DCBOOKS
Malayalam News Literature Website

‘ഞാന്‍ ദേശഭക്തയല്ല’, എഴുത്തും ജീവിതവും ദേശീയതയും അരുന്ധതി റോയി വിശദീകരിക്കുന്നു

എഴുത്തുകാരിയും പൊതുപ്രവര്‍ത്തകയുമായ അരുന്ധതി റോയി പലകാലങ്ങളില്‍ മലയാളത്തിലെ വിവിധ മാധ്യമങ്ങള്‍ക്കായി അനുവദിച്ച സംഭാഷണങ്ങളുടെ സമാഹാരമാണ് ഞാന്‍ ദേശഭക്തയല്ല എന്ന പുസ്തകം. സവിശേഷ സാഹചര്യങ്ങളില്‍ തയ്യാറാക്കപ്പെട്ടതാണ് ഈ സമാഹാരത്തിലെ ഓരോ അഭിമുഖവും. ബുക്കര്‍ സമ്മാനം ലഭിച്ചതിനെത്തുടര്‍ന്ന് തയ്യാറാക്കിയതാണ് ഒരെണ്ണമെങ്കില്‍ മറ്റൊരു അഭിമുഖം ഗാന്ധിയെ വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലുള്ളതാണ്. അരുന്ധതി റോയി ഇടപെടുകയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുകയും ചെയ്ത സാഹചര്യങ്ങള്‍ ഈ സംഭാഷണങ്ങളില്‍ കടന്നുവരുന്നുണ്ട്.

കൃതിയിലെ ഒരഭിമുഖത്തില്‍ നിന്ന്

അധഃകൃത വിഭാഗക്കാര്‍ക്കൊപ്പമുള്ള സഹവാസവും അവരോടുള്ള സഹാനുഭൂതിയും അരുന്ധതിയ്ക്ക് പാരമ്പര്യമായി ലഭിച്ചതാണെന്നു കരുതാമോ? മേരി റോയിയുടെ മുത്തച്ഛനും തിരുവിതാംകൂറിലെ പ്രഗല്ഭനായ എഞ്ചിനീയറുമായ റാവു ബഹാദൂര്‍ റവ.ജോണ്‍ കുര്യന്‍ ദലിതര്‍ക്കായി സ്‌കൂള്‍ നടത്തിയിരുന്നതായി കേട്ടിട്ടുണ്ട്.

എനിക്കു പക്ഷെ, അദ്ദേഹത്തെക്കുറിച്ചു കൂടുതല്‍ അറിഞ്ഞുകൂടാ. അയ്മനത്തെ എന്റെ ജീവിതത്തില്‍ ദലിതര്‍ എന്റെ കളിക്കൂട്ടുകാരായിരുന്നു. ഇന്നത്തെക്കാലത്ത്, എനിക്കാലോചിക്കാനേ വയ്യ സമൂഹത്തിന്റെ വിചിത്രമായ നിലപാടുകള്‍. മാവോയിസ്റ്റുകളോ മാര്‍ക്‌സിസ്റ്റുകളോ മനസ്സിലാക്കാത്ത കാര്യങ്ങളുണ്ട്. സമൂഹത്തിന് ഒരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ സ്വഭാവം ഇത്രയേറെയുള്ള സ്ഥലം ലോകത്തു വേറെ കാണില്ല.

Textകേരളത്തിലെ മാവോ സെ തുങ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ തറവാട് വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടലാക്കിമാറ്റിയെന്നു പറയുന്നതു ചരിത്രവസ്തുതയെ വളച്ചൊടിക്കലല്ലേ?

അതൊരു തെറ്റിദ്ധാരണയാണ്. കോക്കനട്ട് ലഗൂണില്‍ ചെന്നാല്‍ അറയും നിരയുമുള്ള മരത്തില്‍ത്തീര്‍ത്ത ചുവരുകളുള്ള ഒരു വീട് കാണാം. ടൂറിസ്റ്റുകള്‍ക്കുള്ള ഹോട്ടലാക്കി മാറ്റിയത്. അവര്‍ പറഞ്ഞുതരും അത് ഇ.എംഎസിന്റെ വീടു പൊളിച്ചതിന്റെ ഭാഗങ്ങളാണെന്ന്.

മലപ്പുറത്തു നിന്നും കൊണ്ടുവന്നതോ?

അതെ. കേടുകൂടാതെ വീട് പൊളിച്ചെടുക്കുന്നതെങ്ങനെയെന്നും അതു ദൂരദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതെങ്ങനെയെന്നുമൊക്കെ നോവലില്‍ പറയുന്നുണ്ട്. നോവല്‍ ശ്രദ്ധയോടെ വായിക്കാതെയാണ് ആളുകള്‍ വിവാദമുണ്ടാക്കുന്നത്. അതാണ് എനിക്കിഷ്ടപ്പെടാത്തത്.

നോവല്‍ പുറത്തിറങ്ങിയ സമയത്ത് ഇ.എം.എസ് തന്നെ എഴുതിയിരുന്നു. അരുന്ധതിയെ കണക്കിനു വിമര്‍ശിച്ചുകൊണ്ട്. അരുന്ധതി സ്വന്തം അമ്മയ്ക്കും അമ്മാവനും എതിരേപോലും അവിഹിതബന്ധങ്ങള്‍ ആരോപിച്ചിട്ടുണ്ടെന്നും തനിക്കെതിരെ അത്തരം ആരോപണങ്ങളൊന്നുമില്ലാത്തതു കൗതുകകരമാണെന്നും തന്നെ റെബല്‍ ആയി നോവലിസ്റ്റ് കണക്കാക്കാത്തമട്ടില്‍ ദുഃഖമില്ലെന്നും പറഞ്ഞ്

മുഖ്യമന്ത്രിയായിരിക്കുകയും ഒപ്പം താന്‍ ഒരു റെബലാണ് എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് എത്ര അനുചിതമാണ്. നോവലില്‍ ഞാനക്കാര്യം വിശദീകരിച്ചിട്ടുണ്ട്. ഒരാള്‍ വിപ്ലവം പരുവപ്പെടുത്തിയെടുക്കുകയും തുടര്‍ന്ന് അധികാരത്തിലേറുകയും ചെയ്യുന്നതില്‍ വിരോധാഭാസമുണ്ട്. ലോകത്തെവിടെയുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആ രീതിയില്‍ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. അതായത് പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ പ്രവേശിക്കണോ വേണ്ടയോ എന്ന സമസ്യ. പുരാതനമായ തര്‍ക്കവിഷയമാണെന്നു പറയാം. നോവല്‍ പുറത്തിറങ്ങിക്കഴിഞ്ഞപ്പോഴേക്കും ഇ.എം.എസ് വയോധികനായിക്കഴിഞ്ഞിരുന്നു. പുസ്തകം അദ്ദേഹം വായിച്ചിരുന്നോ എന്നുപോലും എനിക്കു സംശയമുണ്ട്…”

ഈ സംഭാഷണങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അരുന്ധതി റോയിയുടെ രചനയെക്കുറിച്ചുള്ള നിരീക്ഷണങ്ങളുടെ വ്യത്യസ്ത മനസ്സിലാക്കാം. എഴുത്തിലും ജീവിതത്തിലും സംഭാഷണങ്ങളിലും കൃത്യമായ നിലപാടുകളും സുഭദ്രതയും നമുക്ക് അനുഭവപ്പെടും. അവരുടെ ദീര്‍ഘകാലത്തെ നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും വിവരണമാണ് ഈ അഭിമുഖസമാഹാരം.

1997 മുതലുള്ള അഭിമുഖസംഭാഷണങ്ങളാണ് ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലീന ചന്ദ്രന്‍, എന്‍.കെ ഭൂപേഷ്, രവി ഡി സി, ഇകെ പ്രേംകുമാര്‍, വിശ്വനാഥന്‍, ഐ ഷണ്‍മുഖദാസ്, യു. ജയചന്ദ്രന്‍. ബി. മുരളി എന്നിവരാണ് വിവിധ അഭിമുഖങ്ങള്‍ നടത്തിയിരിക്കുന്നത്.

അരുന്ധതി റോയിയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.