DCBOOKS
Malayalam News Literature Website

ജീവിതം ‘പതപ്പിക്കുന്ന’ കഥകൾ!

സലിന്‍ മാങ്കുഴിയുടെ ഏറ്റവും പുതിയ പുസ്തകം പത U/A-യ്ക്ക് സന്തോഷ് ഇലന്തൂർ എഴുതിയ വായനാനുഭവം

കഥ മനസ്സിൽ മുളയ്ക്കുന്നതെങ്ങനെയെന്നു ചോദിക്കുന്നതും പ്രണയം എങ്ങനെയുണ്ടാകുന്നുവെന്നു ചോദിക്കുന്നതും ഒരേ പോലെയാണ്. പെട്ടെന്നൊരു ദിവസം ഒരാൾ ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞു എന്നെ പ്രണയത്തിൽ മുക്കിയതു പോലെയാണ് ഒരു കഥ എന്നെ ആവാഹിക്കുന്നത്. ഒരുപാട് നൊമ്പരപ്പെട്ടും ഉള്ളെരിഞ്ഞുമുള്ള അനുഭവമാണെനിക്ക് കഥയെഴുത്ത് എന്നു പറയുന്ന സലിൻ മാങ്കുഴിയുടെ  ഒമ്പത് കഥകളുടെ സമാഹാരമാണ് പത U/A.

മലയാളത്തിലെ പുതു കഥയ്ക്ക് ശക്തമായ വാഗ്ദാനമാണ് സലിൻ മാങ്കുഴിയുടെ കഥകൾ Textനൽകുന്നത് എന്ന പ്രശസ്ത കഥാകൃത്ത് സക്കറിയയുടെ വാക്കുകളിലൂടെയാണ് കഥകളിലേക്കിറങ്ങുന്നത്.

ആദ്യ കഥ ബന്ദി കോവിഡിൻ്റെ ആദ്യ തരംഗത്തിലെ ലോക്ക്ഡൗൺ നിശ്ശബ്ദതയുടെ ഭീതി മെൽവിൽ ജോസഫിലൂടെ വരച്ചു കാട്ടുന്നു. വായനക്കാരുടെ മനസ്സിൽ പീലി വിരിച്ച് വിടർന്നാടുന്ന മയിലിലൂടെ വാസനപ്പൂക്കളുടെ സുഗന്ധം ചുറ്റിലും ഒഴുകി പരത്തിയ കഥ എത്ര മനോഹരമായിട്ടാണ് സലിൻ എഴുതിയിരിക്കുന്നത്.

ഭൂതം എന്ന കഥയിലൂടെ ബി.എ പരീക്ഷ കഴിഞ്ഞ ദിവസം മുതൽ രാജീവിൻ്റെ തലച്ചോറിൽ പിതാമഹന്മാരുടെ വിലാപം തുമ്പി മൂളാൻ തുടങ്ങി. ആ മൂളൽ വായനക്കാരിലേക്ക് പടരുമ്പോൾ
ചെവി തുളച്ചു വരുന്ന കുതിരക്കുളമ്പടി ശബ്ദം അസ്വസ്ഥത ഉളവാക്കുന്നു. 1986 എപ്രിൽ 17ന് രാത്രി 9 മണി വിജനമായ എരുമേലി ടൗൺ. ശാസ്താ ടെക്സ്റ്റൽസിൽ നിന്ന് ഒരു കവറും പിടിച്ച് പുറത്തേക്കിറങ്ങിയ അയാളെ ഓടുന്ന പോലീസ് ജീപ്പിലിരുന്ന എസ് ഐ വിൻസെൻ്റ് കണ്ടു എന്നു പറഞ്ഞു കൊണ്ടാണ് കഥയിലേക്കിറങ്ങാൻ വായനക്കാരെ ക്ഷണിയ്ക്കുന്നത്. പുക പോലെ മാഞ്ഞ കുറ്റവാളി സുകുമാരക്കുറുപ്പിലേക്ക് കൊണ്ടു പോകുന്ന കഥ നെഞ്ചിടിപ്പോടെ വായിച്ചു തീരുകയുള്ളു.

ചന്ദ്രൻ ഒരു പ്രസ്ഥാനമായിരുന്നു എന്നു പറഞ്ഞു കൊണ്ട് ബാർബർ ചന്ദ്രൻ്റെ ജീവിതം വായനക്കാരെ ചേർത്ത് നിർത്തി കാണിച്ചു തരുന്ന കഥയാണ് പത U/A. ഒരു തുള്ളി ഷേവിംഗ് ക്രീം പതച്ചു പതച്ചു കുന്നാക്കുകയും ഷേവ് ചെയ്യാനിരിക്കുന്നവരുടെ മുഖത്ത് അല്പാൽപ്പമായി തേച്ച് പിടിപ്പിക്കുകയും ചെയ്യുന്നതിനിടയിൽ ചന്ദ്രൻ്റെ ജീവിതത്തിലെ പല സംഭവങ്ങളും പറയുമ്പോൾ വായനക്കാരുടെ ഹൃദയത്തിൽ പതഞ്ഞു പൊങ്ങുന്ന കഥ ഹൃദയത്തില്‍ സ്പർശിക്കുന്ന വിധത്തിൽ ആണ് എഴുതിയിരിക്കുന്നത്. സമാഹാരത്തിലെ ഓരോ കഥകളും ഒട്ടും വിരസമല്ലാതെ നല്ല കൈയടക്കവും ഒഴുക്കും ഉള്ള ശൈലിയിലാണ് എഴുതിയിരിക്കുന്നത്.

യഥാർത്ഥ്യവും ഭാവനയും ഇഴചേർത്ത് എഴുതിയ കഥകൾ വായനക്കാരെ ഒരു പ്രത്യേക ലോകത്തിലേക്ക് കൊണ്ടെത്തിക്കുന്നു. കഥാസമാഹാരം വായനക്കാർക്ക് പ്രിയങ്കരമായിത്തീരുന്നതിന് മുഖ്യ കാരണം ഭാഷയുടെ തീക്ഷ്ണ സൗന്ദര്യം ആണ്.
ചെറുകഥാ വായനയിൽ പുതിയ ഒരു അനുഭവം തുറന്നിട്ടിരിക്കുന്നു. നമ്മുക്കു ചുറ്റും നിറയെ കഥകൾ എന്ന് പറഞ്ഞും പോകുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.