യേശുവും ക്രിസ്തുവും: സെബാസ്റ്റ്യന്‍ വട്ടമറ്റം
ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ദൈവം ഉണ്ടോ എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. ഉണ്ടെങ്കിലുമില്ലെങ്കിലും, ഏതെങ്കിലും തരത്തിലുള്ള ദൈവസങ്കല്പം എല്ലാ സമൂഹങ്ങളിലുമുണ്ട്. അതാണു നാം ദൈവമെന്നതുകൊണ്ടുദ്ദേശിക്കുക. അതുപോലെ യേശു എന്നൊരാള്‍ ജീവിച്ചിരുന്നോ എന്നതും പ്രശ്‌നമല്ല. ബൈബിളില്‍ പുതിയ നിയമഗ്രന്ഥങ്ങളിലൂടെ വെളിപ്പെടുന്ന അസാമാന്യ ആളത്തമാണു നമുക്ക് യേശു. അയാളില്‍ ദൈവികപരിവേഷം ചാര്‍ത്തുന്ന പരാമര്‍ശങ്ങളും ബൈബിളില്‍ കാണാം. ഇതെങ്ങനെ സംഭവിച്ചു എന്നതും നമുക്കാരായേണ്ടതുണ്ട്.
ഫാദർ സെഫാദർ സെബാസ്റ്റ്യൻ കാപ്പൻ (1924-1993) എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും സമാഹരിച്ച് ഇംഗ്ലിഷിൽ ആറും മലയാളത്തിൽ മൂന്നും വാല്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിലൂടെ കടന്നുപോകുമ്പോൾ യേശുവിനെയും ക്രിസ്തുമതത്തെയുംകുറിച്ചുള്ള നമ്മുടെയൊക്കെ ധാരണകൾ കീഴ്‌മേൽ മറിയും. യേശു എന്ന മനുഷ്യനെ ഉടച്ചുവാർത്തുണ്ടാക്കിയ ദൈവസങ്കല്പമാണ് ക്രിസ്തു. അതിന്റെമേലുയർത്തപ്പെട്ട സംഘടിതപ്രസ്ഥാനം ക്രിസ്തുമതവും. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നാണ് അച്ചനിൽ നിന്നു നമുക്കറിയേണ്ടത്.
തുടക്കത്തിലേ ഒരു കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ദൈവം ഉണ്ടോ എന്ന ചോദ്യം ഇവിടെ അപ്രസക്തമാണ്. ഉണ്ടെങ്കിലുമില്ലെങ്കിലും, ഏതെങ്കിലും തരത്തിലുള്ള ദൈവസങ്കല്പം എല്ലാ സമൂഹങ്ങളിലുമുണ്ട്. അതാണു നാം ദൈവമെന്നതുകൊണ്ടുദ്ദേശിക്കുക. അതുപോലെ യേശു എന്നൊരാൾ ജീവിച്ചിരുന്നോ എന്നതും പ്രശ്‌നമല്ല. ബൈബിളിൽ പുതിയ നിയമഗ്രന്ഥങ്ങളിലൂടെ വെളിപ്പെടുന്ന അസാമാന്യ ആളത്തമാണു നമുക്ക് യേശു. അയാളിൽ ദൈവികപരിവേഷം ചാർത്തുന്ന പരാമർശങ്ങളും ബൈബിളിൽ കാണാം. ഇതെങ്ങനെ സംഭവിച്ചു എന്നതും നമുക്കാരായേണ്ടതുണ്ട്.
കാപ്പനച്ചന് യേശു ഒരു പ്രവാചകനാണ്. ആരാണു പ്രവാചകൻ? ഒരു സമൂഹത്തിൽ വലിയ പ്രതിസന്ധികളുണ്ടാകുമ്പോൽ ആ സാമൂഹ്യക്രമത്തിനെതിരേ ശബ്ദിച്ചും കൂടുതൽ മനുഷ്യയോഗ്യമായ പുതിയൊരു സമൂഹസങ്കല്പം – ഉട്ടോപ്യ- അവതരിച്ചും ചിലർ മുന്നോട്ടുവരും. അവരാണു പ്രവാചകർ. യേശുവും ഒരു പ്രവാചകനായിരുന്നു.
യേശു ജനിച്ചുവളർന്ന യൂദയാ രാജ്യത്ത് റോമൻ ആധിപത്യവും അതിനോടൊത്തുകളിക്കുന്ന യഹൂദപുരോഹിതന്മാരും റോമിനെതിരേ പോരാടുന്ന തീവ്രവാദിസംഘവുമുണ്ടായിരുന്നു. ഈ വിപരീതശക്തികൾക്കിടയിൽക്കിടന്നു നട്ടംതിരിയുന്ന സാധാരണ മനുഷ്യരും. അവർക്കിടയിൽനിന്നാണു തച്ചന്റെ മകനായ യേശു ഉയർന്നുവരുന്നത്. പത്തു മുപ്പതു വയസ്സുള്ളപ്പോഴാണ് പൊതുരംഗത്തു പ്രത്യക്ഷപ്പെടുന്നത്. പ്രാർത്ഥനാലയത്തിൽ യേശയ്യാ പ്രവാചകന്റെ വാക്കുകളുദ്ധരിച്ചുകൊണ്ടായിരുന്നു തുടക്കം:””കർത്താവിന്റെ ചൈതന്യം എന്നിൽ നിവേശിച്ചിരിക്കുന്നു; ദരിദ്രരെ സുവിശേഷം അറിയിക്കാനും തടവുകാർക്കു മോചനവും കുരുടർക്കു കാഴ്ചയും പ്രഖ്യാപിക്കാനും മർദ്ദിതരെ സ്വതന്ത്രരാക്കാനും ജൂബിലി വർഷം വിളംബരം ചെയ്യാനും അവിടന്നെന്നെ അയച്ചിരിക്കുന്നു.” ഈ പ്രവാചകന്റെ പിൻഗാമിയാണു താനെന്ന് യേശു വ്യക്തമാക്കുന്നു. ഇതിൽ പറയുന്ന ജൂബിലി വർഷം ഓരോ അമ്പതാണ്ടു കൂടുമ്പോഴും ദൈവകല്പനയാൽ യഹൂദർ പ്രാവർത്തികമാക്കേണ്ട സാമൂഹിക-സാമ്പത്തികവ്യവസ്ഥയുടെ നീതിനിഷ്ഠമായ അഴിച്ചുപണിയാണ്.
യേശു തന്നെത്തന്നെയും മറ്റുള്ളവർ യേശുവിനെയും കണ്ടിരുന്നത് ഒരു പ്രവാചകനായിട്ടായിരുന്നു എന്നു കാപ്പനച്ചൻ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു. പതിവുപോലെ പ്രവാചകനായ താനും സ്വന്തം നാട്ടിൽ ആദരിപ്പെടുന്നില്ല (മർക്കോസ് 6:4) എന്ന് യേശു പരിതപിക്കുന്നു. ഹേരോദ് രാജാവിൽനിന്നു രക്ഷപെടാനുപദേശിക്കമ്പോൾ ജറൂസലേമിലല്ലാതെ മറ്റെങ്ങും പ്രവാചകർ മരിക്കില്ലെന്നാണദ്ദേഹത്തിന്റെ മറുപടി (ലൂക്കാ 13:32). കുരിശുമരണത്തിനു ശേഷം ശിഷ്യർ യേശുവിനെ വിശേഷിപ്പിക്കുന്നത് “”ഈശ്വരന്റെയും മനുഷ്യന്റെയും സമക്ഷം വാക്കിലും പ്രവൃത്തിയിലും ശക്തി കാണിച്ച പ്രവാചകൻ”(ലൂക്കാ 24:19) എന്നാണ്. വിധവയുടെ മകനെ ഉയിർപ്പിക്കുന്നതു കണ്ട ജനാവലി, “”മഹാനായ ഒരു പ്രവാചകനിതാ”(ലൂക്കാ 7:16) എന്നും ജറൂസലേം നഗരിയിൽ കാൽ കുത്തിയപ്പോൾ ജനം “”ഗലിലേയിലെ നസ്രത്തിൽ നിന്നു വന്ന പ്രവാചകനാണിയാൾ’’ എന്നുമാണുദ്‌ഘോഷിക്കുന്നത്. (മത്തായി 21:11).
പൂര്‍ണ്ണരൂപം 2024 ഒക്ടോബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബർ ലക്കം ലഭ്യമാണ്