DCBOOKS
Malayalam News Literature Website

ഇത്രമേൽ എന്നെ സ്നേഹിക്കുന്ന നിനക്ക് ഒരു കുഞ്ഞു മുഖം സമ്മാനിയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഞാനെന്തിനു നിന്റെ പ്രിയപ്പെട്ടവളായി ജീവിക്കണം?

ഇത്രമേൽ എന്നെ സ്നേഹിക്കുന്ന നിനക്ക് ഒരു കുഞ്ഞു മുഖം സമ്മാനിയ്ക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ഞാനെന്തിനു നിന്റെ പ്രിയപ്പെട്ടവളായി ജീവിക്കണം? പൊന്ന ഇങ്ങനെയൊരു ചോദ്യം സ്വയം ചോദിക്കുന്നതിൽ എന്താണ് തെറ്റ്? കാളിയ്ക്ക് വേണ്ടി മാത്രമല്ല സ്വയം അവൾക്കും വേണ്ടിയിരുന്നു ഒരു കുഞ്ഞിനെ, സമൂഹം അവളിൽ അടിച്ചേൽപ്പിക്കുന്ന ചില വാക്കുകൾക്കു പകരം വയ്ക്കാൻ, അവളുടെ തന്നെ പ്രതീകമായി കാലത്തിലേയ്ക്ക് പകർത്തിയെഴുതാൻ, എല്ലാത്തിനും അവൾക്ക് ഒരു കുഞ്ഞിനെ വേണ്ടിയിരുന്നു. അതിനായാണ്‌  അവൾ തിരുചെങ്കോട്ട ക്ഷേത്രത്തിലെ ഉത്സവത്തിൽ ദൈവത്തിന്റെ കുഞ്ഞിനായി പോയതും, പക്ഷേ ഇതൊന്നും അറിയാതെ കാളി എന്തുകൊണ്ടാണ് ഇത്ര വെറുപ്പുളവാക്കുന്നത്‌ പോലെ പൊന്നയോടു പെരുമാറുന്നത്. കാളിയുടെ സമ്മതവാക്കിന്റെ പുറത്തല്ലാതെ പൊന്ന ഒരിടത്തും പോയിട്ടില്ല, പക്ഷേ സ്വന്തം സഹോദരനും പൊന്നയുടെയും കാളിയുടെയും അമ്മമാരും ചേർന്ന് നടത്തിയ നാടകത്തിൽ താനെന്തു പിഴച്ചു എന്ന് പൊന്നയ്ക്ക് മനസ്സിലായില്ല.

പെരുമാൾ മുരുകൻ ഒരു വെറും പേരല്ല, അർദ്ധനാരീശ്വരൻ എന്നത് ഒരു വെറും നോവലും അല്ല. ഏറെ ചർച്ച ചെയ്യപ്പെട്ട, വിവാദങ്ങളിലേർപ്പെട്ട ഒടുവിൽ ഒരു മനുഷ്യനിലെ എഴുത്തുകാരൻ മരണപ്പെട്ട കൃതിയാണ്. പുസ്തകത്തെ ചൊല്ലി വളരെ വലിയ ആരോപണങ്ങൾ ആണ് ഉണ്ടായത്. വിശ്വാസങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് നോവൽ രചിക്കപ്പെട്ടു എന്നതായിരുന്നു പെരുമാൾ മുരുകൻ നേരിട്ട ആരോപണം. എന്നാൽ അദ്ദേഹം പറയുന്നത് , താനിതിനെ കുറിച്ച് ഏറെ പഠനം നടത്തിയ ശേഷമാണ് നോവൽ രചിച്ചത് എന്നും. അല്ലെങ്കിലും വിശ്വാസങ്ങൾ പലപ്പോഴും അങ്ങനെയാണ്, വിശ്വാസികൾക്ക് അന്ധമായ തോന്നൽ ഉണ്ടാക്കിയെടുക്കുകയും യുക്തിവാദികളെ തന്റെ ഉള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി പലപ്പോഴും സത്യം കാട്ടി കൊടുക്കുകയും ചെയ്യും.

വിശ്വാസങ്ങൾ പലപ്പോഴും ശക്തമാണ്, ചിലപ്പോഴൊക്കെ മുറിവേൽപ്പിക്കുന്നതും , നിരവധി ദമ്പതിമാർ , അനപത്യ ദുഃഖം സങ്കടപ്പെടുത്തുന്നവർ, എന്ത് മാർഗ്ഗത്തിലൂടെയും കുട്ടികൾക്ക് ഉണ്ടാകുക എന്നതിനു ശ്രമിക്കാറുണ്ട്. ആധുനിക ശാസ്ത്രം അത്രയൊന്നും വളർന്നിട്ടില്ലാത്ത ഒരു സമയത്ത് ഏറ്റവും അധികം പിന്തുടർന്ന് വന്ന മാർഗ്ഗങ്ങളിൽ ഒന്ന് പ്രാർത്ഥന തന്നെയായിരുന്നു. ഉരുളി കമഴ്ത്തിയും പിറക്കാൻ പോകുന്ന കുഞ്ഞിനെ അടിമ കിടത്തിയും ഒക്കെ നിരവധി വഴിപാടുകൾ ദൈവത്തിലേക്ക് എത്തിക്കൊണ്ടേയിരുന്നു.  അത് ഇപ്പോഴും തുടരുക തന്നെയാണ്. എന്നാൽ അത്തരം ഒരു വിശ്വാസത്തെ പ്രത്യേകിച്ച് തിരുചെങ്കോട്ട ക്ഷേത്രത്തിലെ ഉത്സവ ആചാരങ്ങളുമായി ബന്ധപ്പെടുത്തി എഴുത്തുകാരൻ ഈ നോവൽ രചിയ്ക്കുമ്പോൾ അതിൽ വിശ്വാസങ്ങൾക്കപ്പുരം മാനുഷികത കടന്നു വരുന്നുണ്ട്.

Perumal Murugan-Ardhanareeswaranഉത്സവത്തിന്റെ അവസാന ദിനം അന്നാട്ടിലെ   ഏതൊരു ആണിനും പെണ്ണിനും പരസ്പരം തൊടാം, ആ ദിനത്തിലെ ശരീരത്തിന്റെ പങ്കാളികളാകാം, അതിലൂടെ ജനിക്കുന്ന കുഞ്ഞിനെ ദൈവത്തിന്റെ “പുള്ള” ആയി വാഴ്ത്താം. എന്നാൽ പെൺ ശരീരങ്ങളെ മാത്രം തിരഞ്ഞു വരുന്ന പുരുഷൻ എങ്ങനെ ദൈവമാകുന്നുവെന്ന കാളിയുടെ ചോദ്യത്തോടെ ദൈവീകത്വത്തിന്റെ പ്രസക്തി ആ ഭാഗത്തിൽ നിന്ന് ചോർന്നു പോകുന്നുണ്ട്. എന്നിരുന്നാലും തന്റെ പുറത്തു കിടക്കുന്ന ഒരു നാടിന്റെ പരിഹാസ കണ്ണുകളെ കാണാതെ ഇരിക്കാൻ പൊന്ന എന്ന പെണ്ണിന് ബുദ്ധിമുട്ടാണ്. വിശ്വാസത്തിന്റെ മറ അവൾക്കു ആവശ്യവുമാണ്. മനസ്സിലും ശരീരത്തിലും കാളി മാത്രമേ അവൾക്ക് സ്വന്തമായി  ഉള്ളൂ എങ്കിലും ദൈവത്തിന്റെ സന്തതിയെ അവൾക്ക് ആവശ്യമുണ്ട്. കാളിയുടെയും അവളുടെയും അപമാനങ്ങളെ സമൂഹത്തിന്റെ മുന്നിൽ തൂത്തെറിയാൻ, അവന്റെ അഭിമാനം ഉയർത്തി പിടിയ്ക്കാൻ, എന്നാൽ കാളിയുടെ പ്രതികരണം… അത് തന്നെയാണ് ഈ നോവലിന്റെ അവസാനവും.

കാളിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പൊന്നയ്ക്ക് മനസ്സിലായതേയില്ല. പക്ഷേ ഒന്നവൾക്കറിയാമായിരുന്നു. തന്നെയല്ലാതെ മറ്റൊരു പെണ്ണിനെ കാളി നോക്കുന്നത്, അവൻ വേറെ വിവാഹം കഴിക്കുന്നത്, എന്തിനു വേറെ ഒരു പെണ്ണിനെ കുറിച്ച് പറയുന്നത് പോലും പൊന്നയ്ക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. പൊന്ന മാത്രമാണോ അങ്ങനെ…? സമൂഹത്തിലെ ഒരു വിധം സ്ത്രീകളും പുരുഷന്മാരും ഒക്കെ സ്വന്തം പങ്കാളിയുടെ സ്നേഹത്തിൽ സ്വാർത്ഥർ തന്നെയാണ്. തന്നെയല്ലാതെ മറ്റൊരാളെ അവൾ/ അയാൾ നോക്കുന്നത് പോലും സഹിക്കാൻ ബുദ്ധിമുട്ടുള്ളവർ. വിവാഹിതയാകുന്നതോടെ സ്വന്തമായി ഉണ്ടായിരുന്ന സൗഹൃദങ്ങളെ  ഉപേക്ഷിച്ചു ഭർത്താവിന്റെ സുഹൃത്തുക്കളുടെ ഭാര്യമാരിൽ മാത്രം സൗഹൃദങ്ങത്തിന്റെ പരിധികൾ കണ്ടെത്തുന്നവർ മാത്രമായി പോകുന്ന സ്ത്രീകൾ. പൊന്നയും അങ്ങനെ തന്നെ, അപ്പോൾ- പിന്നെ എന്ത് കൊണ്ട് കാളിയ്ക്കും അപ്രകാരം തീരുമാനിച്ചുകൂടാ..?

കുഞ്ഞ് എന്ന ആഗ്രഹത്തിന് മുന്നിൽ കാളിയുടെ പ്രണയവും ശരീരവും പൊന്നയ്ക്ക് എങ്ങനെ മറക്കാൻ ആയി എന്നത് സദാചാരം സ്ഫുരിയ്ക്കുന്ന ഒരു ചോദ്യമാണ്. കാരണം വ്യക്തിഗതമായി നോക്കുമ്പോൾ ആരുടെ ഒപ്പം കിടക്ക പങ്കിടണം, ആരുടെ കുഞ്ഞിനെ ഉദരത്തിൽ പേറണം എന്നതൊക്കെ സ്ത്രീയുടെ മാത്രം തീരുമാനങ്ങളാണ്. പക്ഷേ പൊന്ന കാളിയെ മാത്രം മനസ്സിലിട്ടു അവന്റെ പ്രണയത്തിൽ ജീവിക്കുന്നവളായത് കൊണ്ട്, അവനെ വിട്ടു അവൾക്കൊരു ജീവിതവും ഇല്ലാത്തത് കൊണ്ട് കുഞ്ഞിനു വേണ്ടി ദൈവത്തെ തിരഞ്ഞു പോയ പൊന്ന ഒരു കാളിയുടെ മുന്നിലെങ്കിലും കുറ്റവാളിയാകുന്നു.

ഉത്സവത്തിനിടയിലെ പ്രാപിക്കലുകൾ എന്നാൽ ദൈവത്തിന്റെ നേരമ്പോക്കുകളാണെന്നു കാളിയ്ക്ക് നന്നായി അറിയാം. കാരണം മുഖം നോക്കാതെ പെണ്ണിന്റെ ഉടലുകൾ നോക്കി മാത്രം വരുന്ന ആണിന്റെ ഉത്സവമാണ് അത്. ഒരുപക്ഷേ വ്യത്യസ്തമായ രുചികൾക്കായി എത്തുന്ന പെൺമോഹങ്ങളുടെയും ഉത്സവം. അതിനപ്പുറമുള്ള ദൈവീകതയെ എഴുത്തുകാരൻ കാറ്റിൽ പറതുന്നു. ആ നിസ്സാരത തന്നെയാണ് പെരുമാൾ മുരുകൻ എന്ന എഴുത്തുകാരനെതിരേ വിവാദങ്ങൾ ഉണ്ടാകാൻ ഉള്ള കാരണങ്ങളും.

വിശ്വാസങ്ങളുടെ മുറിവേൽക്കൽ അല്ല, മറിച്ച് സ്നേഹത്തിന്റെ ദുർബലത തന്നെയാണ് അർദ്ധനാരീശ്വരൻ എഴുതി വയ്ക്കുന്നത്. മുറിവേൽക്കപ്പെടുന്ന ഒന്നാണോ വിശ്വാസം? അങ്ങനെ മുറിവേറ്റാൽ ഇല്ലാതാക്കപ്പെടുന്ന ഒന്നാണോ സത്യം? ഒന്നുമല്ല, പക്ഷേ സ്നേഹം ദുർബലമാക്കപ്പെടുമ്പോൾ പരാജയപ്പെടുന്ന പരസ്പരത്വം പൊന്നയുടെയും കാളിയുടെയും ദാമ്പത്യത്തെ ഇല്ലാതാക്കുമ്പോൾ പൊന്നയ്ക്ക് നിശബ്ദതയാണ് അവസാന ആയുധം.

ഒരു കുഞ്ഞിനു വേണ്ടി കാളിയുടെ മനസ്സ് നിലവിളിച്ചത് അവളെ കേട്ടിട്ടുള്ളൂ, ഒരുപക്ഷേ അവളേക്കാളധികം അവൻ ഉറക്കെ കരഞ്ഞിരുന്നു, ഒറ്റയ്ക്കിരിക്കുമ്പോൾ. ആ ബോധത്തിൽ നിന്ന് കൊണ്ട് തന്നെയാണ് ദൈവം ഭിക്ഷ തരുന്ന ഒരു കുഞ്ഞു ജീവനായി അവൾ കാളിയെ കുറച്ചു നേരമെങ്കിലും മറന്നതായി നടിച്ചത്‌. പക്ഷേ അവനില്ലാതെ പൊന്നയ്ക്ക് ജീവിതമില്ല, കുഞ്ഞുമില്ല, ജീവനുമില്ല… പൊന്ന കാത്തിരിക്കും തീർച്ചയായും അവളില്ലാതെ ജീവിയ്ക്കാൻ ആകാത്ത കാളിയുടെ മടങ്ങി വരവിനായി…

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായിപെരുമാള്‍ മുരുകന്റെ ‘അര്‍ദ്ധനാരീശ്വരന്‍‘ എന്ന കൃതിയും

പെരുമാള്‍ മുരുകന്റെ ‘അര്‍ദ്ധനാരീശ്വരന്‍’ എന്ന നോവലിന് ശ്രീപാർവ്വതി എഴുതിയ വായനാനുഭവം
കടപ്പാട് ; മനോരമ ഓൺലൈൻ

Comments are closed.