DCBOOKS
Malayalam News Literature Website

റോമില്‍ ഇന്നുമുണ്ട് ആനോ! ജി. ആര്‍. ഇന്ദുഗോപന്‍

മനസ്സിന്റെ ഭൂതകാലത്തിലേക്കുള്ള പ്രയാണങ്ങള്‍ ആ കഥാപാത്രത്തിന്റെ വാര്‍ദ്ധക്യത്തിലെ ദൗര്‍ബല്യമാകയാല്‍ യാതൊരസ്വാഭാവികതയും അനുഭവപ്പെടുന്നില്ലെന്നു മാത്രമല്ല അവ അങ്ങേയറ്റം ആസ്വാദ്യമാവുകയും ചെയ്തിരിക്കുന്നു.

ആയിരക്കണക്കിന് മലയാളികള്‍ വര്‍ഷംതോറും റോം സന്ദര്‍ശിക്കാറുണ്ട്. പക്ഷേ, നമ്മുടെ ‘ആനോ’ അഞ്ഞൂറു കൊല്ലങ്ങള്‍ക്കിപ്പുറവും ഓര്‍മയായി, ശില്പമായി റോമില്‍ നിലനില്‍ക്കുന്നുവെന്ന് അറിയുന്നവര്‍ ചുരുങ്ങും. ആനക്കാരനെ മറന്നു; പക്ഷേ, റോം ആനോയെ മറന്നില്ല. അവന്റെ സ്മരണയില്‍ തെരുവുകള്‍ അറിയപ്പെട്ടു. ശില്പങ്ങളിലും ചിത്രങ്ങളിലും അവനെ ഉള്‍പ്പെടുത്തി. യൂറോപ്പില്‍നിന്ന് പില്‍ക്കാലത്ത് ശേഖരിച്ച നവോത്ഥാനന്തര കാലത്തെ പല പെയിന്റിങ്ങുകളിലും ഒരു വെള്ളാനക്കുട്ടിയായി ‘ആനോ’യെ വരച്ചുചേര്‍ത്തിട്ടുണ്ട്.

ഇനി റോമില്‍ പോകുന്നവരുണ്ടെങ്കില്‍ ആനോയെ അടയാളപ്പെടുത്തണം. റോമില്‍ സാന്റാ മരിയ പള്ളിയുടെ സമീപം ആനോയുടെ ശില്പമുണ്ട്. അതിന്റെ കഥ ഇങ്ങനെയാണ്!

ആനോ മരണപ്പെട്ട് ഒന്നര നൂറ്റാണ്ടിനു ശേഷം പള്ളിയുടെ പരിസരത്തുനിന്ന് ഒരു കല്‍സ്തൂപം കിട്ടി; ക്രിസ്തുവിനു മുന്‍പ് ഫറവോമാരുടെ കാലത്ത് ഈജിപ്തില്‍ നിര്‍മിച്ചതായിരുന്നു ചുവന്ന ഗ്രാനൈറ്റിലുള്ള ഈ സ്തൂപം. അത് അന്തസ്സോടെ സ്ഥാപിക്കാന്‍ ഒരു ഗരിമയുള്ള Textഇരിപ്പിടമുണ്ടാകണമെന്ന് അന്നത്തെ പോപ്പ് അലക്‌സാണ്ടര്‍ ഏഴാമന് തോന്നി. മഹാനായ ശില്പി ബെര്‍നിനിയെ ഏല്‍പ്പിച്ചു. റാഫേല്‍ വരച്ച ആനോയുടെ ചിത്രം മനസ്സില്‍ വച്ച് ഒരു വെള്ളാനക്കുട്ടിയുടെ ശില്പമുണ്ടാക്കി. അദ്ദേഹം അവന്റെ ചുമലിലാണ് സ്തൂപം സ്ഥാപിച്ചത്. മലയാളികളുടെ അംബാസഡറായി, ആനോ റോമില്‍ നിലകൊള്ളുന്നു. ഈ ശില്പത്തിന്റെ ഉദ്ഘാടനാഘോഷത്തിന് എത്തിയ പോര്‍ച്ചുഗീസ് പൗരന്മാര്‍ക്ക് പാനീയം സൗജന്യമായിരുന്നു. പോപ്പിന് ജീവനുള്ള ഒരു വെള്ളാനയെ സമ്മാനിച്ചത് പോര്‍ച്ചുഗീസ് രാജാവാണല്ലോ. ആ ഓര്‍മയ്ക്ക്, നന്ദി സൂചകമായിട്ടായിരുന്നു അത്.

കഴിയുന്നില്ല ആനോയുടെ വാഴ്ത്തുകള്‍. വത്തിക്കാന്‍ നഗരത്തിന് വടക്ക് ‘വില്ലാ മദാമ്മ’ എന്ന അതിഥിമന്ദിരം കാണാം. പോപ്പ് ലിയോ ആഗ്രഹിച്ച പ്രകാരം പിന്നീട് നിര്‍മിച്ചതാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല. അവിടത്തെ ഉദ്യാനത്തില്‍ ഒരു വെള്ളാനക്കുട്ടിയുടെ തുമ്പിക്കൈയില്‍നിന്ന് പ്രവഹിക്കുന്ന മട്ടില്‍ ജലധാര ഉണ്ട്. നമ്മുടെ ആനോ ആണെന്ന് പറയേണ്ടതില്ലല്ലോ. ഏറക്കാലം ഉപേക്ഷിക്കപ്പെട്ടു കിടന്ന മന്ദിരം ഇപ്പോള്‍ അറ്റകുറ്റപ്പണി ചെയ്ത് നന്നാക്കിയിട്ടുണ്ട്. അവിടെ നമ്മുടെ ആനോ ജീവിക്കുന്നു.

തീരുന്നില്ല ആനോയുടെ സ്വാധീനം. ഇരുപതാം നൂറ്റാണ്ടിലെ കലാകാരന്മാരിലേക്കു വരെ അത് കടന്നുചെല്ലുന്നു.

സ്പാനിഷ് സര്‍റിയലിസ്റ്റ് ചിത്രകാരനായ മഹാനായ സാല്‍വദേര്‍ ദാലിയുടെ ‘എലിഫന്റ്‌സ്‌ക്’ (1944) എന്ന ചിത്രവും സാന്റാ മരിയ പള്ളിയുടെ സമീപത്തെ വെള്ളാനശില്പത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ്.പിന്നീട് 1997-ല്‍ സില്‍വിയോ എ. ബാദ്‌നി ‘ദ് പോപ്പ്‌സ് എലിഫെന്റ്’ എന്ന പേരില്‍ ആനോയെക്കുറിച്ചുള്ള ഗവേഷണഫലങ്ങള്‍ പുസ്തകമാക്കി അവതരിപ്പിച്ചു. ഡാവിഞ്ചിയും മൈക്കലാഞ്ചലോയും ആനോയെ വരച്ചിരിക്കാമെന്നും അവ നഷ്ടപ്പെട്ടതാകാമെന്നും അദ്ദേഹം പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട് ആനകളുടെ നാട്ടില്‍ പരിഗണന കിട്ടാത്ത പാപ്പാന്‍ പടിഞ്ഞാറന്‍ രാജ്യത്ത് വിശേഷപ്പെട്ട മനുഷ്യനായി. പോര്‍ച്ചുഗല്‍ രാജാവിനെക്കാള്‍ ശ്രദ്ധേയന്‍. പില്‍ക്കാലത്ത് ആനോയുടെ ചരിത്രത്തില്‍ അവന്‍ മുങ്ങിപ്പോയി. അവന്റെ പുനര്‍ജനിയാകട്ടെ ഈ പുസ്തകം.

ആനോ മരിച്ച് നാലു വര്‍ഷത്തിനു ശേഷം.1521 ഡിസംബര്‍ ഒന്ന്. ഞായറാഴ്ച. പോപ്പ് ലിയോ പത്താമന്‍ കാലം ചെയ്തു. നായാട്ടിനിടെ വന്ന നീര്‍ക്കെട്ടിലായിരുന്നു തുടക്കം. മരിക്കുമ്പോള്‍ 46 വയസ്. വിഷം കൊടുത്തതാണെന്ന ആരോപണമുണ്ടായി. തെളിവില്ലായിരുന്നു. ഫാ. ബോണാവെന്റൂറയുടെ പ്രവചനംകൊണ്ടൊന്നുമല്ല; പാപ്പയുടെ ആരോഗ്യനില നേരത്തേതന്നെ മോശമായിരുന്നല്ലോ.പോപ്പ് മരിക്കുമ്പോള്‍ സഭയുടെ ഖജനാവ് ശൂന്യമായിരുന്നു. നാലു ലക്ഷം ഡക്കറ്റ്‌സിന്റെ കടം. മരണാനന്തരച്ചടങ്ങിനുപോലും ബുദ്ധിമുട്ടുണ്ടായി. പോപ്പിന് അന്ത്യകൂദാശ നല്‍കിയിരുന്നില്ല. ‘മരണം പെട്ടെന്നായിരുന്നു; അതു മൂലമാണ് അവസരം കിട്ടാതിരുന്നത്’ എന്ന് സഭ വിശദീകരിച്ചു.

പോപ്പ് മരിച്ച് മൂന്നാഴ്ചയ്ക്കു ശേഷം മാനുവല്‍ രാജാവ് 52-ാം വയസില്‍ പ്ലേഗ് ബാധിച്ചു മരിച്ചു. പോര്‍ച്ചുഗലിന് പിന്നീട് വളര്‍ച്ചയുണ്ടായില്ല. 1517 ഡിസംബര്‍ 16-ന് ജിദ്ദ യുദ്ധത്തില്‍ അവര്‍ ഓട്ടോമന്‍ തുര്‍ക്കികളോട് പരാജയപ്പെട്ടു. അതോടെ ചെങ്കടലില്‍ പോര്‍ച്ചുഗല്‍ നാവികാധിപത്യത്തിന് അന്ത്യമായി.

പോപ്പ് ലിയോ മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് 1520 ഏപ്രില്‍ ആറിന് ചിത്രകാരനായ റാഫേലും മരിച്ചു. 37-ാം ജന്മദിനത്തിലായിരുന്നു വിയോഗം. കാമുകി മാര്‍ഗറീറ്റയെ പോപ്പ് രഹസ്യമായി അകറ്റിയെങ്കിലും റാഫേല്‍ അവളെ മറന്നില്ല. മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ കുറേ സമ്പാദ്യം മാറ്റിവച്ച് കാത്തിരുന്നു. വിരഹം, മദ്യപാനം കൂടുന്നതിനും രോഗിയാകുന്നതിനും കാരണമായതായി പറയപ്പെടുന്നു.മാര്‍ഗറീറ്റ സഭാവസ്ത്രം സ്വീകരിച്ചതിന്റെ രേഖകള്‍ പിന്നീട് കണ്ടെടുക്കുകയുണ്ടായി. ശേഷം അവള്‍ക്ക് എന്തു
സംഭവിച്ചുവെന്ന് അറിവില്ല. അത് രേഖപ്പെടുത്താനുള്ള വലിപ്പം അവള്‍ക്കില്ലായിരുന്നുവല്ലോ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

 

 

 

 

 

 

 

 

 

Comments are closed.