DCBOOKS
Malayalam News Literature Website

ധീരതയുടെ നേര്‍സാക്ഷ്യം!

കൊവിഡ് കാലത്തെ ലോകത്ത് പഠനം ഓണ്‍ലൈനിലൂടെയാവുമ്പോള്‍ കൊവിഡാനന്തര ഭാവി വിദ്യാഭ്യാസ മേഖല എങ്ങനെയുള്ളതാവുമെന്ന് അന്വേഷിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് ‘ഓണ്‍ലൈനിലെ സ്കൂള്‍ പഠനം’ . എം.എ. ബേബി, പ്രൊഫ. സി. രവീന്ദ്രനാഥ്, എന്‍ പി ഹാഫിസ് മുഹമ്മദ്, ഡോ. മീന ടി.പിള്ള, ഡോ.ജെ.പ്രസാദ്, ഒ. എം. ശങ്കരന്‍, കെ. ടി. രാധാകൃഷ്ണന്‍, ഡോ. പി. വി. പുരുഷോത്തമന്‍, ഡോ.പി.കെ. തിലക്, പി പ്രേമചന്ദ്രന്‍, കെ. ടി. ദിനേശ്, വി.അബ്ദുള്‍ ലത്തീഫ്, എസ്തപ്പാന്‍, മുഹമ്മദ് ഷെരീഫ് കെ, എസ്.വൈ. ഷൂജ, ഡോ. രതീഷ് കാളിയാടന്‍ എന്നിവര്‍ എഴുതിയ ലേഖനങ്ങള്‍ പുസ്തകത്തിലുണ്ട്. ഡിസി ബുക്‌സാണ് പ്രസാധകർ.

ഓണ്‍ലൈനിലെ സ്കൂള്‍ പഠനം’ എന്ന പുസ്തകത്തിനു ഡോ.എ.കെ. അബ്ദുള്‍ ഹക്കീം എഴുതിയ ആമുഖം 

സന്ദിഗ്ദമായ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസം ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറിയത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഭീഷണമാംവിധം അപായപ്പെടുത്തിയപ്പോള്‍ സ്കൂളുകള്‍ അടച്ചിടാനും പകരം സംവിധാനത്തിലേക്ക് മാറാനും നമ്മള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. പകര്‍ച്ചവ്യാധിക്കു മുമ്പില്‍ നിലച്ചുപോകേണ്ട ഒന്നല്ല സ്കൂള്‍ വിദ്യാഭ്യാസം എന്ന ഉറച്ച ബോധ്യത്തിന്‍റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറാനുള്ള തീരുമാനം.

Textഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തും ഇങ്ങനെയൊരു ചുവടുമാറ്റം ആലോചിച്ചിട്ടേയില്ല. ആലോചിച്ചാല്‍ തന്നെ അത് സാധ്യവുമായിരുന്നില്ല. പതിറ്റാണ്ടുകള്‍കൊണ്ട് ശക്തിപ്പെട്ട കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഇത്തരമൊരു അടിയന്തിര സാഹചര്യത്തെ അഭിസംബോധന ചെയ്യാനുള്ള കരുത്തുണ്ടായിരുന്നു എന്നതാണ് വാസ്തവം.

ടെക്നോപെഡഗോഗിയുടെ സാധ്യതയിലേക്കുള്ള ചുവടുവെയ്പുകള്‍ നേരത്തെ തന്നെ കേരളം നടത്തിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സ്കൂളുകള്‍ ഹൈടെക് ആവുകയും അധ്യാപകര്‍ക്ക് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ലഭിക്കുകയും ചെയ്തിരുന്നു എന്നത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിന് ബലമായിട്ടുണ്ട്. മഴപെയ്ത് ചോരുന്നപോലെ, കൊറോണ വൈറസ് വിട്ടുപോകില്ലെന്നും സാമൂഹിക അകലം പോലെയുള്ള ജീവിതക്രമങ്ങള്‍ തുടരേണ്ടിവരുമെന്നുമുള്ള തിരിച്ചറിവും പുതിയ മാര്‍ഗ്ഗങ്ങളന്വേഷിക്കുന്നതിനുള്ള പ്രേരണയായിരുന്നു. സ്കൂളും കൂട്ടുകാരുമില്ലാതെ വീട്ടിലടക്കപ്പെട്ട കുട്ടികളുടെ മാനസികാവസ്ഥകളെ അഭിസംബോധന ചെയ്യണമെന്നും അവരെ പഠനാന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നുമുള്ള താല്പര്യവും പ്രധാനമായിരുന്നു.

തടസ്സങ്ങളുണ്ടായിരുന്നു ഒരുപാട്. ഡിജിറ്റല്‍ ഡിവൈഡിന്‍റെ പ്രതിസന്ധികള്‍ ചെറുതായിരുന്നില്ല. ഭൗതിക പരിമിതികള്‍ പരിഹരിച്ചാലും ബാക്കി നില്‍ക്കുന്ന വിടവുകളെക്കുറിച്ചുള്ള ആശങ്കകള്‍ കേരളം ചര്‍ച്ച ചെയ്യാതിരുന്നില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്കുള്ള മാറ്റത്തിലൂടെ ആഗോള മുതലാളിത്ത അജണ്ടയ്ക്ക് കീഴ്പ്പെട്ടുപോകുമോ എന്ന ആശങ്കയും പങ്കുവെക്കപ്പെട്ടിരുന്നു.

പ്രതിസന്ധികള്‍ക്ക് മുമ്പില്‍ തോറ്റുകൊടുത്ത് ശീലമില്ലാത്ത കേരളം മുമ്പോട്ടുതന്നെ പോയതിന്‍റെ ചരിത്രസാക്ഷ്യമായി മാറും എന്നുതന്നെയാണ് ഓണ്‍ലൈന്‍ സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കണക്കുകൂട്ടല്‍. കാലത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മുന്നേതന്നെ ഉപയോഗിക്കുകയും ചെയ്തതിന്‍റെ നേട്ടം കേരളത്തിലെ കുട്ടികള്‍ക്കുണ്ടാകും എന്നുതന്നെയാണ് പ്രതീക്ഷ. എതിര്‍വാദങ്ങളെ തിരസ്കരിച്ചു കൊണ്ടല്ല, അനുകൂല നിലപാടുകളെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് സര്‍ക്കാറും പൊതുവിദ്യാഭ്യാസ വകുപ്പും മുന്നോട്ടു പോകുന്നത്. ഈയൊരു കുതിപ്പിന് ഇത്തിരിയെങ്കിലും ഊര്‍ജ്ജം നല്‍കുക എന്നത് ഈ പുസ്തകത്തിന്‍റെ ലക്ഷ്യമാണ്. ഒപ്പം, ചരിത്രത്തിന്‍റെ ഒരു ദശാസന്ധിയില്‍ കേരളം സ്വീകരിച്ച ധീരമായ നിലപാടിന്‍റെ നേര്‍സാക്ഷ്യമാവാനും ഈ പുസ്തകത്തിന് കഴിയുമെന്ന് ന്യായമായും പ്രതീക്ഷയുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

 

Comments are closed.