DCBOOKS
Malayalam News Literature Website

അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ വെള്ളിയാഴ്ച വിട്ടയയ്ക്കും

ദില്ലി: പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് വിട്ടയക്കും. പാക്കിസ്ഥാന്‍ പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം ഇന്നലെ അറിയിച്ചിരുന്നു. ഭയന്നിട്ടല്ല, സമാധാന, സൗഹൃദ നടപടികളുടെ ഭാഗമായാണ് ഇന്ത്യന്‍ പൈലറ്റിനെ മോചിപ്പിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പ്രശ്‌നം വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇമ്രാന്‍ ഖാന്‍ അറിയിച്ചിട്ടുണ്ട്.

പൈലറ്റിനെ ഉടന്‍ വിട്ടുകിട്ടണമെന്ന് ഇന്ത്യ ശക്തമായ നിലപാടെടുത്തിരുന്നു. ധാരണകള്‍ക്കില്ലെന്നും പൈലറ്റിനെ വെച്ചു വിലപേശാമെന്ന് പാക്കിസ്ഥാന്‍ കരുതുന്നുണ്ടെങ്കില്‍ അത് നടക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദവും ശക്തമായിരുന്നു. ജനീവ ഉടമ്പടി പ്രകാരം യുദ്ധത്തടവുകാരനായാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ വിട്ടയയ്ക്കുന്നതെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചിരുന്നു.

ബുധനാഴ്ചയാണ് അഭിനന്ദനെ പാക്കിസ്ഥാന്‍ പിടികൂടുന്നത്. നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാക് വ്യോമസേനാ വിമാനം വെടിവെച്ചുവീഴ്ത്തിയതിനു പിന്നാലെയാണ് അദ്ദേഹം പിടിയിലായത്. അഭിനന്ദന്‍ പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനത്തിന് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. രക്ഷപ്പെടുന്നതിനായി വിമാനത്തില്‍ നിന്ന് ഇജക്ട് ചെയ്ത വര്‍ദ്ധമാന്‍ പക്ഷെ, പാക് അധീന കശ്മീരിലാണ് വന്നു പതിച്ചത്.

അതസമയം അഭിനന്ദന്‍ വര്‍ധമാനെക്കുറിച്ച് യൂട്യൂബില്‍ പ്രചരിച്ചിരുന്ന ഏതാനും വീഡിയോ ലിങ്കുകള്‍ യൂട്യൂബ് നീക്കം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് വിവരസാങ്കേതിക മന്ത്രാലയമാണ് യൂട്യൂബിന് നിര്‍ദ്ദേശം നല്‍കിയത്. പാക്കിസ്ഥാനില്‍ വെച്ച് അഭിനന്ദനെ പിടികൂടുന്നതും മര്‍ദ്ദിക്കുന്നതുമായ നിരവധി ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത് തടയാനാണ് ഈ നടപടി.

Comments are closed.