DCBOOKS
Malayalam News Literature Website

പാതിപ്പാടത്തെ ‘പട്ടി’ക്കമ്പനികഥ, ഉദ്വേഗഭരിതമായ ത്രില്ലർ

ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ റിവ്യൂ

ജുനൈദ് അബൂബക്കറിന്റെ നോവല്‍ പ(ക.) -യ്ക്ക്  ഷെറിന്‍ പി യോഹന്നാന്‍ എഴുതിയ വായനാനുഭവം(ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ റിവ്യൂ)

മലയാള മനോരമ വാർഷികപ്പതിപ്പിലൂടെ പുറത്തിറങ്ങിയ ജി ആർ ഇന്ദുഗോപന്റെ ‘പതിനെട്ടര കമ്പനി’ എന്ന കഥ വായിച്ചിട്ടുണ്ട്. ഒരു ട്രേഡ് യൂണിയനായി തുടങ്ങി പിന്നീട് ക്വട്ടേഷൻ സംഘമായി രൂപം മാറിയ കമ്പനി. ജുനൈദ് അബൂബക്കറിന്റെ ഏറ്റവും പുതിയ നോവലായ ‘പ(ക.)’ വായിച്ചപ്പോഴും മനസ്സിൽ ആദ്യം നിറഞ്ഞത് ഇന്ദുഗോപന്റെ ‘പതിനെട്ടര കമ്പനി’യായിരുന്നു.  ജുനൈദിന്റെ ഈ പുസ്തകം, പാതിപ്പാടം എന്ന സ്ഥലത്തെ കുറച്ചു ചെറുപ്പക്കാരുടെ കഥയാണ്. ആറുപേരുടെ ഗ്യാങാണ്. എന്നാൽ അത്രയ്ക്ക് അങ്ങോട്ട് വികസിച്ചിട്ടില്ല. കൊച്ചുപിള്ളേരുടെ ഒരു കൂട്ടം. അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ അവർ, കവലയിലെ ബാർബർ ഷോപ്പ് മുതലാളി ഉമ്മർക്കണ്ണൻ അമ്പിളിയെ രാത്രിയുടെ മറവിൽ വളഞ്ഞിട്ട് തല്ലുന്ന അന്ന് വരെ!

Textകള്ളവാറ്റുകാരിയായ വെള്ളിലയെ ശാരീരികമായി അപമാനിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അമ്പിളിയെ അവർ കായികമായി നേരിടുന്നത്. എന്നാൽ തല്ലു കഴിഞ്ഞാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. ഗ്യാങ്ങിലെ ഒരുവന്റെ പിതാവെത്തി തല്ലി, അവരെ കണക്കിന് പരിഹസിച്ചു. ” നീയൊക്കെ വെറും പട്ടികളാടാ പട്ടികൾ, നിന്റെയൊക്കെ ഈ കമ്പനിയുണ്ടല്ലോ, കുടുംബം നശിപ്പിക്കാനുണ്ടായ ഈ കമ്പനി, വെറും പട്ടിക്കമ്പനിയാ, പട്ടിക്കമ്പനി…. ” അന്നായിരുന്നു പട്ടിക്കമ്പനിയുടെ ജനനം. എതിർപാർട്ടിയുടെ കൊടി ഇറക്കി തീണ്ടാരിതുണി കെട്ടിയും മറ്റും ഗ്യാങ് തഴയ്ക്കുന്നു. കോളറ തടയാൻ സംഘം ഇടപെടുകയും അതിനെ എതിർക്കുന്ന മഹല്ല് കമ്മറ്റിക്കെതിരെ തിരിയുകയും പള്ളിയിലെ കോളാമ്പി മോഷ്ടിക്കുകയും ചെയ്യുന്നു. “ടാ ഭരതന്റെ കടേന്ന് ഞങ്ങൾക്ക് ചായ വാങ്ങിച്ചോണ്ട് വാ, പട്ടി കമ്പനിയ്ക്കാണെന്ന് പറയണം. മനസ്സിലായോ? പട്ടിക്കമ്പനിക്ക്.” കമ്പനി കൂടുതൽ പ്രബലമാകുന്നതിന്റെ സൂചന ആയിരുന്നു ഇത്. എന്നാൽ വിചാരിച്ചതുപോലെ നടന്നില്ല. കൊച്ചുമേരി തട്ടിക്കൊണ്ടുപോകൽ കേസോടെ കമ്പനി അടങ്ങി.

കഥ എഴുപതുകൾ പിന്നിട്ട് എൺപതുകളിലേക്ക് കാലെടുത്തു വച്ചു. അതോടൊപ്പം പാതിപ്പാടത്തിലേക്ക് സ്റ്റാൻലിയും കാലെടുത്തു വച്ചു. അധോലോകത്തുനിന്ന് മാർത്താണ്ഡൻ മുതലാളി ഇറക്കുമതി ചെയ്ത സ്റ്റാൻലിയുടെ തല്ലുകൊണ്ട് പട്ടിക്കമ്പനി വീണുപോയി. കവലയിൽ വച്ച് തലങ്ങും വിലങ്ങും അടികൊണ്ട് വീണ നിമിഷം തന്നെ പാതിപ്പാടങ്കാരുടെ മനസ്സിൽ നിന്നും കമ്പനി പടിയിറങ്ങിപ്പോയി. പട്ടിക്കമ്പനി വിട്ട് അംഗങ്ങൾ കുടുംബമായി ജീവിക്കാൻ തുടങ്ങിയെങ്കിലും വിധി അവരെ വിടാതെ പിന്തുടർന്നു. പല ട്വിസ്റ്റുകളിലൂടെയും ഉദ്വേഗത്തിലൂടെയും നീങ്ങുന്ന കഥ രണ്ടാം പകുതിയിൽ കൂടുതൽ ശക്തമാവുന്നുണ്ട്. സാധാരണമായ കഥയെണെങ്കിൽ പോലും പട്ടിക്കമ്പനി അംഗങ്ങളുടെ ജീവിതഗതിയിലൂടെയും പരാജയങ്ങളിലൂടെയുമൊക്കെ കഥാഗതിക്ക് ആഴവും വ്യാപ്തിയും കൊണ്ടുവരാൻ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രമാണ് വെള്ളില. പട്ടിക്കമ്പനിയിലെ തമ്പിച്ചനും അബ്ബാസും എബിച്ചനും ബച്ചുവും പൗലോയും ഉദയനും കഥയുടെ ഏതെങ്കിലുമൊരിടത്തുവച്ച് വായനക്കാരന്റെ കൂടെ കൂടും. ക്ലിനിക്കിന്റെ മതിലിൽ വർഷങ്ങൾക്ക് മുമ്പ് എഴുതിവച്ച പ(ക.) യുടെ ദൃശ്യത്തിലാണ് നോവൽ അവസാനിക്കുന്നത്. നോവലിനെ ഏറ്റവും വായനാക്ഷമമാക്കി അവതരിപ്പിക്കാൻ ജുനൈദിന് സാധിച്ചിട്ടുണ്ട്.

സങ്കീർണമായ വാക്യഘടനകൾ ഇല്ലാതെ, ഉദ്വേഗമുഹൂർത്തങ്ങളെ വിദഗ്ദമായി കൈകാര്യം ചെയ്ത് വായനക്കാരനെ ത്രില്ലടിപ്പിക്കാൻ നോവലിസ്റ്റിന് കഴിയുന്നു. എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന നോവൽ അല്ല പ(ക.). ഒരു സിനിമ കാണുന്ന രസകരമായ അനുഭവമായിരുന്നു എനിക്കീ വായന. അങ്കമാലി ഡയറീസ് പോലെ ‘കട്ട ലോക്കൽ ക്രൈം ത്രില്ലർ.’ അത്തരം വായനകളെ തേടിചെല്ലുന്നവർക്ക് പാതിപ്പാടിലേക്ക് ഇറങ്ങിനിൽക്കാം. ഇടയ്ക്ക് തെച്ചിപെണ്ണിന്റെ ചെമ്പരത്തിയിട്ട് ചുവപ്പിച്ച വാറ്റും സദയപ്പന്റെ പോഞ്ഞാനുമായി പട്ടിക്കമ്പനി എത്തുന്നത് കാണാം.???

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.