഖത്തിൽ രാജശ്രീ ടീച്ചർ പറഞ്ഞത് എത്ര ശരിയാണെന്ന് വായനയ്ക്കൊടുവിൽ തോന്നി. അതിപ്രകാരമാണ് “ഗ്രാമത്തെ ചുറ്റിപ്പറ്റി നില്ക്കുമ്പോഴും ഗ്രാമീണ വിശുദ്ധി എന്ന സങ്കല്പത്തെ അപ്പാടെ നിരാകരിക്കുന്നുവെന്നത് പ്രശാന്തിന്റെ കഥകളുടെ ഏറ്റവും വലിയ സവിശേഷതയാണ്. ” ‘പാതിരാലീല’ ഇനിയുമേറെ വായിക്കപ്പെടട്ടെ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.