DCBOOKS
Malayalam News Literature Website

‘പടം’; വാർധക്യം ബാധിച്ച മനസ്സുകളുടെ ഭ്രമകൽപനകളും ജീവിതക്കാഴ്ച്ചകളും

രാജീവ് ശിവശങ്കറിന്റെ ‘പടം’ എന്ന നോവലിന് ഡോ.രാംലാല്‍ ആര്‍ വി എഴുതിയ വായനാനുഭവം

കുട്ടിക്കാലം മുതൽ ലോകവിവരം തന്ന സ്ഥാപനങ്ങൾ Poochaakkal Young men’s ലൈബ്രറിയും, പിന്നെ റോയൽ ടാക്കീസും.പുസ്തകങ്ങൾ മനസ്സിലെ മായക്കാഴ്ചകൾ തന്നപ്പോൾ, റോയലിലെ വെള്ളിത്തിര ഇരുട്ടിൽ തിളങ്ങുന്ന മായക്കാഴ്ചകൾ കാട്ടി. അവിടെ കഥയും,നോവലും എല്ലാം നസീറും,ഷീലയും,മധുവും,സത്യനും പിന്നെ ഒത്തിരി പേരും ചേർന്ന് പറഞ്ഞും, പാടിയും,കരഞ്ഞും,കളിയാക്കിയും, പോരാടിയും കാട്ടി തന്നു.

Textനാല് വയസ്സ് മുതൽ സിനിമാ കണ്ട ഓർമ്മയുണ്ട്, അവിടെ നിന്ന് ഇങ്ങോട്ട് സിനിമകൾ കാലഗണനയ്ക്ക് സഹായിക്കുന്ന ഓർമ്മകളുംഅനുഭവങ്ങളും ഉണ്ട്.പലപ്പോഴും പാട്ടുകളും സന്ദർഭങ്ങളും ജീവിതത്തെ കുത്തും,കോമയും അണിയിക്കുന്നത് കാണാം. സിനിമയുമായി ചേർന്ന്, ഓരോരുത്തർക്കും എത്രയെത്ര ഓർമ്മകൾ, കൂട്ടുകാർ ബന്ധുക്കൾ,സിനിമ കാണാനുള്ള യാത്രകൾ, അതിനു തൊട്ടുള്ള സംഭവങ്ങൾ അങ്ങിനെ.

സിനിമയുമായി ചേർന്ന് ഓരോരുത്തർക്കും ഉള്ള ഓർമ്മകൾ ചേർത്ത് വെച്ചാൽ, എഴുതപ്പെട്ടാൽ, അതൊരു ബൃഹദ് ഗ്രന്ഥമായി മാറും. വ്യക്തികളുടെ, കുടുംബങ്ങളുടെ,
ഗ്രാമങ്ങളുടെ, നഗരങ്ങളുടെ, സമൂഹങ്ങളുടെ. കഥയും ചരിത്രവും എത്രയോ റീലുകളുള്ള സിനിമ ആയേനെ.

ഇപ്പൊൾ വായിച്ച് തീർത്ത ” പടം”” രാജീവ് ശിവശങ്കർ എഴുതിയ നോവൽ ആണ് ചിന്തകളെ പഴയ കൊട്ടക ഓർമ്മകളിലേക്ക് കൊണ്ട് പോയത്. എൻ്റെ വായനകൾ, ചിന്തകൾ, എല്ലാം ലളിതമാണ്. അതിനൊപ്പം വളരെ ചേർന്ന് നിന്ന് കഥ പറയുകയും എന്നാൽ ആഴവും പരപ്പും ഉള്ള വായനാ കയങ്ങളിലെയ്ക്ക്, ചിന്താ വാനങ്ങളിലെയ്ക്ക് പിടിച്ച് താഴ്ത്തുകയും, ഊതി പറപ്പിക്കുകയും ഒരേ സമയം ചെയ്യുന്ന വൈദഗ്ധ്യം രാജീവിൻ്റെ എഴുതിലുണ്ട്.

ഞാൻ അതിൻ്റെ ഓളത്തിലും, കാറ്റിലും ആയിരുന്നു. പ്രായം കൊണ്ട് മാത്രം വരുന്ന ചിന്തകളും, തിരിച്ചറിവുകളും, ഓർമ്മകളുടെ കുഴമാന്തങ്ങളും, വെറുപ്പിക്കുന്ന വിചിത്ര പെരുമാറ്റങ്ങളും തലമുറകളെ എത്ര മാത്രം അകറ്റുന്നു. തമ്മിൽ കാണാതെ തിരിച്ചറിയാതെ മനസ്സിലാക്കാതെ, ഒരേ മുറിയിൽ, ഒരേ വീട്ടിൽ, ഒരേ ലോകത്ത് തന്നെ പല ലോകങ്ങളിലായി ജീവിച്ചു തീർന്നവർ.

മാമ്പൂ പോലെ മറയുന്ന മക്കളെ കണ്ട് മതി തെറ്റി പോകുന്ന വൃദ്ധർ അവരുടെ ഓർമ്മക്കേടുകളെ ഓർമ്മ തുണ്ടുകളാക്കി , സിനിമയുടെ ചിത്ര പടങ്ങളുമായി ഇണക്കി ഇത്തിരി ബാക്കിയായ വെളിച്ചത്തിൽ കാണാൻ ശ്രമിക്കുന്ന നാരായണി അമ്മ, നിങ്ങളാകാം അമ്മയാകാം, അമ്മുമ്മയാകാം, ആരുമാകാം.

മലയാളസിനിമയിലൂടെ, സിനിമയുടെ വളർച്ചയിലൂടെ,ആധുനിക സങ്കേതങ്ങളും,യന്ത്രങ്ങളും ചേർന്ന് പ്രദർശന വ്യവസായത്തെ മാറ്റി മറിക്കുകയും തകർക്കുകയും ചെയ്ത കഥയിലൂടെ പറയുന്ന അമ്പാടി നാരായണി അമ്മയുടെ സിനിമാ വർഷങ്ങൾ, സിനിമാ ഓർമ്മകൾ ജീവിത വർഷങ്ങളോടും, ഓർമ്മകളോടും അനുഭവ സംഘർഷങ്ങളും ചേർത്ത് നേർ രേഖയിൽ അല്ലാത്ത ആഖ്യാനത്തിലൂടെ പറയുന്ന ഈ നോവൽ ഗൗരവമുള്ള വായന അർഹിക്കുന്നു.
പരാമർശങ്ങൾ, വിമർശനങ്ങൾ, സർവോപരി നല്ല എണ്ണം പറഞ്ഞ വായന അർഹിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.