DCBOOKS
Malayalam News Literature Website

പൊന്നോണ ഓർമ്മകൾ

ചെറിയ ആഘോഷങ്ങളും കുഞ്ഞു കുഞ്ഞ് സന്തോഷങ്ങളും നിറഞ്ഞ ഓർമ്മകൾ എന്റെ ഭാവിയിലേക്കുള്ള സമ്പാദ്യമാണ്. തിരക്കു പിടിച്ചോടുന്ന ജീവിതത്തിനിടയിൽ ഓർമ്മകൾ കൊണ്ടെങ്കിലും സമ്പന്നയായിരിക്കാനുള്ള എന്റെ കരുതൽ… വർഷം ഓരോന്നും കടന്നുപോകുമ്പോൾ കരുതി വെയ്ക്കാൻ ഒന്നും ഇല്ലാതാവുകയാണ്. ജീവിതം മാറി, ഓർമ്മകൾ ഓർമകളായി മാത്രം ഒതുങ്ങി.
എന്റെ കുട്ടിക്കാലത്തെ  ഓണത്തെപ്പറ്റി ഓർക്കുമ്പോൾ മനസ്സിലേക്കാദ്യം ഓടിയെത്തുന്നത് ഓണത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളാണ്.  ഓണത്തിനുള്ള പലവ്യഞ്ജനങ്ങൾ നേരത്തെ തന്നെ വാങ്ങി സൂക്ഷിക്കും. ഓണവെയിൽ വിരിച്ചു കിടക്കുന്ന മുറ്റത്ത് മുളകും, മല്ലിയും, അരിയുമൊക്കെ കഴുകി ഉണക്കി പൊടിപ്പിച്ചു വെയ്ക്കും. മുറികൾ വൃത്തിയാക്കുക, പുസ്തകങ്ങൾ അടുക്കി വെയ്ക്കുക തുടങ്ങിയവയായിരുന്നു എനിക്കും ചേച്ചിക്കുമുള്ള ജോലികൾ . ഓലമേഞ്ഞ, ചാണകം മെഴുകിയ തറയോട് കൂടിയ വീട് മുഴുവനായും അരിച്ചു പെറുക്കി മാറാല കളഞ്ഞു വീടിനു പുതിയ വെളിച്ചമേകും. ഒരു  ദിവസത്തെ മുഴുവൻ അധ്വാനമാണത്. ഏറ്റവും രസമുള്ള കാര്യം ഈ വൃത്തിയാക്കലിനും അടുക്കലിനും ഇടയിൽ പണ്ട് കളഞ്ഞു പോയതോ മറ്റോ ആയ എന്തെങ്കിലും സാധനം തിരികെകിട്ടുന്നതാണ്. പഴയ കളിപ്പാട്ടമോ കൂട്ടുകാർ സമ്മാനിച്ച കുഞ്ഞു പിറന്നാൾ സമ്മാനമോ ഒക്കെയാകും പത്രക്കെട്ടുകൾക്കിടയിൽ നിന്നും അലമാരയ്ക്ക് മുകളിൽ നിന്നുമൊക്കെ കിട്ടുന്നത്. അന്ന് അത് കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം വാക്കുകൾക്ക് അതീതമാണ്.
ഞങ്ങളുടെ വീടിനടുത്ത് ഒരു മാമൻ ഉണ്ടായിരുന്നു. ‘ഉരിയോപ്പ്’ എന്നാണ് പുള്ളിയെ എല്ലാരും വിളിക്കാറ് ( ശരിക്കുള്ള പേര് അന്നും ഇന്നും എനിക്കറിയില്ല ). മരംമുറി ആണ് ആളുടെ തൊഴിൽ. ഓണത്തിന് കൃത്യം പത്തുദിവസവും അദ്ദേഹം അവധി എടുക്കും. ആൾ അവധി എടുക്കുന്നത് ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഞാനടക്കമുള്ള അവിടുത്തെ കുട്ടികളാണ്. കാരണം, ആ സമയം അദ്ദേഹം താൻ മരംമുറിക്കാൻ നേരം ഉപയോഗിക്കുന്ന വലിയ കയർ കൊണ്ട് കരോട്ടെ വീടിന്റെ പറമ്പിലെ വലിയ മുത്തശ്ശിമാവിന്റെ നെടുനീളൻ കൊമ്പിൽ, ആനവലിച്ചാലും പൊട്ടാത്തത്ര ബലത്തിൽ ഊഞ്ഞാൽ കെട്ടിത്തരും. ഞങ്ങൾ കുട്ടികളുടെ ഏറ്റവും വലിയ ഓണ വിനോദം ആയിരുന്നു അത്. വരിവരിയായി കാത്തുനിന്ന് ഊഞ്ഞാലാടും. ഓണനാളുകൾ പുലരുമ്പോളേക്കും പല്ലുതേപ്പും പ്രാതലും പെട്ടന്ന് കഴിച്ചു വെച്ച് ഒറ്റ ഒരു ഓട്ടമാണ്  ഊഞ്ഞാലിൽ കേറി ഉയരം തൊടുന്നനെ ആടാൻ. ആര് ഊഞ്ഞാൽ ആടി മേലെ എത്തുമ്പോൾ കാലുകൾ കൂട്ടി മാവിന്റെ ഇലകൾ പറിച്ചെടുത്തു താഴേക്ക് പോരുന്നോ അവരാണ് കൂട്ടത്തിൽ കേമൻ. ഏറ്റവും ഒടുവിൽ ഓണത്തിന്റെ ആലസ്യം വിട്ടുമാറുമ്പോൾ ഉരിയോപ്പ് മാമൻ ഊഞ്ഞാലഴിക്കാൻ വരും. ജോലിക്ക് പോകണമെങ്കിൽ കയർ വേണമല്ലോ. ഞങ്ങൾ കെഞ്ചി കെഞ്ചി ഒന്ന് രണ്ടു ദിവസം കൂടി അവധി ചോദിക്കും. ഒടുവിൽ ഓണാവധി കഴിഞ്ഞു സ്കൂളിൽ പോയി തിരികെ എത്തുമ്പോളാകും ഊഞ്ഞാൽ ഇല്ലാത്ത മുത്തശ്ശി മാവിനെ കാണുന്നത്. ആ വിങ്ങൽ മാറാൻ ദിവസങ്ങൾ തന്നെ വേണ്ടി വരുമായിരുന്നു.
തിരുവോണനാളിൽ എന്നെ ഉറക്കത്തിൽ നിന്നും വരവേൽക്കുന്നത് അടുക്കളയിൽ നിന്നുമുയരുന്ന കടുകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും, വറ്റൽമുളകും വെളിച്ചെണ്ണയിൽ താളിച്ചു കറികളിലേക്ക് താളിക്കുന്നതിന്റെ മണമാണ്. ഉച്ചയാകാറാകുമ്പോഴേക്കും സാമ്പാറും, മോരും, ഇഞ്ചിക്കറിയും, കൂട്ടുകറിയും, അവിയലും ആവി പറത്തി അടുക്കള സമൃദ്ധമാക്കുന്ന കാഴ്ച ഇന്നും മായാതെ നിൽക്കുന്നു. അതിനടുത്തു കൊതിയോടെ നിൽക്കുന്ന ഞാനും… നിലത്തു പായ വിരിച്ചിരുന്നു തൂശനില വിടർത്തി വിളമ്പിയ സദ്യ ഉരുളകളാക്കി കഴിച്ചു കഴിയുമ്പോഴേക്കും അമ്മയുടെ സ്പെഷ്യൽ കടലപ്രഥമൻ കഴിക്കാൻ നേരമായിട്ടുണ്ടാകും. പായസത്തിലേക്കു പഴവും പപ്പടവും വിരലുകൾ കൊണ്ട് ഉടച്ചു ചേർത്ത് കഴിച്ചു കഴിയുമ്പോൾ മോരും രസവും നമ്മളെ കാത്തുകിടക്കുന്നുണ്ടാവും. അച്ഛൻ മോരും രസവും കൈക്കുമ്പിളാക്കി അതിൽ ഒഴിച്ചു ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയാണ് കുടിക്കുക. ഞാനും അത് അനുകരിക്കാൻ ശ്രമിച്ചു കുഞ്ഞി കയ്യിൽ മോരും രസവുമൊക്കെ കുടിക്കും. നാവിൻ തുമ്പിൽ തട്ടിയുണരുന്ന അതിന്റെ എരിവും പുളിയും ആസ്വദിച്ചു ഏറ്റവുമൊടുവിൽ നാക്കിലത്തുമ്പിലെ അവശേഷിക്കുന്ന ഇഞ്ചിക്കറി കൂടെ തൊട്ട് നാവിൽ വെച്ചാലേ ഓണസദ്യ പൂർണ്ണമാകൂ.
ഈ ഓണമോർമ്മകൾക്കിടയിലും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നൊരു ഓണമോർമ്മയുണ്ട്. ഞങ്ങളുടെ നാട്ടിൽ ഓണത്തിന് ‘തോലുമാടൻ’ ഇറങ്ങും. സദ്യയൊക്കെ കഴിഞ്ഞു ഉച്ച തിരിയുമ്പോഴാകും അതിന്റെ വരവ്. മിക്കവാറും നാട്ടിലെ മുതിർന്ന ആൺകുട്ടിയാണ് തോലുമാടന്റെ വേഷം കെട്ടുക. ദേഹം നിറയെ ഉണങ്ങിയ വാഴയിലക്കീറുകൾ കൊണ്ട് മൂടി, പാളകൊണ്ടുണ്ടാക്കിയ മുഖംമൂടിയും അണിഞ്ഞു വീടുകൾ തോറും കയറിയിറങ്ങും. കൂടെ കൊട്ടും മേളവുമായി കുട്ടികളും ഉണ്ടാകും. ഓരോ വീട്ടുകാരും അവർക്ക് പൈസ നൽകും. ചുരുക്കത്തിൽ, ക്രിസ്മസിന് കരോൾ എന്നപോലെ ഓണത്തിന് തോലുമാടൻ. ഞാൻ ആദ്യമായ് തോലുമാടനെ കാണുമ്പോൾ എനിക്ക് ആറു വയസ്സോ മറ്റോ ആണ് പ്രായം. സദ്യ കഴിഞ്ഞു വീടിന്റെ കൈവരിയിൽ ഇരിക്കുന്ന നേരം  ചേച്ചി എന്നോട് പറഞ്ഞു, ” ഇന്ന് തോലുമാടൻ വരും “. എനിക്ക് ആകാംഷയായി. ചേച്ചി എനിക്ക് തോലുമാടനെ വിവരിച്ചു തന്നു. ദേഹം നിറയെ കരിയിലയും, മൂക്കില്ലാത്ത മുഖവുമുള്ള കുഞ്ഞുപിള്ളേരെ തിന്നുന്ന ഒരു ഭീകര സത്വം. അതായിരുന്നു ചേച്ചി എനിക്ക് പറഞ്ഞു തന്ന തോലുമാടൻ. എന്റെ കുഞ്ഞി കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു. ഞാൻ ആകെ ഭയം കൊണ്ട് മൂടി. അങ്ങനെ ആണെങ്കിൽ തോലുമാടൻ വരരുതേ എന്ന് പ്രാർത്ഥിച്ചു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോ ദൂരെ നിന്ന് കൊട്ട് കേട്ടു. ഞാൻ സംശയത്തോടെ തിരിഞ്ഞു ചേച്ചിയെ നോക്കി. അവൾ പറഞ്ഞു ” അതാ, തോലുമാടൻ വരുന്നു “. ഞാൻ പിന്നെയൊന്നും നോക്കീല, എവിടെയെങ്കിലും കേറി ഒളിക്കണം എന്നായി. കട്ടിലിനടിയിൽ കേറിയാലോ, ഞാനോർത്തു.. ഒരുപക്ഷേ കട്ടിലിനടിയിലെ ഇരുട്ടിൽ തന്നെയും കാത്തു തോലുമാടൻ ഇരിക്കുന്നുണ്ടെങ്കിലോ. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. ഒടുവിൽ ചുമരിനും അലമാരയ്ക്കും ഇടയിലെ ഇത്തിരി വിടവിൽ ഞാൻ ഒളിസ്ഥലം കണ്ടെത്തി… ആരും ഞാൻ ഒളിച്ചത് കണ്ടില്ല. അവിടെ നിന്ന് നോക്കിയാൽ എനിക്ക് വീടിന്റെ മുറ്റം കാണാമായിരുന്നു. പക്ഷേ ആർക്കും എന്നെ കാണാനാകില്ല. എന്ത് കൊണ്ടും സുരക്ഷിത സ്ഥാനം. ഹൃദയമിടിപ്പ് വർധിച്ചുകൊണ്ട് ഞാൻ വഴിയിൽ കണ്ണുംനട്ട് നിന്നു. കൊട്ടിന്റെയും ബഹളത്തിന്റെയും ദൂരം കുറഞ്ഞു വരുന്നു. ഒടുവിൽ അതാ മുറ്റത്തു ഞാൻ ആ ഭീകര രൂപത്തെ കണ്ടു. വായപൊത്തി കണ്ണുകൾ മിഴിച്ചു ഞാൻ അതിനെ തന്നെ നോക്കി നിശ്ചലയായി നിന്നു. അതിൽ നിന്ന് അട്ടഹാസം ഉയരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കൈ കാലുകൾ വെച്ചു ചുവടുകൾ വെയ്ക്കുന്നു, എന്റെ ഭയവും അതിന്റെ ചുവടുകളൊത്ത് വർധിച്ചു. അത് വീടിനകത്തേക്ക് വരുന്നതായും എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നതായും ഞാൻ സങ്കൽപ്പിച്ചു. അങ്ങനെ എന്നെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ കുറച്ചു നേരത്തിനു ശേഷം തോലുമാടനും കൂട്ടരും തിരികെ പോയി. ദീർഘശ്വാസം വിട്ടുകൊണ്ട് ഞാൻ എന്റെ ഒളിത്താവളം ഉപേക്ഷിച്ചു തിരികെ പുറത്തേക്കിറങ്ങി. ഇതൊക്കെ അറിഞ്ഞു അച്ഛനും അമ്മയും ചേച്ചിയും പൊട്ടിച്ചിരിച്ചു. അവർ എന്തിനാണ് ചിരിച്ചതെന്നു എനിക്ക് മനസ്സിലായില്ല. തോലുമാടൻ ഭീകരൻ അല്ലെന്നും അത് മനുഷ്യൻ തന്നെ വേഷം കേട്ടുന്നതാണെന്നും മനസ്സിലാക്കാൻ എനിക്ക് പിന്നെയും വർഷങ്ങൾ വേണ്ടി വന്നു. ഇന്ന് ഒരു ചെറിയ ചിരിയോടെയെ എനിക്ക് അത് ഓർത്തെടുക്കാൻ കഴിയൂ…
വീണ്ടും ഒരോണക്കാലം പടിവാതിലിലെത്തി. ഇപ്പൊ പണ്ടത്തെ പോലെ ഓണത്തിനെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങളില്ല, ഊഞ്ഞാലില്ല, ആ മുത്തശ്ശിമാവില്ല, കൊട്ടും പാട്ടുമായി വരുന്ന തോലുമാടനുമില്ല. കുറച്ചു വർഷങ്ങളായി ഓണസദ്യ കഴിഞ്ഞു വിശ്രമിക്കുമ്പോൾ ഞാൻ ആഗ്രഹിക്കാറുണ്ട് , കൊട്ടും താളവുമായി ചുവട് വെച്ചുകൊണ്ടുള്ള തോലുമാടന്റെ വരവിനായി…… അത് വെറും ആഗ്രഹം മാത്രമായി,  നാളയിലേക്കുള്ള എന്റെ ഓർമകൾ മാത്രമായി മാറി എന്നോർക്കുമ്പോൾ നഷ്ടബോധം മനസ്സിൽ കൂടുകെട്ടുന്നു.

Comments are closed.