DCBOOKS
Malayalam News Literature Website

ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍

മരണമോ കൊലപാതകമോ ആത്മഹത്യയോ നടന്നു കഴിഞ്ഞാല്‍ സമൂഹവും നീതിപീഠവും അതിന്റെ അന്വേഷണം ആരംഭിക്കുന്നത് ശവശരീരത്തില്‍ നിന്നാണ്. കാരണം ഓരോ മൃതശരീരത്തിലും ആതിന്റെ കാരണം അടയാളപ്പെടുത്തിയിട്ടുണ്ടാകും. അവ അന്വേഷകനോട് നിശബ്ദമായി സംസാരിക്കുന്നു. അത് വ്യക്തമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അന്വേഷണം ശരിയായ ദിശയില്‍ മുന്നേറുകയുള്ളൂ. ഫോറന്‍സിക് മെഡിസിന്‍ എന്ന വിജ്ഞാനശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷകര്‍ക്ക് അവലംബം.

കേരളത്തെ ഞെട്ടിച്ച കുറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന ഡോ.ബി. ഉമാദത്തന്റെ കൃതിയാണ് ഒരു പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍.സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒട്ടനേകം കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിച്ചെടുത്ത ഉദ്വേഗജനകമായ അന്വേഷണ സംഭവങ്ങള്‍ പുസ്തകത്തില്‍ വിവരിക്കുന്നു. മിസ് കുമാരിയുടെ മരണം, ചാക്കോ വധം, പാനൂര്‍ സോമന്‍കേസ്, റിപ്പര്‍ കൊലപാതകങ്ങള്‍ തുടങ്ങി അഭയാ കേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യങ്ങളും അന്വേഷണവുമാണ് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്.

ഓരോ അദ്ധ്യായവും വായിക്കുന്തോറും വായനക്കാരനെ ഉദ്വേഗത്തിന്റെയും ആകാംക്ഷയുടെയും മുനയില്‍ പിടിച്ചു നിര്‍ത്തുവാന്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് കഴിയുന്നു. ഒരു അപസര്‍പ്പകനോവല്‍ എന്നപോലെ ഒറ്റയിരുപ്പിന് വായിക്കുവാന്‍ കഴിയുന്ന ലളിതശൈലിയിലുള്ളതും ഹൃദ്യവുമായ ഒരു കലാസൃഷ്ടിയാണ് ഡോ.ബി.ഉമാദത്തന്റെ ഈ കൃതി.

41 അദ്ധ്യായങ്ങളിലായി തന്റെ അനുഭവക്കുറിപ്പുകള്‍ ഡോ ബി. ഉമാദത്തന്‍ പുസ്തകത്തില്‍ കോറിയിട്ടിരിക്കുന്നു. കെ.പി.സോമരാജന്‍ ഐ.എ.എസാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി സി.പിനായര്‍ ഐ.എ.എസ് സഫലമീ യാത്ര എന്ന പേരില്‍ എഴുതിയ നിരൂപണവും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

 

 

Comments are closed.