DCBOOKS
Malayalam News Literature Website

ഓര്‍മ്മയിലെ പൊന്നോണം

ഓർമ്മയിൽ അങ്ങനെ എടുത്ത് പറയാനായി ഓണാനുഭവങ്ങൾ അധികം ഒന്നും തന്നെ ഇല്ല. എന്നാൽ അതിൽ പോലും ഹൃദയത്തിൽ തട്ടിയ ഒരു ചെറിയ അനുഭവം.
കോളേജ് ജീവിതത്തിലെ ആദ്യത്തെ ഓണം. സ്കൂളിൽ ഒക്കെ ഓണാഘോഷങ്ങൾ ഉണ്ടെങ്കിലും കോളേജ് ജീവിതത്തിലെ ആദ്യത്തെ അനുഭവം അത് വേറെ തന്നെ ആയിരിക്കും. എനിക്കും അങ്ങനെ തന്നെ ആയിരുന്നു.
ജീവിതത്തിൽ ആദ്യമായി സാരി ഉടുത്ത നിമിഷം. അത്രെയും ഉത്സാഹത്തോടെ ജീവിതത്തിൽ ഒരു വട്ടം പോലും ഒരുങ്ങിയിട്ടില്ലന്ന് തോന്നി. എത്ര ആസ്വദിച്ചിട്ടും മതിയാകാത്തതുപോലെ.
കറുത്ത കരയുള്ള സെറ്റ് സാരിയും വെള്ള പൂവ് വെച്ച കറുത്ത ബ്ലൗസും. മുടി ഉരുട്ടി കെട്ടി ചുറ്റിനും മുല്ല പൂ ചൂടി. കണ്ണ് നല്ല കട്ടിക്ക് തന്നെ നീട്ടി എഴുതി. വലിയ ഒരു കറുത്ത പൊട്ടും. മുകളിൽ ചന്ദന കുറിയും നീട്ടി വരച്ചു. രണ്ട് കൈ നിറയെയും കറുത്ത കുപ്പിവളകൾ.കാലിൽ നിറയെ മുത്ത് പിടിപ്പിച്ച വെള്ളി പാദസരം. ഇപ്പോൾ കാണാൻ ഒരു ആനചന്തം ഒക്കെ ഉണ്ടെന്ന് തോന്നി.( കറുത്ത വട്ട പൊട്ടും കറുത്ത കുപ്പിവളയും നിറയെ മണി ഉള്ള പാദസരവും  മ്മടെ വീക്നെസ് ആണ് )
നേരേ കോളേജിലേക്ക് വിട്ടു. എല്ലാം നേരത്തെ പറഞ്ഞു വെച്ചതുകൊണ്ട് തന്നെ ഞാൻ ചെന്നപ്പോഴേക്കും എല്ലാം നിരന്ന് നിൽപ്പുണ്ടായിരുന്നു. പിന്നെ അങ്ങോട്ടേക്ക് ഒരു ഒന്നൊന്നര ഫോട്ടോ എടുക്കൽ മാമങ്കം ആയിരുന്നു. അപ്പോഴേക്കും പൂക്കളം ഇടാൻ സമയം ആയിരുന്നു.
കോളേജിന്റെ കോൺഫറൻസ് ഹാളിൽ ആയിരുന്നു മത്സരം.എല്ലാ ഡിപ്പാർട്മെന്റിൽ നിന്നും പത്തു പേർ വീതം.പിജി ഉൾപ്പെടെ ഡിഗ്രി മൂന്ന് ക്ലാസ്സിൽ നിന്നും രണ്ട് പേർ വീതം. ഞങ്ങടെ ബിഎസ്സി ഡിപ്പാർട്മെന്റിൽ നിന്ന് ഞാനും ഉണ്ടായിരുന്നു. കൂടെ ന്റെ ചങ്കും. ഞങ്ങൾ അങ്ങനെ കലപില കൂട്ടി പൂവ് എല്ലാം ശെരിയാക്കി കളത്തിൽ ഇടാൻ തുടങ്ങി. ഞാൻ അങ്ങനെ ആരെയും ശ്രദ്ധിക്കാതെ പൂവ് ഇടുന്നതിൽ മാത്രം ശ്രദ്ധിച്ചു നിന്നു. ഈ സിനിമയിൽ ഒക്കെ പ്രേതങ്ങൾ വരുന്നതിന് മുൻപ് മാത്രം ചിലങ്ക ശബ്ദം കേൾക്കുന്നത് പോലെ ഇടയ്ക്കിടയ്ക്ക് ഞാൻ നടക്കുമ്പോഴും തിരിയുമ്പോഴും ഒക്കെ കുപ്പിവളയുടെ ശബ്ദവും പാദസരത്തിന്റെ ശബ്ദവും ഉയർന്ന് കേൾക്കാൻ തുടങ്ങി. എനിക്ക് അതൊക്കെ ഇഷ്ടം ഉള്ളതുകൊണ്ടും ന്റെ ഡിപ്പാർട്മെന്റിലുള്ളവർക്ക് അത് കേട്ട് ശീലമായതുകൊണ്ടും ഞാൻ വേറൊന്നും കാര്യം ആക്കാൻ പോയില്ല.
പക്ഷെ ഞാൻ ശ്രദ്ധിച്ച കാര്യം എന്താണെന്ന് വെച്ചാൽ ന്റെ വളകളുടെയും പാദസരത്തിന്റെയും ശബ്ദം കേൾക്കുമ്പോൾ മാത്രം നിശബ്ദം ആകുന്ന തൊട്ട് അടുത്ത് പൂക്കളം ഇടുന്ന ഡിപ്പാർട്മെന്റിലെ പിള്ളേർ. എല്ലാം ചേട്ടന്മാരെയും കാണാൻ നല്ല ചന്തം ഉള്ളതുകൊണ്ട് മാത്രം ഞാനും ഇടയ്ക്കിടെ അവരെ അങ്ങ് ശ്രദ്ധിക്കാൻ തുടങ്ങി. ഇടയ്ക്ക് ഇടയ്ക്ക് ഒരു ചേട്ടന്റെയും നോട്ടം തിരികെ കിട്ടുന്നുമുണ്ടായിരുന്നു മുറയ്ക്ക് തന്നെ. വെറുതെ ഒരു മനസുഖം. ഇത് അങ്ങനെ നീണ്ട രണ്ടര മണിക്കൂറോളം അങ്ങ് പോയി. എന്താലെ…. സമയം പോയത് പോലും അറിഞ്ഞില്ല. അവസാനം പൂക്കളത്തിന്റെ സമയം കഴിഞ്ഞതും ആ ചേട്ടനെ ഒന്നൂടി നോക്കി അവിടെ നിന്നും ഞങ്ങൾ ഇറങ്ങി. പിന്നീട് അങ്ങോട്ട് ഉള്ള എല്ലാ പരിപാടികളിലും ആ നോട്ടം കിട്ടികൊണ്ട് ഇരുന്നു. എന്തോ മനസ്സ് അങ്ങ് കൈപിടിയിൽ നിന്ന് വിട്ട് പോയപോലെ. കണ്ണ് അറിയാതെ തന്നെ അപ്പുറത്തെ വശത്തേയ്ക്ക് തന്നെ ആയിരുന്നു.
എല്ലാം അവസാനിച്ച് പത്തു ദിവസത്തെ അവധി ആഘോഷിക്കാൻ കോളേജിനോട്‌ വിട പറഞ്ഞു.അവസാനമായി ആ ചേട്ടനെ ഒന്ന് കാണാൻ തോന്നിയിരുന്നു.അവിടെ ഒക്കെ നോക്കിയിട്ടും കണ്ടില്ല. ഒരു പത്ത് മിനിറ്റ് മുൻപ് വരേ ഇവിടെ ചുറ്റിപറ്റി നിൽക്കുന്നത് കണ്ടത് ആയിരുന്നു. ഇത് എവിടെ പോയോ എന്തോ.പിന്നെ അതങ്ങ് വിട്ടു.പെട്ടന്ന് ആണ് ഒരു ശങ്ക തോന്നിയത്. ഒന്നും ആലോചിക്കാതെ സാരിയും പൊക്കി പിടിച്ച് ഒറ്റ ഓട്ടം ആയിരുന്നു. ഇടനാഴിയും കഴിഞ്ഞ് മുൻപോട്ട് കാൽ എടുത്ത് വെച്ചതും ആയിരുന്നു മുൻപിൽ കണ്ട കാഴ്ച്ചയിൽ ഞാൻ സ്റ്റക്ക് ആയി നിന്ന് പോയത്. ന്റെ പാദസരത്തിന്റെ ശബ്ദം കേട്ടിട്ട് ആവും അവരും പിടഞ്ഞു മാറി. നാണം കെട്ട് ചമ്മി മുൻപിൽ നിൽക്കുന്ന ഞാൻ ഒരു നിമിഷമെങ്കിലും ന്റെ ഹൃദയത്തിൽ സ്ഥാനം കൊടുത്ത ആ ചേട്ടനും ന്റെ തന്നെ ഡിപ്പാർട്മെന്റിലെ സീനിയർ ചേച്ചിയും ആയിരുന്നു അത്.
എനിക്ക് വന്ന ശങ്ക ഒക്കെ ആ വഴി തന്നെ പമ്പ കടന്നു. അവിടെ നിന്നും തിരിച്ച് നടക്കുമ്പോഴായിരുന്നു ഞാൻ ഒരു കാര്യത്തേക്കുറിച്ച് ഒന്ന് ഗഹനമായി ചിന്തിച്ചു നോക്കിയത്. ആദ്യം മുതൽ ഉള്ള പുള്ളിടെ നോട്ടത്തെ കുറിച്ച്. പൂക്കളം ഇടാൻ തൊട്ട് ബാക്കിയുള്ള എല്ലാ സമയവും പുള്ളിക്കാരി ഞങ്ങൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു.ഒട്ടൊരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു ചേട്ടന്റെ നോട്ടം ആ ദിശയിൽ തന്നെ ആയിരുന്നു. വെറുതെ തെറ്റുധരിച്ചാശിച്ചു. എന്നാലും ദൈവം എനിക്ക് തന്നെ ആ കാഴ്ച്ച കൃത്യമായി കാണിച്ചു തന്നല്ലോ. കഷ്ടം തന്നെ.
അങ്ങനെ ആദ്യത്തെ ഓണം സീനിയർ ചേച്ചിയും പിന്നെ ഉണ്ടായിരുന്ന ബാക്കി രണ്ടെണ്ണം കൊറോണയും കൊണ്ടുപോയി.
പിന്നെ ഓണം എന്ന് കേൾക്കുമ്പോഴേ ഈ ഓർമ്മ ആയിരുന്നു മനസ്സ് മുഴുവൻ. അങ്ങ് സന്തോഷിക്കാൻ തോന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ. ചിലപ്പോൾ ഓർക്കുമ്പോൾ ചിരി വരും. അത് അന്ന് തന്നെ ഞാൻ കണ്ടത് നന്നായി എന്ന്. ഇല്ലേൽ വെറുതെ ആശിച്ചു പോയേനെ…….
എന്റെ പൊന്നോണമേ നന്ദി……..

Comments are closed.