DCBOOKS
Malayalam News Literature Website

നിരീശ്വരൻ; ചരിത്രം നൽകുന്ന കിഴുക്ക്‌

മലയാളിയുടെ നിത്യവിചാരങ്ങൾ മനസ്സിലാക്കിയ നോവലിസ്റ്റാണ്‌ വി ജെ ജെയിംസ്‌. യുക്തിബോധവും നവോത്ഥാനവും  രൂപപ്പെടുത്തിയ  ചിന്താ ലോകത്തിന്റെ പഴുതുകളിലൂടെ സഞ്ചരിച്ച എഴുത്തുകാരൻ. ആധുനികാനന്തര മലയാളിയുടെ പിന്മടക്കത്തേയും മുന്നേറ്റത്തെയും നോക്കിക്കാണുന്ന രചനകൾ.  ഗ്രാമം, പ്രകൃതി, ജൈവികത,ലൈംഗികത, വിമോചന മാനവികത, മലയാളി വംശാവലിയെക്കുറിച്ചുള്ള പൈതൃക ബോധം;  ഇതായിരുന്നു വി ജെ ജെയിംസിന്റെ നോവലുകളുടെ ഉള്ളടക്കകാന്തി.

1999ൽ ഡിസി ബുക്സിന്റെ  രജതജൂബിലി നോവൽ പുരസ്കാരം നേടിയ  ‘പുറപ്പാടിന്റെ പുസ്തകം’ മാണ്‌ ഈ എഴുത്തുകാരനെ അടയാളപ്പെടുത്തിയത്‌. ജീവിതത്തിന്റെ  വൈകാരികഗ്രാമീണതയെ ‘പോട്ട തുരുത്തി’ലൂടെ പ്രകാശിപ്പിക്കുകയായിരുന്നു ആ കൃതി. പുതിയ നൂറ്റാണ്ടിലേക്ക്  പ്രവേശിക്കുന്ന നോവലുകളുടെ മെലിഞ്ഞ രീതിയെ തിരസ്‌കരിച്ച്‌ വിശാലമായ ഗ്രാമീണ പശ്ചാത്തലമായിരുന്നു അതിൽ.

Textദൈവമെന്ന പ്രതിഭാസത്തിന്റെ സാമൂഹിക ശാസ്ത്രത്തെ ഇഴ പിരിക്കുന്ന  ‘നിരീശ്വരൻ’ ന്‌  ഇക്കുറി വയലാർ അവാർഡ് ലഭിക്കുന്നത് ദൈവത്തിന്റെ പേരിൽ എന്തും കാണിക്കുന്ന മലയാളിക്ക് ചരിത്രം നൽകുന്ന കിഴുക്കാണ്‌. ഈശ്വര സങ്കൽപം രൂപപ്പെടുന്നതിനെക്കുറിച്ചും അത് മനുഷ്യനെ എങ്ങനെയാണ് നിർമിക്കുന്നതെന്നും ഇവിടെ ദർശിക്കാം. നിരീശ്വര സങ്കൽപ്പം തന്നെ ഒരു തരത്തിലുള്ള ഈശ്വര സങ്കൽപമായി മാറുന്ന കാഴ്‌ച.

അന്ധവിശ്വാസങ്ങളിൽ നിന്നും   അനാചാരങ്ങളിൽ നിന്നും വിടുതൽ നേടാനായി ആന്റണിയും ഭാസ്കരനും സഹീറും നടത്തുന്ന ശ്രമം നിരീശ്വരനെ ഈശ്വരനായി വളർത്തുന്ന സാമൂഹികതത്വം പറഞ്ഞുകൊണ്ട് ആധുനികാനന്തരസമൂഹത്തിന്റെയും സത്യാനന്തര സമൂഹത്തിന്റെയും പ്രവർത്തനങ്ങളെ പ്രവചിക്കുകയായിരുന്നു. നാസ്തിക -അനാസ്തിക വിശ്വാസങ്ങളെ താരതമ്യപ്പെടുത്താനോ ഒന്ന് മറ്റൊന്നിനുമേൽ സ്ഥാപിച്ചെടുക്കാനോ മുതിരുന്നില്ല. പകരം ഓർഹാൻ പാമുകിനെപ്പോലെ വിഷയ കേന്ദ്രത്തിൽ നിന്ന്‌ മാറി നിൽക്കുന്ന രചനാ തന്ത്രമാണ്‌ നിരീശ്വരനിൽ.

കാലത്തിന്റേയും സ്ഥലത്തിന്റേയും നിയമങ്ങൾക്ക് വിധേയമായി പരിണമിച്ചിരിക്കെത്തന്നെ ആത്മാവും ശരീരവും അതിനതീതമായ അനുഭവങ്ങളിലൂടെ വിശ്വവ്യാപകമാകുന്നു. സമകാലിക മലയാളിയെ വെയിലത്ത് നിർത്തുന്ന സ്വഭാവവും നിരീശ്വരനുണ്ട്. മലയാളിയുടെ അപൂർണതകളെ ഭാവനാത്മകമായി കൂട്ടിച്ചേർക്കുന്ന കലാശ്രമം. മലയാളി നിർമിക്കപ്പെട്ട നിത്യ വിചാരങ്ങളെ പതുക്കെ അഴിച്ചെടുത്ത് വായനക്കാർക്ക് മുന്നിൽ നീട്ടിപ്പിടിച്ച് വീണ്ടും ചരിത്രത്തിന്റെ ഉറയിലേക്ക് നിക്ഷേപിക്കുകയാണ്‌ വി ജെ ജെയിംസ്‌.

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി വി ജെ ജയിംസിന്റെ ‘നിരീശ്വരൻ’ എന്ന കൃതിയും

എഴുതിയത്; ഡോ. സി ഗണേഷ്
കടപ്പാട് ; ദേശാഭിമാനി

 

Comments are closed.