DCBOOKS
Malayalam News Literature Website

ഓണം എന്നത് മിത്തല്ല, ആചാരങ്ങളും വിശ്വാസങ്ങളും…

കഴിഞ്ഞ ദശകങ്ങളില്‍ മലയാളിക്ക് നഷ്ടമായ ഗൃഹാതുരസ്മരണകള്‍ അനവധിയാണ്. അവയെല്ലാം നാമിന്ന് നഷ്ടബോധത്തോടെ മാത്രമേ ഓര്‍ക്കാറുള്ളു. അവയില്‍ പലതും കേരളത്തിന്റെ സാംസ്‌കാരികസമന്വയങ്ങള്‍ കൂടിയായിരുന്നു. മലയാളിയെ മാറ്റങ്ങള്‍ കീഴടക്കിയപ്പോള്‍ പൊയ്‌പോയ നാട്ടുനന്മകളെ എപ്പൊഴെങ്കിലുമൊക്കെ ഓര്‍ത്തെടുക്കാനായി.., വരും തലമുറയ്ക്ക് പറഞ്ഞുകൊടുക്കാനായി അടയാളപ്പെടുത്തിവയ്ക്കുകയാണ് ഡി സി ബുക്‌സ് നാട്ടുവഴി; കേരളീയര്‍ക്ക് നഷ്ടപ്പെട്ട ഗ്രാമീണ ഗൃഹാതുരത്വം എന്ന പുസ്തകത്തിലൂടെ.

തിരുവാതിര ഞാറ്റുവേല, ഗ്രാമക്കാഴ്ചകള്‍, കാവുകളും ആചാരങ്ങളും, കേരളീയ വസ്ത്രധാരണം, ഉത്സവരാവുകള്‍, ചെമ്മണ്‍നിറഞ്ഞ നാട്ടുവഴികള്‍, ഓണക്കാഴ്ചകള്‍, നാടന്‍കളികള്‍, ഗ്രാമച്ചന്തകള്‍..തുടങ്ങി മലയാളിക്ക് നഷ്ടമായിപ്പോയവയെയെല്ലാം കോര്‍ത്തിണക്കിയാണ് അദ്ധ്യാപികയായ വി എസ് ബിന്ദു നാട്ടുവഴി എന്ന പുസ്തകം രചിച്ചിരിക്കുന്നത്.

പുസ്തകത്തില്‍ നിന്നൊരു ഭാഗം;

ഓണം എന്നത് മിത്തല്ല;

മലയാളിയുടെ കരവിരുതാണ് ഓണത്തെ ഇത്ര സൗന്ദര്യപരമായി അണിയിച്ചൊരുക്കുന്നത്. ചിങ്ങത്തിലേക്കു നട്ടുവയ്ക്കുന്ന നെല്ലും പച്ചക്കറികളും വിളവെടുക്കാനായി കാത്തിരിക്കുന്ന കര്‍ഷകര്‍. അപ്പോഴേക്കും കള്ളക്കര്‍ക്കിടകം കരഞ്ഞുതീര്‍ത്തിരിക്കും. പൊന്‍വെയില്‍ പറന്നും കഴിഞ്ഞിരിക്കും. പിന്നെ ആളുകള്‍ക്ക് എന്തിനും ഏതിനും ഓണമാണ്. ഓണത്തിനു വരാം, ഓണമായല്ലോ, ഓണം കഴിയട്ടെ എന്നൊക്കെ വര്‍ത്തമാനങ്ങള്‍ നിറയും. ഓണക്കോടി, ഓണക്കളി, ഓണസദ്യ, ഓണപ്പാട്ട്, ഓണക്കളി, എന്തിനേറെ ഓണച്ചിരിപോലും വരും.

അത്തം നാള്‍തന്നെ മാവേലിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. പാതാളത്തിലും കേരളത്തിലേക്കു വരാനുള്ള ഒരുക്കങ്ങള്‍ നടക്കുമത്രെ. ഓരോ നാളും ഓരോ ജോലിക്കായി നീക്കിവച്ചിട്ടുണ്ട്. വെള്ളവലിക്കല്‍, വീട്ടിലേക്കു വേണ്ട സാധനങ്ങള്‍ വാങ്ങല്‍ എന്നിങ്ങനെ നീളും നാളനുസരിച്ചുള്ള കര്‍മ്മങ്ങള്‍. ഓരോ ദിനവും ഇടേണ്ട പ്രത്യേക പൂക്കളുമുണ്ട്, പത്താം നാളില്‍ തിരുവോണം കേരളീയര്‍ ആഘോഷിക്കുന്നു. വ്യത്യസ്തങ്ങളായ ഐതിഹ്യങ്ങളാണ് ഓണത്തിലൂടെ പ്രചരിക്കപ്പെടുന്നത്. എല്ലാം മാനവികതയും സ്‌നേഹവും ഉറപ്പിക്കുന്നതാണ്. ഏതുതരം തൊഴില്‍ ചെയ്യുന്നവര്‍ക്കും ഓണത്തിനു പുഞ്ചിരിയോടെ ജീവിതം കഴിക്കാനുള്ളതു കിട്ടും. അധഃസ്ഥിതര്‍ക്ക് അപ്പോഴും യജമാനന്റെ ഇഷ്ടത്തിനു കാത്തുനില്ക്കണം. അധ്വാനത്തിനു മികച്ച കൂലി എന്നത് സങ്കല്പം മാത്രമായിരുന്നു. എന്നിട്ടും അവര്‍ ഓണക്കാഴ്ചകള്‍ നല്കി. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ ഇന്നും ഈ പതിവു തുടരുന്നു.

ഓണസ്സദ്യയ്ക്കുള്ള ഒരുക്കം എന്നോ തുടങ്ങിയിട്ടുണ്ടാവും. വെയിലത്ത് ഉണക്കിയും വറുത്തുപൊടിച്ചും സൂക്ഷിച്ചിരുന്നവ നാവുകളിലേക്കു നുണയാന്‍ പാകത്തില്‍ രൂപം മാറുന്നുണ്ടാവും. എത്ര ഇന്‍സ്റ്റന്റ് സാധനങ്ങള്‍ കയ്യിലുണ്ടെങ്കിലും ഉത്രാടത്തിലെ വെപ്രാളത്തിന് അച്ചിമാര്‍ക്ക് ഇപ്പോഴും കുറവൊന്നുമില്ല. ഓണ സദ്യയ്ക്ക് വേണ്ടപ്പെട്ടവര്‍ ഉണ്ടാകും. അവര്‍ ഭക്ഷണം കഴിഞ്ഞു തൃപ്തരാകുമ്പോള്‍ വീട്ടുകാര്‍ക്കും തൃപ്തിയായി.

തിരുവോണനാള്‍ വൈകിട്ട് അത്തമെടുക്കല്‍ ചടങ്ങുണ്ട്. അട നേദിച്ച് അമ്പും വില്ലും ഉപയോഗിച്ച് അത്തം എടുക്കും. പൗരാണികമായ ഏതോ ഓര്‍മ്മയില്‍ ഇപ്പോഴും ഇതു തുടരുന്നു. ഓണക്കളികളും ഉണ്ട്. തുമ്പിതുള്ളാന്‍ കാത്തിരിക്കുന്ന പെണ്മണികള്‍ അതു നടത്തും. ഊഞ്ഞാലാട്ടം, പന്തുകളി, ഓണപ്പൊട്ടന്‍ കെട്ടല്‍, തോലുമാടന്‍ തുടങ്ങി ആരവം ഒഴിയില്ല നാല് ദിനത്തിലും…!

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.