DCBOOKS
Malayalam News Literature Website

നിരന്തര പ്രതിപക്ഷം: സ്ത്രീരാഷ്ട്രീയത്തിന്റെ തുറസ്സുകൾ

ഡി.സി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ജെ. ദേവികയുടെ ‘നിരന്തര പ്രതിപക്ഷം’ എന്ന ലേഖന സമാഹാരത്തിന് ബിനിത തമ്പി എഴുതിയ അവതാരിക

കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മലയാളികളുടെ ചിന്താലോകത്ത് സക്രിയ സാന്നിധ്യമാണ് ജെ.ദേവിക. ഇക്കാലയളവിൽ ദേവിക എഴുതിയ നിരവധി എഴുത്തുകളിൽ നിന്നും തെരെഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ് ഡി.സി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ‘നിരന്തര പ്രതിപക്ഷം’ എന്ന പുസ്തകം. സ്ത്രീകൾക്ക് അംഗത്വമില്ലാത്ത, ചിന്തകന്മാരുടെ ക്ലബാണ് മലയാളികളുടെ പൊതുമണ്ഡലം എന്ന പൊതുബോധം പേറുന്നവർക്കിടയിൽ ‘ചിന്തക’ എന്ന സ്ഥാനം അംഗീകരിച്ചു കിട്ടുക ദു:സാധ്യമാണ്. ഇതെഴുതാൻ തുടങ്ങിയപ്പോൾ എനിക്കോർമ്മ വരുന്നത്, രാജ്യതന്ത്രജ്ഞൻ, ഡിപ്ലോമാറ്റ്, ജേർണലിസ്റ്റ് എന്നീ നിലകളിൽ അറിയപ്പെടുന്ന ഗുൻന്റർ ഗൗസ് പ്രശസ്ത അക്കാദമിക ബുദ്ധിജീവിയും സൈദ്ധാന്തികയുമായ ഹന്ന ആരെന്റ്മായി 1964 ൽ നടത്തിയ അഭിമുഖത്തിനിടെ ഉണ്ടായ ചില പരാമർശങ്ങളാണ്. തന്റെ ഷോയിൽ ആദ്യമായി പങ്കെടുക്കുന്ന ‘സ്ത്രീ ഫിലോസഫർ’ ആണ് ആരെന്റ് എന്നെടുത്തു പറഞ്ഞും, പുരുഷ ഫിലോസഫർമാർക്കിടയിലെ ‘അപൂർവ സ്ത്രീസാന്നിദ്ധ്യം’  എന്ന പദവിയെ എങ്ങനെ കാണുന്നു എന്നാരാഞ്ഞുമാണ് ഗൗസ് അഭിമുഖം തുടങ്ങുന്നത്. ‘സ്ത്രീ ഫിലോസഫർ’ എന്ന വിശേഷണത്തോട് ആദ്യം തന്നെ ആരെന്റ് വിയോജിപ്പ് പ്രകടിപ്പിക്കുന്നു. സ്വയം ഒരു തത്വശാസ്ത്രചിന്തകയാണെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കുന്ന ആരെന്റ് തന്റെ തൊഴിലിന് എന്തെങ്കിലും ഒരു പേര് വേണം എന്നുണ്ടെങ്കിൽ ‘പൊളിറ്റിക്കൽ തിയറിസ്റ്റ് ‘ എന്ന് വിളിക്കുന്നതാവും ഉചിതം എന്ന് പറയുന്നു. ഒപ്പം, ചിരിച്ചുകൊണ്ട്, നിങ്ങൾ കരുതും പോലെ വാസ്തവത്തിൽ തത്വശാസ്ത്രചിന്തകർ തന്നെ അംഗീകരിച്ചിട്ടില്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു. എന്നാൽ, തത്വചിന്ത എന്നത് പുരുഷന്മാർക്കായി മാറ്റിവെക്കേണ്ട ഒരു കാര്യമായി കാണേണ്ടതില്ലെന്നും, സ്ത്രീകൾക്കും അതാവാമല്ലോ എന്നുമവർ വ്യക്തമാക്കുന്നു. എന്തുകൊണ്ട് തത്വശാസ്ത്രചിന്തക എന്ന സ്ഥാനം കാംക്ഷിക്കുന്നില്ല എന്നതിന് അവർ നൽകുന്ന Textവിശദീകരണം ചിന്തോദ്ദീപകമാണ്. അത് തത്വചിന്ത എന്ന വിഷയവുമായി ബന്ധപ്പെട്ടതാണ്. പാരമ്പര്യത്തിന്റെ ഒരു വലിയ ഭാണ്ഡം തത്വശാസ്ത്രം പേറുന്നുണ്ടെന്നും, അത് പുലർത്താൻ ശ്രമിക്കുന്ന നിരർത്ഥകമായ നിക്ഷ്പക്ഷതയെ തള്ളേണ്ടതുണ്ടെന്നും, കീഴ് നിലയിലുള്ള  രാഷ്ട്ര മീമാംസ എന്ന വിഷയവുമായി തത്വശാസ്ത്ര ചിന്ത നിലനിർത്തുന്ന വിദ്വേഷസമാനമായ അകലം തനിക്ക് അസ്വീകാര്യമാണെന്നും, അതിന്റെ ഭാഗമാകാൻ താൻ സന്നദ്ധയല്ലെന്നുമാണവർ വിശദീകരിക്കുന്നത്. തത്വശാസ്ത്രചിന്തയാൽ മങ്ങലേൽക്കാത്ത, തുറന്ന കണ്ണുകളാൽ തനിക്ക് രാഷ്ട്ര മീമാംസ എന്ന വിഷയത്തെ സമീപിക്കേണ്ടതുണ്ട് എന്ന നിലപാട് അവർ സ്പഷ്ടമാക്കുന്നു. സ്വന്തം ബൗദ്ധികപ്രവർത്തനം, ജീവിക്കുന്ന കാലഘട്ടത്തോട് പുലർത്തേണ്ട സത്യസന്ധതയെക്കുറിച്ചാണ് ആരെന്റ് ആകുലപ്പെട്ടത്; അത് അവരുടെ എഴുത്തുകളിലും വിവാദപരമായ രാഷ്ട്രീയനിലപാടുകളിലും തെളിഞ്ഞുകാണാം.

ജെ. ദേവികയുടെ പുസ്തകത്തിന് അവതാരിക എഴുതുന്ന ഈ സന്ദർഭത്തിൽ ഹന്ന ആരെന്റിനെ ഓർക്കുന്നത്, ദേവികയും അവരെപ്പോലെ താൻ ജീവിക്കുന്ന സമൂഹത്തോടും കാലഘട്ടത്തോടും, അതിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തോടും പുലർത്തുന്ന ധീരമായ ബൗദ്ധിക സത്യസന്ധതയുടെ സമാനതകൾ കൊണ്ടാണ്. ബൗദ്ധിക അധ്വാനത്തിന്റെ അടിസ്ഥാനത്തിൽ ചിന്തക എന്ന പദവിക്ക് താൻ തികച്ചും അർഹയാണെന്നും, എന്നാൽ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി നിലപാടുകളിലും ഇടപെടലുകളിലും യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും ഉറക്കെ പ്രഖ്യാപിക്കുന്ന സ്വതന്ത്രയായ ഒരു സ്ത്രീയെ എങ്ങനെ അടയാളപ്പെടുത്തണം എന്നറിയാതെ കുഴങ്ങുന്നുണ്ട് നമ്മുടെ പൊതുമണ്ഡലം. ആ ജോലി തൽക്കാലം ഭാവി ചരിത്രകാരികൾക്ക് വിടാം.

ചരിത്രം,സദാചാരം/ലൈംഗികത, സാഹിത്യം, വികസനം/രാഷ്ട്രീയം, സംവാദങ്ങൾ/അഭിമുഖങ്ങൾ  എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായാണ്  ഈ പുസ്തകത്തിന്റെ ഉള്ളടക്കം തരം തിരിക്കപ്പെട്ടിട്ടുള്ളത്. ദേവികയുടെ ബൗദ്ധിക ജീവിതത്തിലെ ആദ്യ ഉദ്യമം ഡോക്ടറൽ ഗവേഷണങ്ങളുടെ ഭാഗമായി അവർ നടത്തിയ ചരിത്ര ഗവേഷണപഠനങ്ങൾ ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യ ശതകങ്ങളിൽ തുടങ്ങി ഇരുപതിന്റെ ആദ്യ പകുതിവരെയെത്തുന്ന കാലഘട്ടത്തിൽ കേരളത്തിൽ രൂപപ്പെട്ട ആധുനികതയിലൂന്നിയ നവോത്ഥാന ചിന്താധാരയും അതിന്റെ ചുവടു പിടിച്ചു വളർന്നു വന്ന സമുദായ പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ത്രീകളുടെ സ്വത്വനിർമ്മിതിയെയും കർതൃത്വത്തെയും, തദ്വാരാ സാമൂഹിക പദവിയേയും എങ്ങനെ രൂപപ്പെടുത്തി എന്നതാണ് ആ പഠനം. അതിനായി അവർ വിപുലമായ ചരിത്ര രേഖകൾ (archival records) വിശദമായി പരിശോധിച്ച്  നിഗമനങ്ങളിൽ എത്തിച്ചേരുന്നു. ദേവികയുടെ പല പിൽക്കാലരചനകളുടെ ഉള്ളുറപ്പിന്റെ ഉറവിടവും ഈ ചരിത്ര വിശകലനങ്ങൾ തന്നെയാണ്.

ചരിത്രവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, സ്ത്രീകളുടെ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും ആദ്യകാല ചരിത്രം വിവരിക്കുന്ന ‘സ്ത്രീകളും സമരങ്ങളും, സ്ത്രീത്വവുമായി ബന്ധപ്പെട്ട പെൺചന്തം, കുലീനത്വം തുടങ്ങിയ ആശയങ്ങളുടെ പൊതുസമൂഹ ധാരണാ രൂപീകരണത്തിന്റെ ചരിത്രം ചർച്ച ചെയ്യുന്ന രണ്ടു പ്രബന്ധങ്ങൾ ഉൾപ്പെടുന്ന ‘പെൺചന്തം’, ആദ്യകാല ആധുനികതക്കുള്ളിൽ സ്ത്രീകളായിമാറുന്ന പെൺകുട്ടികളെ കുറിച്ചുള്ള സങ്കൽപ്പനങ്ങളെ ആധാരമാക്കി എഴുതിയ  ‘ആധുനികത, ബാല്യം, ലിംഗഭേദം’ എന്നീ ലേഖനങ്ങളാണ്.  ഇവയോടൊപ്പം ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘കല്പ്പനയുടെ മാറ്റൊലി’ എന്ന ലേഖനം  പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും മലയാളി പൊതുമണ്ഡലത്തിലുണ്ടായ വികാസങ്ങളുടെ ചുവടുപിടിച്ച് ബദൽ ലിംഗമാതൃകകളുടെ സാദ്ധ്യതകൾ അന്വേഷിക്കാൻ തുനിഞ്ഞ എഴുത്തുകാരികളെ കേരള ചരിത്രത്തിൽ രേഖപ്പെടുത്താനുള്ള ശ്രമമാണ്. വിദ്യാഭ്യാസം സിദ്ധിച്ച, വരേണ്യവിഭാഗക്കാരായ ഇവർ, ‘സ്ത്രീകൾ’ എന്ന സാങ്കൽപ്പിക കൂട്ടായ്മയെ എങ്ങനെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചു എന്നും അതിലൂടെ പൊതുസമൂഹത്തിന്റെ ലിംഗപദവി നിർമ്മിതികളെ വിമർശന വിധേയമാക്കി എന്നും ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നു.  ഇത്തരം ചരിത്ര രചനകൾ നടത്തുമ്പോൾ ഗവേഷകർ പാലിക്കേണ്ട സൂക്ഷ്മതകളെ കുറിച്ചും ഇതിൽ വിശദീകരിക്കുന്നുണ്ട്. തന്റെ ബൗദ്ധിക മുൻഗാമിനികളെ കണ്ടെത്തി ആദരിക്കൽ നടത്തുന്ന കേവല ഛായാഗ്രഹണ – മാലയിടൽ  ചടങ്ങായി  ഈ ചരിത്ര രചനയെ ചുരുക്കാൻ കഴിയില്ല എന്ന് ലേഖിക ഇവിടെ എടുത്തു പറയുന്നു. കാരണം, സ്ത്രീപക്ഷ ജ്ഞാനനിർമ്മാണവും  അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള   രാഷ്ട്രീയ പ്രവർത്തനങ്ങളും വിവിധ തലമുറകളിലെ സ്ത്രീകൾ സംവാദാത്മകമായി കലഹിച്ചും ചർച്ച ചെയ്തും രൂപപ്പെടുത്തുന്നതാണ്. അതിനാൽ, അതിന്റെ അടരുകളിൽ സ്വാഭാവിക തുടർച്ചകളും ഇടർച്ചകളും ഉണ്ടാവും. ആദ്യകാല ഫെമിനിസ്റ്റായ മേരി വോൾസ്റ്റോൺ ക്രാഫ്റ്റിന്റെ ആറ് ആത്മകഥകൾ 1960-70  കാലങ്ങളിലെ ഫെമിനിസത്തിന്റെ രണ്ടാം തരംഗകാലത്തു എഴുതപ്പെട്ടതിൽ ഈ പുതുക്കപ്പെട്ട വീണ്ടെടുക്കലിനെ  വായിച്ചെടുക്കാൻ കഴിയും. ഈ ലേഖനം കണ്ടെടുക്കാൻ ശ്രമിക്കുന്ന ആദ്യകാല സ്ത്രീ എഴുത്തുകാരികളിലെ കല്പനകളുടെ മാറ്റൊലി തന്നിലും ഉണ്ടാവാം എന്ന് ലേഖിക പറയുന്നു. സത്യത്തിൽ ആ തുടർച്ച സുവ്യക്തമാണ്. ഉദാഹരണമായി, എത്ര വിദ്യാഭ്യാസം നേടിയാലും, പദവികളിൽ എത്തിയാലും, സ്ത്രീകളുടെ ആത്യന്തിക സ്ഥാനം അടുക്കളയിലാണ് എന്ന പൊതുസമൂഹ കാഴ്ചപ്പാടിനെ സൂചിപ്പിക്കാൻ അന്നാ ചാണ്ടി ഉപയോഗിച്ച ‘അടുക്കള വാദം’ എന്ന പ്രയോഗത്തിന്റെ പിന്നിലെ കല്പ്പനയുടെ തുടർച്ച ദേവികയുടെ പല എഴുത്തുകളിലും കാണാം. ആൺകോയ്മക്കുള്ളിൽ രൂപപ്പെട്ട ഭാഷയിൽ സക്രിയമായി ഇടപെടാതെയും പുതുവാക്കുകൾ ഉൽപ്പാദിപ്പിക്കാതെയും  സ്ത്രീരാഷ്‌ട്രീയത്തിന് മുന്നോട്ടു പോവുക  സാധ്യമല്ലല്ലോ. ജെ. ദേവിക മലയാള ഭാഷയിലേക്ക്  എഴുതിച്ചേർത്ത ‘ചന്തപ്പെണ്ണും കുലസ്ത്രീയും എന്ന ദ്വന്ദം’ ; സ്ത്രീധനത്തിനു പകരമായി ഉപയോഗിച്ച ‘വര-വില’ ; പൂർണ്ണ പൗരത്വം കാംക്ഷിക്കുന്ന ‘പൗരി’ ; ഇരുപതാം നൂറ്റാണ്ടിലെ സമുദായ സാമൂഹിക-പരിഷ്കാരങ്ങളുടെ നേട്ടങ്ങൾ അനുഭവിച്ച ‘നവ-വരേണ്യർ’ , എന്നിവയിലെല്ലാം കേൾക്കാൻ കഴിയുന്നത്  ഈ മാറ്റൊലിത്തുടർച്ചയുടെ പ്രതിധ്വനി സ്വരങ്ങളാണ്.  ഈ ലേഖനം ജെ. ദേവിക ഇങ്ങനെ അവസാനിപ്പിക്കുന്നു: “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മലയാളി സമൂഹത്തിൽ നിന്നു പിഴയ്ക്കാൻ പണിപ്പെടുന്ന ഒരു ഗവേഷകയായതുകൊണ്ട്, വിദൂരത്തിൽ നിന്നൊഴുകിയെത്തുന്ന ‘കല്പനയുടെ മാറ്റൊലി’ക്ക് ചെവികൊടുക്കാതിരിക്കാൻ എനിക്കാവുന്നില്ല. എങ്കിലും അതുകേട്ടുകൊണ്ട് അരാഷ്ട്രീയതയുടെ ശയ്യയിൽ അഭയം പ്രാപിക്കാനും എനിക്ക് കഴിയില്ല.” മുൻതലമുറയുടെ അപദാനങ്ങൾ പാടാനല്ല, മറിച്ച്, ആധുനിക ലിംഗഭേദത്തിന്റെ സാധ്യതകളെയും  പരിമിതികളെയും യുക്തിസഹമായി ചർച്ച ചെയ്ത ഒരു തലമുറയെ ഏറെക്കുറെ പൂർണ്ണതയോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നത് എന്നവർ കൂട്ടിച്ചേർക്കുന്നു. രീതിശാസ്ത്ര സൂക്ഷ്മത പുലർത്തുന്ന  ചരിത്ര ഗവേഷകയും തന്റെ മുൻഗാമിനികളോട്  ഉൽക്കടമായ ആഭിമുഖ്യം കാത്തുസൂക്ഷിക്കുന്ന ഫെമിനിസ്റ്റ് പ്രവർത്തകയും തമ്മിലുള്ള സംഘർഷം  നമുക്കിവിടെ വായിച്ചെടുക്കാം.

സദാചാരം/ലൈംഗികത എന്ന വിഭാഗത്തിൽ, 1960 കളിൽ കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ കുടുംബാസൂത്രണ പരിപാടിയെകുറിച്ചുള്ള രണ്ടു ലേഖനങ്ങളും, ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേരള വികസന ചർച്ചകളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനെ കുറിച്ചുള്ള ‘കേരളീയ സ്ത്രീത്വം: ലൈംഗികതയും ഭൃഷ്ടും’ എന്ന ലേഖനവും, മലയാളിയുടെ ലൈംഗികതയുടെയും സദാചാരത്തിന്റെയും കഴിഞ്ഞ നൂറുവർഷത്തെ ചരിത്രം പരിശോധിക്കുന്ന ‘കെട്ടിക്കിടക്കുന്ന സദാചാരം പെണ്ണിനോട് ചെയ്യുന്നത്’ എന്ന ലേഖനവും ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ കുടുംബാസൂത്ര പരിപാടിയുടെ  വിജയത്തിന്റെ വിവിധ കാരണങ്ങൾ പരിശോധിക്കുന്ന നിരവധി ലേഖനങ്ങൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, അവയിൽ  നിന്നും വ്യത്യസ്തമായി, കുടുംബാസൂത്രണ പദ്ധതിക്ക് ലഭിച്ച വൻ സ്വീകാര്യതയ്ക്ക് പിന്നിലെ മറ്റു കാരണങ്ങളാണ് ലേഖിക അന്വേഷിക്കുന്നത്. 1960 കളോടെ ഇതരസംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി ആസൂത്രണ സന്നദ്ധത പ്രകടിപ്പിക്കുന്ന  അടിസ്ഥാന യൂണിറ്റായി നമ്മുടെ കുടുംബങ്ങൾ പൊതുസമൂഹത്തിൽ രൂപപ്പെട്ടതിന്റെ ചരിത്രമാണത്.  ഈ നാലു ലേഖനങ്ങളും ലിംഗപദവി / വികസന പഠന വിഷയങ്ങളുമായി ബന്ധപ്പെട്ടതാണ്. വാസ്തവത്തിൽ, ചരിത്രത്തെ രീതിശാത്ര ഉപകരണം എന്ന നിലയിൽ ലിംഗപദവി/വികസന പഠനങ്ങളിൽ (Gender Studies / Development Studies) ഉൾക്കൊള്ളിക്കാനാണ് ഇവയിൽ ശ്രമിക്കുന്നത്. ഇത് സവിശേഷ പരാമർശം അർഹിക്കുന്ന ഒരു സംഭാവനയാണെന്ന് ഞാൻ കരുതുന്നു. ജെ. ദേവിക അദ്ധ്യാപികയായ തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിൽ കേരള വികസന മാതൃകയുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. അവയിലെല്ലാം പൊതുവെ കേരള ചരിത്രത്തിന്റെ വിശകലന സാധ്യതകളെ പരിമിതപ്പെടുത്തി, ഒരു പ്രത്യേക ചട്ടക്കൂട്ടിൽ ചുരുക്കി, എല്ലാ പഠനങ്ങളിലും മാറ്റമില്ലാതെ ആവർത്തിക്കേണ്ട ഖണ്ഡികയായി കേരള വികസന ചരിത്രത്തെ പരാവർത്തനം ചെയ്തിട്ടുണ്ട്. അതിൽ നിന്നും കുതറിമാറി, വികസന പഠനങ്ങളുടെ അടിസ്ഥാനം ചരിത്രാന്വേഷണപരതയാണെന്നും വർത്തമാനകാല സമസ്യകളുടെ കുരുക്കഴിക്കാൻ അതാവശ്യമെന്നും തിരിച്ചറിഞ്ഞ്, ചരിത്രാന്വേഷണത്തെയും അതിന്റെ കണ്ടെത്തെലുകളെയും  വികസന പഠനങ്ങളുടെ കേന്ദ്ര സ്ഥാനത്ത്  പ്രതിഷ്ഠിക്കാനാണ് ജെ. ദേവിക സ്വന്തം രചനകളിലൂടെ ശ്രമിച്ചത്. ഉദാഹരണത്തിന്, മലയാളിയുടെ കെട്ടിക്കിടക്കുന്ന സദാചാരം എന്ന ലേഖനം ഇന്ന് നടമാടുന്ന മോറൽ പൊലീസിങിനെ വിശകലന വിധേയമാക്കുന്നു. അതിൽ  അന്വേഷിക്കുന്നത് ‘സദാചാര’ത്തിന്റെ ചരിത്രമാണ്. ‘നവവരേണ്യ സ്ത്രൈണ മാന്യത’ എന്ന ചരിത്ര നിർമ്മിതിയിലെ  അപകടങ്ങളെക്കുറിച്ച്  ചർച്ച ചെയ്യുകയും അതിന്റെ വേരറുക്കാതെ സ്ത്രീകൾക്ക് സദാചാര പൊലീസിങിൽ നിന്നും മുക്തി നേടാനാവില്ലെന്നും കണ്ടെത്തുന്നു. ഇതാവട്ടെ, അടക്കം ചെയ്തിരിക്കുന്നത് നമ്മുടെ നവീകരിക്കപ്പെട്ട ജാതിവ്യവസ്ഥക്കുള്ളിലാണ്. അതിനാൽ, ജാതിവിരുദ്ധ സമരം എന്നത് കീഴാളരുടെ  പ്രശ്നം മാത്രമല്ല, സദാചാര വിചാരണയിൽ നിന്നും വിടുതൽ ആഗ്രഹിക്കുന്ന എല്ലാവരും അതിൽ കണ്ണിചേരേണ്ടതുണ്ടെന്നുമാണ് ഈ ലേഖനത്തിലെ ഊന്നൽ. ഈ വിശകലന കാഴ്ചപ്പാട് അവരുടെ ഒട്ടെല്ലാരചനകളിലും തെളിഞ്ഞു നിൽക്കുന്നുണ്ട്;  അതുതന്നെയാണ് അവയുടെ ശക്തിയും.

കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ രാഷ്ട്രീയ സംഘാടനം ഉയർത്തുന്ന ചോദ്യങ്ങൾ, വയനാട്ടിലെ വിധവാ അസോസിയേഷൻ പ്രവർത്തനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുമ്പോൾ ഉയരുന്ന പുതിയ തരം വിഭജനങ്ങൾ, പ്രളയാനന്തര കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടാവേണ്ട മാറ്റങ്ങൾ, കഴിഞ്ഞ അര നൂറ്റാണ്ടിൽ മലയാളി സ്ത്രീകൾക്കു നേരിടേണ്ടി വന്ന വെല്ലുവിളികൾ തുടങ്ങി വിവിധ വിഷയങ്ങളിലായി എട്ട് ലേഖനങ്ങളാണ് വികസനം/രാഷ്ട്രീയം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിട്ടുള്ളത്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ കാൽ നൂറ്റാണ് ചരിത്രം പരിശോധിക്കുന്ന 2011ൽ പ്രസിദ്ധീകരിച്ച ‘ഊരിയെറിയാവുന്ന ജീർണ്ണവസ്ത്രമല്ല ഫെമിനിസം’ എന്ന ലേഖനവും ഇക്കൂട്ടത്തിലുണ്ട്. ഇതോടൊപ്പം ചേർത്തിട്ടുള്ള, 2018 ൽ പ്രസിദ്ധീകരിച്ച ‘കേരളത്തിലെ ലിംഗാധികാരവും മാർക്സിസവും’ എന്ന ലേഖനം 1970 നു ശേഷം കേരളത്തിലുണ്ടായ വിവിധ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാന ഘടകത്തെ പ്രത്യയശാസ്ത്രപരമായി എങ്ങനെ പുനർനിർണ്ണയിച്ചു എന്നും അത് നേരിടാൻ കേരളത്തിലെ സ്ത്രീപ്രസ്ഥാനങ്ങൾക്ക് എന്തു ചെയ്യാനാവും എന്നുമുള്ള അന്വേഷണമാണ്. ഈ രണ്ടു ലേഖനങ്ങളും കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രവും  ആനുകാലിക പ്രതിസന്ധികളും വിശകലം ചെയ്യുന്നുണ്ട്. കേരളത്തിൽ 1980 കളിൽ രൂപംകൊണ്ട സ്ത്രീരാഷ്‌ടീയ  പ്രസ്ഥാനങ്ങളുടെ വേരുകൾ കണ്ടെത്താനാവുക, ഇതര ദേശവ്യാപിയായി പടർന്നുകിടക്കുന്ന (transnational) ആഗോള രാഷ്ട്രീയ ഫെമിനിസ്റ്റ് വ്യവഹാരങ്ങളിലും, മറ്റൊന്ന്,  ആഗോള ഭരണ വികസന സ്ഥാപനങ്ങളും അവയുടെ പ്രവർത്തങ്ങളും (global governance) മുന്നോട്ട് വെയ്ക്കുന്ന  വികസനവാദ ഫെമിനിസ്റ്റ് വ്യവഹാരങ്ങളിലും  ആണെന്ന് ലേഖിക വാദിക്കുന്നു. എന്നാൽ,  1990 കൾക്ക് ശേഷം ശരീരത്തിന്റെ രാഷ്ട്രീയം ഏറ്റെടുക്കുന്ന ലൈംഗിക തൊഴിലാളികളുടെയും  വിവിധ ലൈംഗികതകളുടെയും  പുതുരാഷ്ട്രീയ സംഘങ്ങൾ  രൂപംകൊണ്ടിട്ടുണ്ട്. ഈ ചെറുസംഘങ്ങളാവട്ടെ വിവിധ സന്ദർഭങ്ങളിൽ രാഷ്ട്രീയ ഫെമിനിസ്റ്റ് ധാരയോട് ഇഴചേർന്നും പിരിഞ്ഞും തങ്ങളുടെ വിഭിന്ന രാഷ്ട്രീയനില രൂപപ്പെടുത്തുന്നുണ്ട്. വ്യത്യസ്തങ്ങളായ ഈ മൂന്ന് ധാരകളും ഉൾച്ചേരുന്ന ഒരു പുതുരാഷ്ട്രീയ പ്രയോഗത്തിനേ നവ കുടുംബസംവിധാനങ്ങൾ ഉയർത്തുന്ന ആശയപരവും പ്രായോഗികവുമായ വെല്ലുവിളികളെ നേരിടാൻ സാധിക്കൂ എന്നതിലൂന്നിയാണ് ദേവിക ഈ ലേഖനം ഉപസംഹരിക്കുന്നത്. ഇവിടെ ചില തുടർ അന്വേഷണങ്ങൾ ആവശ്യമാണെന്ന് തോന്നുന്നു. കേരളത്തിൽ അടുത്ത കാലത്തുണ്ടായ സമുദായ മത ധ്രുവീകരണവും വലതുപക്ഷ ഫാഷിസ്റ് സംഘടനകൾക്ക് ലഭിച്ച സ്വീകാര്യതയും കൂടുതൽ ആഴത്തിൽ പഠിക്കേണ്ടതുണ്ട്.  ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ‘റെഡി ടു വെയിറ്റ് ‘ നിലപാടെടുത്ത സ്ത്രീകളെ ഫെമിനിസ്റ്റ് രാഷ്ട്രീയം എങ്ങനെയാണ് അഭിസംബോധന ചെയ്യേണ്ടത് എന്ന ചോദ്യം പ്രധാനമാണ്. അതുപോലെ, യുവജനങ്ങൾ ഫെമിനിസ്റ്റ് രാഷ്ട്രീയത്തെ കൂടുതലായും തങ്ങളുടെ വ്യക്തി കേന്ദ്രീകൃതമായ അവകാശങ്ങളുടെയും തെരഞ്ഞെടുക്കലുകളുടെയും വിഷയമായാണ്  കാണുന്നതെന്നും തിരിച്ചറിയാതിരുന്നുകൂട. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നോളം വരും 15 നും 30  നും ഇടയിൽ പ്രായമുള്ളവർ. മുതിർന്ന ഫെമിനിസ്റ്റുകളും ചെറുപ്പക്കാരായ ഫെമിനിസ്റ്റുകളും തമ്മിലുള്ള ഈ വിടവ് പുതു ഫെമിനിസ്റ്റ് രാഷ്ട്രീയം ചർച്ച ചെയ്യേണ്ടതല്ലേ?

ഈ സമാഹാരത്തിലെ സാഹിത്യ വിഭാഗത്തിൽ, മാധവിക്കുട്ടിയുടെ എന്റെ കഥയെക്കുറിച്ചുള്ള ‘ആത്മാവിന്റെ സ്ട്രിപ്ടീസ്’ എന്ന ലേഖനവും   സാറാ ജോസഫിന്റെ എഴുത്തുജീവിതത്തെ വിശകലം ചെയ്യുന്ന ‘ശരീരത്തിന്റെയും ഭാഷയുടെയും ജൻഡർ’ എന്ന ലേഖനവും ചേർത്തിട്ടുണ്ട്.  മൂന്നാമതായി ഉൾപ്പെടുത്തിയിരിക്കുന്നത്, ‘മലയാളത്തിന്റെ തായ്കുലം’ എന്ന പേരിൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ്. ലളിതാംബിക അന്തർജ്ജനം, കെ. സരസ്വതിയമ്മ, മാധവിക്കുട്ടി, സാറാ ജോസഫ് തുടങ്ങിയവരുടെ കൃതികളിലൂടെ മലയാള സാഹിത്യത്തിന്റെ തായ്കുലത്തെ വിമർശനവിധേയമാക്കുകയാണ് ഈ ലേഖനത്തിൽ. ഇതിലെ പ്രധാന വാദം മലയാള സാഹിത്യത്തിലെ ‘പെണ്ണെഴുത്ത്’ ചർച്ചകളുമായി ബന്ധപ്പെട്ടതാണ്. ഫ്രഞ്ച് ഫെമിനിസ്റ്റുകളായ ഹെലൻ സിക്സു, ലൂസ് ഇറിഗേറെ തുടങ്ങിയവർ രൂപപ്പെടുത്തിയ പെണ്ണെഴുത്ത് (ecriture feminine) എന്ന രചനാ സങ്കേതത്തിലേക്കും സങ്കല്പനങ്ങളിലേക്കും മലയാളത്തിലെ എഴുത്തുകാരികളെ നിർബന്ധപൂർവം കുടിയിരുത്തി പരിശോധിക്കുന്നത് ചരിത്രപരമായി ശരിയായ വിശകലന ഉദ്യമം ആവില്ല എന്നാണ്  ജെ. ദേവികയുടെ വാദം. മലയാള സാഹിത്യത്തിന്റെ സ്ത്രീ രചനാ പാരമ്പര്യത്തെ വീണ്ടെടുത്ത് കുടിയിരുത്തേണ്ടത് ഫ്രഞ്ച് സ്ത്രീപക്ഷ ചിന്തയ്ക്കുള്ളിലല്ല, മറിച്ച്, നമ്മുടെ എഴുത്തുകാരികളുടെ വിവിധ രചനാ പ്രതിരോധതന്ത്രങ്ങളെ വിലയിരുത്തേണ്ടത് മലയാള സാഹിത്യ പൊതുമണ്ഡലത്തിന്റെ ചരിത്രത്തിനുള്ളിൽ നിന്ന് തന്നെയാവണം എന്നവർ വാദിക്കുന്നു. ലളിതാംബിക അന്തർജ്ജനം ലൈംഗികതക്ക് ജീവന്റെ അടിസ്ഥാന ഊർജ്ജം എന്ന നിലയിൽ മാന്യസ്ഥാനം നൽകി. സരസ്വതിയമ്മ അതിനെ സ്ത്രീകളുടെ സ്വവർഗ്ഗ സാമൂഹികതയ്ക്ക് കീഴ്‌പ്പെടുത്തി. മാധവിക്കുട്ടിയാവട്ടെ, അതിനെ സൗന്ദര്യവൽക്കരിച്ചു. സാറാ ജോസഫ് അതിനെ രാഷ്ട്രീയ ഊർജ്ജമാക്കി ഉയർത്തി. ഇതാണ് ദേവികയുടെ നിരീക്ഷണം. ഇവരെല്ലാം നേരിടേണ്ടി വന്ന ‘സ്വവർഗ്ഗ സൗഹൃദ സംഘങ്ങളുടെ’ ലൈംഗികതാ വീക്ഷണത്തിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചും അവർ എടുത്തു പറയുന്നുണ്ട്. കേരളത്തിലെ സാഹിത്യ പൊതുമണ്ഡത്തിൽ നിറഞ്ഞു നിന്നിരുന്ന അത്തരം പുരുഷ സൗഹൃദ സംഘങ്ങളെക്കുറിച്ചും അവർ പൊതുമണ്ഡലത്തിൽ ഉറപ്പിച്ചെടുത്ത സ്ത്രീ വിരുദ്ധതയുടെ ആഴത്തെ പറ്റിയും  കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ചും, 1960 -70 കാലഘട്ടത്തിലെ പുരുഷ സാഹിത്യ ബുദ്ധിജീവികളുടെ നാട്യവും അവർ സ്വയം ഉറപ്പിച്ചെടുത്ത ആധിപത്യത്തിന്റെ ആടയും അഴിഞ്ഞുതുടങ്ങിയ ഇക്കാലത്ത്. മലയാള സാഹിത്യ തായ്കുലത്തിലെ ഈ എഴുത്തുകാരികളുടെ രചനകൾ, ദളിത് സാഹിത്യവിമർശ വീക്ഷണകോണിൽ നിന്നും അടുത്തകാലത്ത് പുനർ വായനകൾക്ക് വിധേയമാക്കിയവരെക്കുറിച്ചും  ഈ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. നമ്മുടെ സാമൂഹിക സാംസ്കാരിക പരിസരങ്ങൾക്കുള്ളിൽനിന്നും വികസിക്കേണ്ട സാഹിത്യ വിമർശന സങ്കേതങ്ങളുടെ ആവശ്യകതയിലേക്കാണ് ഈ ലേഖനം വിരൽ ചൂണ്ടുന്നത്.

ഈ പുസ്തത്തിലെ സംവാദങ്ങൾ/അഭിമുഖങ്ങൾ എന്ന വിഭാഗത്തിൽ കേരളത്തിലെ സ്ത്രീകൾ മറ്റു സംസ്ഥാനത്തിലെ സ്ത്രീകളെക്കാൾ വളരെ പിന്നിലാണ് എന്ന അരുന്ധതീ റോയിയുടെ നിരീക്ഷണത്തിന് ജെ. ദേവിക നൽകിയ മറുപടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം, ഹാദിയ കേസ് വിവാദമായിരുന്ന കാലത്ത്, അവരെ പോയി കാണാനും ക്ഷേമം അന്വേഷിക്കാനും  വൈക്കം എം.എൽ.എ ആയ സി.കെ. ആശയോട് അഭ്യർത്ഥിക്കുന്ന തുറന്ന കത്തും ഇതിലുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറും ദളിത് പ്രവർത്തകയുമായ ആയ ചിത്രലേഖ, വയനാട്ടിലെ സിക്കിൾ സെൽ അനീമിയ രോഗ ബാധിതരുടെ സംഘടന രൂപീകരിച്ച് അവർക്കായി പ്രവർത്തിക്കുന്ന സി.ഡി. സരസ്വതി എന്നിവരുമായി നടത്തിയ അഭിമുഖങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. ഈ കത്തുകളും അഭിമുഖങ്ങളും വെളിവാക്കുന്നത് ജെ.ദേവിക എന്ന ഫെമിനിസ്റ്റിനെയും അവർ വിഭാവനം ചെയ്യുന്ന ഫെമിനിസ്റ്റ് രാഷ്ട്രീയ പ്രവർത്തനത്തെയുമാണ്. താനുൾപ്പെട്ട കേരളത്തിലെ സ്ത്രീ സമൂഹത്തോട് ചേർന്നു നിൽക്കാൻ അരുന്ധതിയോട് ആവശ്യപ്പെടുമ്പോൾ, ഹാദിയയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്വം വനിതാ എം.എൽ.എയെ ഓർമ്മിപ്പിക്കുന്നു. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെടുന്ന സ്ത്രീ പ്രവർത്തകരോട് സംവദിക്കുകയും അവരുയർത്തുന്ന രാഷ്ട്രീയത്തോട് ഐക്യപ്പെടുകയും ചെയ്യുന്നുണ്ടവർ.

ഉറച്ച വിജ്ഞാനം കൊണ്ടും, ക്രിയാസന്നദ്ധമായ ജീവിതം കൊണ്ടും  കേരളത്തിലെ സാംസ്കാരിക, രാഷ്ട്രീയ,സാഹിത്യ,വിമർശന മണ്ഡലങ്ങളിൽ സജീവവും സർഗ്ഗാത്മകവുമായ വേറിട്ട സാന്നിധ്യമാണ് ജെ. ദേവിക എന്നതിന് നിദർശനമാണ് ഈ സമാഹാരത്തിലെ ഓരോ ലേഖനങ്ങളും.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

Comments are closed.