DCBOOKS
Malayalam News Literature Website

ഇതിഹാസ നോവലിന്റെ ഭൂമികയില്‍ നോവല്‍ ശില്പശാലയും എഴുത്തിനിരുത്തും

ആധുനിക മലയാളസാഹിത്യത്തില്‍ വിസ്‌ഫോടനം സൃഷ്ടിച്ച കൃതിയാണ് ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. ഇതിഹാസ നോവലിന്റെ ഭൂമികയായ പാലക്കാട് ജില്ലയിലെ തസ്രാക്കില്‍ വെച്ച് ഇക്കുറി വിദ്യാരംഭദിനങ്ങളില്‍ ഡി സി ബുക്‌സിന്റെയും ഒ.വി വിജയന്‍ സ്മാരക സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ നോവല്‍ ശില്പശാലയും എഴുത്തിനിരുത്തും സംഘടിപ്പിക്കുമ്പോള്‍ അതിന് ഭാഷാപരവും സാഹിത്യപരവുമായ സവിശേഷതകള്‍ ഏറെയാണ്. കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കുന്നതിനൊപ്പം വളര്‍ന്നുവരുന്ന യുവതലമുറയെ എഴുത്തിന്റെ ലോകത്തേക്ക് സ്വാഗതമരുളി അവരെ മലയാളസാഹിത്യത്തിന്റെ മുഖ്യധാരയിലേക്ക് കൂടി കൈപിടിച്ചുയര്‍ത്തുകയാണ് ഈ ഉദ്യമത്തിലൂടെ.

ആധുനികമതാതീത സങ്കല്പമനസരിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് ഒരു സ്ഥാപനത്തില്‍ ആരംഭിച്ചത് ഡി സി ബുക്‌സാണ്. പിന്നീട് പല സ്ഥാപനങ്ങളും സാംസ്‌കാരിക സംഘടനകളും ആ മാതൃക പിന്തുടര്‍ന്നു. സാക്ഷരതയും വായനയും സാക്ഷാത്കരിക്കുന്നതിനു വേണ്ടി ഒരു പുരുഷായുസ്സ് മുഴുവന്‍ കര്‍മ്മനിരതനായിരുന്ന ഡി സി കിഴക്കെമുറിയാണ് വിദ്യാരംഭത്തിന് നവീനമാതൃക നല്‍കി നൂറുകണക്കിനു കുട്ടികളെ എഴുത്തിനിരുത്താന്‍ നേതൃത്വം നല്‍കിയത്. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍, മതാതീതസങ്കല്പമനുസരിച്ച് ഡി.സി ബുക്‌സിലൂടെയും നിരവധി കുട്ടികള്‍ ആദ്യാക്ഷരത്തിന്റെ മാധുര്യം നുകര്‍ന്നു. ഇന്നും ഈ മാതൃക ഡി സി ബുക്‌സ് പിന്തുടര്‍ന്നുവരുന്നു.

ഇക്കുറി, തസ്രാക്കില്‍ സംഘടിപ്പിക്കുന്ന എഴുത്തിനിരുത്തല്‍ ചടങ്ങില്‍ പ്രഗത്ഭ വ്യക്തിത്വങ്ങളാണ് ആചാര്യസ്ഥാനം വഹിക്കുന്നത്. ഒക്ടോബര്‍ എട്ടാം തീയതി രാവിലെ എട്ടു മണിക്ക് ഒ.വി.വിജയന്‍ സ്മാരകത്തില്‍ വെച്ച് എഴുത്തുകാരനായ വി.കെ ശ്രീരാമന്‍, നിരൂപകനായ ഡോ. പി.കെ രാജശേഖരന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍ ടി.ആര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്നാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. തുടര്‍ന്ന് കുട്ടികള്‍ക്കായി കഥയരങ്ങും ഇവിടെവെച്ച് സംഘടിപ്പിക്കുന്നു.

വളര്‍ന്നുവരുന്ന പുതിയ എഴുത്തുകാര്‍ക്കും സാഹിത്യാഭിരുചിയുള്ളവര്‍ക്കും എഴുത്തിന്റെയും വായനയുടെയും ഗൗരവകരമായ ചിന്തകള്‍ സമ്മാനിക്കുന്നതായിരിക്കും ഒക്ടോബര്‍ 6,7,8 തീയതികളില്‍ സംഘടിപ്പിച്ചിരിക്കുന്ന നോവല്‍ ശില്പശാല. മലയാളസാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റുകളുടെയും നിരൂപകരുടെയും നേതൃത്വത്തില്‍ നടക്കുന്ന ഈ ത്രിദിന ശില്പശാലയില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് പങ്കെടുക്കുക. ഒക്ടോബര്‍ 6-ാം തീയതി വൈകിട്ട് 5 മണിക്ക് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ആഷാ മേനോന്‍ നോവല്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. ശില്പശാലയുടെ ഡയറക്ടര്‍ പി.കെ.രാജശേഖരന്‍, ബെന്യാമിന്‍, സി.വി ബാലകൃഷ്ണന്‍, ടി.ആര്‍.അജയന്‍, ടി.കെ.നാരായണദാസ് എന്നിവര്‍ പങ്കെടുക്കും.

Comments are closed.