പ്രകൃതിയിലലിഞ്ഞ് ഇന്ദിരാഗാന്ധി: ജയ്‌റാം രമേശ് എഴുതുന്നു
ജയ്‌റാം രമേശിന്റെ ‘പരിസ്ഥിതിപ്രസ്ഥാനത്തിന് ഇന്ദിരാഗാന്ധിയുടെ സംഭാവനകള്‍’ എന്ന പുസ്തകത്തില്‍ നിന്നും
1984 ഒക്‌ടോബര്‍ 26- ലെ രാത്രി. ഇന്ദിരാജി സ്വന്തം അംഗരക്ഷകന്റെ തോക്കില്‍നിന്ന് ഉതിര്‍ത്ത വെടിയേറ്റ് ചേതനയറ്റത് അഞ്ചുനാള്‍കൂടി കഴിഞ്ഞാണ്. അതു പിന്നീട് നടന്നത്. ഈ സമയത്ത് ഒരു ജീവിതാഭിലാഷം പൂര്‍ത്തീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ പറഞ്ഞ വാക്കുകളാണിനി പറയുന്നത്. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി തന്റെ പൈതൃകഭൂമി കൂടക്കൂടെ സന്ദര്‍ശിക്കുമായിരുന്നു. ഭൂമിയിലെ പറുദീസയായിത്തന്നെ ഇഷ്ടപ്പെട്ടതായിരുന്നു ആ ഭൂമി. മേരുക്കള്‍, പൂക്കള്‍, പൂന്തോട്ടങ്ങള്‍, അരുവികള്‍ എല്ലാറ്റിനുമുപരിവൃക്ഷങ്ങള്‍–വിശിഷ്യാ ചിനാര്‍വൃക്ഷങ്ങള്‍ ശരത്കാലത്ത് വര്‍ണാഭമായിപൂത്തുലഞ്ഞുനില്‍ക്കുന്നത്– എല്ലാംകൂടി കടുംചുവപ്പുമുതല്‍ ഇളം മഞ്ഞയും തവിട്ടും കലര്‍ന്ന നിറം വരെയുള്ള നിറക്കൂട്ടുകളുടെ രമ്യമായ കാഴ്ച പ്രദാനംചെയ്ത സ്ഥലം.അത്യന്തം ശോഭനിറഞ്ഞ ഇത്തരത്തിലൊരു കാഴ്ച കണ്ടിട്ട് നാളേറെയായി. പുതുമനിറഞ്ഞ അനുഭവം നേരിട്ട് ലഭിക്കുന്നതിനു വളരെ നാളായി മാറ്റിവച്ച ആഗ്രഹം സാഹസികമായിത്തന്നെ സഫലമാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തു നിലനിന്ന രാഷ്ട്രീയ സാഹചര്യം കാരണംഗവര്‍ണറുടെ ഉപദേശം സ്ഥലം സന്ദര്‍ശിക്കുന്നതിന് അനുകൂലമായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകളെ നിരാകരിക്കുകയായിരുന്നു. ചിനാര്‍വൃക്ഷങ്ങളുടെ സമ്പൂര്‍ണ സൗകുമാര്യം കണ്ട് ആസ്വദിക്കുന്നതിന് കൊച്ചുമക്കളുടെ അകമ്പടിയോടെ പിറ്റേ ദിവസം പുലരുന്നതിനു മുമ്പുതന്നെ പുറപ്പെട്ടു. ഇലകളുടെ അടുക്കുകള്‍കൊണ്ട് പ്രകൃതിയൊരുക്കിയ മെത്തയിലൂടെ കാല്‍നടയായിത്തന്നെ ഇഷ്ട ഉദ്യാനമായ ദച്ചിഗം ദേശീയോദ്യാനവും സന്ദര്‍ശിക്കുകയുണ്ടായി. ഒരു അസാധാരണ സുഖാനുഭൂതിയായിരുന്നു അതുനല്‍കിയത്.
ഒക്‌ടോബര്‍ 28-ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ അവസരത്തില്‍ തന്റെ മന്ത്രിസഭയിലെ ഒരംഗം രചിച്ച ഗ്രന്ഥത്തിന് അവതാരിക എഴുതി. തന്റെ ഇഷ്ടവിഷയമായ പരിസ്ഥിതിയെക്കുറിച്ചുള്ള ഗ്രന്ഥമായിരുന്നു അത്. ഭുവനേശ്വറില്‍ ഒക്‌ടോബര്‍ 30-ാം തീയതി നടത്തിയ പ്രസംഗമായിരുന്നു അവസാനത്തേത്. സ്വന്തം ജീവന് പ്രചണ്ഡമായ അന്ത്യം ഉടനേ സംഭവിക്കുവാന്‍ പോകുന്നുവെന്ന മുന്നറിവ് ലഭിച്ചതുപോലെയായിരുന്നു വിഖ്യാതമായ ആ പ്രസംഗം. തന്റെ ഭൂതോദയം ശരിയായി ഭവിച്ചു. ബിബിസിയുടെ ഒരു അഭിമുഖം റെക്കോഡ് ചെയ്യുന്നതിനുവേണ്ടി പിറ്റേന്നു രാവിലെ 9 മണിക്ക് ചുറുചുറുക്കോടെ സ്വവസതിയില്‍നിന്ന് തൊട്ടടുത്ത ഓഫീസിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. ഏതാനുംമിനിറ്റുകള്‍ക്കുള്ളില്‍ തന്റെ സുരക്ഷയ്ക്കായി നിയുക്തരായ രണ്ടുപേര്‍ നിറയൊഴിച്ചതിനെ തുടര്‍ന്ന് ബീഭത്സമായ രീതിയില്‍ വധിക്കപ്പെട്ടു. നവംബര്‍ മൂന്നിനായിരുന്നു ശവസംസ്‌കാരം. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു. അസംഖ്യം രാജ്യങ്ങളില്‍നിന്നുള്ള ഉന്നത പ്രതിനിധിസംഘങ്ങള്‍ ആദരം അര്‍പ്പിക്കാനെത്തി. അക്കൂട്ടത്തില്‍ അമേരിക്കന്‍ പ്രതിനിധിസംഘത്തില്‍ ഇന്ദിരാജിയെ മുപ്പതാണ്ടായി അടുത്തറിയാവുന്ന ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു. ശവസംസ്‌കാരയാത്ര അവസാനിക്കാറായപ്പോള്‍ നാവികസേനയുടെ ബാന്‍ഡുവാദ്യസംഘം ഫ്‌ളവേഴ്‌സ് ഒഫ് ദി ഫോറസ്റ്റ് എന്ന ഗാനം ആലപിച്ചു. വനവും പുഷ്പങ്ങളും ഇന്ദിരാജിയുടെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. ഇന്ദിരാഗാന്ധിയുടെ അന്ത്യാഭിലാഷപ്രകാരം ഭൗതികശരീരം ദഹിപ്പിച്ച് ഒമ്പതാം നാള്‍ ചിതാഭസ്മം അവര്‍ ഏറെ ആത്മബന്ധം പുലര്‍ത്തിയ ഹിമാലയസാനുക്കളില്‍ വിതറി. ആദ്യം ഗോമുഖ്, തുടര്‍ന്ന് ഗംഗോത്രി, നുന്‍കുന്‍, ഒടുവില്‍ അമര്‍നാഥിലെപവിത്ര ഗുഹകളിലും നിക്ഷേപിച്ചു. ആധുനിക ഇന്ത്യയുടെ ശില്പിയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മകളുമായ ഇന്ദിരാഗാന്ധി അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി. രണ്ട് ഭരണകാലാവധികളിലായി 16 വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രിപദം അലങ്കരിച്ച ഇന്ദിരാഗാന്ധി ചരിത്രത്തിന്റെ ഏടുകളിലേക്കു മറഞ്ഞിട്ട് ഇന്നും പ്രചോദനത്തിനും ആദരത്തിനും പ്രശംസയ്ക്കും എന്നപോലെ വിരോധത്തിനും വിമര്‍ശനത്തിനും പാത്രമാണ്.
ഇന്ദിരാഗാന്ധിയുടെ പച്ചയായ ഒരു ജീവചരിത്രമാണിത്. കാരണം അവരുടെ വ്യക്തിത്വത്തിന്റെ ഒരു വശംമാത്രം പരാമര്‍ശിക്കുന്നതും ഓഫീസ് രേഖകളെ ആധാരമാക്കി ഉള്ളതുമായവിവരമാണ് നല്‍കിയിരിക്കുന്നത്. തികഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകയെന്നു പുകള്‍പെറ്റ ഇന്ദിരാഗാന്ധിയെപ്രകൃതിസ്‌നേഹി എന്ന നിലയില്‍ എടുത്തുകാണിക്കുന്നതിന്റെ കാരണമെന്ത്? ഉത്തരം വളരെ ലളിതമാണ്. ഇന്ദിരാഗാന്ധി വാസ്തവത്തില്‍ ഒരു പ്രകൃതിസ്‌നേഹി ആയിരുന്നു, സ്വയം അങ്ങനെതന്നെ കരുതുകയും ചെയ്തിരുന്നു. രാഷ്ട്രീയത്തിന്റെ നീര്‍ച്ചുഴിയിലേക്ക് ആകൃഷ്ടയായെങ്കിലും ഇന്ദിരാഗാന്ധിയുടെ തനിവ്യക്തിത്വത്തില്‍ പര്‍വ്വതങ്ങളോടുള്ള പ്രിയം, വന്യജീവികളോടുള്ള ഗൗരവമായ ശ്രദ്ധ എന്നിവയ്‌ക്കൊപ്പം പക്ഷികള്‍, ശിലകള്‍, വൃക്ഷങ്ങള്‍, വനങ്ങള്‍ എന്നിവയോടും അത്യുല്‍ക്കടമായ താത്പര്യംകുടികൊണ്ടിരുന്നു. നഗരവല്‍ക്കരണവും വ്യവസായവല്‍ക്കരണവും പരിസ്ഥിതിയില്‍ ഏല്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് കടുത്ത ഉത്കണ്ഠ പുലര്‍ത്തി. 1972 ജൂണില്‍ സ്റ്റോക്‌ഹോമില്‍ ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി ഉച്ചകോടിയെ അഭിസംബോധനചെയ്ത് ആതിഥേയ രാഷ്ട്രത്തിനുപുറമേ പങ്കെടുത്ത ഏകപ്രധാനമന്ത്രിയെന്ന ഖ്യാതിയും ഇന്ദിരാഗാന്ധിക്കുള്ളതാണ്. ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രതിധ്വനിപതിറ്റാണ്ടുകള്‍ നിലനിന്നു. പ്രോജക്ട് ടൈഗര്‍ എന്ന ഇന്ത്യയുടെ വിശ്രുത കടുവസംരക്ഷണപദ്ധതിയുടെ പൂര്‍ണമായ ക്രെഡിറ്റ് അവര്‍ക്കുമാത്രം അര്‍ഹതപ്പെട്ടതാണ്. ചീങ്കണ്ണി, സിംഹം, കശ്മീരി മാനുകള്‍, കൊക്കുകള്‍, കൊറ്റി, ïമിംഗോ, മാനുകള്‍, വംശനാശത്തിന്റെ വക്കിലെത്തിയ മറ്റ് സ്പീഷീസുകള്‍ എന്നിവയുടെ സംരക്ഷണാര്‍ഥം രൂപം നല്‍കിയ അപ്രശസ്ത പരിപാടികളും ഇന്ദിരാജിയില്‍ ഉയിര്‍ക്കൊണ്ടതാണ്.അവരുടെ ഒറ്റയാളിന്റെ ബുദ്ധിയില്‍ ഉദിച്ച രണ്ട് പ്രകൃതിസംരക്ഷണ നിയമങ്ങള്‍–ഒന്ന് വന്യജീവിസംരക്ഷണനിയമവും മറ്റേത് വനസംരക്ഷണ നിയമവും–ഇന്നും അഭംഗുരം പിന്തുടരുന്നു. ജലത്തിന്റെയും വായുവിന്റെയും മലിനീകരണസംബന്ധമായി ഇന്നുള്ള നിയമങ്ങളും ഇന്ദിരാജിയുടെ ഭരണകാലത്തു കൊണ്ടുവന്നതാണ്.
ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹം, ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖല, പശ്ചിമഘട്ടങ്ങളിലെ മഴക്കാടുകള്‍ മുതലായ പരിസ്ഥിതിലോല പ്രദേശങ്ങളെ പരിസ്ഥിതിനശീകരണത്തില്‍നിന്നു രക്ഷിക്കുന്നതിന് തന്റെ രാഷ്ട്രീയാധികാരം ഇന്ദിരാഗാന്ധി വിനിയോഗിച്ചു. വന്യജീവികള്‍, വനങ്ങള്‍, മലിനീകരണം, പുനരധിവാസം എന്നിവ സംബന്ധിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയ സഹപ്രവര്‍ത്തകരുടെയും ശ്രദ്ധ ആവര്‍ത്തിച്ച് ക്ഷണിക്കുകയും പരിസ്ഥിതി സന്തുലനം നിലനില്‍ക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. നിര്‍മിതവും പ്രകൃതിദത്തവും ആയ ഇന്ത്യയുടെ പൈതൃകങ്ങള്‍ തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി കൂടക്കൂടെ അവര്‍ എടുത്തുപറയുമായിരുന്നു. സത്യത്തില്‍, പ്രകൃതിയും സംസ്‌കാരവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ ആണെന്ന വീക്ഷണം പുലര്‍ത്തിയ ചുരുക്കം പേരില്‍–ഒരുപക്ഷേ, ഒരേ ഒരാള്‍–ഒരാളായിരുന്നു അവര്‍.
ഈ സവിശേഷതകള്‍ കാരണം ഇന്ദിരാഗാന്ധിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയായി ഒരു പച്ചക്കണ്ണാടി(green lens)യിലൂടെ, പുതിയ കാഴ്ചപ്പാടില്‍ നോക്കിക്കാണേണ്ടതുണ്ട്. വര്‍ഷങ്ങള്‍ക്കിടയില്‍ തന്റെ രാഷ്ട്രീയ സാമ്പത്തിക സമീപനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും പരിസ്ഥിതിസംരക്ഷണകാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. തന്റെ ജീവിതത്തിലെ ജയപരാജയങ്ങളെ അതിജീവിക്കുന്നതിന് അത്യുല്‍ക്കടമായ പ്രകൃതിസ്‌നേഹം തുണയായി. ലോകത്തൊട്ടാകെയുള്ള പ്രകൃതിസംരക്ഷകരുടെ വലിയൊരു സുഹൃദ്‌വലയം ഇന്ദിരാഗാന്ധിക്കുണ്ടായിരുന്നു. അവരുമായി ബന്ധം നിലനിര്‍ത്തി. ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെടുന്നതിന് അവര്‍ക്കൊന്നും തടസ്സമുണ്ടായില്ല. നേരിട്ട് കത്തിടപാട് നടത്തുകയും അതിനൊക്കെ മറുപടി അയയ്ക്കുന്നതിനു സമയം കണ്ടെത്തുകയും ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുറന്ന മനസ്സോടെ മുഴുവന്‍ സമയം കര്‍ത്തവ്യനിരതമായിരിക്കുന്നതിനു സന്നദ്ധയായിരുന്നു. മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുന്നതിനും അവരുമായി കൂടിയാലോചിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനും സന്ദര്‍ഭം കണ്ടെത്തി. അവരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളില്‍ സ്വയം ഉത്സാഹം പ്രകടിപ്പിക്കുക മാത്രമല്ല, മറ്റുള്ളവരെ ഉത്സാഹിപ്പിക്കുന്നതിലും തത്പരയായിരുന്നു. വ്യത്യസ്ത വീക്ഷണമുള്ളവര്‍ക്ക് രാഷ്ട്രീയ അവസരങ്ങള്‍ നല്‍കുന്നതിനും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനു ചുമതലപ്പെട്ടവരുമായി സാധാരണനിലയില്‍ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്കുപോലും ചുരുങ്ങിയ സമയത്തിനുള്ളില്‍ ബന്ധപ്പെടുന്നതിനും അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പുകളില്‍ പ്രയോജനമൊന്നും ഇല്ലെങ്കില്‍ക്കൂടി തീരുമാനങ്ങളെടുക്കുന്നതില്‍ അവര്‍ ധീരമായ നിലപാടെടുത്തു.പ്രകൃതിസ്‌നേഹി എന്ന നിലയില്‍ അര്‍ഹിക്കുന്ന അംഗീകാരം അവരുടെ ജീവചരിത്രം എഴുതിയവര്‍ അവര്‍ക്കു നല്‍കിയില്ല. പരിസ്ഥിതിയുടെ കാവലാള്‍ എന്ന നിലയ്‌ക്കോ, അവരുടെ ജയപരാജയങ്ങളെ വിലയിരുത്തുന്ന ബാക്കിപത്രത്തില്‍ പ്രകൃതി സംരക്ഷണകാര്യത്തില്‍ കാണിച്ച ശുഷ്‌കാന്തി അഥവാ വികാരതീക്ഷ്ണത കണക്കിലെടുത്തോ അവരോട് നീതിപുലര്‍ത്തുന്ന സമീപനം ജീവചരിത്രകാരന്മാര്‍ ആരും തന്നെ നല്‍കിയില്ല. അവരുടെ സഹായികളില്‍ പലരും തയ്യാറാക്കിയ ഓര്‍മ്മക്കുറിപ്പുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. പ്രകൃതിസംരക്ഷകര്‍ പ്രസിദ്ധപ്പെടുത്തിയ ഏതാനും ഗ്രന്ഥങ്ങളില്‍ ഉപാഖ്യാനങ്ങളെയോ പ്രസിദ്ധപ്പെടുത്തിയ പ്രസംഗങ്ങളെയോ അധികരിച്ച് തയ്യാറാക്കിയ വിവരണങ്ങളിലൂടെയാണ് ഇന്ദിരാഗാന്ധിയെ കാണാവുന്നത്.
ജീവപര്യന്തം ലഭ്യമായ രേഖകളെ അവലംബമാക്കി തയ്യാറാക്കിയ പരിസ്ഥിതിസംബന്ധമായ യുക്തിഭദ്രമായ ഒരു വിവരണം കിട്ടിയിട്ടില്ല. ഈ പുസ്തകരചനയ്ക്കു പ്രേരിപ്പിച്ചത് അതാണ്. ഇന്ദിരാഗാന്ധിയുടെ വേണ്ടത്ര മതിക്കപ്പെടാത്ത വ്യക്തിത്വത്തെക്കുറിച്ചും ഒരു പ്രകൃതി സ്‌നേഹി എന്ന നിലയില്‍ തന്റെ പൊതുജീവിതത്തില്‍ കൈവരിച്ച പ്രസിദ്ധമല്ലാത്ത നേട്ടങ്ങളെക്കുറിച്ചുമുള്ള ഒരന്വേഷണമാണിതിലെ ഉള്ളടക്കം. പ്രകൃതിയോടുള്ള അതിയായ താത്പര്യവും ഉത്കണ്ഠയും അവര്‍ക്ക് എവിടെനിന്നു കിട്ടി? അവരുടെ ഉള്ളില്‍ ഈയൊരു ചിന്ത രൂപപ്പെട്ടതെങ്ങനെ? തന്റെ ചിന്തയെയും വാക്കിനെയും എഴുത്തിനെയും സ്വാധീനിക്കാന്‍ കഴിഞ്ഞതെങ്ങനെ? രാഷ്ട്രത്തിന്റെ പ്രകൃതിക്ഷേമത്തെ ദൂരവ്യാപകമായി ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്നെ സ്വാധീനിച്ചതാര്? അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് എന്താണ് പ്രസക്തി?ഈവക പ്രശ്‌നങ്ങള്‍ക്കാണ് ഞാന്‍ ഉത്തരം തേടാന്‍ ശ്രമിക്കുന്നത് സാമൂ ഹികം, വിദേശനയം എന്നിവ സംബന്ധിച്ച ഗൗരവമായ പ്രശ്‌നങ്ങളുമായി മല്ലടിക്കുന്ന അവസരത്തില്‍ പോലും പ്രകൃതിസംരക്ഷണം സംബന്ധിച്ച വിവാദവിഷയങ്ങള്‍ ഇന്ദിരാഗാന്ധി എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നു ബോധ്യപ്പെടുത്തുകകൂടിയാണ് പുസ്തകത്തിന്റെ ലക്ഷ്യം. അവരുടെ പരിസ്ഥിതി സംബന്ധമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു ഡയറിയാണ് ഈ പുസ്തകം എന്ന് ഒരുതരത്തില്‍ പറയാം. അവര്‍ ദൈനംദിനം എഴുതി സൂക്ഷിച്ചതല്ലെങ്കിലും ചരിത്രരേഖകള്‍ കൂട്ടിയിണക്കി പുനര്‍നിര്‍മിച്ച ഒരു ഡയറി.
ഇന്ദിരാഗാന്ധി എഴുതിയ കത്തുകള്‍, ലേഖനങ്ങള്‍, നടത്തിയ പ്രസംഗങ്ങള്‍, ഗ്രന്ഥകാരന്മാര്‍ക്കു നല്‍കിയ മുഖവുരകള്‍, അയച്ച മെമ്മോകള്‍, കുറിപ്പുകള്‍, സന്ദേശങ്ങള്‍ എന്നിവയെല്ലാം ഇതിലെ വിവരണങ്ങള്‍ക്ക് ആധാരമായി ഞാന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ മിക്കതും ഔദ്യോഗിക കുറിപ്പുകള്‍/രേഖകള്‍ അല്ലാത്തതിനാല്‍ ലഭിക്കുക എളുപ്പമായിരുന്നില്ല. അതിനു പുറമേ, അവര്‍ക്കു സമര്‍പ്പിക്കപ്പെട്ട ഫയലുകളിലെ നിരീക്ഷണങ്ങളും ഞാന്‍ ഉപയോഗപ്പെടുത്തുകയുണ്ടായി. ഇന്ദിരാഗാന്ധി സ്വയം സംസാരിക്കുന്ന ഭാഗങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ജീവചരിത്രമാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത.
Comments are closed.