DCBOOKS
Malayalam News Literature Website

സേതുവിന്റെ ‘പാണ്ഡവപുരം’ ഇരുപത്തിനാലാം പതിപ്പില്‍

“പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്‍മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍മുകളില്‍ ശ്രീകോവിലില്‍ ചുവന്ന ഉടയാടകളിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ് ഭഗവതി ചമ്രംപടഞ്ഞിരുന്നു. പാണ്ഡവപുരത്തു വന്നെത്തുന്ന ഒരോ വധുക്കളും ദേവിയോട് പ്രാര്‍ത്ഥിച്ചു. ജാരന്‍മാരില്‍ നിന്നും ഞങ്ങളെ രക്ഷിക്കൂ. അവരുടെ മായാവലയത്തില്‍പ്പെടാതെ കാത്തുകൊള്ളണേ…!”

വിഭ്രമാത്മകമായ അനുഭവങ്ങളിലൂടെ അപരിചിതമായ ഓര്‍മ്മകളിലൂടെ വായനക്കാരനെ പിന്തുടരുന്ന, സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളുടെ സമകാലികമായ അവസ്ഥയെ തുറന്നുകാട്ടുന്ന നോവലാണ് സേതുവിന്റെ പാണ്ഡവപുരം. സ്ത്രീശക്തിയെക്കുറിച്ചും ലിംഗപരമായ അടിച്ചമര്‍ത്തലിനെക്കുറിച്ചും അവളുടെ ഉണര്‍ച്ചയെക്കുറിച്ചും ഇപ്പോള്‍ നമുക്കിടയില്‍ നടക്കുന്ന സംവാദങ്ങളുടെ ഉള്ളടക്കം മുപ്പതുവര്‍ഷംമുമ്പുതന്നെ സേതു മുന്‍കൂട്ടി കാണുന്നുണ്ട്. സമയത്തിനു മുന്നില്‍ നടന്നു ചെന്ന് രചിച്ച നോവലായാണ് പാണ്ഡവപുരത്തെ ഇപ്പോള്‍ വായിക്കാനാവുക.

ശക്തിമത്തായ രൂപംപ്രാപിക്കുന്ന സ്ത്രീയാണ് ഈ നോവലിന്റെ കേന്ദ്രബിന്ദു. ദേവി എന്ന സ്ത്രീയുടെ ഒറ്റപ്പെടലും അവളുടെ കാമനകളുമെല്ലാം പുതുമയോടെ ആവിഷ്‌കരിക്കുന്നു. പെണ്‍മനസ്സിന്റെ ഭിന്നഭാവങ്ങളും അതിന്റെ വൈകാരികമായ എല്ലാവശങ്ങളും ദേവിയിലുണ്ട്. സ്ത്രീ അവളുടെ ഒറ്റപ്പെടലിനും അവഗണനയ്ക്കും എതിരെ ശക്തിസംഭരിച്ച് രൂപാന്തരം പ്രാപിച്ചാല്‍ അത് എത്രത്തോളം സൃഷ്ടിപരമാകുമെന്നും പുരുഷസമൂഹത്തെ തിരുത്താന്‍ അതിനാകുമെന്നും പാണ്ഡവപുരം നമ്മോട് പറയുന്നു. ജാരന്മാരുടെ നാടാണ് പാണ്ഡവപുരം. മിത്തോളജിയും നിഗൂഢതയും എല്ലാം ചൂഴ്ന്നുനില്‍ക്കുന്ന നാട്. ജാരന്മാരുടെ നാടുകള്‍ നമുക്കിടയില്‍ ധാരാളം കണ്ടെടുക്കാം. സ്ത്രീ പലവിധത്തില്‍ ആക്രമിക്കപ്പെടുന്ന കാലത്ത് പാണ്ഡവപുരത്തിന്റെ പുനര്‍വായനയ്ക്ക് പ്രസക്തിയേറെയുണ്ട്.

മലയാളത്തില്‍ ഫാന്റസിയുടെ അപാരമായ സാധ്യതകളെ തൂലികത്തുമ്പില്‍ ആവാഹിച്ച കാഥികനാണ് സേതു.നമ്മെ സത്യത്തിനും മിഥ്യക്കുമിടയിലെവിടെയോ എത്തിക്കുന്ന ഭ്രമ കല്പനകളാണ് സേതുവിന്റെ ആഖ്യാന തന്ത്രം. ബോധധാരാ രീതിയിലൂടെ മനുഷ്യ മനസ്സുകളുടെ സങ്കീര്‍ണ്ണതകളെ ആവിഷ്‌കരിക്കാന്‍ സേതുവിന് കഴിയുന്നതെങ്ങനെ എന്ന് പാണ്ഡവപുരം സാക്ഷ്യപ്പെടുത്തുന്നു. നോവല്‍ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ഈ കൃതി ആറ് ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലും ബംഗാളിയിലും ഈ നോവലിനെ ആസ്പദമാക്കി ചലച്ചിത്രങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഇക്കഴിഞ്ഞ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളില്‍ പാണ്ഡവപുരത്തിന്റെ ജര്‍മ്മന്‍ പരിഭാഷയും പ്രകാശനംചെയ്തിരുന്നു. 1979-ല്‍ പ്രസിദ്ധീകൃതമായ ഈ പുസ്‌കത്തിന്റെ 24 -ാമത് പതിപ്പാണ് ഡി.സി ബുക്സ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്.

 

Comments are closed.