DCBOOKS
Malayalam News Literature Website

ആത്മവിദ്യയുടെ വെളിച്ചങ്ങള്‍

ടി.കെ.അനില്‍കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍’ എന്ന നോവലിന് ഡോ.എം.കെ. ഭരതന്‍ എഴുതിയ അവതാരികയില്‍ നിന്നും

‘ഞാന്‍ വാഗ്ഭടാനന്ദന്‍’–ഒരു ജീവചരിത്ര നോവല്‍ ആണ്. വ്യക്തിക്കു മാത്രമായി ഒരു ജീവിതചരിത്രമില്ല. വ്യക്തിയുടെ ജീവചരിത്രമെന്നാല്‍ അയാളുമായി ബന്ധമുള്ള പലരുടെയുംകൂടി ചരിത്രമാണ്. അതൊരു സമൂഹത്തിന്റെ ചരിത്രമാണ്. അതിനാല്‍ ഇതൊരു ചരിത്രനോവല്‍ കൂടിയാണ്. നോവലില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്ന ഹരിഹരസ്വാമികളും രോഹിണിയും ആദ്യത്തെയും അവസാനത്തെയും അധ്യായങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന രേഖ, ഇഖ്ബാല്‍, വേലപ്പന്‍ തുടങ്ങിയവരെയും മാറ്റി നിര്‍ത്തിയാല്‍ ഈ കൃതിയിലെ എല്ലാ കഥാപാത്രങ്ങളും ചരിത്രത്തിലെ യഥാര്‍ത്ഥ വ്യക്തികളാണ്. വാഗ്ഭടാനന്ദനു പുറമേ, അദ്ദേഹത്തിന്റെ പിതാവായ കോരന്‍ഗുരുക്കള്‍, ഗുരുസ്ഥാനീയരോ സമകാലികരോ അനുയായികളോ ആയി പ്രത്യക്ഷപ്പെടുന്ന ബ്രഹ്മാനന്ദ ശിവയോഗി, സത്യാനന്ദസ്വാമികള്‍, ശ്രീനാരായണഗുരു, കുഞ്ഞേക്കു ഗുരിക്കള്‍, കുഞ്ഞികുട്ടൂലി അമ്മ എന്ന വാഗ്‌ദേവി, ആര്യഭടന്‍, ദേവയാനി, എം.ടി. കുമാരന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങിയവര്‍ ഇതിലെ ചരിത്രകഥാപാത്രങ്ങളാണ്.

ഭാവനാകഥാപാത്രങ്ങളാകട്ടെ, ചരിത്രത്തില്‍ കണ്ടുകിട്ടിയിട്ടില്ലാത്തവരും എന്നാല്‍ കണ്ടുകിട്ടാന്‍ സാധ്യതയുള്ളവരുമാണ്. ചരിത്രത്തില്‍ എഴുതപ്പെടാന്‍ ഇടയുള്ളതും എന്നാല്‍ എഴുതപ്പെട്ടതായി കണ്ടുകിട്ടിയിട്ടില്ലാത്തതുമായ ഒരു കത്തിനെ മുന്‍നിര്‍ത്തിയാണ് നോവല്‍ തുടങ്ങുന്നത്. വാഗ്ഭടാനന്ദനെ ഇല്ലായ്മ ചെയ്യാനായി സനാതനിയായ ഹരിഹര സ്വാമികളെ നിയോഗം ഏല്പിച്ചുകൊണ്ടുള്ളൊരു കത്താണിത്.

ഈ ചരിത്രകഥാപാത്രങ്ങള്‍ ചരിത്രത്തെ ഉത്പന്നമാക്കിത്തീര്‍ത്ത സാമൂഹിക സന്ദര്‍ഭങ്ങളെയും ജീവിതവ്യവഹാരങ്ങളെയും ഇതില്‍ ജൈവികമായി പുനഃസൃഷ്ടിച്ചിരിക്കുന്നു. ഇതുവഴി, ചരിത്രത്തെ ജീവിതാനുഭവമാക്കി പകര്‍ന്നുതരുന്നതിലും മനുഷ്യരെന്ന നിലയില്‍ ഇവരെ കൂടുതല്‍ മിഴിവോടെ ആവിഷ്‌കരിക്കുന്നതിലും വലിയൊരു പരിധിവരെ നോവല്‍ വിജയിച്ചിരിക്കുന്നു. കുഞ്ഞുകുട്ടൂലി അമ്മയ്ക്ക് വാഗ്ഭടാനന്ദനോടുള്ള, പ്രണയത്തോളം വളര്‍ന്ന ആരാധന അവരുടെ ജീവിതത്തെയും ചിന്തകളെയും പ്രവൃത്തികളെയും മുന്‍നിര്‍ത്തിയാണ് വിവരിച്ചിട്ടുള്ളത്. ഋഷിപ്രഭാവനായ സാമൂഹികപ്രവര്‍ത്തകനെന്ന നിലയില്‍ വാഗ്ഭടാനന്ദനുണ്ടായിരുന്ന വ്യക്തിത്വത്തിന് കോട്ടം തട്ടാതിരിക്കുന്നതിനുള്ള ഒരു കരുതല്‍ ഈ വിവരണത്തിലുണ്ട്. എന്നാല്‍ നിര്‍മ്മമത്വത്തിനിടയിലും ഈ പ്രണയത്തോടുള്ള ഒരു തിരിച്ചറിവും ബോധപൂര്‍വമുള്ള നിരാകരണത്തിനിടയിലും അബോധമായ ചില സ്വീകരണങ്ങളും സൂക്ഷ്മവായനയില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ഇങ്ങനെ, ചരിത്രത്തിന്റെ വസ്തുതാമാനത്തില്‍നിന്നും നോവലിന്റെ മാനവിക-സാഹിതീയ മാനത്തിലേക്കുള്ള വികാസത്തെ സംവിധാനപ്പെടുത്തുന്നതില്‍ അസാധാരണമായ കൈയടക്കം നോവലിസ്റ്റിനുണ്ട്.

Textനവോത്ഥാനത്തിന്റെ പിന്‍മടക്കത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും സംരക്ഷണത്തിനായി ചില പ്രസ്ഥാനങ്ങള്‍തന്നെ ഇന്ന് രൂപപ്പെട്ടിരിക്കുന്നു. അസഹിഷ്ണുതയുടെ പാരമ്യത്തില്‍ യാഥാസ്ഥിതികത്വം ഉത്പതിഷ്ണുക്കളെ കൊന്നൊടുക്കുകയോ നിശ്ശബ്ദരാക്കുകയോ ചെയ്യുന്നു. ഈ വര്‍ത്തമാനത്തിലേക്ക് വാഗ്ഭടാനന്ദനെയും ഹരിഹരസ്വാമികളെയും ചേര്‍ത്തുനിര്‍ത്തുന്നതിലൂടെയാണ് നോവല്‍ പ്രസക്തമായിത്തീരുന്നത്. ചരിത്രമെന്നത് എപ്പോഴും ഭൂതകാലത്തിന്റെ വ്യാഖ്യാനമാണ്. വര്‍ത്തമാനകാല അനുഭവങ്ങളില്‍നിന്നുള്ള വ്യാഖ്യാനമാണ് ഹരിഹരസ്വാമികളെയും അദ്ദേഹത്തില്‍നിന്ന് ലഭിച്ചതായി പറയപ്പെടുന്ന കത്തിനെയും സംഭവ്യസാധ്യതയാക്കി മാറ്റുന്നത്.

ഒരു ഭിഷഗ്വരന്‍കൂടിയായ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശ്രാദ്ധനിര്‍മൂലന്‍ സമിതിയുടെ (അന്ധവിശ്വാസങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള സമിതി) സ്ഥാപക പ്രസിഡണ്ടായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2013 ആഗസ്റ്റ് 20 ന് പ്രഭാതസവാരിക്കിടെ അദ്ദേഹത്തെ ചിലര്‍ വെടിവെച്ചുകൊന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഗോവിന്ദ് പന്‍സാരെ മഹാരാഷ്ട്രയിലെ സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്നു. മിശ്രവിവാഹത്തിനനുകൂലമായും അന്ധവിശ്വാസത്തിനെതിരായും നിരവധി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഇതിന്റെ പേരിലാണ് 2015 ഫെബ്രുവരി 20-ന് അദ്ദേഹത്തെ വെടിവെച്ചു കൊന്നത്. സര്‍വകലാശാല പ്രൊഫസറും വൈസ്ചാന്‍സലറും ആയിരുന്ന ഡോ. എം.എം.കല്‍ബുര്‍ഗി കര്‍ണാടകത്തില്‍ വിഗ്രഹാരാധനയുള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരേ പ്രവര്‍ത്തിച്ചു. ഇതിന്റെ പേരില്‍ 2015-ല്‍ അദ്ദേഹത്തെ സ്വന്തം വീട്ടില്‍വച്ച് വെടിവെച്ചുകൊന്നു. ഇതിലെല്ലാം പ്രതിസ്ഥാനത്ത് സംശയിക്കപ്പെടുന്നത് സനാതന്‍ സന്‍സ്ത എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.

വര്‍ത്തമാനത്തിലും സമീപഭൂതകാലത്തിലും മാത്രമല്ല ഇത്തരം കൊലപാതകങ്ങള്‍ ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ ജാതീയമായ അയിത്തത്തിനും അനാചാരത്തിനും എതിരായി പ്രവര്‍ത്തിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരെ കായംകുളം കായലില്‍ വെച്ച് അടിച്ചും വെട്ടിയും കൊലപ്പെടുത്തിയത് 1874 ലാണ്. അവര്‍ണരില്‍ അവര്‍ണരെ സംഘടിപ്പിച്ച് അയിത്തത്തിനും അനാചാരത്തിനുമെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച–ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ പങ്കാളിയായ–പി.എം.ഉണ്ണിക്കൃഷ്ണന്‍ 1946-ല്‍ കോഴിക്കോട് മൂഴിക്കലിലെ ഒരു വിദ്യാലയത്തില്‍ അവര്‍ണരുടെ യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് സവര്‍ണരുടെ ക്രൂരമായ ആക്രമണത്തിന് വിധേയനായത്. ഇതേ തുടര്‍ന്നുള്ള രോഗബാധയിലാണ് അധികം വൈകാതെ അദ്ദേഹം മരിക്കുന്നത്. വാഗ്ഭടാനന്ദനെ ആക്രമിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും അതില്‍ കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. വി.ടി. ഭട്ടതിരിപ്പാടിനെ അപായപ്പെടുത്താന്‍ സവര്‍ണര്‍ പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഉത്പതിഷ്ണുത്വത്തിന്റെ സഞ്ചാരത്തെ തടയാന്‍ യാഥാസ്ഥിതികത്വം എല്ലാകാലത്തും പരിശ്രമിച്ചിട്ടുണ്ട്. അതിന് കൊലപാതകങ്ങള്‍ വരെ സംഘടിപ്പിച്ചിട്ടുണ്ട്. വ്യക്തിയെ കൊല്ലുക എന്നതിനപ്പുറത്തേക്ക് കൂട്ടക്കലാപങ്ങള്‍ ഉണ്ടാക്കുക എന്നതിലേക്കുപോലും അത് ഇന്ന് വളര്‍ന്നിരിക്കുന്നു. സനാതന ഹിന്ദുത്വം മുതല്‍ സനാതന്‍ സന്‍സ്ത വരെ നീളുന്ന ഒരു വലിയ കണ്ണി നമ്മുടെ ചരിത്രത്തിലുണ്ട്. ചരിത്രത്തില്‍ മുറിഞ്ഞു പോയ ആ കണ്ണിയെ ഭാവനകൊണ്ട് കൂട്ടിച്ചേര്‍ക്കുകയാണ് നോവല്‍ ചെയ്തിട്ടുള്ളത്. അത്തരമൊരു ഭാവനാബന്ധത്തിലൂടെ വാഗ്ഭടാനന്ദന്റെ ജീവിതത്തെ അന്വേഷിച്ചറിയുകയാണ് ഈ കൃതി. എന്നാല്‍ ഇത് കേവലമായ ഭാവന മാത്രമല്ല. ചരിത്രത്തിലെ സംഭവ്യതാ സാധ്യതയിലേക്കുള്ള ഭാവനയാണ്.

ചരിത്രവും ഭാവനയുമായുള്ള സംവാദംകൂടിയാണ് ഈ നോവല്‍. ചരിത്രത്തില്‍നിന്നും കൈകാലുകള്‍ പൊട്ടിമുളച്ചതാണ് ഇതിലെ ഭാവന. അതുകൊണ്ടുതന്നെ അതിന് ചരിത്രത്തോട് ജൈവബന്ധവും യുക്തി ബന്ധവും ഉണ്ട്. ഇവിടെയാണ് വായനക്കാരന്‍ കുഴഞ്ഞുപോകുന്നത്. ചരിത്രം ഇതില്‍ ഒരനുഭവമായി മാറിത്തീരുന്നു. പലപ്പോഴും ഭാവനയെയും ചരിത്രത്തെയും വേര്‍തിരിക്കാന്‍ സാധിക്കാതെ വരുന്നു. അത്രമേല്‍ ഗാഢമാണ് ചരിത്രത്തോടുള്ള ഇതിന്റെ ബന്ധം. അതില്‍നിന്നും വേറിട്ട ഒന്നായി തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് ഭാവനയെ സന്നിവേശിപ്പിച്ചിട്ടുള്ളത്.

കുമാരനാശാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ആര്യഭടനാണെന്നത് ചരിത്രമാണ്. റഡീമര്‍ ബോട്ടപകടത്തില്‍ മുങ്ങിമരിച്ച ആശാന്റെ കോട്ടിന്റെ കീശയില്‍ കരുണയുടെ കൈയെഴുത്തുപ്രതി ഉണ്ടായിരുന്നുവെന്ന് കേട്ടുകേള്‍വിയുണ്ട്. ഇതുരണ്ടും ചേര്‍ത്തുവെച്ച ഭാവനയാണ് ആശാന്റെ പക്കല്‍നിന്നും ആര്യഭടന്‍ ‘കരുണ’യുടെ പ്രതി കണ്ടെത്തുന്നതും അതു വായിച്ചെടുക്കാനാവുമെന്ന് ഉള്ളൂര്‍ ഉള്‍പ്പെടെയുള്ളവര്‍ സമാശ്വസിക്കുന്നതും. ഇക്കാര്യം അവതരിപ്പിക്കുന്ന രീതിയും ശ്രദ്ധേയമാണ്. കരുണ നാടകരൂപത്തില്‍ അവതരിപ്പിച്ചുകണ്ട വാഗ്ഭടാനന്ദന്‍ ചിന്താധീനനായി.

ആശാന്റെ അധ്യക്ഷതയില്‍ മംഗലത്തു നടന്ന വിഗ്രഹാരാധനയെ സംബന്ധിച്ച സംവാദം ആര്യഭടന്റെ മനസ്സില്‍ തെളിഞ്ഞ ചിത്രങ്ങളായി കടന്നുപോയി. ‘കരുണ’ നാടകമാക്കാനുള്ള അവകാശം ഭാനുമതി അമ്മയ്ക്ക് 1001 രൂപ നല്കി വാങ്ങിയത് നന്നായെന്നും അത് ആശാനോടും മലയാളത്തോടുമുള്ള ആദരവുകൂടിയാണെന്നും വാഗ്ഭടാനന്ദന്‍ പറഞ്ഞു. ഇത്തരം ഓര്‍മകളുടെയും സംഭവങ്ങളുടെയും ശൃംഖലയിലാണ് ആര്യഭടന്‍ കരുണ കണ്ടെടുക്കുന്ന രംഗത്തെയും നോവലിസ്റ്റ് ചിത്രീകരിക്കുന്നത്. അത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നതിനെക്കാളേറെ പ്രസക്തമാകുന്നത് അത് ചരിത്രത്തിന്റെ ഒരു സംഭവ്യതാസാധ്യതയാകുന്നു എന്നതാണ്. ഇത്തരത്തിലുള്ള സംഭവ്യതാസാധ്യതകളിലൂടെയാണ് നോവലിസ്റ്റിന്റെ ഭാവന സഞ്ചരിക്കുന്നത്. ഇതിലെ വിവരണങ്ങളും അതിനെ ചേര്‍ത്തുവെച്ച രചനാശൈലിയും ഒറ്റ വായനയില്‍ വളരെ തുറന്നതും അയഞ്ഞതുമാണെന്നു തോന്നാം. എന്നാല്‍ ആന്തരികമായ കെട്ടുമുറുക്കം ഇതിനെ ഏകാഗ്രമാക്കുന്നുണ്ട്. ആശാന്‍ അധ്യക്ഷനായ വിഗ്രഹാരാധനാസംവാദത്തിനു സാക്ഷിയാകുന്ന, ആശാനെ ഏറ്റുവാങ്ങുന്ന, കരുണയുടെ പ്രതി കണ്ടെത്തുന്ന, അതിന്റെ നാടകാവതരണത്തിനുള്ള അവകാശം വാങ്ങുന്ന ആര്യഭടന്‍, നാടകാവതരണം കണ്ട വാഗ്ഭടാനന്ദന്റെ ചിന്താധീനതയെ വായിച്ചെടുക്കുന്ന ആര്യഭടന്‍ എന്നിങ്ങനെ ആര്യഭടന്റെ കര്‍മനിയോഗങ്ങളുടേതായ ആന്തരസഞ്ചാരം ഈ അധ്യായത്തിലുണ്ട്. ഇങ്ങനെ പ്രത്യക്ഷത്തില്‍ തുറസ്സും അയവും ഉള്ളതെന്ന് തോന്നിക്കുമ്പോഴും ആന്തരികമായി മുറുക്കവും ദാര്‍ഢ്യവുമുള്ള രചന ഈ കൃതിയുടെ പൊതുസ്വഭാവമാണ്.

ചരിത്രത്തില്‍നിന്ന് വ്യക്തികളെയും അവരുടെ ജീവിതത്തെയും പുനഃസൃഷ്ടിക്കുക. ഇത് ശ്രമകരമായൊരു ജോലിയാണ്. വ്യക്തികളുടെ മാനവികവും സാഹിതീയവുമായ ഭാവം ദീപ്തമാകുന്നതിനനുസരിച്ച് അത് ചിലപ്പോള്‍ ചരിത്രത്തിന്റെ വഴിച്ചാലുകളില്‍നിന്ന് തെന്നിപ്പോയെന്നുവരാം. മറിച്ച്, ചരിത്രത്തിന്റെ രഥ്യയില്‍നിന്ന് തെന്നാതെ സഞ്ചരിച്ചാല്‍ കഥാപാത്രങ്ങളും അവരുടെ ജീവിതവും മാനവിക-സാഹിതീയ ഭാവങ്ങളിലേക്കുയരാതെ യാന്ത്രികമായി മാറിപ്പോയെന്നും വരാം. ഇതു രണ്ടും സംഭവിക്കാതെ വിവരണങ്ങളില്‍ സന്തുലനത്തിന്റേതായ ഇടനില കൈവരിക്കുന്നു ഈ കൃതി. അതോടൊപ്പംതന്നെ സ്വന്തമായൊരു നിലപാടില്‍നിന്നുകൊണ്ട് ചരിത്രത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളെയും ചരിത്രഗതിയെക്കുറിച്ചുള്ള രാഷ്ട്രീയ വായനയെയും കൂടുതല്‍ സൂക്ഷ്മമാക്കാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. നവോത്ഥാന നായകനായ വാഗ്ഭടാനന്ദനും യാഥാസ്ഥിതിക സനാതനിയായ ഹരിഹരസ്വാമിയും തമ്മില്‍ മാത്രമല്ല നവോത്ഥാനകാലത്ത് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. നവോത്ഥാനമെന്ന വിശാല കുടക്കീഴില്‍ത്തന്നെ ശ്രീനാരായണഗുരുവും വാഗ്ഭടാനന്ദനും സഹോദരന്‍ അയ്യപ്പനുമെല്ലാം തമ്മില്‍ത്തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളും ആശയസംഘര്‍ഷങ്ങളും ഉണ്ടായിരുന്നു. അത്തരം ആശയസംഘര്‍ഷങ്ങളെ സൂക്ഷ്മമായി രേഖപ്പെടുത്താനും അതിനെല്ലാമപ്പുറത്ത് ഈ സംവാദാത്മകതയിലും നവോത്ഥാനം ഉയര്‍ത്തിപ്പിടിച്ച യോജിപ്പിന്റെ ഋജുരേഖകളെ ലളിതമായി വരച്ചുകാട്ടാനും ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. വിഗ്രഹാരാധനയെ എതിര്‍ത്തും അനുകൂലിച്ചും നാരായണ ഗുരുവിന്റെ അധ്യക്ഷതയില്‍ വാഗ്ഭടാനന്ദനും സ്വാമി ശിവപ്രസാദനും നടത്തിയ സംവാദത്തിന്റെ വിവരണം ഇതിനുള്ള സാക്ഷ്യമാണ്.

”ഗുരു മന്ത്രിക്കുന്നത് വ്യക്തമായി അവള്‍ കേട്ടു. ഞാന്‍ വാഗ്ഭടാനന്ദന്‍… വാഗ്ഭടാനന്ദന്‍ ഒരാളല്ല. അനേകം പേരാണ്. താന്‍ വാഗ്ഭടാനന്ദനാണെന്ന് അവള്‍ക്കു തോന്നി. ഗുരുദേവനെ കാണാനെത്തിച്ചേര്‍ന്ന ഓരോ മനുഷ്യനും ഇനിയും എത്തിച്ചേരേണ്ടുന്ന ആയിരക്കണക്കിനാളുകളും സ്വയം മന്ത്രിക്കുന്നത് രോഹിണി അറിഞ്ഞു. ഞാന്‍ വാഗ്ഭടാനന്ദന്‍…” കൃഷ്ണപ്പിള്ള, എ.വി.കുഞ്ഞമ്പു, ദേവയാനി, സുകുമാര്‍ അഴീക്കോട് തുടങ്ങി പലരിലൂടെ വാഗ്ഭടാനന്ദന്റെ ആശയങ്ങള്‍ സഞ്ചരിക്കുന്നതായി നോവലില്‍ കാണാം. നവോത്ഥാനം ദേശീയപ്രസ്ഥാനമായി, യുവക്‌സേവാ സംഘമായി, കര്‍ഷക-കമ്മ്യൂണിസ്റ്റ് മുന്നേറ്റമായി ചരിത്രത്തില്‍ വ്യത്യസ്ത മുനകളുള്ള സഞ്ചാരമായി പരിണമിക്കുന്നതിന്റെ കാഴ്ചകൂടിയാണിത്. വാഗ്ഭടാനന്ദന്‍ കൊളുത്തിവെച്ച പ്രകാശം ഇപ്പോഴും പല രൂപത്തില്‍ നമ്മുടെ സമൂഹത്തില്‍ സഞ്ചരിക്കുന്നുണ്ട്. കാലത്തിന്റെ കാറ്റേറ്റ് മങ്ങിയും തെളിഞ്ഞും അതു നമ്മളില്‍ പലരിലുമുണ്ട്. അതിനാല്‍ ഇതൊരോര്‍മ്മപ്പെടുത്തലാണ്; ‘ഞാന്‍ വാഗ്ഭടാനന്ദന്‍… ‘ അനാചാരങ്ങളെ പുനഃസ്ഥാപിക്കാനുള്ള കോലാഹലങ്ങള്‍ ചുറ്റിലും ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ പോയിന്റ് ബ്ലാങ്കില്‍ തീ തുപ്പുന്ന തോക്കുമായി ഹരിഹര സ്വാമികള്‍ ഏതു തിരിവിലും പ്രത്യക്ഷപ്പെടാമെന്നിരിക്കുമ്പോള്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ വലിയൊരിടപെടല്‍കൂടിയാണ്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.