DCBOOKS
Malayalam News Literature Website

‘പാർത്ഥിപൻ കനവ്’ തമിഴകത്തിന്റെ ഹൃദയം കവര്‍ന്ന കല്‍ക്കിയുടെ മാന്ത്രികരചന

കല്‍ക്കിയുടെ ‘പാർത്ഥിപൻ കനവ്’ എന്ന നോവലിന് അനിൽ കുമാർ എസ് എഴുതിയ വായനാനുഭവം

കൽക്കിയുടെ തൂലികത്തുമ്പിനാൽ വിരിഞ്ഞ വസന്തങ്ങൾ ആയിരുന്നു പാർത്ഥിപൻ കനവ്, ശിവകാമിയിൻ ശപഥം, പൊന്നിയിൻ സെൽവൻ എന്നീ തമിഴ് ചരിത്രാഖ്യായികകൾ. പ്രസിദ്ധീകരിക്കപ്പെട്ട നാളുമുതൽ ഇന്നുവരെയും ആസ്വാദകവൃന്ദങ്ങളാൽ അഭിനന്ദനാഭിഷിക്തമാക്കപ്പെട്ട പ്രസ്‌തുത കൃതികൾ, കാലചക്രത്തെയും വെല്ലുവിളിക്കാൻ പോന്നതെന്നത് തെളിയിക്കപ്പെട്ട വസ്തുത തന്നെ.

പ്രസ്തുത കൃതികളിൽ പാർത്ഥിപൻ കനവ് എന്ന ശ്രീ. കൽക്കിയുടെ ആദ്യ നോവൽ, ഡി സി ബുക്സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി Textപ്രസിദ്ധീകരിക്കുകയുണ്ടായി. മൂലകൃതിയിൽ നിന്ന് പൂർണ്ണരൂപത്തിൽ മലയാളത്തിൽ എത്തുന്ന ഏകവിവർത്തനം എന്ന വിശേഷണത്തോടെ വായനക്കാർക്കിടയിലെത്തിയ പ്രസ്തുത കൃതിയുടെ പരിഭാഷ നിർവ്വഹിച്ചിട്ടുള്ളത്  ബാബുരാജ് കളമ്പൂർ ആണ്. ആറാം നൂറ്റാണ്ടിലെ തമിഴകത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ചരിത്രത്തെ തന്റെ പേനാതലപ്പിലൂടെ കൽക്കി നമ്മൾക്ക് മുൻപിൽ അനാവരണം ചെയ്യുന്നു.

പരന്നു വിരിഞ്ഞ് അനന്തവിസ്തൃതമായ പല്ലവസാമ്രാജ്യത്തിന് കപ്പം കൊടുത്ത് കേവലമൊരു സാമന്തരാജാവായി കഴിഞ്ഞുപോകാൻ തനിക്കാവില്ല എന്ന ചോളരാജൻ പാർത്ഥിപന്റെ നിശ്ചയദാർഢ്യത്തിൽ നിന്നും ആരംഭിക്കുന്നു പ്രസ്തുത നോവൽ. തന്റെ കാലത്തിനു ശേഷം തന്റെ മകൻ വിക്രമകുമാരനെങ്കിലും ഒരു സ്വതന്ത്ര ചോളരാജ്യത്തിന്റെ രാജാവായിത്തീരണം എന്ന പാർത്ഥിപമഹാരാജാവിന്റെ സ്വപ്നം തന്നെ ഈ നോവലിന് നാമമായി ഭവിക്കുന്നു. ഒരു മനുഷ്യായുസ്സിൽ നാം കണ്ടും കേട്ടും അനുഭവിച്ചും തീർക്കാവുന്ന എല്ലാതരം വികാരങ്ങളുടെയും ഒരു സാഗരസംഗമം ആണ് ഈ കൃതി.

സ്നേഹം, കോപം, കാമം, വെറുപ്പ്, വിശ്വാസവഞ്ചന, രാജ്യഭക്തി, പ്രണയം, സൗഹൃദം എന്നിങ്ങനെ ഒട്ടനവധി വികാരവിചാരങ്ങൾ പലപല കഥാപാത്രങ്ങളിലൂടെ ഈ കൃതിയിൽ പലയിടത്തായി പ്രകടമാക്കപ്പെടുന്നു. എന്നാൽ, അപ്രതീക്ഷിതവും, അവിശ്വസനീയവുമായ, വേണമെങ്കിൽ അമാനുഷികം എന്ന് പറയാവുന്നതുമായ ഒരു വ്യക്തിപ്രഭാവത്തിന് മുൻപിൽ ഈ കൃതിയുടെ അന്ത്യം നമ്മെ സ്തബ്ധരാക്കുന്നു.

നോവൽ വായിച്ചുകഴിയുമ്പോൾ വിക്രമന്റെയും കുന്ദവിയുടെയും പ്രണയവും, വള്ളിയുടെയും, പൊന്നന്റെയും രാജഭക്തിയും, മാരപ്പന്റെ വഞ്ചനയും, ശിവനടിയാറിന്റെ ത്യാഗവുമെല്ലാം നമ്മുടെ കണ്ണുകളെ ഈറനണിയിക്കുമെന്നത് തീർച്ച. മാത്രമല്ല, പാർത്ഥിപൻ കനവ് എന്നത് ഒരു തുടക്കം മാത്രമായിരുന്നു. അണിയറയിലൊരുങ്ങുന്ന മഹാകാവ്യങ്ങൾക്കുള്ള ഹരിശ്രീ. തമിഴ് സാഹിത്യലോകം പിന്നീടത് അനുഭവിച്ചറിഞ്ഞതാണ്. താല്പര്യമുള്ളവർ വാങ്ങി വായിച്ചുനോക്കൂ. തമിഴകത്തിന്റെ ഹൃദയം മോഷ്ടിച്ച കൽക്കി, ഇവിടെയും അത് ആവർത്തിക്കാതിരിക്കില്ല…!!!’

കല്‍ക്കിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.