DCBOOKS
Malayalam News Literature Website

കുഞ്ഞൂഞ്ഞു കഥകൾ ബാക്കി ; ഉമ്മൻ‌ചാണ്ടി വിട വാങ്ങി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ‘പോരാട്ടത്തിന്റെ ദിനരാത്രങ്ങള്‍’,‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകള്‍’  (പി റ്റി ചാക്കോ-കറന്റ് ബുക്സ്),   ‘കുഞ്ഞൂഞ്ഞു കഥകള്‍-അല്പം കാര്യങ്ങളും’ (പി റ്റി ചാക്കോ), ‘തുറന്നിട്ട വാതില്‍ ഉമ്മന്‍ ചാണ്ടിയുടെ ജീവചരിത്രരേഖ’ (പി റ്റി ചാക്കോ-കറന്റ് ബുക്സ്), OC Stories (പി റ്റി ചാക്കോ-കറന്റ് ബുക്സ്) എന്നീ പുസ്തകങ്ങൾ ഡി സി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.

കുഞ്ഞൂഞ്ഞ് എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജനകീയ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ കൊറോണക്കാലത്തെ ഇടപെടലുകളാണ് ‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകള്‍’ എന്ന പുസ്തകത്തില്‍ സമാഹരിച്ചിട്ടുള്ളത്. ചെറുനര്‍മ്മത്തില്‍ ചാലിച്ചെഴുതിയ ഈ പുസ്തകം കുഞ്ഞൂഞ്ഞു കഥകള്‍ പമ്പരയിലെ മൂന്നാംഭാഗം കൂടിയാണ്. ദുരിതങ്ങള്‍ വാരിവിതറിയ ലോക്ഡൗണ്‍ കാലത്ത് ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുകയും അനേകായിരങ്ങളുടെ കണ്ണീരൊപ്പുകയും ചെയ്ത ജനകീയ നേതാവിനെ ഈ പുസ്തകത്തില്‍ കാണാം.

നീണ്ട മൂക്കും അലക്ഷ്യമായ മുടിയും അതിവേഗതയിലുള്ള നടത്തവും സംസാരവുമൊക്കെക്കൊണ്ട്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രൂപത്തില്‍ തന്നെ നര്‍മ്മമുണ്ടെന്നാണ് കാര്‍ട്ടൂണിസ്റ്റുകള്‍ പറയുന്നത്. നാടകീയതയും പിരിമുറുക്കവും മുറ്റിനിന്ന സന്ദര്‍ഭങ്ങളെപ്പോലും നര്‍മ്മത്തിന്റെയും നന്മയുടെയും നിമിഷങ്ങളാക്കി മാറ്റാനും പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് കഴിവുണ്ട്. അത്തരം നിമിഷങ്ങളുടെ ഒരു സമാഹാരമാണ്‘കുഞ്ഞൂഞ്ഞു കഥകള്‍-അല്പം കാര്യങ്ങളും’  എന്ന പുസ്തകം.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്രപതിപ്പിച്ച രാഷ്ട്രീയനേതാവും സാമാജികനുമായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം നിയമസഭാ സാമാജികനായിരുന്നതും ഉമ്മന്‍ ചാണ്ടിയാണ് നിയമസഭാംഗമായി 53 വര്‍ഷം പിന്നിട്ടു. 2004-2006, 2011-2016 കാലങ്ങളിലായി രണ്ട് തവണയായി ഏഴ് വര്‍ഷക്കാലം മുഖ്യമന്ത്രിയായിരുന്നു.

തൊഴില്‍വകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991-1994), പ്രതിപക്ഷ നേതാവ് (2006-2011) എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്നു.

1943 ഒക്ടോബര്‍ 31-ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി ആയിരുന്നു ജനനം. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍നിന്ന് നിയമ ബിരുദവും നേടി. സ്‌കൂളില്‍ പഠിക്കുമ്പോഴെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ആയായിരുന്നു തുടക്കം. പിന്നീട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡന്റും തുടര്‍ന്ന് എ.ഐ.സി.സി അംഗവുമായി.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന ഉമ്മന്‍ ചാണ്ടി 1970 സെപ്റ്റംബര്‍ 17-ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ മത്സരിച്ചുകൊണ്ടായിരുന്നു പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ തുടക്കംകുറിച്ചത്. സിപിഎമ്മിലെ സിറ്റിങ് എംഎല്‍എ ആയിരുന്ന ഇഎം ജോര്‍ജിനെ 7,288 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കന്നിയങ്കത്തില്‍ വെന്നിക്കൊടിപാറിച്ചു.

 

Updating..

Comments are closed.